Tuesday 28 January 2020 07:07 PM IST

പേരിനു പോലും സ്വർണം വേണ്ട, പറ്റില്ലെങ്കിൽ കല്യാണവും വേണ്ട! മകളുടെ ഡിമാൻഡ് കേട്ട ഡോക്ടർ വേണുഗോപാൽ പിന്നെ ചെയ്തത്

Binsha Muhammed

neethu-venugopal

പൊന്നിൽ കുളിച്ചേ പന്തലിലെത്താവൂ എന്ന അലിഖിത നിയമങ്ങളെ കാറ്റിൽ പറത്തി ലാളിത്യത്തിന്റെ മുഖമുദ്രയണിയുകയാണ് ഒരു മണവാട്ടി. അതും കേരളത്തിലെ എണ്ണം പറഞ്ഞ ഡോക്ടർമാരിലൊരാളായ ഡോ. വേണു ഗോപാലിന്റേയും ഡോ. സുപ്രിയയുടേയും പ്രിയമകളെന്ന വലിയ മേൽവിലാസമുള്ളവൾ. കല്യാണം ഉറപ്പിച്ചയുടൻ അവൾ മാതാപിതാക്കളുടെ മുന്നിൽ ഡിമാൻഡ് വച്ചു – ‘കല്യാണമൊക്കെ ശരി തന്നെ. അരപ്പവൻ പോയിട്ട് അണുമണി തൂക്കം സ്വർണം പോലും ദേഹത്ത് പാടില്ല. അല്ലെങ്കിൽ ഞാൻ വിവാഹ വേദിയിലേക്കില്ല’– ആഡംബരങ്ങളിൽ കുളിക്കുന്ന മണവാട്ടിമാരും വിവാഹം ഇവന്റ് മാനേജ്മെന്റിന് തീറെഴുതുന്ന അച്ഛനമ്മമാരും കേൾക്കേ ഇങ്ങനെ വിളിച്ചു പറഞ്ഞ ഈ കല്യാണപ്പെണ്ണൊരു ഡോക്ടറാണ്. പേര് നീതു, പൊന്നിനും പകരം അവളുടെ മനസിനെ സ്നേഹിച്ച നല്ലപാതി, ഡോക്ടർ കമൽ!

neethu-3

സ്റ്റാറ്റസിന്റെ പേരിൽ പൊന്നുമോളെ പേരിൽ പൊന്നിലും പ്രതാപത്തിലും കുളിപ്പിക്കുന്ന മാതാപിതാക്കളുടെ കാലത്ത് സിമ്പിളായി കൈപിടിച്ചു കൊടുത്ത ആ പവർഫുൾ അച്ഛൻ നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ ‘വനിത ഓൺലൈനോട്’ പറയുന്നു, എന്റെ മകളുടെ സ്വപ്നമാണ് ഞാൻ സാക്ഷാത്കരിച്ചത്. വധുവിന്റെ അച്ഛൻ ഡോ. വേണുഗോപാൽ മുൻപും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു, അപകടത്തിൽപ്പെട്ട ജഗതി ശ്രീകുമാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ എന്ന പേരിൽ. ഇപ്പോൾ മകളുടെ വിവാഹത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ഒരുപാട് കുടുംബങ്ങൾക്ക് മാതൃകയാവുകയാണ് അദ്ദേഹം.

വരന്റെ ഡിമാൻഡ്, താലികെട്ട് ചടങ്ങ് മതി

അരപ്പവൻ പോയിട്ട്, പേരിനു പോലും പൊന്നണിഞ്ഞ് കല്യാണ പന്തലിൽ എത്തില്ല എന്നുള്ളത് നീതുവിന്റെ സ്റ്റാൻഡ് ആണ്. കേട്ടമാത്രയിൽ ഒന്ന് ഷോക്കായി. ഏറ്റവും കൂടുതൽ ഞെട്ടിയത് അവളുടെ അമ്മ ഡോ. സുപ്രിയയാണ്. ബന്ധുക്കളെന്തു പറയും ആൾക്കാർ എന്തു വിചാരിക്കും എന്നൊക്കെ. പക്ഷേ അവളുടെ തീരുമാനം ഉറച്ചതായിരുന്നു. ലാളിത്യത്തോടെ വിവാഹം നടത്തണം എന്ന അവളുടെ ഉദ്ദേശശുദ്ധി കൂടി അറിഞ്ഞപ്പോൾ ആശങ്ക വഴിമാറി, പകരം അവളെക്കുറിച്ചോർത്ത് അഭിമാനം തോന്നി.– ഡോ. വേണുഗോപാൽ പറയുന്നു.

neethu-5

മകളുടെ സീനിയറും മിംസ് ഹോസ്പിറ്റലിലെ ഡോക്ടറുമായ കമലാണ് വരൻ. മരുമകനും അവളുടെ ഇഷ്ടത്തിന് പൂർണ സപ്പോർട്ടായിരുന്നു. വരന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് എതിർപ്പൊന്നും വന്നില്ല. ആഗ്രഹപ്രകാരം താലികെട്ട് കാണണം എന്നുള്ള ഒരേ ഒരു ഡിമാന്റ് മാത്രമേ അവർ പറഞ്ഞുള്ളൂ. അല്ലെങ്കിൽ രജിസ്റ്റർ മാര്യേജ് ആയിട്ട് പിന്നേയും ചുരുങ്ങിയേനെ. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ വെച്ച് രണ്ട് വീട്ടുകാർ മാത്രം പങ്കെടുത്ത വിവാഹം. മേക്കപ്പിൽ കുളിക്കാതെ സിമ്പിളായി എന്റെ കുട്ടിയെത്തി. അവിടെ വച്ച് അതിലും സിമ്പിളായി താലികെട്ട്, ശുഭം.

neethu-4

ജഗതിയുടെ ഡോക്ടർ

കൂട്ടിയും കിഴിച്ചും ചിന്തിച്ചാലും അവളുടെ വിവാഹത്തിലും അവളുടെ തീരുമാനത്തിലും എനിക്ക് അഭിമാനം മാത്രമേയുള്ളൂ. എന്തിനേറെ വിരുന്നിനു പോലും കയറിയിറങ്ങില്ല എന്ന് അവർ കരുതിയുറപ്പിച്ചതാണ്. അതങ്ങനെ തന്നെ പോകുന്നു. സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും അവളുടെ നന്മയെക്കുറിച്ച് പറയുമ്പോൾ, ആയിരം ആഘോഷ കല്യാണങ്ങളുടെ സ്ഥാനത്ത് എന്റെ കുട്ടിയുടെ കല്യാണത്തെക്കുറിച്ച് മാത്രം സോഷ്യൽ മീഡിയ പറയുമ്പോൾ എന്തെന്നില്ലാത്ത അഭിമാനം തോന്നാറുണ്ട്. അവളുടെ അച്ഛനായതിൽ അതിലേറെ അഭിമാനം.

neethu-2

‌ഈ വിവാഹത്തിൽ ഞാൻ ഏറ്റവുമധികം മിസ്സ് ചെയ്യുന്ന ഒരാള്‍ തിരക്കഥാകൃത്ത് ടിഎ റസാഖാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്റെ മകളുടെ വിവാഹത്തിന് കാര്യക്കാരനായി മുൻപന്തിയിൽ ഉണ്ടാകുമായിരുന്നു. ജഗതി ശ്രീകുമാറിന് അപകടം സംഭവിച്ചയുടനെ എന്നെ ആദ്യം വിളിക്കുന്നതും അറ്റൻഡ് ചെയ്യണമെന്നു പറഞ്ഞതും അദ്ദേഹമാണ്. അത്രമാത്രം വ്യക്തിപരമായ ആത്മബന്ധം. ഇപ്പോഴും അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥകളെക്കുറിച്ചും ആരോഗ്യ നിലയെക്കുറിച്ചും വളരെയധികം പേർ ചോദിക്കാറുണ്ട്. അദ്ദേഹത്തിന് കൈവന്നിട്ടുള്ള മാറ്റങ്ങൾ കാണുമ്പോൾ വളരെയധികം സന്തോഷം തോന്നാറുണ്ട്. എല്ലാം അദ്ദേഹത്തിന്റെ കുടുംബം നൽകുന്ന പിന്തുണയുടേയും കരുതലിന്റേയും ഫലമാണത്. പക്ഷേ നമുക്ക് ആ പഴയ ജഗതിച്ചേട്ടനെ തിരികെ കിട്ടുമോ എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല. വൈദ്യശാസ്ത്രമല്ല, ദൈവമാണ് അതു നിശ്ചയിക്കേണ്ടത്. – ഡോക്ടർ പറഞ്ഞു നിർത്തി.

neethu-1