Monday 29 June 2020 11:18 AM IST : By സ്വന്തം ലേഖകൻ

ജാഗ്രത പാലിച്ചത് കൊണ്ട്‌ ഷംന രക്ഷപ്പെട്ടു, മാതാപിതാക്കൾ ബാധ്യത തീർക്കുന്ന പെൺകുട്ടികളുടെ കാര്യമോ?; കുറിപ്പ്

sk-jon

പെണ്‍കുട്ടികളുടെ വിവാഹമെന്നത് ‘ബാധ്യതയായി’ കാണുന്ന മാതാപിതാക്കളെ ഓർമ്മിപ്പിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സിജെ ജോൺ. പെൺകുട്ടികളെ കെട്ടിച്ചയക്കുന്നതിൽ പല കുടുംബങ്ങൾക്കുമുള്ള വെപ്രാളത്തിന്റെ ഇരകളായി മാറുന്നത് ഒടുവിൽ ആ പെൺകുട്ടികൾ തന്നെയാണ് എന്ന ആമുഖത്തോടെയാണ് ‍ഡോ. ജോണിന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

പെൺകുട്ടികളെ കെട്ടിച്ചയക്കുന്നതിൽ പല കുടുംബങ്ങൾക്കുമുള്ള വെപ്രാളത്തിന്റെ ഇരകളായി മാറുന്നത് ഒടുവിൽ ആ പെൺകുട്ടികൾ തന്നെയാണ്. എങ്ങനെയും കല്യാണം നടത്താനുള്ള ധൃതിയിൽ വേണ്ട രീതിയിൽ അന്വേഷണങ്ങൾ നടത്താതെ കല്യാണ കെണിയിൽ പെട്ട് ദുരിതം അനുഭവിക്കുന്ന എത്രയോ യുവതികളുണ്ട്.

പറഞ്ഞ പഠിപ്പില്ല ,ജോലിയില്ല .വിവാഹത്തിന് മുൻപ് പ്രകടിപ്പിച്ച നല്ല സ്വഭാവം പോലും നാട്യമാണെന്ന് വിവാഹം കഴിഞ്ഞു മാത്രം തിരിച്ചറിഞ്ഞു നിസ്സഹായരായി പോകുന്ന നിരവധി കുടുംബങ്ങളുണ്ട്. മകളെ ഒരു പുരുഷന്റെ കൈ പിടിച്ചു കൊടുത്തു ചുമതല അവസാനിപ്പിക്കണമെന്ന സാമൂഹിക കാഴ്ചപ്പാടിലെ തട്ടിപ്പ് സാധ്യത മുതലാക്കി പല സ്ഥലങ്ങളിൽ പോയി പാവം പെണ്ണിനെ കെട്ടി പൊന്നും പണവും അടിച്ചു മാറ്റി മുങ്ങുന്ന കല്യാണ വീരന്മാർ ഉണ്ട്.

പ്രമുഖ നടിയെ വിവാഹാലോചന വലയിൽ പെടുത്തി തട്ടിപ്പിന്റെ വക്കോളം എത്തിച്ച വിദ്വാന്മാർ നിരവധി യുവതികളെ വഞ്ചിച്ചുവെന്നാണ് പറയുന്നത്. ജാഗ്രത പാലിച്ചത് കൊണ്ട്‌ നടി രക്ഷപ്പെട്ടു. ആണൊരുത്തനെ എത്രയും വേഗം വരനായി കണ്ടെത്തി പെണ്ണിന്റെ ചുമതല തീർക്കുകയെന്ന മനോഭാവമാണ് ഇവിടെ യഥാർത്ഥ പ്രതി. അത്തരം ഒരു മാനസികാവസ്ഥയിൽ പെട്ട് പോകുന്ന പെണ്ണും പുര നിറയും മുമ്പേ കെട്ടാനുള്ള വെമ്പലിൽ ഈ കെണിയിൽ വീഴുന്നു.

പുര നിറഞ്ഞ പുരുഷനെന്ന പദപ്രയോഗം ഇല്ലല്ലോ ? പുര നിറയുന്ന പെണ്ണെന്നും അവൾ ബാധ്യതയാണെന്നുമൊക്കെ ചിന്തിക്കുന്ന സമൂഹത്തിൽ ഇതും ഇതിലപ്പുറവും സംഭവിക്കും .വിവാഹ കാര്‍ഡ് ഇട്ട് ഇത്തരം ചൂഷണത്തിന് വിധേയരാക്കും. സത്യത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം ഇതാണ്. പൊതു സമൂഹം മണം പിടിച്ചു പോകുന്നത് ഈ കഥകളിലെ മസാലകളുടെ പിറകെയാണ്.അതാണല്ലോ ശീലം ?
(സി ജെ ജോൺ)