Wednesday 03 June 2020 11:58 AM IST

ഇറ്റലിയിൽ നിന്ന് വന്നവർക്ക് കൊറോണ! അന്ന് എല്ലാവരുടേയും മുഖത്ത് കണ്ട ഭയം; മഹാമാരിയുടെ രണ്ടാം വരവിനെ നേരിട്ട ഡോ. പ്രതിഭ

Sruthy Sreekumar

Sub Editor, Manorama Arogyam

kozhancheri-dr

പത്തനംതിട്ടയിലെ റാന്നിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ച സമയം. അവരുമായി സമ്പർക്കം വന്ന രണ്ട് പേർ - ഒരു അമ്മയും മകളും - കോവിഡ് സ്ഥിരീകരിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആയി. കൊറോണയെ നേരിട്ട അനുഭവം കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ടും മനോരോഗ വിദഗ്ധയുമായ ഡോ. എസ്. പ്രതിഭ പങ്കു വയ്ക്കുന്നു.

വുഹാനിൽ നിന്ന് കേരളത്തിൽ എത്തിയ വിദ്യാർത്ഥികളിൽ കൊറോണ സ്ഥിരീകരിച്ചിരുന്നുവല്ലോ. ആ സമയത്തു രോഗബാധ സംശയിച്ചിരുന്നവർ പത്തനoതിട്ടയിലും ഉണ്ടായിരുന്നു. ഒരു ദിവസം വൈകുന്നേരം ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് എനിക്ക് ഒരു ഫോൺ കോൾ വരുന്നത്, വുഹാനിൽ നിന്ന് ഒരു മെഡിക്കൽ വിദ്യാർത്ഥി ആശുപത്രിയിൽ എത്തിയിരിക്കുന്നു. അതു വരെ കൊറോണ എവിടെയോ നടക്കുന്ന സംഭവമാണ്, നമുക്ക് ഇതൊന്നും വരില്ല എന്നായിരുന്നു ചിന്ത. വിവരം കേട്ടപ്പോൾ എന്തു ചെയ്യണമെന്ന അങ്കലാപ്പായിരുന്നു ആദ്യം . പിന്നെ നിപ്പയെനേരിട്ട നാടാണ് നമ്മുടേത്. ആ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഉടൻ തന്നെ തിരികെ ആശുപത്രിയിലെത്തി. ഡിഎഒയെ വിവരം അറിയിച്ചു. ആ വ്യക്തിയെ ഒരു മുറിയിലാക്കി. തുടർന്ന് ഞാനും കാഷ്വാലിറ്റി ഡോക്ടറും കൂടി മാസ്ക് ധരിച്ച് മുറിക്ക് പുറത്ത് നിന്ന് വ്യക്തിയോട് സംസാരിച്ചു.

അവൻ വുഹാന്റെ അടുത്തുള്ള പ്രവിശ്യയിൽ നിന്നാണ് വന്നത്. നിലവിൽ അവിടെ കൊറോണ കേസുകൾ ഇല്ല. പക്ഷേ വിദേശത്തു നിന്ന് വരുന്നവർ റിപ്പോർട്ട് ചെയ്യണമെന്ന അറിയിപ്പ് ഉള്ളതുകൊണ്ടാണ് ആശുപത്രിയിൽ എത്തിയത്. വേറെയും മെഡിക്കൽ വിദ്യാർത്ഥികൾ നാട്ടിൽ എത്തിയിട്ടുണ്ടെന്നും അവൻ പറഞ്ഞു.അവരെയും കണ്ടെത്തി. ആദ്യം വന്ന വിദ്യാർത്ഥിക്ക് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ ഹോം ക്വാറൻറ്റീനിൽ വിട്ടു.

അടുത്ത ദിവസം തന്നെ ഡിഎംഒ ഒാഫിസ് വിദ്യാർത്ഥികളുടെ റൂട്ട് മാപ്പ് തയാറാക്കി. സോഷ്യൽ മീഡിയയുടെ സഹായം വളരെ വലുതായിരുന്നു. പിന്നീട് ചൈനയിൽ നിന്ന് വന്ന വിദ്യാർത്ഥികളിൽ ചിലരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലാക്കി. ഒരാളെ കോഴഞ്ചേരിയിലും. ഭാഗ്യത്തിന് ഇവരുടെ എല്ലാം പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

രോഗം സ്ഥിരീകരിച്ച സമയം

രണ്ടോ മൂന്നോ കേസ് വന്നു പോകുമെന്നല്ലാതെ കൊറോണ ഒരു മഹാമാരിയായി മാറുമെന്ന് അന്ന് ചിന്തിച്ചിരുന്നതേയില്ല. മാർച്ചിലാണ് ഞങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടിയ വാർത്ത വരുന്നത്. റാന്നിയിൽ നിന്നും കോവിഡ് സംശയിച്ച് കുറച്ചു കേസുകൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അഡ്മിറ്റായി എന്ന്. ഇറ്റലിയിൽ നിന്ന് വന്നവർ. രോഗികളെ അഡ്മിറ്റ് ആക്കിയതിന്റെ മൂന്നാം ദിവസം. അതൊരു ഞായറാഴ്ച ആയിരുന്നു. അതിരാവിലെ ഡിഎംഒയുടെ സന്ദേശം. ഇറ്റലിയിൽ നിന്ന് വന്നവർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ഉടൻ കലക്ട്രേറ്റിലേക്ക് എത്തണം എന്ന്.

ശരിക്കും ഇടിവെട്ടിയതുപോലെയായി. കാരണം അന്ന് ഇന്ത്യയിൽ പോലും അധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അപ്പോഴാണ് പത്തനംതിട്ടയിൽ മൂന്ന് കേസുകൾ. രാവിലെ ജില്ലാ കലക്റ്റർ പി.ബി.നൂഹിന്റെ നേതൃത്വത്തിൽ മീറ്റിങ്ങ് തുടങ്ങി. എല്ലാവരുടെയും മുഖത്ത് ഭയമായിരുന്നു. എന്നാൽ കലക്റ്ററും ഡിഎംഒ ഡോ. എ.എൽ ഷീജയും ഞങ്ങളിൽ ആത്മവിശ്വാസം വളർത്തി. ആ മീറ്റിങ്ങ് കഴിഞ്ഞോടെ എന്റെ പേടി നിശ്ശേഷം മാറി. അങ്ങനെ കൊറോണയെ നേരിടുക എന്ന ദൗത്യം ഏറ്റെടുക്കാൻ ഞങ്ങൾ മനസു കൊണ്ട് തയാറായി. ഉച്ചയോടെ മീറ്റിങ്ങ് അവസാനിച്ചു. അവിടുന്ന് നേരെ പത്തനംതിട്ട ജനറൽ ആശുപതിയിൽ ഉള്ള രോഗികളുടെ റൂട്ട് മാപ്പ് തയാറാക്കുന്ന ടീമിൽ ചേർന്നു. രോഗികളുമായി സംസാരിച്ചു. ഇതിനിടെ ഈ രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരെ കോഴഞ്ചേരി ആശുപത്രിയിലേക്ക് വിടും, അതിനുള്ള തയാറെടുപ്പുകൾ നടത്താൻ നിർദേശം വന്നു. ഉടനെ ഞാൻ ആശുപത്രിയിൽ എത്തി. അവിടെ സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയാക്കി.

വൈകുന്നേരം ആയപ്പോഴെക്കും റാന്നിക്കാരുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരമ്മയെയും മകളെയും അഡ്മിറ്റ് ചെയ്തു. അടുത്ത ദിവസം രാവിലെ തന്നെ അവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അതു പൊസിറ്റീവ് ആയി. ഏപ്രിൽ ആദ്യവാരം മകളുടെ ഫലം നെഗറ്റീവ് ആയി. ഏപ്രിൽ 24നു അമ്മയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. അമ്മയ്ക്ക് ഒന്നരമാസത്തോളം ചികിത്സ വേണ്ടിവന്നു. അവരുെട കാര്യത്തിൽ പല തരത്തിലുള്ള ചികിത്സാരീതികൾ ഉപയോഗിച്ചു . ഞാൻ അവരുമായി എന്നും സംസാരിക്കുമായിരുന്നു. അവർക്ക് വലിയ ടെൻഷൻ ഇല്ലായിരുന്നു. റാന്നി കുടുംബവുമായി അവർ നന്നായി ഇടപഴകിയിരുന്നു. ആ കുടുംബം കൊറോണ പൊസിറ്റീവാണ് എന്ന് വാർത്തകളിലൂടെ അറിഞ്ഞപ്പോൾ തന്നെ ഇവർ മാനസികമായി തയാറെടുത്തിരുന്നു. ഇതിലെ മകൾക്ക് രണ്ട് കുട്ടികൾ ഉണ്ട്. അവരെ മാറ്റി നിർത്തി. കുടുംബാംഗങ്ങളെ എല്ലാവരെയും പരിശോധിച്ചിരുന്നു.

ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജർ ഡോ. എബി, ഡപ്യൂട്ടി ഡിഎംഒ ഡോ. നന്ദിനി, ചികിത്സാടീമിലെ അംഗങ്ങളായ ഡോ. അഭിലാഷ്, ഡോ. ശരത്, ആർഎംഒ, നഴ്സിങ്ങ് സ്റ്റാഫുകൾ, അറ്റന്റർമാർ, ലാബ്, എക്സ്റേ ഇസിജി ജീവനക്കാർ, െഹൽത് ഇൻസ്പെക്ടർ എന്നിവരാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായവർ.കേരളം മാത്രം കോവിഡ് മുക്തമായിട്ടു കാര്യമില്ല. ലോകം മുഴുവൻ രോഗമുക്തി നേടിയാലേ കോവിഡിനെതിരെയുള്ള പോരാട്ടം അവസാനിക്കൂ...