Tuesday 08 June 2021 12:43 PM IST : By സ്വന്തം ലേഖകൻ

മരണം അറിഞ്ഞതോടെ ഡോക്ടര്‍മാരെ തടഞ്ഞു, ചീത്തവിളിച്ചു: മര്‍ദ്ദനമേറ്റും തെറികേട്ടും എങ്ങനെ ജോലി ചെയ്യും: ഡോക്ടറുടെ കുറിപ്പ്‌

jinesh

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗിയുടെ ബന്ധുക്കള്‍ നടത്തിയ അക്രമസംഭവങ്ങളെ ശക്തമായി അപലപിക്കുകയാണ് ഡേ. ജിനേഷ് പിഎസ്. ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ നിന്ന് മെഡിക്കല്‍ കോളജില്‍ എത്തിയ രോഗി മരിച്ചതിനെ തുടര്‍ന്നാണിത്. നിരവധി കോമോര്‍ബിഡിറ്റീസ് ഉള്ള ഈ വ്യക്തിയെ അഡ്മിറ്റ് ആക്കുമ്പോള്‍ തന്നെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഡോക്ടര്‍മാര്‍ സമയോചിതമായി ഇടപെട്ടെങ്കിലും ഡോക്ടര്‍മാരെ തടയുകയും ചീത്ത വിളിക്കുകയും ചെയ്തു. കൂടാതെ അടുത്തുള്ള വാതിലും മേശയും ഒക്കെ നശിപ്പിക്കുകയും ചെയ്തുവെന്നും ഡോക്ടര്‍ കുറിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഡോക്ടര്‍ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡ് നൈസായി ഒന്ന് തല്ലി പൊട്ടിച്ചിട്ടിട്ടുണ്ട്.

ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്ന് മെഡിക്കൽ കോളജിൽ എത്തിയ രോഗി മരിച്ചതിനെ തുടർന്നാണിത്. നിരവധി കോമോർബിഡിറ്റീസ് ഉള്ള ഈ വ്യക്തിയെ അഡ്മിറ്റ് ആക്കുമ്പോൾ തന്നെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ ആണ് എന്ന് പറഞ്ഞു മനസ്സിലാക്കിയിരുന്നതാണ്. സ്ട്രോക്ക്, ഹൃദയസംബന്ധമായ അസുഖങ്ങൾ, വൃക്ക സംബന്ധമായ അസുഖങ്ങൾ, വിളർച്ച തുടങ്ങി നിരവധി സങ്കീർണ്ണതകൾ ഉള്ള ഒരു രോഗി...

മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡ് കോവിഡ് രോഗികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ട് ഓർത്തോ വിഭാഗത്തിലാണ് ജെനറൽ മെഡിസിൻ വിഭാഗത്തിലെ രോഗികളെ പ്രവേശിപ്പിക്കുന്നത്.

രോഗിയുടെ അവസ്ഥ മോശമായതിനെത്തുടർന്ന് ഓൺ കോൾ ഡോക്ടറെത്തി പരിശോധിച്ചു. സൈഡിലുള്ള റെസുസിറ്റേഷൻ റൂമിലേക്ക് മാറ്റി രണ്ട് ഡോക്ടർമാർ ചേർന്ന് CPR നൽകുകയും മരുന്നുകൾ നൽകുകയും ചെയ്തു. പക്ഷേ ആരോഗ്യപ്രവർത്തകരുടെ ഈ ശ്രമങ്ങൾ വിജയിച്ചില്ല.

മരണം അറിഞ്ഞതിനെ തുടർന്ന് ആ റൂമിന് മുൻപിൽ വച്ച് ഡോക്ടർമാരെ തടയുകയും ചീത്ത വിളിക്കുകയും ചെയ്തു. കൂടാതെ അടുത്തുള്ള വാതിലും മേശയും ഒക്കെ നശിപ്പിക്കുകയും ചെയ്തു.

***

ഇനി നിയമനടപടി സ്വീകരിക്കാൻ വേണ്ടി ഡോക്ടർമാർ സമരം ചെയ്യണം. അതാണല്ലോ പതിവ്!

***

ഇങ്ങനെ ജോലി ചെയ്യാൻ പറ്റില്ല. മർദ്ദനമേറ്റും തെറി കേട്ടും ഏതുനിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയിൽ കഴിഞ്ഞു കൊണ്ടും ഈ ജോലി ചെയ്യാൻ പറ്റില്ല.