Monday 06 April 2020 05:20 PM IST

'ആഹാ പിപിഇ കിറ്റ് ഇട്ടാണല്ലോ കല്യാണപ്പെണ്ണ് നിൽക്കുന്നെ! കോവിഡ് കഴിഞ്ഞിട്ടാവാം കല്യാണമെന്ന് ഡോ.ഷിഫ തീരുമാനിച്ചത് നാടിനു വേണ്ടി

Shyama

Sub Editor

Doctor

ഇക്കണ്ട ഡോക്ടർമാരോടൊക്കെ പെരുത്ത് ബഹുമാനോം സ്നേഹോം ഒക്കെ കൂടിക്കൂടി വരണ നേരത്ത് ദേ ആ സ്നേഹതീയിലിച്ചിരി നെയ്യോഴിച്ച പോലാണ് ഈ വാർത്ത കാതിലെത്തീത്... പരിയാരം മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി ചെയ്യ്യുന്ന ഡോ. ഷിഫാ എം. മുഹമ്മദ്‌ വിവാഹ തീയതീടെ അന്നും ആശുപത്രീലെ ഡ്യൂട്ടിക്ക് എത്തീന്ന് !!

"കോഡിന്റെ അവസ്ഥ ഒക്കെ കണ്ടപ്പോഴേ ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു ആളെ കൂട്ടി കല്യാണം നടത്തുന്നത് ബുദ്ധിയല്ലന്ന്. ഇപ്പൊ ചുരുക്കി നടത്തിയാലും കുറച്ചെങ്കിലും ആള് കൂടും, അത് വേണ്ടാന്ന് കരുതിയാണ് പിന്നെ രണ്ട് വീട്ടുകാരും കൂടി കല്യാണം മാറ്റിവെക്കാൻ തീരുമാനിച്ചത്." കോഴിക്കോട് മുക്കം സ്വദേശി ഡോ. ഷിഫ തന്നെ അക്കഥ പറയുന്നു... "എന്റെ വീട്ടുകാരും ചെക്കന്റെ വീട്ടുകാരും നല്ല സപ്പോർട്ട് തന്നു കൂടെ നിന്ന്‌. ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആണ്, ഇങ്ങനൊരു സമയം വരുമ്പോ നമ്മടെ കടമ ചെയ്യാതിരിക്കരുതെന്നാണ് ഭാവി വരനും പറഞ്ഞത്. അനസ് മുഹമ്മദ്‌ എന്നാണ് പേര്, പുള്ളി ബിസ്സിനെസ്സുകാരനാണ്.

കല്യാണതീയതിക്ക് ഡ്യൂട്ടിക്ക് പോയപ്പോ കൂടെയുള്ള ഫ്രണ്ട്‌സ് ഒക്കെ 'ആഹാ PPE കിറ്റ് ഇട്ടാണല്ലോ കല്യാണപ്പെണ്ണ് നിൽക്കുന്നെ' എന്നൊക്ക തമാശ പറഞ്ഞു, ഞങ്ങളൊക്കെ ചിരിയായിരുന്നു..."

ട്രിയാജിലാണ് (രോഗികൾ ആദ്യം പരിശോധനയിക്ക് എത്തുന്നിടം) ഷിഫയുടെ ഡ്യൂട്ടി. പനിയോ രോഗലക്ഷണങ്ങൾ ഉള്ളവരൊക്കെ വരുന്ന സ്ഥലത്ത് നിൽക്കുമ്പോ ഉള്ളിലൊരു പേടിയുണ്ടോ എന്ന് ചോദിച്ചപ്പോ ഷിഫയുടെ മറുപടി "എനിക്കങ്ങനെ ഒരു പേടിയുമില്ല, അതോണ്ടാണല്ലോ ഈ പ്രൊഫഷൻ തന്നെ എടുത്തത്, ഗവണ്മെന്റ് സ്കൂലുകളിൽ മാത്രം പഠിച്ചാണ് ഇവിടം വരെ എത്തിയത്. ഇപ്പൊ നമ്മുടെ നാട്ടിൽ ചെയ്യ്യുന്ന പ്രവർത്തങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമേയുള്ളു! സർക്കാരും ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചറും ഒക്കെ ഭയങ്കര സപ്പോർട്ട് ആണ് തരുന്നത്. ഇത്രേം പരിമിതികളിൽ നിന്നിട്ടും ഞങ്ങൾക്കൊക്കെ ഉള്ള PPE കിറ്റുകൾ ഒക്കെ എത്തുന്നുണ്ട്. ടെസ്റ്റുകളൊക്ക വേഗത്തിൽ നടത്താൻ പറ്റുന്നു, ഒരുപാടാളുകളെ ടെസ്റ്റ്‌ ചെയ്യാൻ സാധിക്കുന്നു.... ഇതൊക്ക നമുക് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്.

ഇതിനിടയിലും ചിലരൊക്കെ പനിയൊക്കെ ആയി വരുമ്പോ ഞങ്ങൾ ചോദിക്കും ആരേലും വിദേശത്തു നിന്ന് വന്നിട്ടുണ്ടോ ന്നൊക്കെ... 'ഓ, മോൻ വന്നിട്ടുണ്ട്, അവനിപ്പോ ഭാര്യവീട്ടിലും ബന്ധുക്കളെ കാണാനും പോയി' എന്ന് പറയുന്ന കേസുകളും ഉണ്ട്! വരുന്നവരോടൊക്കെ രോഗത്തിന്റെ തീവ്രത പറഞ്ഞത് കൊടുക്കാറുണ്ട്, എന്നിട്ടും മനസിലാവാത്തവരോട് എന്ത് പറയാൻ?! എല്ലാവരുടെയും പുറകെ നടന്ന് ഇതൊക്കെ പറഞ്ഞു ചെയ്യിക്കാൻ വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ട് ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തരും നിയമങ്ങൾ പാലിക്കണം, നിങ്ങളുടെ അറിവിലുള്ളോർക്ക് ഇത് പറഞ്ഞത് കൊടുക്കുകയും വേണം. ഇത്രേം അറിവും അനുഭവോം ഉള്ള എത്രപേർ പറയുന്നു...നിങ്ങൾ ചുറ്റും ഇതിന്റെ ഭീകരത കാണുകയും കേൾക്കുകയും ചെയ്യുന്നുമുണ്ട്... ഇനി നിങ്ങൾ തീരുമാനിക്കുക."

മുക്കത്തെ ഈ മിടുക്കിയുടെ വീട്ടിൽ ഉപ്പ മുക്കം മുഹമ്മദ്‌, ഉമ്മ സുബൈദ, ഇത്താത്ത ഡോ. സുമിഷ എന്നിവരാണുള്ളത്.