Monday 16 March 2020 05:56 PM IST

തലയ്ക്കു പിടിച്ച ആരാധന അഭികാമ്യമല്ല, പ്രതിരോധം പിഴച്ചതിൽ സ്വയം പഴിക്കാം! ഡോ. സി.ജെ. ജോൺ പറയുന്നു

Binsha Muhammed

airport-crowd

കൊറോണയ്്ക്കെതിരെ സന്ധിയില്ലാ സമരത്തിലേർപ്പെട്ടിരുന്ന മലയാളി ജാഗ്രത മറന്ന രാത്രിയാണ് കടന്നു പോയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ‘താനാ സേർന്ത കൂട്ടം’ പ്രതിരോധവും ജാഗ്രതയും മറന്ന് ഒന്നിച്ചപ്പോൾ ഇതുവരെ നാം കാത്തുസൂക്ഷിച്ച പ്രതിരോധം ഒറ്റയടിക്ക് തകർന്നു. ആരാധന തലയ്ക്കു പിടിച്ച നിമിഷങ്ങളിലെപ്പോഴോ കുറേ പേർ കൊറോണയ്ക്കെതിരായ പോരാട്ടം മറന്നു, സഹജീവികളോടുള്ള കരുതൽ മറന്നു, ഒരു മഹാമാരിയെ തുരത്താൻ രാപ്പകലില്ലാതെ ഓടി നടക്കുന്ന ആയിരക്കണക്കിന് പേരുടെ ആത്മാർത്ഥതയെ മറന്നു.

കുത്തിയൊലിച്ചു പോയ രണ്ട് പ്രളയത്തെ കരളുറപ്പു കൊണ്ടു നേരിട്ട മലയാളിക്ക് എവിടെയാണ് പിഴച്ചത്? ‘മലയാളി പൊളിയല്ലേ’ എന്നു പറഞ്ഞവർ പൊളിഞ്ഞു പോയൊരു പ്രതിരോധത്തിന്റെ പേരിൽ കേരളത്തെയൊട്ടാകെ ക്രൂശിക്കുമ്പോൾ ഉത്തരവാദി ആര്. പ്രബുദ്ധരായ മലയാളിയുടെ വിവേകത്തിന് കൈമോശം സംഭവിച്ചോ? വനിത ഓൺലൈന് വേണ്ടി മന:ശാസ്ത്രജ്ഞൻ ഡോക്ടർ സിജെ ജോൺ ഈ മനോഭാവത്തെ വിലയിരുത്തുന്നു.

ഇത് വകതിരിവില്ലായ്മ

എന്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവം എന്നേ പറയാൻ കഴിയൂ. ഒരു മഹാമാരിയെ തുരത്താൻ കേരളം യുദ്ധപ്രഖ്യാപനം നടത്തുന്ന നിമിഷത്തിൽ കാട്ടിയ അവിവേകമാണിത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ആർത്തു വിളിച്ച് കൂട്ടം കൂടിയ ആ മനുഷ്യരേയും ഇങ്ങനെയൊക്കെയേ വിശേഷിപ്പിക്കാനാകൂ. പ്രതിരോധം പടച്ചട്ടയാക്കി ഒരു സമൂഹം ജാഗരൂകരായിരിക്കുമ്പോൾ തങ്ങളുടെ ആരാധനാ പാത്രത്തിനായി എല്ലാം മറന്ന് ഒത്തു കൂടിയവരെ രണ്ടായി തിരിക്കാം. ഒന്ന്, അന്ധമായ ആരാധനയിൽ പെട്ട് വകരതിരിവ് നഷ്ടപ്പെട്ടു പോയ സംഘം. രണ്ട്, വകരിതിരിവില്ലാതെ ആരാധാന കാട്ടാനായി മാത്രം ചിട്ടപ്പെടുത്തിയ ആൾക്കൂട്ടം. ഇത്തരത്തിലൊരു സംഘം ചേരലിന് വശംവദരാകുന്ന ഒരു കൂട്ടം ഉണ്ട് എന്ന് പറയുന്നത് തന്നെ നാണക്കേടാണ്.– ഡോക്ടർ സംസാരിച്ചു തുടങ്ങുകയാണ്.

സർക്കാർ സംവിധാനങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും നമ്മുടെ ജനങ്ങളെ ഇത്രയേറെ ബോധവാൻമാരാക്കിയിട്ടും മലയാളി ജാഗ്രത മറന്നിട്ടുണ്ടെങ്കിൽ അത് വകതിരിവില്ലായ്മയാണ്. സാമൂഹ്യ ഉത്തരവാദിത്തം വിസ്മരിച്ചുള്ള അന്ധമായ ആരാധനയാണ്. ഈയൊരു സാഹചര്യത്തിലും ഇവ്വിധം സംഘം ചേർന്ന അവരുടെ മനസ് ശരിക്കും ഞെട്ടിപ്പിക്കുന്നു. മന:ശാസ്ത്രപരമായി സമീപിച്ചാൽ ജനപ്രിയ പരിപാടി സൃഷ്ടിച്ചെടുത്ത അതിശയോക്തി കലർന്നിട്ടുള്ള ഒരു ആരാധനയാണിത്. അത് തലയ്ക്ക് കയറിയതും ആകാം, അതല്ലെങ്കിൽ അതിനു പിന്നിൽ കച്ചവട താത്പര്യങ്ങളും ഉണ്ടാകാം. ഈ ആരാധന തെറ്റായൊരു രീതിയിലേക്കു നയിക്കപ്പെടാൻ പോലും സാധ്യതയുണ്ട്. യുക്തിയോ വസ്തുതയോ വിമർശനാത്മക മനോഭാവമോ ഒന്നുമില്ലാതെ നമ്മളെ നയിക്കുന്ന ആരാധനകളെല്ലാം അപകടമാണെന്നു കൂടി ഓർക്കുക.– ഡോക്ടർ പറയുന്നു.

cj-1

ശരിക്കും മലയാളി പൊളിയാണോ?

ഡിസാസ്റ്റർ മാനേജ്മെന്റിലെ മലയാളിയേയും രക്ഷാദൗത്യങ്ങളിലെ കേരള മോഡലിനേയും പലരും വാഴ്ത്തുമ്പോഴും സ്ഥിരത എന്നത് നമുക്കിടയിലെ നല്ലൊരു വിഭാഗത്തിനില്ല എന്നതാണ് സത്യം. അല്ലെങ്കിൽ ഈയൊരു സാഹചര്യത്തിൽ ഇങ്ങനെ പെരുമാറുമോ? കൊറോണയെ തുരത്തുക എന്ന സാമൂഹിക ലക്ഷ്യത്തിനു വേണ്ടി നല്ലൊരു വിഭാഗം പ്രയത്നിക്കുമ്പോൾ സ്ഥിരമായി ഏറെക്കാലം പ്രവർത്തിക്കുക എന്നൊരു മനസ് നിർണായക വിഭാഗത്തിനില്ല. ഒരു പ്രതിസന്ധി വരുമ്പോൾ അതി വൈകാരികമായി പ്രവർത്തിക്കുകയും പതിയെ പതിയെ പിന്നോട്ടു പോകുകയും ചെയ്യുന്നവരാണ് പലരും. പ്രളയം ആയാലും കൊറോണ ആയാലും ഒരു ഘട്ടം കഴിഞ്ഞാൽ ഇത്തരം നിരുത്തരവാദികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. സാമൂഹിക അസ്ഥിരതയാണ് നല്ലൊരു വിഭാഗത്തിന്റേയും മുഖമുദ്ര.

Tags:
  • Social Media Viral