Friday 14 June 2019 06:36 PM IST : By സ്വന്തം ലേഖകൻ

‘ചോരതുടക്കുന്നവരുടെ ദേഹത്ത് നിന്നും ചോരയുതിർക്കരുത്’; ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച സംഭവം; രോഷക്കുറിപ്പ്

doc

പരിശീലനത്തിനെത്തിയ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധു മർദ്ദിച്ച സംഭവത്തിൽ രാജ്യമൊട്ടുക്കും പ്രതിഷേധം അലയടിക്കുകയാണ്. കൊൽക്കത്തയിൽ നിന്നുള്ള ഡോക്ടർ പരിബഹ മുഖർജിയാണ് കൊടൂരമായ ആക്രമണത്തിന് ഇരയായായിരിക്കുന്നത്. കണ്ണില്ലാത്ത ക്രൂരതയ്ക്കൊടുവിൽ ഡോക്ടറുടെ തലയോട്ടിക്ക് മാരക ക്ഷതം ഏൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്ടർ ഷിംന അസീസ്.

ജീവൻ രക്ഷിക്കാൻ പഠിച്ചവരാണ്‌ ഡോക്ടർമാർ. രോഗിയുടെ അന്ത്യശ്വാസം വരെ ഞങ്ങളതിന്‌ പരിശ്രമിക്കുകയും ചെയ്യും. എന്നാൽ തിന്റെ പേരിൽ ഞങ്ങളുടെ ജീവനെടുക്കാൻ ശ്രമിക്കുന്ന നടപടി ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നും ഷിംന അസീസ് പറയുന്നു. അക്രമിക്കാൻ വരുന്നവർക്കും അവരുടെ ബന്ധുക്കൾക്കും അവരവരുടെ ജീവൻ എത്രത്തോളം പ്രധാനമാണോ അത്ര തന്നെ തങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ടവർക്കും തങ്ങളില്ലാതെ പറ്റില്ലെന്നും ഡോക്ടർ ഷിംന ഓർമ്മിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ഡോക്‌ടർമാരുടെ നേർക്കുണ്ടാകുന്ന അക്രമങ്ങൾക്കെതിരെ ഒരു മെഡിക്കൽ കോളേജിന്റെ ട്രോൾ പേജിൽ വന്ന കമന്റ്‌ -

"എല്ലാ പ്രഫഷനും അതിന്റേതായ റിസ്‌കുണ്ട്‌"

"ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ തലമണ്ട അടിച്ച്‌ പൊളിക്കുന്ന പ്രഫഷൻ വേറേതുണ്ട്‌?" എന്ന്‌ ചോദിക്കാതിരിക്കാനായില്ല.

തിരക്കുള്ള ആശുപത്രികളിലെ കാഷ്വാലിറ്റിയിലൊന്ന്‌ വന്നു നോക്കണം. വാഹനാപകടത്തിന്‌ ഇരയായി ചോരയിൽ മുങ്ങി വന്നവർ- 3, ഹൃദയാഘാതം/പക്ഷാഘാതം വന്ന്‌ എമർജൻസി കെയർ വേണ്ടവർ- 2, പാമ്പുകടി- 1, തലകറക്കവും ക്ഷീണവും- മിനിമം നാല്‌, വട്ടച്ചൊറി-1, പനി- 6, രക്‌തക്കുറവ്‌- 4, ഓപിയിൽ വരേണ്ട കാക്കത്തൊള്ളായിരം കേസുകൾ- വല്ല്യൊരു ക്യൂ.

ഇതിനിടയിൽ എഴുതേണ്ട മരുന്നേത്‌, സിസ്‌റ്റർക്ക്‌ കൊടുക്കേണ്ട നിർദേശമെന്ത്, കരഞ്ഞോ കലഹിച്ചോ നിൽക്കുന്ന ബൈസ്‌റ്റാന്ററോട്‌ എന്ത് സംസാരിക്കണം, മരണാസന്നരായ രോഗികളെക്കാൾ മുന്നേ തന്നെ നോക്കണമെന്ന്‌ വാശി പിടിക്കുന്ന പാതിരാത്രി ചൂടുകുരു കാണിക്കാൻ വന്ന പേഷ്യന്റിനെ എങ്ങനെ ഡീൽ ചെയ്യണം എന്ന്‌ തുടങ്ങിയതെല്ലാം കൂടി ആലോചിച്ചു ശടപടേന്ന്‌ തീരുമാനമെടുക്കാൻ ഡോക്‌ടർക്ക്‌ ബ്രഹ്‌മാവിനെപ്പോലെ നാല്‌ തലയില്ല. .

മെഡിക്കൽ കോളേജിൽ സീറ്റ്‌ കിട്ടുമ്പോൾ മുതൽ നന്ദികേടിന്റെ സൂചനകൾ അനുഭവിച്ച്‌ തുടങ്ങുന്നവരാണ്‌ ഞങ്ങൾ. മെഡിക്കൽ സീറ്റ്‌ കിട്ടിയത്‌ മുതലുള്ള അസൂയാനോട്ടങ്ങൾ. ക്ലിനിക്കൽ കേസ്‌ പഠിക്കാൻ ചെന്നാൽ പ്രൈവറ്റ്‌ മെഡിക്കൽ കോളേജിൽ 'കാശിന്റെ മേലെ കിടന്നുറങ്ങുന്നവർ ശല്യം ചെയ്യുന്നു' എന്നും സർക്കാർ മെഡിക്കൽ കോളേജിൽ 'ഞങ്ങളുടെ കാശിന്‌ പഠിക്കുന്നവർ' എന്നും മാർക്കിടും. പഠിച്ച്‌ പാസ്സായി കഴിയുമ്പോൾ എവിടുന്നാണ്‌ അടി വരുന്നതെന്നും നോക്കണം.

ജീവൻ രക്ഷിക്കാൻ പഠിച്ചവരാണ്‌ ഞങ്ങൾ. രോഗിയുടെ അന്ത്യശ്വാസം വരെ ഞങ്ങളതിന്‌ പരിശ്രമിക്കുകയും ചെയ്യും. ഇതിന്റെ പേരിൽ ഞങ്ങളുടെ ജീവനെടുക്കാൻ ശ്രമിക്കുന്നത്‌ ഇപ്പോൾ പതിവായിരിക്കുന്നു. മെഡിക്കൽ ഡിഗ്രിക്കും പിജിക്കുമൊക്കെ കരാട്ടേ പഠിക്കേണ്ട അവസ്‌ഥ, അതും രോഗിയെ സഹായിച്ചതിന്റെ പേരിൽ.

ബുദ്ധിമുട്ടാണ്‌. ഇനിയുമിത്‌ തുടർന്നാൽ രോഗികളെ പരിശോധിക്കാൻ വിസമ്മതിക്കേണ്ട അവസ്‌ഥ പോലുമുണ്ടാകും. നിങ്ങൾക്ക്‌ നിങ്ങളുടെ ജീവൻ പ്രധാനമെങ്കിൽ ഞങ്ങൾക്കും ഞങ്ങളുടെ പ്രിയപ്പെട്ടവർക്കും ഞങ്ങളില്ലാതെ പറ്റില്ല.

ബംഗാളിലും വടക്കേയിന്ത്യയിലും മാത്രമല്ല, എങ്ങും ഞങ്ങൾ ജീവിക്കുന്നത്‌ ഭയന്നാണ്‌, ആശങ്കകളോടെയാണ്‌. ഞങ്ങൾക്ക്‌ ഭയരഹിതമായ സുരക്ഷിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യണം. ഞങ്ങളോടൊപ്പം നിൽക്കണം.

സഹപ്രവർത്തകനുണ്ടായ അപകടത്തിൽ ശക്‌തമായി പ്രതിഷേധമറിയിക്കുന്നു. ചോര തുടക്കാനുള്ളവരുടെ ദേഹത്ത്‌ നിന്നും ചോരയുതിർക്കരുത്‌. കാരണം, പിന്നെ നിങ്ങളുടെ ചോരയൊപ്പാൻ ആരുമുണ്ടാകില്ല. ഞങ്ങളുടെയും...

#NationalProtestDay
#SayNoToViolenceAgainstDoctors