Saturday 25 September 2021 05:06 PM IST : By Dr. Mithra Satheesh

‘ഈശ്വരാ ... ഇതായിരുന്നോ ഇവിടുത്തെ ഡ്രൈ ടോയ്‌ലറ്റ്, ഞാൻ തലയിൽ കൈവച്ചു നിന്നു’: ലഡാക്കിലെ 'ടോയ്‌ലറ്റ്' ചരിതവുമായി ഡോ. മിത്ര സതീഷ്

ladakh-cover

‘‘മാഡം .. ഗ്രാമത്തിലെ വീടുകളിൽ താമസിക്കാൻ നിങ്ങൾക്ക് പ്രയാസമാകും. അവിടെ ലോക്കൽ ടോയ്‌ലറ്റ് ആണ്... ’’ ഗർകോൺ ഗ്രാമത്തിലെ ഗൈഡ് ഫോണിലൂടെ എന്നോട് പറഞ്ഞു.

‘‘അതൊന്നും പ്രശ്നമല്ല. എനിക്കു ഗ്രാമത്തിലെ വീട്ടിൽ താമസിക്കണം’’ ഞാൻ വാശി പിടിച്ചു. അന്നത്തെ ധാരണ ലോക്കൽ ടോയ്‌ലറ്റ് എന്നാൽ ഇന്ത്യൻ ടോയ്‌ലറ്റ് എന്നായിരുന്നു. നിവർത്തികേട്ട് അദ്ദേഹം ഡോൾമയുടെ വീട്ടിൽ താമസം ശരിയാക്കി.

ലേഹ് 11,500DDഅടി ഉയരത്തിൽ ഉള്ളത് കൊണ്ട്, ഓക്സിജന്റെ അളവ് നാട്ടിലെ കാട്ടിലും കുറവാണ്. സാധാരണ അതുമായി പൊരുത്തപ്പെടാൻ എല്ലാവരും രണ്ടു ദിവസം ലേയിൽ താമസിക്കും. ദിവസങ്ങൾ വെറുതെ കളയണ്ട എന്ന് കരുതി ഞങ്ങൾ ലേയിൽ എത്തിയ ദിവസം രാവിലെ തന്നെ ഗർകോണിലേക്കു പുറപ്പെട്ടു.

ഞങ്ങളുടെ ഡ്രൈവർ പണ്ട് വണ്ടർലായിലെ ടോയ് കാർ ഡ്രൈവർ ആയിരുന്നു എന്ന് തോന്നുന്നു. നേരെ റോഡ് കണ്ടാൽ പോലും പുള്ളി പാമ്പു പുളയുന്ന പോലെ വണ്ടി ഓടിക്കു. നാരായണന്റെ വക മനോഹരമായ 'വാൾ ' സമ്മാനമായി ലഭിക്കുന്നത് വരെ അദ്ദേഹം ഈ ആചാരം തുടർന്നു. ഇനിയൊരു വാൾ സ്വീകരിക്കാനുള്ള ബാല്യം ഇല്ലാത്തതു കൊണ്ടാകണം പിന്നീട് അദ്ദേഹം വളരെ ഡീസന്റ് ആയിരുന്നു.

എന്തായാലും ഗർകോൺ എത്തിയപ്പോൾ മിക്സിയിൽ അടിച്ചു കലക്കിയ പോലെയുള്ള ഒരു പ്രതീതി ആയിരുന്നു എനിക്ക്. ഒരു കിലോമീറ്ററോളം കുന്നു കയറി ഡോൾമയുടെ വീട്ടിലെത്തി.ഒന്നാം നിലയിലാണ് ഞങ്ങളുടെ മുറി ചുമലിലെ ഭാരം താഴെയിറക്കി ടോയ്‌ലറ്റ് അന്വേഷിച്ചു.

ladakh-4

ലോക്കൽ ടോയ്‌ലറ്റ്’

ഡോൾമയുടെ അഞ്ചു വയസ്സുകാരി മകൾ തൊട്ടടുത്ത മുറി കാണിച്ചു തന്നു. സാമാന്യം വലിപ്പമുള്ള മുറി അകത്തു കയറി ലൈറ്റിട്ടതും അവിടെ ടോയ്‌ലറ്റ് ഒന്നുമില്ല. ഒരു മൂലയ്ക്ക് ചാണക പൊടിയും ചാരവും മണ്ണും കൂട്ടി ഇട്ടിട്ടുണ്ട്. ഒരു ചെറിയ കയറിൽ ടോയ്‌ലറ്റ് പേപ്പറിന്റെ റോളും. അതിന്റെ താഴേ ഉപയോഗിച്ച പേപ്പർ ഒരു ചെറിയ കുട്ടയിൽ ചുരുട്ടി ഇട്ടിട്ടുണ്ട്.. ഒന്നും മനസിലാകുന്നില്ല!!

ഞാൻ കയറിയ സ്പീഡിൽ പുറത്തോട്ടിറങ്ങി. എന്നേ കാത്തു പുറത്തു നിന്ന ആ കൊച്ചിനെ എന്നേ പറ്റിച്ചതിനു കണ്ണുരുട്ടി പേടിപ്പിച്ചു. അതോടെ അവൾ അപ്രത്യക്ഷമായി. ഞാൻ ഡോൾമയെ തേടി പിടിച്ചു ടോയ്‌ലറ്റ് ചോദിച്ചു. ഡോൾമ എന്നേ നേരത്തെ കുട്ടി കാണിച്ച അതെ മുറി കാണിച്ചു തന്നു. ഇത്തവണ അകത്തു കയറി ശ്രദ്ധിച്ചു നോക്കിയപ്പോൾ തറയിൽ ഒരു ഇഷ്ടികയുടെ വലുപ്പത്തിലെ ദ്വാരം.

ladakh-mid

‘‘ഈശ്വരാ ... ഇതായിരുന്നോ ഗൈഡ് പറഞ്ഞ ലോക്കൽ ടോയ്‌ലറ്റ്’’ ഞാൻ തലയിൽ കൈവച്ചു നിന്നു.

തിരിച്ചു ചെന്ന് സുഹൃത്തിനോട് കാര്യം അവതരിപ്പിച്ചപ്പോൾ ‘എനിക്ക് രണ്ടു ദിവസം സാധിക്കണ്ട’ എന്ന മറുപടി കിട്ടി. ‘എനിക്കും’ ഞാനും ഏറ്റുപറഞ്ഞു. രാവിലെ 'വിളി' വന്നതും ടോയ്‌ലെറ്റിലേക്കു കൂടുതലൊന്നും ആലോചിക്കാതെ പാഞ്ഞു. കാര്യം സാധിച്ചു, അവിടെ വച്ചിരുന്ന മൺവെട്ടി കൊണ്ട് ചാരവും, ചാണകവും ചേർന്ന മിക്സ് ദ്വാരത്തിലൂടെ ഇട്ടു . മാന്യമായി പേപ്പറും ഉപയോഗിച്ച് പുറത്തിറങ്ങി.

ladakh-2

ഗ്രാമം കാണിക്കാൻ ഗൈഡ് എത്തിയപ്പോൾ ഞങ്ങളുടെ മുഖത്ത് ആകെ ചമ്മലായിരുന്നു. ചോദിച്ചു വാങ്ങിയ പണിയായിരുന്നല്ലോ ‘ലോക്കൽ ടോയ്‌ലറ്റ്’ . അതെപ്പറ്റി കൂടുതൽ അറിയണം എന്നുള്ളതു കൊണ്ട് ഞാൻ വിഷയം എടുത്തിട്ടു.

'ഡ്രൈ ടോയ്‌ലറ്റ്' കാരണം ജലദൗർലഭ്യം

‘ഇവിടെ വെള്ളത്തിനു ക്ഷാമമുണ്ട്. പ്രത്യേകിച്ചു മഞ്ഞു കാലത്ത്. അതു കൊണ്ടാണ് ലഡാക്കിലൂടെനീളം ഗ്രാമങ്ങളിൽ 'ഡ്രൈ ടോയ്‌ലറ്റ്' കാണുന്നത്. വീടിനോടു ചേർന്നോ അല്ലാതെയോ രണ്ടു നില കെട്ടിടമായാണ് ഇതു പണിയുന്നത്. താഴത്തെ നില കമ്പോസ്റ്റ് പിറ്റ് ആയി പ്രവർത്തിക്കും. വിസർജ്യത്തിന്റെ മുകളിൽ ചാരവും, ചാണക പൊടിയും ഇടുന്നത് രാസവിഘടനം, മെച്ചപ്പെട്ട വളം ഉൽപാദിപ്പിക്കൽ, മണം ഇല്ലാതാക്കൽ എന്നിവയ്ക്കു സഹായിക്കുന്നു. മാത്രവുമല്ല നിശ്ചിത ദിവസങ്ങൾ കഴിഞ്ഞു മുറിയിലെ ജൈവ വളം പാടങ്ങളിൽ മണ്ണിനെ സമ്പുഷ്ടമാക്കാൻ ഉപയോഗിക്കും. പുറകിൽ ഒരു ചെറിയ ജാലകവും ആണിയിൽ ഘടിപ്പിച്ച കമ്പിയിൽ സ്ഥാപിച്ചിരിക്കുന്ന വാതിലും പ്രകാശത്തിന്റെയും വായുസഞ്ചാരത്തിന്റെയും ഉറവിടമായി പ്രവർത്തിക്കുന്നു.’’ ഗൈഡ് പറഞ്ഞു.

ladakh-5

ഇതെത്ര ഭേദം

ഇന്ത്യയിലെ പല സ്ഥലങ്ങളിൽ സഞ്ചരിച്ചതിന്റെ ടോയ്‌ലറ്റ് അനുഭവങ്ങൾ ഞാനപ്പോൾ ഓർത്തെടുത്തു. അസഹനീയമായ ദുർഗന്ധം വമിക്കുന്ന പൊതു ടോയ്‌ലറ്റുകൾ, നൂറു കണക്കിന് ഈച്ചകൾ, വെള്ളത്തിന്റെ ദൗർലഭ്യം തുടങ്ങിയ ഭയാനകമായ കഥകളെ എന്നേ അനുസ്മരിപ്പിച്ചു. ലഡാക്കിലെ ഡ്രൈ ടോയ്‌ലറ്റ് ഇൽ അവിടെ കൂട്ടിയിട്ടിരുന്ന ചാണക പൊടിയുടെയും ചാരത്തിന്റെയും ഒരു മുഷിഞ്ഞ മണം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പിന്നീട് ലേയിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്തുമായി ദീർഘ നേരം ഈ വിഷയം ചർച്ച ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ‘‘ഡ്രൈ ടോയ്‌ലറ്റ് വെള്ളത്തിന്റെ ദുരുപയോഗം തടയും. സീവേജ് സംവിധാനങ്ങൾ ഒരുക്കേണ്ട ആവശ്യവും ഇല്ലാതാക്കും. സാധാരണ ഒരു ടൂറിസ്റ്റ് ഇവിടെ സന്ദർശിക്കുമ്പോൾ ഒരു ദിവസം 75 ലിറ്റർ വരെ വെള്ളം പാഴാക്കും. ഒരു ലഡാക്കിയുടെ ശരാശരി ഉപയോഗം 20 ലിറ്ററിൽ താഴെയാണ്. ഈ ടോയ്‌ലറ്റ് വെള്ളവും വൈദ്യുതിയും ക്ഷാമമുള്ള പ്രദേശങ്ങളെ സംരക്ഷിക്കുക മാത്രമല്ല, മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ ആവശ്യം തന്നേ ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു മലിനജല ശൃംഖലയുടെ പരിപാലനവും, അതുമായി ബന്ധപ്പെട്ട ചെലവുകളും കുറയ്ക്കുന്നു’’.

ലഡാക്കിലെ ജല ദൗർലഭ്യമുള്ള ഭൂപ്രകൃതിക്ക് ഈ ‘ഡ്രൈ ടോയ്‌ലറ്റ്’ ഏറ്റവും അനുയോജ്യമാണ്. എന്നിട്ടും, വിനോദസഞ്ചാരികൾ ‘സാധാരണ’ടോയ്‌ലറ്റുകൾക്ക് വാശിപിടിക്കുന്നത് ഈ പ്രദേശത്തിന്റെ അസന്തുലിനാവസ്ഥക്കു വഴി വച്ചു കൊടുക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി ലഡാക്കിന്റെ ഹിമാനികൾ ദ്രുതഗതിയിൽ ഉരുകി കൊണ്ടിരിക്കുകയാണ്, ഇതു ജലലഭ്യതയ്ക്കു ഗുരുതരമായ ഭീഷണിയാണ്.

ladakh-6

ശരിയായ മലിനജല സംവിധാനത്തിന്റെ അഭാവത്തിൽ, ലേ പോലെ കൂടുതൽ ജനസാന്ദ്രതയുള്ള പട്ടണങ്ങൾ സന്ദർശകർക്കു വേണ്ടി കൂടുതലായി ജല-തീവ്രമായ ഫ്ലെഷ് ടോയ്‌ലറ്റുകൾ സ്വീകരിക്കുകയും, മാലിന്യ-ജല നിർമാർജനത്തിനായി സോക്ക് പിറ്റുകൾ നിർമിക്കുകയും ചെയ്യുന്നു. ഇതു ഭൂഗർഭ മലിനീകരണത്തിലേക്ക് നയിക്കുന്നു. വിനോദസഞ്ചാരാനന്തര കാലഘട്ടത്തിൽ ലേയിലെ കുടിവെള്ള സ്രോതസ്സുകൾക്കു സമീപമുള്ള ഭൂഗർഭ ജല മലിനീകരണം, വർദ്ധിച്ച വയറിളക്കത്തിന്റെ സന്ദർഭങ്ങൾ, ഉയർന്ന അളവിലുള്ള കോളിഫോം ബാക്ടീരിയകൾ മുതലായവക്ക് കാരണമാകുന്നു.. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നിൽ വർദ്ധിച്ചുവരുന്ന പ്രതിസന്ധിക്ക് നമ്മുടെ അജ്ഞത എങ്ങനെ സംഭാവന ചെയ്യുന്നുവെന്ന് എനിക്കന്നു മനസ്സിലായി.

നമ്മൾ സഞ്ചാരികളുടെ ഭാഗത്തു നിന്ന് ഒരു ചെറിയ ക്രമീകരണം ഈ മേഖലയെ ഭാവിയിലെ വലിയൊരു പ്രകൃതി ദുരന്തത്തിൽ നിന്നും രക്ഷപെടുത്തും. പാരമ്പര്യത്തിലേക്കുള്ള തിരിച്ചുവരവ് വിവേകപൂർണ്ണമായ ഒരു ആശയമായി മാത്രമല്ല, ഈ കാലഘട്ടത്തിലെ ആവശ്യകതയായും തോന്നുന്നു.

ladakh-3