Wednesday 12 August 2020 02:12 PM IST : By സ്വന്തം ലേഖകൻ

നീ മരണവേദനയിൽ പിടഞ്ഞപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല, നെഞ്ചുപിടയുന്നു അനിയാ...; നൊമ്പരക്കുറിപ്പ്

doctor

അകാലത്തിൽ പൊലിഞ്ഞ പ്രിയ സഹോദരനെ ഓർത്ത് കണ്ണീർ വാർക്കുകയാണ് ഡോ. അസീന. ഹൃദയാഘാതത്തെ തുടർന്ന് 44–ാം വയസിലാണ് ഡോ. അസീനയുടെ സഹോദരൻ ഡോ. ഫൈസൽ മരിക്കുന്നത്. ,ഹൃദയാഘാതത്തെ തുടർന്ന് അബോധാവസ്ഥയിൽ ആയ ഫൈസലിനെ ഒന്ന് ആശുപത്രിയിൽ എത്തിക്കാനോ സഹായിക്കാനോ പോലും ആരും തുനിഞ്ഞില്ലെന്ന് ഡോ. അസീന പറയുന്നു. ഡോക്ടറായ ഫൈസലിന് കോവിഡ് ഉണ്ടാകുമോ എന്ന് ഭയന്നാണ് ആരും തിരിഞ്ഞു നോക്കുന്നത്. എന്നാൽ ആ അനാവശ്യ ഭീതിയുടെ പേരിൽ തനിക്ക് നഷ്ടപ്പെട്ടത് പ്രിയപ്പെട്ട സഹോദരനെ ആണെന്ന് ഡോ. അസീന വേദനയോടെ കുറിക്കുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ. അസീന വേദന പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

എന്റെ ഇളയ സഹോദരൻ ഡോ. ഫൈസൽ (44 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് 10/8/2020 നു വൈകിട്ടു ഹരിപ്പാട് വെച്ച് മരണപ്പെട്ടു .ആലപ്പുഴ ചെറിയനാട്‌ പിഎച്ച്സിയിലെ ചാർജ് മെഡിക്കൽ ഓഫീസർ ആയിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൾമണോളജിയിൽ പിജി പൂർത്തിയാക്കിയ ശേഷം മാസങ്ങൾക്കു മുൻപാണ് സർവീസിൽ തിരികെ പ്രവേശിച്ചത് . ഭാര്യ ഡോ. .സീന ,പീഡിയാട്രീഷൻ ആണ് .ഏക മകൻ റസ്താൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.

നിന്റെ കുട്ടിക്കാലവും ,ജീവിതത്തിൽ എന്നും നിന്നെ പിന്തുടർന്ന ദൗഭാർഗ്യങ്ങളും എന്നും എനിക്ക് വേദനാജനകമായ നിമിഷങ്ങളാണ് കുട്ടി! SSLC ക്ക് സംസ്ഥാനത്തു 6th Rank ,entrance പരീക്ഷയിൽ ഉയർന്ന റാങ്കും നേടി നാടിന്റെയും പഠിച്ച സ്ഥാപനത്തോന്റെയും അഭിമാനമായി. ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിൽ പോലും ഹൃദയാഘാതം മൂലം അബോധാവസ്ഥയിൽ ആയ നിന്നെ ഒന്ന് ആശുപത്രിയിൽ എത്തിക്കാൻ ഒന്ന് സഹായിക്കാൻ പോലും (ഡോക്ടർ ആയ നിനക്ക് കോവിഡ് ആണെങ്കിലോ എന്ന് സംശയിച്ചു ) നമ്മുടെ സമൂഹത്തിലെ ,നിനക്കു ചറ്റും താമസിക്കുന്ന ആരും വന്നില്ല എന്നറിഞ്ഞപ്പോൾ എന്റെ ചങ്കു പറിഞ്ഞു പോകുന്നത് പോലെ എനിക്ക് തോന്നി ..

നീയും ഞാനും നമ്മുടെ കുടുംബത്തിലെയും ,സർക്കാർ ,പ്രൈവറ്റ് മേഖലയിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരോട് ..(പൊതു ജനത്തിന് വേണ്ടി ഊണും ഉറക്കവും ,കുടുംബവും സ്വന്തം ആരോഗ്യവും കളഞ്ഞു അഹോരാത്രം പ്രവർത്തിക്കുന്ന ) ഈ സമൂഹത്തിലെ ചിലരുടെ പ്രവർത്തികൾ എന്നെ ശരിക്കും തളർത്തി. .

എന്റെ പൊന്ന് അനിയന് കണ്ണീരോടെ വിട ..നിന്റെ ആഖിറം പരമകാരുണികനായ അള്ളാഹു വിശാലമാക്കി തരട്ടെ .എല്ലാ പാപങ്ങളും അവൻ പൊറുത്തു തരട്ടെ വേദനയും ,വിഷമങ്ങളും ,അവഗണനയും ഇല്ലാത്ത ലോകത്തു എന്റെ പൊന്നുണ്ണീ നീ സന്തോഷമായിരിക്കുക ..നിന്റെ സൗമ്യവും ,പുഞ്ചിരിയുതിരുന്ന മുഖവും ഞങ്ങളുടെ മനസ്സിൽ മായാതെ ജീവിതാവസാനം വരെ നിലനിൽക്കും .ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നീ ഉണ്ടാകും .. കണ്ണീരോടെ ഒരിക്കൽ ക്കൂടി യാത്രാമൊഴി ..