Thursday 01 December 2022 04:44 PM IST : By സ്വന്തം ലേഖകൻ

കഴുത്തിൽ കഴല, വായിലും നാവിലും പൂപ്പൽ! ഗർഭിണിയായ അവൾക്ക് എയ്ഡ്സ് ആയിരുന്നു: ഹൃദയംതൊടും അനുഭവം

aids-day-message

ഇന്ന് ലോക എയ്ഡ്സ് ദിനം. എച്ച്ഐവി ബാധിതരെ ഒറ്റപ്പെടുത്താതെചേർത്തു നിർത്തണമെന്ന വലിയ സന്ദേശത്തിന്റെ ദിനം. തന്നെ തേടി വന്ന എയ്ഡ്സ് ബാധിതയായ സ്ത്രീയുടെ അനുഭവം ഹൃദയംതൊടുന്ന വാക്കുകളോടെ പങ്കുവയ്ക്കുകയാണ് ഡോ. ദീപ്തി ടിആർ. ചൂഷണത്തിന്റേയും ചതിയുടേയും നിലയില്ലാക്കയത്തിലേക്ക് വീണുപോയ ആ യുവതിയുടെ അനുഭവം ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ വായിച്ചു തീർക്കാനാകില്ല.

ഡോ. ദീപ്തി ടിആർ വനിത ഓൺലൈനോടു പങ്കുവച്ച അനുഭവം...

അവൾ!!

ആകെ ബഹളമുണ്ടാക്കിയിട്ടാണ് അവൾ കയറി വന്നത്. മുഖത്തും ശരീരഭാഷയിലും എല്ലാം ആരോടൊക്കെയോ ഉള്ള ദേഷ്യം പ്രകടമായിട്ടുണ്ടായിരുന്നു. ഞാൻ ഇരിക്കാൻ പറഞ്ഞപ്പോൾ ഒട്ടും ഇഷ്ടമില്ലാതെ അവൾ ദന്തൽ ചെയറിൽ കയറിയിരുന്നു.

കേസ് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ യുജി സ്റ്റുഡൻസ് ചെയറിന് ചുറ്റും കൂടി.

"സീനിയർ ഡോക്ടർ ആരുമില്ലേ ഇവിടെ ?" വളരെ ഉറക്കെയുള്ള ആ ചോദ്യം പെട്ടെന്നു ആ ഹാളിനെ നിശബ്ദമാക്കി. "പഠിക്കുന്ന കുട്ടികൾക്ക് നോക്കാനുള്ള പരീക്ഷണ വസ്തു അല്ല ഞാൻ" എന്നു പറഞ്ഞു അവൾ ആക്രോശിച്ചു.

ചുറ്റും കൂടിയ യുജി സ്റ്റുഡൻസ്സ് നിസ്സഹായ ഭാവത്തിൽ അവരുടെ ഇരിപ്പിടത്തിലേക്ക് തിരിഞ്ഞുനടന്നു.

കൂടുതൽ ഒന്നും പ്രതികരിക്കാതെ ഞാൻ ഒറ്റയ്ക്ക് കേസ് ഹിസ്റ്ററി എടുത്തു തുടങ്ങി.

മെഡിക്കൽ ഹിസ്റ്ററി ചോദിച്ചപ്പോൾ ആകെ മൊത്തം ഒരു പരുങ്ങൽ ആ മുഖത്തുണ്ടായിരുന്നു.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു

"ഞാൻ മൂന്നു മാസം ഗർഭിണിയാണ്..കൂടാതെ

ഒരു സിംഗിൾ പേരന്റ് കൂടിയാണ്.. "

ആദ്യ നോട്ടത്തിൽ തന്നെ കഴുത്തിൽ വലിയ ഒരു കഴല.. വായിലും നാവിലും നിറയെ പൂപ്പൽ ബാധ.. അണ്ണാക്കിന്റെ ഭാഗത്തായി ചെറിയ മുറിവുകൾ ..ഇതൊക്കെ കൂടി കണ്ടപ്പോൾ തന്നെ ഓറൽ" മാനിഫെസ്റ്റേഷൻസ് ഓഫ് എയ്ഡ്സ് " എന്ന് ടെക്സ്റ്റ് ബുക്കിലെ കോളം ആണ് മനസ്സിലേക്ക് ഓടിയെത്തിയത്...

ഞാൻ ആദ്യമായിട്ടാണ് ഇത്രയും ലക്ഷണങ്ങൾ ഒരുമിച്ച് ഒരു രോഗിയിൽ കാണുന്നത്..

എന്തിനാണെങ്കിലും ടെസ്റ്റ് ചെയ്യണമല്ലോ

അതിപ്പോൾ എങ്ങനെ ഇവരുടെ അടുത്ത് പറയുമെന്ന് ഉള്ള ടെൻഷനിലായിരുന്നു ഞാൻ.

ബന്ധുക്കളോടോ ഭർത്താവിനോടോ കാര്യം അവതരിപ്പിക്കാം എന്നു കരുതി ഭർത്താവിന്റെ ജോലിയും കാര്യങ്ങൾ ഒക്കെ ചോദിച്ചു തുടങ്ങിയപ്പോൾ

അവൾ പറഞ്ഞു "എനിക്കു ആരുമില്ലാ"

പിന്നീട് ഞാൻ അവളെ കുറിച്ചും അവളുടെ ജോലിയെ കുറിച്ചും ചോദിച്ചു തുടങ്ങിയപ്പോൾ അവൾ പറഞ്ഞു

"ഡോക്ടർ ഉദ്ദേശിക്കുന്ന എനിക്ക് മനസ്സിലായി

എയ്ഡ്സ് പോലെ ഏതെങ്കിലും ഒരു അസുഖം എനിക്കുണ്ടോ?"

അതെ എന്നു മറുപടി പറയാതെ

ഒരു ടെസ്റ്റ് ചെയ്യേണ്ടതുണ്ട് എന്നു ഞാൻ പറഞ്ഞു..

കുറച്ചു നേരം അവൾ മൗനമായി ഇരുന്നു.. പിന്നിട് ഒരു ദീർഘ നിശ്വാസത്തിനു ശേഷം അവൾ പറഞ്ഞു തുടങ്ങി

"ഞാൻ അത്യാവശ്യം പഠിച്ച ഒരു പെൺകുട്ടിയാണ്.. പക്ഷേ സ്നേഹിച്ച ആൾക്ക് വേണ്ടി വീടും വീട്ടുകാരെയും ഉപേഷിച്ച് കർണാടകയിൽ കുടിയേറി പാർത്തു..വളരെ നല്ല രീതിയിൽ ആയിരുന്നു ഞങ്ങൾ ജീവിച്ചു തുടങ്ങിയത്. പിന്നീട് എപ്പോഴോ എന്റെ സാഹചര്യം കൊണ്ട് ഞാൻ ഇങ്ങനെയൊക്കെ ആയിപ്പോയി."

"ഞാൻ പറഞ്ഞില്ലേ എന്റെ വയറ്റിൽ വളരുന്ന കുട്ടി അതിന്റെ അച്ഛൻ ആരാണെന്ന് എനിക്കിപ്പോഴും അറിയില്ല..."

അല്ലേലും അറിഞ്ഞിട്ട് എന്തിനാ അതിന് ഒരു പ്രസക്തിയില്ലല്ലോ ഇവിടെ !

"കല്യാണം കഴിഞ്ഞ ദിവസങ്ങളിൽ സ്നേഹമാണെന്ന് പേരിൽ അയാൾ എന്നെ ചൂഷണം ചെയ്യുകയായിരുന്നു.. വീട്ടിലെ പണി മുഴുവൻ കഴിഞ്ഞ് ഒന്ന് തലചായ്ക്കാൻ എന്ന് വിചാരിക്കുമ്പോൾ സ്നേഹം പ്രേമം എന്നൊക്കെ പറഞ്ഞു എത്ര വേണ്ട എന്ന് പറഞ്ഞാലും നിർബന്ധിച്ച് അയാൾ സെക്സ് ചെയ്യിപ്പിക്കും.. അതും പുകവലിച്ചു മദ്യപിച്ചും വരുന്ന ദിവസങ്ങളിൽ.. ആ ദിവസങ്ങൾ ഒക്കെതന്നെയും ഞാൻ എങ്ങനെയൊക്കെയോ തള്ളി നീക്കി..

കൂടെ കൂട്ടുകാരന്മാർ കൂടെ വരാറായപ്പോഴാണ് ഞാൻ ആ വീട് വിട്ടു ഇറങ്ങിയത്.. വീട് ഉപേക്ഷിച്ചു പോയത് ആയതുകൊണ്ട് തന്നെ എനിക്ക് അവിടേക്ക് തിരിച്ചു പോവുക എന്ന് മാർഗം പോലും ഉണ്ടായില്ല.."

"അങ്ങനെയാണ് ഞാൻ ഈ സംഘത്തിൽ വന്നുപ്പടുന്നത്.

കൂടെയുള്ളവരൊക്കെയും ഇങ്ങനത്തെ പല പ്രശ്നങ്ങളിൽ നിന്നും വന്നവരാണ്... എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ആ തീരുമാനം എടുത്തത്.. ഇപ്പോൾ അറിയപ്പെടുന്ന ഒരു സെക്സ് വർക്കർ ആണ് ഞാൻ.. ""ഒന്നുമില്ലെങ്കിലും എനിക്കിപ്പോൾ വേണ്ടെങ്കിൽ വേണ്ടാന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ."

എന്നോട് സംസാരിക്കുമ്പോൾ അവളെന്തോ ഭാരം ഇറക്കി വയ്ക്കുന്നത് പോലെ തോന്നി എനിക്ക്..

"ലക്ഷ്മി ടെസ്റ്റ് പോസിറ്റീവ് ആവണം എന്ന് ഒരു നിർബന്ധവും ഇല്ല.. തന്നെയുമല്ല എല്ലാ ഗവൺമെന്റ് ആശുപത്രികളിലും ചികിത്സ ലഭ്യവുമാണ് "

ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

"എനിക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചതാണ് ഡോക്ടർ..പക്ഷേ ഇത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരും എന്ന് പറഞ്ഞു കേൾക്കാറില്ലേ , അതിനു ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്?എന്റെ കുഞ്ഞിനെ ഞാൻ എങ്ങനെ രക്ഷിക്കും?"

അവളുടെ ഓരോ ചോദ്യങ്ങളും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതായിരുന്നു..

രണ്ടുമണിക്കൂർ ആയപ്പോഴേക്കും റിസൾട്ട് വന്നു ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ എച്ച്ഐവി പോസിറ്റീവ്.. റഫറൽ ലെറ്റർ എഴുതുമ്പോൾ എൻ്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു,കണ്ണുകൾ നനയുന്നുണ്ടായിരുന്നു..

അവൾ ചോദിച്ചു കൊണ്ടേയിരുന്ന ചില ചോദ്യങ്ങളുണ്ട്..

ഈ സമൂഹം ഇനി എന്നെ എങ്ങനെ കാണും ?എന്റെ കുഞ്ഞിനെ അതെങ്ങനെയാണ് ബാധിക്കുക ?

ചികിത്സ എത്രയും പെട്ടെന്ന് എടുക്കാനുള്ള കൗൺസിലിങ് കൊടുക്കുന്നതൊഴിച്ചാൽ സത്യത്തിൽ ഇതിനൊന്നും വ്യക്തമായ ഉത്തരങ്ങൾ എനിക്കുണ്ടായിരുന്നില്ല..

ഇങ്ങനെ ഒരുപാടു ലക്ഷ്മികൾ നമ്മുടെ സമൂഹത്തിലുണ്ട്..

എയ്ഡ്‌സ് പൂർണ്ണമായും സുഖപ്പെടുത്താൻ ആയില്ലെങ്കിലും ആന്റി റെട്രോ വൈറൽ തെറാപ്പി(ART) ചികിത്സയിലൂടെ വൈറസ് ലോഡ് കുറയ്ക്കാനും രോഗികൾക്ക് ആരോഗ്യപരമായ ജീവിതം നയിക്കാനും സാധിക്കും. കേരള സംസ്ഥാന എയ്ഡ് കൺട്രോൾ സേഫ്റ്റിയുടെ ഉഷസ് എന്ന പദ്ധതി വഴിയാണ് ചികിത്സ സൗജന്യമായി നൽകുന്നത്..

രോഗപ്രതിരോധ രംഗത്ത് രോഗബാധിതർക്കും രോഗബാധയില്ലാത്ത പൊതുജനങ്ങൾക്കും തുല്യ പങ്കാണുള്ളത്..

സാധാരണ സമ്പർക്കത്തിലൂടെയോ ഹസ്തദാനത്തിലൂടെയോ,ഒരേ മുറിയിൽ താമസിച്ചാലോ, പാത്രങ്ങൾ ഭക്ഷണം വസ്ത്രം എന്നിവ പങ്കുവെച്ചാലോ ഒന്നും എച്ച്ഐവി പകരില്ല എന്ന വസ്തുത മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു..

എച്ച്ഐവി ബാധിതരെ ഒറ്റപ്പെടുത്താതെ നമുക്ക് ചേർത്തു നിർത്താം..

2030 ഓടെ പുതിയ എച്ച്ഐവി കേസുകൾ ഇല്ലാതാക്കുകയെന്ന

ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യത്തിലേക്ക് അസമത്വങ്ങൾ അവസാനിപ്പിച്ച് തുല്യത കൈവരിച്ചു കൊണ്ട് നമുക്കും പങ്കുചേരാം