Friday 16 November 2018 11:00 AM IST : By സ്വന്തം ലേഖകൻ

‘കടിച്ചുകീറി തിന്നുന്ന ഡോക്ടർമാരും ക്ഷമയില്ലാത്ത രോഗികളും അറിയാൻ’; വൈറലായി യുവഡോക്ടറുടെ കുറിപ്പ്

dr

മരുന്നിനേക്കാൾ ഫലം ചെയ്യും ഒരു ഡോക്ടറുടെ രോഗിയോടുടെ സ്നേഹനിർഭരമായ സാമീപ്യം. പക്ഷേ ചിലരാകട്ടെ തങ്ങൾക്കു മുന്നിലെത്തുന്നവരുടെ രോഗം ഏറ്റാൻ പോന്ന വിധത്തിലുള്ള രോഷപ്രകടനമായിരിക്കും പുറത്തെടുക്കുന്നത്. രോഗം വരുമ്പോൾ ആ രോഗി അനുഭവിക്കുന്ന മാനസിക സംഘർഷവും വിഷമവും ഡോക്ടർ മനസ്സിലാക്കാതെയാണ് ഈ രോഷപ്രകടനമെന്നതാണ് മറ്റൊരു സത്യം.

രോഗികളും മോശമല്ല, സമയവും സന്ദർഭവും മനസിലാക്കാതെ ക്ഷമയില്ലാതെ ഇടിച്ചു കയറുന്ന രോഗികൾ മിക്ക ആശുപത്രികളിലേയും കാഴ്ചയാണ്. ഡോക്ടർമാർ കുറിച്ചിടുന്ന മരുന്നുകളും ടെസ്റ്റുകളും ചോദ്യം ചെയ്യുന്ന രോഗികളും കുറവല്ല.

പരസ്പര പൂരകങ്ങളായി പ്രവർത്തിക്കേണ്ട രോഗികളുടേയും ഡോക്ടർമാരുടേയും ഇത്തരം ചെയ്തികളെ തുറന്നുകാട്ടുകയാണ് യുവഡോക്ടർ ഷിനു ശ്യാമളൻ. രോഗിയുടെ സാഹചര്യം മനസിലാക്കി വേണം ഡോക്ടർമാർ പ്രവർത്തിക്കേണ്ടതെന്ന് ഷിനു ഓർമ്മിപ്പിക്കുന്നു. അതു പോലെ, ഡോക്ടർമാർ അമാനുഷികരല്ലെന്ന ബോധ്യം രോഗിക്കും വേണമെന്നും ഡോക്ടർ കുറക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഡോക്ടറുടെ തുറന്നെഴുത്ത്.

കുറിപ്പ് വായിക്കാം;

ഡോക്ടർമാർ രോഗിയോട് സ്നേഹത്തോടെ പെരുമാറിയാൽ തന്നെ അവർക്കത് വലിയ ആശ്വാസമാണ്. അത്തരം ധാരാളം നല്ല ഡോക്ടർമാർ നമ്മുടെ നാട്ടിലുണ്ട്.

അതുപോലെ മറ്റ് ചില ഡോക്ടർമാർ രോഗികളെ കൊണ്ട് "മൊരടൻ" എന്നു പറയിപ്പിക്കും. എത്ര വലിയ കഴിവുണ്ടെങ്കിലും രോഗികളോട് ദേഷ്യത്തോടെയും, കയർത്തും സംസാരിക്കുന്നത് അത്ര നന്നല്ല.

The doctor–patient relationship forms one of the foundations of contemporary medical ethics.

രോഗിയും ഡോക്ടറും തമ്മിൽ നല്ലൊരു ബന്ധം ആവശ്യമാണ്. അതില്ലാതെ കടിച്ചു കീറി തിന്നാൻ പോകുന്ന സ്വഭാവത്തോടെ രോഗിയോട് പെരുമാറരുത്.

രോഗം വരുമ്പോൾ ആ രോഗി അനുഭവിക്കുന്ന മാനസിക സംഘർഷവും വിഷമവും ഡോക്ടർ മനസ്സിലാക്കണം. നിങ്ങളുടെ നല്ല വാക്കുകൾ അവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.

രോഗികൾ ഡോക്ടറെ കണ്ട് കഴിയുമ്പോൾ അവരുടെ മുഖത്തുള്ള വിഷമം കൂടുകയാണെങ്കിൽ നിങ്ങളുടെ പെരുമാറ്റത്തിൽ എന്തോ തെറ്റുണ്ടാവാം. നേരെ മറിച്ചു വിഷമം അനുഭവിക്കുന്ന രോഗിയുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിഞ്ഞാൽ നിങ്ങൾ വിജയിച്ചു.

അതുപോലെ രോഗിയും ഓർക്കേണ്ട ചിലതുണ്ട്.

ഡോക്ടർ ഒരു മനുഷ്യനാണ്. ദൈവമല്ല. അദ്ദേഹത്തിനും രോഗങ്ങൾ വരാം. അല്ലെങ്കിൽ അമാനുഷിക ശക്തികൾ ഒന്നും തന്നെ ഡോക്ടർക്ക് ഇല്ല. തന്റെ അറിവുകൾ കൊണ്ടും, വർഷങ്ങളുടെ ചികിത്സാ അനുഭവങ്ങളുടെ വെളിച്ചത്തിലും, ടെസ്റ്റുകളുടെ സഹായത്തോടെയും നിങ്ങളുടെ രോഗം നിർണ്ണയിക്കുവാൻ സാധിച്ചേക്കാം.

ആശുപത്രിയിൽ ക്ഷമയും ക്യുവും പാലിക്കുക. സർക്കാർ ആശുപത്രിയിൽ ചെന്ന് തിരക്ക് കൂട്ടരുത്. സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിങ്ങൾ കാണിക്കുന്ന ക്ഷമ കുറച്ചെങ്കിലും സർക്കാർ ആശുപത്രിയിലും കാണിക്കണം.

100 രോഗികളെയെങ്കിലും ഒരു ദിവസം നോക്കുന്ന മിക്ക സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും, തിക്കും തിരക്കും കൂട്ടുന്ന രോഗികൾ നിറഞ്ഞ പരിശോധന മുറിയുടെ കവാടങ്ങളും ദൈനംദിന കാഴ്ച്ചയാണ്.

നിങ്ങളോട് ഒരുപാട് സംസാരിച്ചു രോഗം നിർണ്ണയിക്കുവാൻ ആഗ്രഹം ഉണ്ടായിട്ട് കാര്യമില്ലലോ, മതിയായ ഡോക്ടർമാർ ഇല്ലാത്തത് കൊണ്ട്, ഒരു രോഗിയ്ക്ക് ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ സർക്കാർ ആശുപത്രിയിൽ കിട്ടാറുള്ളൂ.

ടെസ്റ്റുകൾ എഴുതുന്ന എല്ലാ ഡോക്ടർമാരും മോശമാണ് എന്നു കരുതുന്നത് ശെരിയല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു കുട്ടിക്ക് "CT സ്കാൻ" ഡോക്ടർ നിർദ്ദേശിച്ചിട്ടും, രക്ഷകർത്താക്കൾ ചെയ്യാതെയിരുന്നത് നാം കണ്ടതാണ്. ഒടുവിൽ ആ കുട്ടി മരിച്ചു. മരിച്ചപ്പോൾ ചികിത്സാപിഴവ് പറഞ്ഞു ഡോക്ടറോട് കയർത്തു സംസാരിക്കുന്ന അമ്മയെ നമ്മൾ കണ്ടു. പക്ഷെ ct എടുക്കാതെ diaphramatic ഹെർണിയ പോലത്തെ രോഗങ്ങൾ കണ്ടു പിടിക്കുവാൻ ഡോക്ടർക്ക് സാധിക്കില്ല. അയാൾ നിസ്സഹായനാണ്.

രോഗിയും ഡോക്ടറും ഒരുപോലെ വിചാരിച്ചാൽ മാത്രമേ നല്ലൊരു ഡോക്ടർ രോഗി ബന്ധം സാധ്യമാകൂ.