Monday 25 November 2019 05:31 PM IST : By സ്വന്തം ലേഖകൻ

‘അത് ഗുരുനിന്ദയല്ല അധ്യാപകരേ, കൂടെയുണ്ടായിരുന്നവൾ മരണപ്പെട്ടപ്പോഴുള്ള മനുഷ്യസഹജമായ പ്രതികരണം’

nida

ഷഹ്‍ലയുടെ അകാലമരണത്തിൽ നാടൊട്ടുക്കും പ്രതിഷേധം അണപൊട്ടിയപ്പോള്‍ ഉച്ചത്തിൽ കേട്ടത് ഷെഹ്‍ലയുടെ ചങ്ങാതിമാരുടെ ശബ്ദമായിരുന്നു. ഒപ്പമിരുന്ന്‌ കളിക്കുകയും പഠിക്കുകയും ചെയ്ത കൂട്ടുകാരി മരണപ്പെട്ടപ്പോൾ അതിന് കാരണക്കാരായവരെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള അവരുടെ പ്രതിഷേഘം ലോകം കാതോർക്കുകയും ചെയ്തു. പ്രതിഷേധങ്ങളും വയനാട് സർവജന സ്കൂളും ചൂടോടെ വാർത്തകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുമ്പോൾ ശ്രദ്ധേയ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്ടർ സിജെ ജോൺ. പാമ്പ്‌ കടി സംഭവത്തിന്റെ പേരില്‍ അധ്യാപക സമൂഹത്തിന്റെ മൊത്തം ആത്മധൈര്യം ചോർത്തും വിധത്തിൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് ഡോക്ടർ കുറിക്കുന്നു. കുട്ടികളുടെ പ്രതിഷേധം ഗുരു നിന്ദയല്ലെന്നും, മനുഷ്യ സഹജമായ ഒരു പ്രതികരണമാണെന്നും അത് അധ്യാപകര്‍ക്ക് ബോധ്യപ്പെടുത്തണമെന്നും ഡോക്ടർ ജോൺ കുറിക്കുന്നു.

ഫെയ്‍സ്ബുക്ക് കുറിപ്പ് വായിക്കാം;

സ്കൂളിലെ പാമ്പ്‌ കടി സംഭവത്തിന്റെ പേരില്‍ അധ്യാപക സമൂഹത്തിന്റെ മൊത്തം ആത്മധൈര്യം ചോർത്തും വിധത്തിൽ പ്രതികരിക്കുന്നത് നല്ലതല്ല. ആ സ്കൂളിലെ അധ്യാപകര്‍ക്കും ബോധവൽക്കരണവും കൗൺസലിങ്ങും വേണ്ടി വരും. പള്ളിക്കൂടങ്ങൾ അധികാര കേന്ദ്രീകൃതവും ചോദ്യം ചെയ്യപ്പെടാത്ത വിധത്തിലുള്ള അച്ചടക്ക നിബന്ധനകൾക്ക് വിധേയവുമാണ്. ഒപ്പമിരുന്ന്‌ കളിക്കുകയും പഠിക്കുകയും ചെയ്ത കൂട്ടുകാരി മരണപ്പെട്ടപ്പോൾ ഉള്ളില്‍ ഒരു ഡി സ്‌കൂളിങ് നടത്തി അന്ധമായ അധീശ്വത്തെ നിരാകരിച്ച് വിദ്യാര്‍ഥികള്‍ സ്വാഭാവികമായി പ്രതികരിച്ചു.വേണ്ടത്ര ഗൗരവത്തിലെടുക്കാതിരുന്ന അധ്യാപകരോടുള്ള രോഷം കാട്ടി. ഇത് ഗുരു നിന്ദയല്ലെന്നും, മനുഷ്യ സഹജമായ ഒരു പ്രതികരണമാണെന്നും അധ്യാപകരെ ബോധ്യപ്പെടുത്തണം. വിരോധത്തിന്റെ അന്തരീക്ഷം ഉണ്ടാകാന്‍ പാടില്ല. വിയോജിപ്പ് പ്രകടിപ്പിക്കാനും, ചോദ്യങ്ങൾ ചോദിക്കാനുമൊക്കെയുള്ള സാഹചര്യം കൂടി വേണ്ടേ സ്കൂളില്‍? കുട്ടികളെ കേള്‍ക്കാനുള്ള മനസ്സും വേണം.ആ സ്കൂളിലെ കുട്ടികള്‍ക്ക് കൗൺസിലിങ് നല്‍കുന്നുണ്ട്. അധ്യാപകരുടെ ഇടപെടലുകളിലുള്ള അപാകത മൂലമെന്ന ആരോപണമുള്ള ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോള്‍ മറ്റൊരു തലത്തിൽ അധ്യാപകര്‍ക്കും വേണം കൗൺസലിംഗ്. അവർ മൊത്തത്തില്‍ ആത്മവീര്യം തകർന്നവരായി മാറുന്ന സാഹചര്യം ഒഴിവാക്കണം.
(സി ജെ ജോൺ)