Wednesday 23 September 2020 11:05 AM IST : By സ്വന്തം ലേഖകൻ

'ഐസ്‌ക്രീം ആയാലും മടുക്കില്ലേ ടീച്ചറേ'; പ്രണയത്തിന്റെ വിലയറിയാത്ത റോബോട്ട് കുഞ്ഞുങ്ങള്‍; ഇനിയൊരു റംസിയും അര്‍ച്ചനയും ഉണ്ടാകാതിരിക്കട്ടെ; കുറിപ്പ്

anuja-fb-new

മനോഭാവങ്ങള്‍ മാറുകയാണ്... കുറ്റകൃത്യങ്ങളോടും തെറ്റുകളോടുമുള്ള പുതുതലമുറയുടെ സമീപനവും. കൊല്ലത്തെ റംസിയും ആലപ്പുഴയിലെ അര്‍ച്ചനയുംപ്രണയ വഞ്ചനയുടെ പേരില്‍ മരണം തിരഞ്ഞെടുത്തപ്പോഴും ന്യായീകരണങ്ങള്‍ നിരത്താന്‍ ഒരു കൂട്ടം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. പ്രണയബന്ധങ്ങളും സ്‌നേഹ ബന്ധങ്ങളും നേരമ്പോക്കാണെന്ന് വാദിക്കാനും ആളുണ്ടായിരുന്നു. പുതുതലമുറയുടെ ആ മനോഭാവത്തിനെതിരെ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് അധ്യാപിക കൂടിയായ ഡോ. അനുജ ജോസഫ്. വിവാഹത്തിന് മുന്‍പുള്ള  സെക്‌സ് പാപമാണെന്നുള്ള മുന്‍തലമുറയുടെ ഉപദേശങ്ങള്‍ ചിലതൊക്കെ ശരിവയ്ക്കുന്ന തരത്തിലാണ്  ഇന്നു നടക്കുന്ന പല അനിഷ്ട സംഭവങ്ങളും നടക്കുന്നതെന്ന് ഡോ. അനുജ കുറിക്കുന്നു. സമകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ ഫെയ്‌സ്ബുക്കിലാണ് ഡോ. അനുജ ഗൗരവകരമായ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഐസ്ക്രീം ആയാലും കുറച്ചു കഴിഞ്ഞാ മടുക്കില്ലേ ടീച്ചറെ"

സീസൺ മാറുന്നത് പോലെ പ്രണയത്തിലും പലരും പുതുമ തേടിപ്പോകുന്നതു ക്യാമ്പസുകളിൽ പതിവുള്ളതാണെങ്കിലും

എന്റെയൊരു വിദ്യാർത്ഥി തമാശരൂപേണ പറഞ്ഞ വാക്കുകളാണ് മേല്പറഞ്ഞവ.

എന്റെ ദൈവമേ ജീവിതം തുടങ്ങിയിട്ടു പോലുമില്ലാത്ത ഈ പിള്ളേരുടെ മനോഭാവം ഇതാണല്ലോയെന്നു ചിന്തിക്കാതെയുമിരുന്നില്ല.മാംസനിബദ്ധമല്ലനുരാഗം ഇതൊക്കെ ഇനി കേവലം വർണനകൾ മാത്രം ആയി അവശേഷിക്കുമല്ലോ!

ഇന്നിന്റെ മാറ്റങ്ങൾ ചിലതൊക്കെ വേദനാജനകമെന്നു പറയാതിരിക്കാൻ വയ്യ.

വിവാഹത്തിന് മുൻപുള്ള സെക്സ് പാപമാണെന്നുള്ള മുൻതലമുറയുടെ ഉപദേശങ്ങൾ ചിലതൊക്കെ ശരിവയ്ക്കുന്ന തരത്തിലാണ് ഇന്നു നടക്കുന്ന പല അനിഷ്‌ട സംഭവങ്ങളും വെളിപ്പെടുത്തുന്നതും.

വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ പ്രണയിതാവിന് കാലം സമ്മാനിക്കുന്ന മടുപ്പ്, ഒരു സിനിമ കുറെ പ്രാവശ്യം കണ്ടാ പിന്നെ എന്തു പുതുമ! എന്നു ചിന്തിക്കുന്ന റോബോട്ടു കുഞ്ഞുങ്ങളോട്, കാലം കടന്നു പോകുമ്പോഴും വീര്യം കൂടുന്ന വീഞ്ഞാണ് സ്നേഹമെന്നും പ്രണയമെന്നും തിരിച്ചറിയാത്ത വിഡ്ഢികൾ, ആ സ്നേഹത്തിനു പകരം കാമം മാത്രമായി തീരുമ്പോൾ മടുപ്പ് തോന്നുന്നത് സ്വഭാവികം.

അയ്യോ അവളെന്നെ ഇട്ടേച്ചു പോയെ, അവൻ എന്നെ ഇട്ടേച്ചു പോയെ, തീർന്നു എല്ലാം തീർന്നു. ഇനി ജീവിതമില്ലെന്നു കരുതുന്നവരെ നിങ്ങൾ വിഡ്ഢികൾ എന്നു സ്വയം സാക്ഷ്യപ്പെടുത്തുവാണോ.

വേദനയുടെ പാരമ്യതയിൽ എത്തിക്കഴിഞ്ഞാൽ പിന്നെവിടുന്നൊരു മടക്കം അതാണവശ്യം അല്ലാതെ സ്വയം എരിഞ്ഞടങ്ങിയിട്ടു എന്തു കാര്യം. അപ്പനും അമ്മയ്ക്കും കൊച്ചില്ല, അതിൽകൂടുതലൊന്നും സംഭവിക്കില്ല, എല്ലാവരും അവനവന്റെ ജീവിതത്തിരക്കിലും മുന്നോട്ടു പോകും.

"വേണ്ട എനിക്കാരും" എന്നൊക്ക ചിന്തിച്ചു ഇടങ്ങേറാക്കാണ്ട് അവനവനു ദാനം കിട്ടിയ ജീവിതം നന്നായിട്ടു ജീവിച്ചു തീർക്കുക. "അയ്യോ അവനില്ലെങ്കിൽ, അവളിലെങ്കിൽ എനിക്ക് പറ്റത്തില്ല",

ഈ അവളും അവനുമൊക്കെ ജനിച്ചപ്പോഴേ കൂടെ വന്നവരൊന്നുമല്ലല്ലോ ഭൂമിയിൽ പിറന്നു വീണതിൽ പിന്നുണ്ടായ ബന്ധങ്ങൾ മാത്രം. അർത്ഥശൂന്യമായ ചിന്തകൾ ഒഴിവാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകുക. ഇനിയൊരു റംസിയായും അർച്ചനയുമൊക്കെയായി, ആരും മാറരുത്. വിഡ്ഢിത്തരം കാട്ടി ജീവിതം നശിപ്പിക്കാതിരിക്കു.

നീ എന്റെ ചക്കരയല്ലേ ഞാൻ നിന്റെ തേനല്ലേ പിന്നെ നമുക്കെല്ലാം ഒന്നെന്നുള്ള സമവാക്യമൊക്കെ കൊള്ളാം, സ്നേഹബന്ധങ്ങൾ വീഞ്ഞു പോലെ കാലപഴക്കത്തിലും വീര്യമുള്ളതായി തുടരുന്നുവെങ്കിൽ മാത്രം.

Dr. Anuja Joseph

Assistant Professor

Trivandrum.