Monday 26 October 2020 02:35 PM IST : By സ്വന്തം ലേഖകൻ

മുലയൂട്ടുമ്പോള്‍ മൊബൈലില്‍ തോണ്ടേണ്ട, കുഞ്ഞാവ എല്ലാം കാണുന്നുണ്ട്, അനുഭവിക്കുന്നുമുണ്ട്; കുറിപ്പ് വായിക്കാം

CJ-JONE

മുലയൂട്ടും നേരത്തു പോലും മൊബൈല്‍ ഫോണില്‍ പരതുന്ന സ്മാര്‍ട്ട് അമ്മമാര്‍ അറിയാന്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സിജെ ജോണ്‍. മുലയൂട്ടും നേരത്തും ,ശിശുവിനെ താലോലിക്കും സമയത്തും അമ്മമാര്‍ സ്മാര്‍ട്ട്  ഫോണ്‍ ഒഴിവാക്കുമ്പോഴാണ് സ്!മാര്‍ട്ട് മാതാവാകുന്നതെന്ന് പഠനങ്ങളെ മുന്‍നിര്‍ത്തി ഡോ. സിജെ ജോണ്‍ കുറിക്കുന്നു. കൊച്ചിനെ ഒക്കത്തും വച്ച് മറു കൈയ്യില്‍ ഫോണുമായി അതില്‍ ശ്രദ്ധയൂന്നി നടക്കുമ്പോള്‍ പൈതല്‍ എല്ലാം കാണുന്നുണ്ടെന്ന് ഓര്‍മ്മ വേണമെന്നും ഡോ.ജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

മുലയൂട്ടും നേരത്തും ,ശിശുവിനെ താലോലിക്കും സമയത്തും അമ്മമാർ സ്മാർട്ട് ഫോൺ ഒഴിവാക്കുമ്പോഴാണ് സ്‍മാർട്ട് മാതാവാകുന്നതെന്ന് പഠനങ്ങൾ പറയുന്നു .വേറെ എങ്ങോട്ടും വഴി തിരിഞ്ഞു പോകാത്ത വിധത്തിൽ അമ്മയുടെ ശ്രദ്ധയും , കൊഞ്ചിക്കലും ,സ്പർശവും ,ചൂടുമൊക്കെ ശിശുവിന് ലഭിക്കണം .വളർന്നു വരുമ്പോഴുണ്ടാകേണ്ട സ്നേഹ ഭാവങ്ങൾക്കും ,സാമൂഹിക ബന്ധങ്ങൾക്കും അടിത്തറ പാകുന്ന ഈ അനുഭവങ്ങൾ മൊബൈൽ ഫോണുകൾ കവർന്നെടുക്കുന്നുണ്ട്.കുട്ടി മുലപ്പാൽ കുടിക്കും നേരം 'അമ്മ ഒരു കൈയ്യിൽ മൊബൈൽ ഫോണിനെ താലോലിച്ചു വർത്തമാനം പറയുകയോ ,വാട്സാപ്പ് വീഡിയോ കാണുകയോ ചെയ്താൽ മുലയൂട്ടലിലൂടെ ശിശുവിന് ഊഷ്മള സ്നേഹത്തിന്റെ പൂര്‍ണ്ണ

അനുഭവം എങ്ങനെ ഉണ്ടാകും ? ഇതൊരു പതിവ് കാഴ്ചയല്ലേ ?ശ്രദ്ധ വേണ്ട നേരങ്ങളിൽ അത് നൽകാതെ മൊബൈൽ ലാളനയിൽ ഏർപ്പെടുന്ന അമ്മമാർ അവർക്ക് തോന്നുമ്പോൾ ലാളിക്കാനെത്തുമ്പോൾ പല ശിശുക്കളും നിസ്സംഗത കാട്ടുന്നുവെന്നും പഠനം പറയുന്നു .ഇത്തരം അനുഭവങ്ങൾ ആവര്‍ത്തിച്ച് ഇളം മനസ്സിൽ ആലേഖനം ചെയ്യപ്പെട്ടാൽ അത് വൈകാരിക വളർച്ചയിലും ,സാമൂഹിക ബന്ധം ഉണ്ടാക്കാനുള്ള വൈഭവങ്ങളിലും വിള്ളലുകൾ ഉണ്ടാക്കിയേക്കും .അത് കൊണ്ട് ശിശുക്കളോടൊപ്പം ചെലവഴിക്കുന്ന സമയം സ്മാർട്ട് ഫോൺ പ്രയോഗത്തിൽ നിയന്ത്രണം വേണമെന്നത് സ്‍മാർട്ട് വളർത്തൽ തത്വം .

ഇതൊക്കെ കുഞ്ഞിനോട് കരുതല്‍ വേണമെന്ന് വിചാരിക്കുന്ന പിതാക്കൾക്കും ബാധകം.

കൊച്ചിനെ ഒക്കത്തും വച്ച് മറു കൈയ്യിൽ ഫോണുമായി അതിൽ ശ്രദ്ധയൂന്നി നടക്കുമ്പോൾ ഓർക്കുക .പൈതൽ എല്ലാം കാണുന്നുണ്ട് ,കേൾക്കുന്നുണ്ട് ,അനുഭവിക്കുന്നുമുണ്ട്.

(ഡോ :സി .ജെ .ജോൺ )