Friday 10 June 2022 03:16 PM IST

‘അമ്മ പോലും പുരുഷനെന്നു കരുതുന്ന ഞാൻ യഥാർഥത്തിൽ സ്ത്രീയാണ്...’ അതുകേട്ട് അമ്മ ഞെട്ടിപ്പോയി

V R Jyothish

Chief Sub Editor

Dr-priya-vs-story

പ്രിയ എന്നും പെണ്ണായിരുന്നു!

ശരീരം കൊണ്ടും മനസ്സു കൊണ്ടും. പക്ഷേ, ദൈവത്തിന്റെ വികൃതിയെന്നോണം കണ്ടവരൊക്കെ പറഞ്ഞു;

‘അതിലെന്താ ഇത്ര സംശയം. ആൺകുട്ടിയാണ്.’

അങ്ങനെ ആൺകുട്ടിയായി വളർന്നു. പഠിച്ചു. ഡോക്ടറായി. രോഗികളെ ചികിത്സിച്ചു. പക്ഷേ, ആൺശരീരത്തിനുള്ളിലിരുന്ന് പെൺകുട്ടി പറഞ്ഞു. ‘എനിക്ക് ഇനിയെങ്കിലും എന്റെ സ്വപ്നങ്ങളിൽ ജീവിക്കണം.’‌‍

തൃശൂർ സീതാറാം ആയുർവേദിക് സ്പെഷ്യാലിറ്റി ആ ശുപത്രിയിലിരുന്ന് സ്വന്തം ജീവിതം പറയുമ്പോൾ പ്രിയ കൂടെക്കൂെട പറയുന്നുണ്ടായിരുന്നു, ‘നിങ്ങൾ വിശ്വസിക്കണം.’ കേൾക്കുമ്പോൾ അവിശ്വസനീയമെന്നു തോന്നുന്നതുകൊണ്ടാകാം പ്രിയ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓർമിപ്പിക്കുന്നത്.

‘നിങ്ങൾ വിശ്വസിക്കണം’

തൃശൂർ അയ്യന്തോൾ വനജാ ഭവനിൽ ശശിധരൻ – വനജ ദ മ്പതികൾക്ക് രണ്ട് ആൺമക്കൾ. ജയ്സ് ശശിധരനും ജിനു ശശിധരനും. രണ്ടുപേരും നന്നായി പഠിക്കുന്നവർ. ശശിധരനും വനജയും നഴ്സ്മാരായിരുന്നു. പിന്നീട് അതുപേക്ഷിച്ചാണ് അവർ ഫാർമസ്യൂട്ടിക്കൽ ബിസിനസിലേക്കു കടന്നത്. തൃശൂർ വിട്ട് ചാത്തന്നൂരിൽ താമസമാക്കി. മക്കളെ കൊല്ലത്തെ പബ്ലിക് സ്കൂളിൽ ചേർത്തു. ആർഭാടങ്ങളൊന്നുമില്ലെങ്കിലും സമാധാനത്തോടെ ജീവിക്കുന്ന കുടുംബം.

ഇനിയാണ് ജിനു, പ്രിയയായി മാറിയ കഥയുടെ തുടക്കം. ജിനുവും ജയ്സും സ്കൂളിലേക്കു പുറപ്പെടും. കാഴ്ചയിൽ രണ്ട് ആൺകുട്ടികൾ. എന്നാൽ ജിനുവിന് ഇഷ്ടം പെൺകുട്ടികളോടു കൂട്ടുകൂടാനായിരുന്നു. പെൺകുട്ടികളെപ്പോലെ കണ്ണെഴുതി പൊട്ടു കുത്തണം, മുടി നീട്ടി വളർത്തണം, പൂവ് ചൂടണം, പാദസരങ്ങൾ അണിഞ്ഞ് ഒച്ചയുണ്ടാക്കി നടക്കണം. കാതു കുത്തി കമ്മലിടണം. അങ്ങനെയങ്ങനെ നൂറായിരം മോഹങ്ങൾ. എന്നാൽ എല്ലാത്തിനും എതിരായിരുന്നു സമൂഹം. എതിർപ്പിന്റെ സ്വരങ്ങൾ വീട്ടിൽ നിന്നു തുടങ്ങി. നീട്ടിയ മുടി നിർബന്ധപൂർവം മുറിച്ചു. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് ജിനുവിന് സ്വയം മനസ്സിലാക്കാനും കഴിഞ്ഞില്ല.

അങ്ങനെ സമൂഹത്തിൽ നിന്ന് മെല്ലെ ഒറ്റപ്പെട്ടുതുടങ്ങി. അപ്പോഴും ഒറ്റയ്ക്ക് ഒതുങ്ങിയിരുന്നു ജിനു ദൈവത്തോട് പ്രാർഥിച്ചു. ‘എന്നെയൊരു പെൺകുട്ടിയാക്കണേ...’

നിങ്ങൾക്ക് ആരാകണം?

‘‘പലർക്കും സ്കൂൾ കാലത്തെക്കുറിച്ച് പറയുമ്പോൾ വലിയ സന്തോഷമായിരിക്കും. എനിക്കാണെങ്കിൽ ഓർക്കാൻ ഇഷ്ടമില്ലാത്ത കാലമാണത്. ക്ലാസ്സിലൊരിക്കൽ അധ്യാപകൻ ചോദിച്ചു. ‘എല്ലാ കുട്ടികളും പറയൂ, ഭാവിയിൽ നിങ്ങ ൾക്ക് ആരാകണം?’ ഡോക്ടർ, എൻജിനീയർ മുതൽ ശാസ്ത്രജ്ഞനും ബഹിരാകാശ സഞ്ചാരിയും വരെ ഉത്തരങ്ങളായി വന്നു. എന്റെ ഊഴമെത്തിയപ്പോൾ ഞാൻ പറഞ്ഞു. ‘സർ, എനിക്കൊരു പെൺകുട്ടി ആയാൽ മതി.’ അന്ന് കേട്ട പരിഹാസത്തിന്റെ മുനകൾ ഇന്നും എന്നെ മുറിവേൽപ്പിക്കുന്നുണ്ട്.’’

ഒടുവിൽ അധ്യാപകന് നൽകിയ ഉത്തരം പോലെ, മനമുരുകി നടത്തിയ പ്രാർഥന പോലെ ജിനു പെൺകുട്ടിയായി മാറി. ഇങ്ങനെ ഒരു വാചകത്തിൽ ഒതുക്കാവുന്നതായിരുന്നില്ല ആ മാറ്റത്തിന്റെ കഥ.

കൗമാരകാലത്താണ് ജിനു തന്റെ ആൺശരീരത്തിനുള്ളിൽ വീർപ്പുമുട്ടുന്ന പെൺകുട്ടിക്ക് സ്വയമൊരു പേരിടുന്നത്. ‘കാവേരി.’ സ്വയം ഒഴുകുന്ന പുഴയായി അവൾ മാറി. അക്കാലത്തെ അനുഭവങ്ങളും അനുഭൂതികളും ഡയറിയി ൽ എഴുതി. അതിനു താഴെ കാവേരി എന്നു പേരെഴുതി ഒ പ്പിട്ടു. അതിൽ റോസാദളങ്ങൾ വച്ച് അലങ്കരിച്ചു. പക്ഷേ, അതെല്ലാം സ്വകാര്യനിമിഷങ്ങൾ മാത്രം.

മുറിക്ക് പുറത്തിറങ്ങുമ്പോൾ ജിനു എന്ന ആൺകുട്ടിയായി തുടരാനായിരുന്നു വിധി. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ ചില തീരുമാനങ്ങളെടുത്തു. സംസ്കൃതവും വൈദ്യവും പഠിക്കാൻ തീരുമാനിച്ചു. രണ്ടിനുമുള്ള വഴി ആയുർവേദമാണ്. തൃശൂരിൽ പി.സി. തോമസ് മാഷിന്റെ എൻട്രൻസ് കോച്ചിങ് സെന്ററിൽ ചേർന്നു. പരീക്ഷയെഴുതി. ആഗ്രഹിച്ചതുപോലെ ആയുർവേദം തന്നെ പഠിക്കാനിറങ്ങി. തൃശൂർ വൈദ്യരത്നം ആയുർവേദ കോളജിലായിരുന്നു പഠനം.

‘എൻട്രൻസ് പഠനകാലത്ത് ഞാൻ പരീക്ഷിച്ചു ജയിച്ച െടക്നോളജിയുണ്ടായിരുന്നു. ഉള്ളിലെ പെൺഭാവങ്ങളെ നിയന്ത്രിച്ച് ചുറുചുറുക്കുള്ള ആൺകുട്ടിയായി തന്നെ പെരുമാറുക. പല സന്ദർഭങ്ങളിലും പതറിയെങ്കിലും ഞാൻ ന ന്നായി അഭിനയിച്ച് പിടിച്ചുനിന്നു.

കോളജ് പഠനകാലത്ത് ഞാൻ തികഞ്ഞൊരു പുരുഷനായി ചെത്തി നടന്നു. എന്റെ സഹമുറിയൻ പോലും എന്നിലെ സ്ത്രീയെ തിരിച്ചറിഞ്ഞില്ല. അറിയാനുള്ള അവസരങ്ങൾ ഞാൻ ഉണ്ടാക്കിയതുമില്ല.

ബിരുദപഠനത്തിനു ശേഷം നല്ല മാർക്കോടെ ആയുർവേദത്തിൽ എംഡിയും നേടി. കൊടുമുടി കീഴടക്കി കൊടി നാട്ടിയ സന്തോഷമായിരുന്നു അന്ന്. പെരിങ്ങോട് പൂമുള്ളി ആയുർവേദ ആശുപത്രിയിൽ ജോലി കിട്ടി. അവിടെ നിന്ന് കണ്ണൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ. അവിടെനിന്നാണ് വീടിനടുത്തുള്ള സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തുന്നത്. വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി. അതോടെ ഇനിയും അഭിനയം തുടരാൻ വയ്യ എന്ന് എനിക്ക് മനസ്സിലായി.

അമ്മയ്ക്ക് എന്നെ മനസ്സിലായി

‘‘അമ്മയോടാണ് എനിക്ക് ഏറ്റവും അടുപ്പം. ഒരു ദിവസം അ മ്മയെ ഒറ്റയ്ക്കിരുത്തി ഞാൻ സംസാരിച്ചു. അമ്മ പോലും പുരുഷനെന്നു കരുതുന്ന ഞാൻ യഥാർഥത്തിൽ സ്ത്രീയാണ്. അമ്മ ഞെട്ടിപ്പോയി. പക്ഷേ, അമ്മയുടെ മുന്നിലിരുന്ന് സംസാരിക്കുന്ന ഞാനൊരു ഡോക്ടറാണ്. ആ യാഥാർഥ്യം അമ്മ ഉൾക്കൊണ്ടു. അങ്ങനെ ആൺരൂപത്തിൽ കുടുങ്ങിയപ്പോയ ഞാനെന്ന പെൺകുട്ടി പുറത്തുകടക്കാനുള്ള ശ്രമം തുടങ്ങി.’’

ചെന്നൈ അപ്പോളോ ആശുപത്രിയിൽ സർജനാണ് സഹോദരൻ ഡോ. ജയ്സ്. ചികിത്സ തുടങ്ങുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഡോ. ജയ്സും പറഞ്ഞു.

‘‘മനഃശാസ്ത്രചികിത്സയാണ് ആദ്യം. അതുകഴിഞ്ഞാ ൽ ഹോർമോൺ തെറപി. ഒരുവർഷത്തോളം അത് നീണ്ടു. പുരുഷ ഹോർമോണുകൾക്കു പകരം സ്ത്രീ ഹോർമോണുകൾ ഉത്തേജിപ്പിക്കുന്ന ചികിത്സ. ശരീരമെന്ന അദ്ഭുതയന്ത്രത്തിന്റെ പ്രവർത്തനഗതി മാറ്റാനുള്ള ശ്രമം. ശരീരത്തിൽ നിന്ന് രക്തം വാർന്നു പോയാൽ മരണഭയം കൂടും. അതുപിന്നെ മാനസികാവസ്ഥ സങ്കീർണമാക്കും. ശസ്ത്രക്രിയ വേളകളിൽ ഞാനും കടന്നുപോയിരുന്നു അത്തരമൊരു അവസ്ഥയിലൂടെ. കാരണം ഈ ശസ്ത്രക്രിയകൾ അത്രയ്ക്കും സങ്കീർണമാണ്. ലൈംഗികായവയവങ്ങൾ മുതൽ തലയോട്ടിയുടെ ഘടന വരെ മാറ്റിപ്പണിയേണ്ട ശ സ്ത്രക്രിയകൾ. ഇത്തരത്തിലുള്ള ആറേഴു സർജറികൾ ക ഴിഞ്ഞു.’’ അങ്ങനെ ജിനു പ്രിയയായി മാറി

പൂർണരൂപം മേയ് അവസാന ലക്കത്തിൽ വായിക്കാം

വി.ആർ. ജ്യോതിഷ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ