Saturday 21 May 2022 02:43 PM IST : By സ്വന്തം ലേഖകൻ

മൂത്രത്തിൽ അണുബാധയുള്ള കുഞ്ഞിന് ഫെയ്സ്ബുക്കിലൂടെ ചികിത്സ: അപകടം ചൂണ്ടിക്കാട്ടി ഡോ. ഷിംന

urine-test-kid

ഓണ്‍ലൈ‍ൻ ചികിത്സകരുടെ കാലമാണിപ്പോൾ. ജലദോഷത്തിനു മുതൽ കാൻസറിനു വരെ മരുന്നു നിർദ്ദേശിക്കാൻ ഒരുകൂട്ടം തന്നെ നമുക്കിടയിലുണ്ട്. ഇതിനിടയിൽ കുഞ്ഞുമക്കളേയും വലിച്ചിടാറുണ്ട് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. മൂത്രത്തിൽ സാരമായ അണുബാധയുള്ള കുഞ്ഞിന്‌ ഫെയ്സ്ബുക്ക് പോസ്‌റ്റിലൂടെ ചികിത്സ തേടുകയാണ്‌ ഒരു പോസ്റ്റ് മുതലാണ്. ഈ പ്രവണതയെ ശക്തമായി വിമർശിക്കുകയാണ് ഡോ. ഷിംന അസീസ്. ഇത്തരം ചികിത്സ തേടലുകൾ കുഞ്ഞിന്റെ ആരോഗ്യത്തിൽ വിപരീത ഫലമുണ്ടാക്കുമെന്ന് ഡോ. ഷിംന പറയുന്നു. നാട്ടുവൈദ്യവും പ്രകൃതിചികിത്സയുമൊക്കെ തിരഞ്ഞെടുക്കാൻ വ്യക്‌തികൾക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ, രോഗങ്ങൾ സാരമാണോ അല്ലയോ എന്ന്‌ തീരുമാനമെടുക്കേണ്ടത്‌ ചുക്കേതാ കൊക്കേതാ എന്നറിയാത്ത അവരോ കമ്റ് തൊഴിലാളികളോ അല്ലെന്ന് ഷിംന പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇപ്പോൾ സ്‌ട്രീമിൽ കണ്ട ഒരു പോസ്‌റ്റാണ്‌. മൂത്രത്തിൽ സാരമായ അണുബാധയുള്ള കുഞ്ഞിന്‌ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ചികിത്സ തേടുകയാണ്‌ പോസ്‌റ്റ്‌ മുതലാളി.

പീഡിയാട്രീഷ്യനെയോ ആവശ്യമെങ്കിൽ പിഡിയാട്രിക്‌ നെഫ്രോളജിസ്‌റ്റിനെയോ കാണിക്കേണ്ട കേസിൽ പച്ചമടലിൻ്റെ നീരും ക്രാൻബെറി ജ്യൂസും മുക്കുറ്റിനീരുമൊക്കെ പ്രതിവിധിയായി കമൻ്റിലുണ്ട്‌. ഇതും വായിച്ച്‌ കൃത്യമായ ചികിത്സ തേടാതിരുന്നാലുള്ള അവസ്‌ഥ!

എത്രയോ ടെസ്‌റ്റ്‌ റിസൽറ്റുകൾ എന്നും വിവിധ മെസേജിങ്ങ്‌ ആപ്ലിക്കേഷനുകളിൽ വരുമ്പോഴും, ഏത്‌ നിസാര രോഗത്തിനും 'ഡോക്‌ടറെ നേരിട്ട്‌ കാണിക്കൂ' എന്നല്ലാതെ പറയാറില്ല. ഒരിക്കലും രോഗിയെ നേരിട്ട്‌ പരിശോധിക്കാതെ ടെസ്‌റ്റിനെ ചികിത്സിക്കുന്നത്‌ ശരിയായ രീതിയല്ല.

നാട്ടുവൈദ്യവും പ്രകൃതിചികിത്സയുമൊക്കെ തിരഞ്ഞെടുക്കാൻ വ്യക്‌തികൾക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ, രോഗങ്ങൾ സാരമാണോ അല്ലയോ എന്ന്‌ തീരുമാനമെടുക്കേണ്ടത്‌ ചുക്കേതാ കൊക്കേതാ എന്നറിയാത്ത അവരോ കമൻ്റ്‌ തൊഴിലാളികളോ അല്ല. മറിച്ച്‌, ഒരു രജിസ്‌റ്റേഡ്‌ മെഡിക്കൽ പ്രാക്‌ടീഷ്യനറാണ്‌.

ദയവ്‌ ചെയ്‌ത്‌ പരീക്ഷണങ്ങൾ നടത്തി പ്രിയപ്പെട്ടവരുടെ ജീവൻ അപകടത്തിലാക്കരുത്‌.