Saturday 10 July 2021 02:23 PM IST : By സ്വന്തം ലേഖകൻ

‘രോഗിക്ക് വൈദ്യനിൽ വിശ്വാസവും പ്രതീക്ഷയും കൊടുത്ത ആചാര്യൻ, മറ്റുള്ളവരുടെ ദു:ഖങ്ങളെ സ്വാംശീകരിച്ച മഹാത്മാവ്’

dr-pk-warriyar

ആയുര്‍വേദ ആചാര്യനും കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയുടെ അമരക്കാരനുമായ പദ്മഭൂഷണ്‍ ഡോ. പികെ വാരിയര്‍ കാലയവനികയ്ക്കുള്ളിലേക്ക് മറയുകയാണ്. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളും സംഭാവനകളും നല്‍കിയ പ്രതിഭ ഓർമ്മയാകുമ്പോൾ ഹൃദയത്തില്‍ തൊട്ട് ആദരമര്‍പ്പിക്കുകയാണ് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. സിവി അച്ചുണ്ണി. ഒരു ഉത്തമ വൈദ്യന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും ഡോ. പികെ വാരിയറില്‍ ദര്‍ശിച്ചിട്ടുണ്ടെന്ന് ഡോ. അച്ചുണ്ണി ആ ഓർമ്മകളെ ചേർത്തുപിടിച്ച് പറയുന്നു.

ഡോ. പികെ വാരിയര്‍ ശതവര്‍ഷാഭിഷിക്തനായ വേളയിൽ വനിത ഓൺലൈനോട് പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന ഓർമ്മകളും ആദരവും നിറഞ്ഞു നിൽക്കുന്നത്.

ഡോ. സിവി അച്ചുണ്ണി. ആയൂര്‍വേദ ആചാര്യനെക്കുറിച്ച് വനിത ഓൺലൈനോട് പങ്കുവച്ച വാക്കുകൾ ഒരിക്കൽ കൂടി വായിക്കാം...

കുറിപ്പ് വായിക്കാം:

അധീതി, ബോധ ,ആചരണ, പ്രചാരണങ്ങളിലൂടെ ആയുർവ്വേദത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്ക് വേണ്ടി ഒരു ആയുസ്സു മുഴുവൻ സമർപ്പിച്ച അപൂർവ്വ വൈദ്യൻ പത്മഭൂഷൺ DRപി.കെ.വാരിയർക്ക് പ്രണാമം.

8. 6.20 21, ഇടവമാസം കാർത്തിക നക്ഷത്രം, അങ്ങ് ശതവർഷാഭിഷിക്തനാവുകയാണല്ലൊ. അത്യപൂർവ്വം പുണ്യപു രുഷന്മാർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണത്രെ, ശത പൂർണ്ണിമ 'ഈ അസുലഭ വേളയിൽ അനേകായിരങ്ങൾക്കൊപ്പം ഞാനും സന്തോഷത്തിൽ പങ്കു ചേരുന്നു. അങ്ങക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.നേരിൽ വന്നു കണ്ട് അനുഗ്രഹാശിസ്സുകൾ സ്വീകരിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിന്ന് സാധിക്കാത്തതിൽ വിഷമമുണ്ട്,

അങ്ങയുടെ കീഴിൽ ദീർഘ കാലംവൈദ്യനായി ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് എന്റെ സുവർണ്ണകാലവും മഹാഭാഗ്യവും ആയി ഞാൻ കാണുന്നു.

പഠിച്ച ശാസ്ത്രത്തിലുള്ള അചഞ്ചലമായ വിശ്വാസം, സ്ഥിത പ്രജ്ഞത, അനുസ്യൂതമായ പഠനം, ഗവേഷണത്വരത, മറ്റുള്ളവരുടെ ദു:ഖങ്ങളെ സ്വാംശീകരിക്കാൻ ഉള്ള കഴിവ്, 'സമദർശിത്വം, ദയാലു ത്വം, ധർമ്മിഷ്ഠത, ഏതു വൈദ്യശാസ്ത്ര വിജ്ഞാനങ്ങളെയും അറിയാനും പഠിക്കുവാനും ഉൾക്കൊള്ളുവാനും ആ അറിവിനെ സ്വകർമ്മപഥത്തിൽ പ്രയോ ജനപ്പെടുത്തുവാനും ഉള്ള ആർജ്ജവം, രോഗിക്ക് ൈവദ്യനിൽ വിശ്വാസവും പ്രതീക്ഷയും കൊടുക്കാനുള്ള കഴിവ്, അനുഭവങ്ങളിലൂടെ അറിവ് വർദ്ധിപ്പിക്കുക, ഏതുതരം രോഗികളെയും ചികിത്സിക്കുവാനും സാന്ത്വനവും ആത്മവിശ്വാസവും പ്രതീക്ഷയും ഉണ്ടാക്കുവാനും ഉള്ള കഴിവ് - ഒരു ഉത്തമ വൈദ്യന്ന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും' ഞാൻ അങ്ങയിൽ കാണുന്നു. അങ്ങയോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങളും അറിവുക ളും ആണ് എന്നെ ഞാൻ ആക്കിയതെന്ന് വിശ്വസിക്കുന്നു ,

അജ്ഞാനതി മിരാ ന്ധ സ്വ ജ്ഞാനാഞ്ജലശലാക യാ

ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ:

അങ്ങയോടുള്ള കടപ്പാടും നന്ദിയും പ്രകടിപ്പിക്കുവാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല.

കാർത്തിക ദീപം പോലെ നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രകാശം പരത്തുവാൻ അങ്ങ് ഞങ്ങൾക്കൊപ്പം ഇനിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു., പ്രാർത്ഥിക്കുന്നു 

എനിയുള്ള കാലവും അങ്ങക്ക് ആരോഗ്യവും സന്തോഷവും സംതൃപ്തിയും ഉണ്ടാകട്ടെ എന്ന് 'ആശംസിക്കുന്നു

സ്നേഹവിനയാദര പൂർവ്വം

DR 'സി.വി.അച്ചുണ്ണി.

Red Dy. ചീഫ് ഫിസിഷ്യൻ

ആര്യവൈദ്യശാല' കോട്ടക്കൽ: