Saturday 18 September 2021 03:00 PM IST : By സ്വന്തം ലേഖകൻ

തലവേദനയെന്ന് പറഞ്ഞ് കട്ടിലിലേക്ക് ചാഞ്ഞു, എഴുന്നേറ്റത് 6 ദിനങ്ങള്‍ കഴിഞ്ഞ്: ഡോക്ടറുടെ കുറിപ്പ്

headache

തലച്ചോറിനുള്ളിലെ അറകളില്‍ വെള്ളം കെട്ടുന്ന രോഗമായ ഹൈഡ്രോസഫലസ് എന്ന രോഗത്തെക്കുറിച്ച് രോഗിയുടെ അനുഭവം മുന്‍നിര്‍ത്തി കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സരീഷ് കുമാര്‍.  സമ്മര്‍ദം കൂടി ഏതു സമയവും തലച്ചോറിന്റെ പ്രവര്‍ത്തനം കുറഞ്ഞു മരണം സംഭവിക്കാവുന്ന അവസ്ഥയെക്കുറിച്ചാണ് ഡോക്ടറുടെ കുറിപ്പ്. ഗുരുതരമാകുന്ന തലവേദനകള്‍ എന്ന ആമുഖത്തോടെ ഡോക്ടര്‍ പങ്കുവച്ച കുറിപ്പ് ഒരു ചെറുപ്പക്കാരന് സംഭവിച്ച് രോഗാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഗുരുതരമാവുന്ന തലവേദനകൾ! (കൊളോയ്ഡ് സിസ്റ്റും ഹൈഡ്രോസഫലസും !! )

ബാംഗ്ലൂരിലെ ഒരു IT സ്ഥാപനത്തിൽ നല്ല ജോലി ആയിരുന്നു അവനുണ്ടായിരുന്നത് ! മാസത്തിൽ ഒരിക്കൽ മാത്രം വീട്ടിൽ എത്താനേ അവന് പറ്റുന്നുണ്ടായിരുന്നുള്ളു . നല്ല ജോലി തിരക്ക് തന്നെ കാരണം. ഇടക്കെപ്പോളോ വരുന്ന ചെറിയ തലവേദന ഒഴിച്ച് ബാക്കി കാര്യങ്ങളെല്ലാം നന്നായി പോയി കൊണ്ടിരിക്കെ ഒരു ദിവസം അവനു വീട്ടിൽ പോണം എന്ന് ഒരു ആഗ്രഹം മനസ്സിൽ കയറി വന്നു .. കോറോണയുടെ പിടിയിലകപ്പെട്ടിരുന്ന ബാംഗ്ലൂരിൽ നിന്നും കേരളത്തിലെ വീട്ടിലേക്കു അവൻ പുറപ്പെടുമ്പോൾ തലയുടെ ഇടതു ഭാഗത്തു നിന്നും ഒരു ചെറിയ കുത്തൽ തുടങ്ങിയിട്ടുണ്ടായിരുന്നു ! ബസിൽ ഇരിക്കുമ്പോൾ ഒരു മനംപുരട്ടൽ അനുഭവപ്പെട്ടത് അവൻ കാര്യമാക്കിയില്ല !!!

വീട്ടിൽ ചെന്ന് കയറിയതും ഒരിക്കലും വരാത്ത ഒരു ക്ഷീണം അവന്റെ കണ്ണിലൂടെ കയറിവന്നു..വീട്ടിലുള്ളവരെല്ലാം അടുത്ത വീട്ടിൽ നടക്കുന്ന വിവാഹത്തിന്റെ സൽക്കാരത്തിന് പോകാൻ തയാറെടുത്തു നിൽക്കുകയായിരുന്നു അപ്പോൾ... കൂടെ വരാൻ വിളിച്ചപ്പോ വരുന്നില്ല ഒരു തലവേദന എന്ന് പറഞ്ഞു അവൻ കട്ടിലിലേക്ക് വീണു! പിന്നെ ഉണർന്നത് 6 ദിവസങ്ങൾക്കു ശേഷമാണ് !!! നീണ്ട ആറു ദിവസങ്ങളിൽ അബോധാവസ്ഥയുടെ ആഴങ്ങളിലൂടെ ഒഴുകി നടക്കുകയായിരുന്നു ആ 23 വയസുകാരൻ !! ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള ചെറിയ നൂൽപ്പാലത്തിലൂടെ ഒരു സഞ്ചാരം! ഉണർന്നപ്പോ ഹോസ്പിറ്റലിലെ സർജ്ജറി ICU വിനുള്ളിലെ ബെഡിന്റെ അരികിൽ നിന്ന് ഞാൻ അവനോടു ചോദിച്ചു ...'കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്തെങ്കിലും ഓർമ്മയുണ്ടോ ? ' ഒന്ന് പുഞ്ചിരിച്ചതല്ലാതെ അവൻ ഒന്നും പറഞ്ഞില്ല !!'കുറച്ചു മറവിയുണ്ട് ഡോക്ടറേ, പിന്നെ അധികം ഒന്നും സംസാരിക്കുന്നില്ല '... വിറയ്ക്കുന്ന ശബ്ദത്തോടെ 'കൂടെ നിന്ന അമ്മ എന്നോട് പറഞ്ഞു !!!! ആ അമ്മയെ ആശ്വസിപ്പിക്കുമ്പോ ഞാൻ പറഞ്ഞു !' സാരമില്ല അമ്മേ !!! കഴിഞ്ഞ 6 ദിവസങ്ങൾ ഒരു പക്ഷെ അവൻ ഓർത്തെന്നു വരില്ല , പക്ഷെ ഓർമകളെ സൂക്ഷിക്കാനും സ്വപ്നങ്ങളെ കണ്ടെത്താനും ശേഷിയുള്ള ആരോഗ്യമുള്ള ഒരു തലച്ചോറാണ് ഇപ്പോൾ അവനുള്ളത്‌ .. അതുകൊണ്ടു കൃത്യമായി നമുക്ക് ഭാവിയിൽ നിരീക്ഷിച്ചാൽ മതിയാകും !! ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു !!!

ശരിയായിരുന്നു , ആശുപത്രിയിലെത്തുമ്പോ അബോധാവസ്ഥയിലായിരുന്നു അവൻ !! CT സ്കാനിൽ തെളിഞ്ഞു കണ്ടത് അപൂർവങ്ങളിൽ അപൂർവമായ colloid cyst ( കൊളോയ്ഡ് സിസ്ററ് ) എന്ന ഒരു മുഴ മൂലം തലച്ചോറിലെ ദ്രാവകമായ CSF ന്റെ ഒഴുക്ക് തടയപ്പെട്ട അവസ്ഥയായിരുന്നു ! തലച്ചോറിനുള്ളിലെ അറകളിൽ വെള്ളം കെട്ടുന്ന രോഗമായ ഹൈഡ്രോസഫലസ് എന്ന രോഗം ..

സമ്മർദം കൂടി ഏതു സമയവും തലച്ചോറിന്റെ പ്രവർത്തനം കുറഞ്ഞു മരണം സംഭവിക്കാവുന്ന അവസ്ഥയാണത്.. തലച്ചോറിലെ മുഴകളിൽ വെറും ഒരു ശതമാനം മാത്രമാണ് colloid cyst കൾ ഉള്ളത് ! തലച്ചോറിനുള്ളിലെ ഒരു പ്രധാന അറയായ തേർഡ് വെൻട്രിക്കിളിനുള്ളിൽ വളർന്നു വരുന്ന ഒരു മുഴയാണ് കൊളോയ്ഡ് സിസ്ററ് ..തലച്ചോറിലെ ദ്രാവകമായ CSF ന്റെ ഒഴുക്ക് തടയുകയാണ് ഇത് വളരുന്നത് മൂലം സംഭവിക്കുന്നത് .. എത്രയുംവേഗം സർജ്ജറി ചെയ്തു ആ മുഴ നീക്കം ചെയ്യുക എന്നത് മാത്രമാണ് അതിനുള്ള ചികിത്സ ! തലയോട്ടി തുറന്നു ചെറിയ ദ്വാരത്തിലൂടെ തേർഡ് വെൻട്രിക്കിളിനുള്ളിലെ ആ മുഴ പൂർണമായും നീക്കം ചെയ്തതോടെ അവൻ ജീവിതത്തിലേക്ക് തിരിച്ചു നടന്നു !!!

എല്ലാ തല വേദനകളും മൈഗ്രൈൻ മൂലമാകാം എന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട് !! പക്ഷെ വിട്ടുമാറാതെ നില്കുന്ന തലവേദനയും , ഛർദി , കാഴ്ചക്കുറവ് , ബാലന്സുകുറവ് , കേൾവിക്കുറവ് , കൈകാലുകൾക്ക് തളർച്ച എന്നിവയോടു കൂടി വരുന്ന തലവേദനയും സൂക്ഷിക്കണം ! സ്വപ്നങ്ങളും ഓർമകളും നമുക്ക് നഷ്ടപെടാതിരിക്കട്ടെ !!!