Saturday 08 May 2021 04:27 PM IST : By സ്വന്തം ലേഖകൻ

'ശ്വാസംമുട്ടി പിടഞ്ഞത് നമ്മുടെ ആരെങ്കിലുമാണെങ്കില്‍ എന്തു ചെയ്യുമായിരുന്നു, അതേ ആ കുട്ടികളും ചെയ്തുള്ളു': വിമര്‍ശകര്‍ക്ക് മറുപടി

shimna-alap

കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച അശ്വിനും രേഖയും കേരളത്തിന്റെ ഹീറോസായി മാറുകയാണ്. ഇരുവരുടേയും സമയോചിതമായ പ്രവര്‍ത്തനമാണ് ഒരു മുപ്പത്തിയാറുകാരന്റെ ജീവന്‍ പിടിച്ചു നിര്‍ത്തിയത്. ഇപ്പോഴിതാ ഇരുവരേയും മനസുനിറഞ്ഞ് അഭിനന്ദിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ഷിംന അസീസ്. ആ കിടന്നു ശ്വാസം മുട്ടുന്നത് നമ്മുടെ ആരെങ്കിലും ആയിരുന്നെങ്കില്‍ എന്ത് നമ്മള്‍ ചെയ്യുമായിരുന്നോ അത് മാത്രമാണ് ആ കുട്ടികള്‍ ചെയ്തത്. അതിനിടയില്‍ അന്തമില്ലാത്ത വിമര്‍ശനങ്ങള്‍ക്ക് ഇടമില്ലെന്നും ഡോ. ഷിംന കുറിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

ഫുള്‍ പിപിഇ ധരിച്ച് ഭക്ഷണം വിതരണം ചെയ്യാനായി ഡോമിസിലിയറി കെയര്‍ സെന്‍ററില്‍ എത്തിയ സന്നദ്ധപ്രവർത്തകരായ ആ ചെറുപ്പക്കാര്‍ ഒരു കോവിഡ്‌ രോഗിയെ സെന്ററിൽ നിന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കിൽ എത്തിച്ചു. ആംബുലന്‍സ് എത്താന്‍ പത്ത് മിനിറ്റ് എടുക്കുമായിരുന്നു, ആ സമയം പോലും അവര്‍ പാഴാക്കിയില്ല. ആ കുട്ടികളുടെ പേര് അശ്വിന്‍ എന്നും രേഖ എന്നുമാണ്. ഈ കാരണം പറഞ്ഞു കേരളത്തെ മോശമാക്കി കാണിക്കാനും യുപിയോട്‌ താരതമ്യം ചെയ്യാനും പരിഹസിക്കാനും ഒക്കെ നില്‍ക്കുന്നവര്‍ക്ക് ശരിക്കും എന്തിന്റെ തകരാറാണ്?

അവനവന്‍ ശ്വാസം കിട്ടാതെ സ്വന്തം വീട് പോലുമല്ലാത്ത ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കിടന്നു പിടയുന്ന നേരത്ത് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി തുറന്ന്‌ കിട്ടുന്ന ഏതു വഴിയോടും സഹകരിക്കാന്‍ തയ്യാറാകും എന്ന് തോന്നുന്നില്ലേ? അതോ ഇതൊന്നും എനിക്ക് വരില്ലാന്ന് തോന്നുന്നോ? സ്വയം കൊറോണക്ക് അതീതര്‍ എന്ന് കരുതുന്നോ? ഇങ്ങനെ കിടന്ന് ആഘോഷിക്കാന്‍ മാത്രം സഹജീവികള്‍ എന്നാണു നിങ്ങള്‍ക്കൊക്കെ ശത്രുക്കള്‍ ആയത്‌?

കേരളത്തിന്റെ പല ഭാഗങ്ങളിലായി രണ്ടു ഡോസ് വാക്സിനുമെടുത്ത് സകല മുൻകരുതലും എടുത്തു നടന്ന എനിക്കും സമപ്രായക്കാരായ ഒന്നിലേറെ ഡോക്ടര്‍മാര്‍ക്കും രോഗം വന്നത് ഏതാണ്ട് ഒരേ സമയത്താണ്. ഏതാണ്ട് നെഗറ്റീവ് ആവാന്‍ ആയപ്പോള്‍ മാത്രമാണ് കൊറോണ ആണോ എന്ന് സംശയിച്ചു ടെസ്റ്റ്‌ ചെയ്തത്. കാരണം, അത്‌ വരെ ലക്ഷണങ്ങള്‍ യാതൊന്നും ഇല്ലായിരുന്നു. ഉണ്ടായത് തല വേദനയാണ്, ശരിക്ക് പറഞ്ഞാല്‍ അത് മാത്രമാണ്. എന്നിട്ടും തല പൊളിയുന്ന വേദന കൊണ്ട് നാല് ദിവസത്തോളം വീണു കിടന്ന്‌ പോയിട്ടുണ്ട്. എന്റെയൊരു ഡോക്ടര്‍ സുഹൃത്ത്‌ പറഞ്ഞത് 'വാക്സിന്‍ എടുത്തത് കൊണ്ട് മാത്രമാണ് ഷിമ്നാ ശ്വാസം മുട്ടി ചത്തു പോകാതിരുന്നത്' എന്നാണ്‌. ഞങ്ങളുടെയെല്ലാം പ്രായം മുപ്പതിന്റെ ആദ്യപകുതിയില്‍ ആണെന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ. കൊറോണക്ക് ആരോടും ഒരു വേര്‍തിരിവോ വ്യത്യാസമോ ഇല്ല. ഇപ്പോഴാണെങ്കില്‍ പ്രായം പോലും നോക്കാതെയാണ് എന്നെന്നേക്കുമായി ഭൂമിയില്‍ നിന്ന് കൊറോണ മനുഷ്യരെ തിരിച്ചു വിളിക്കുന്നത്‌.

ആ കിടന്നു ശ്വാസം മുട്ടുന്നത് നമ്മുടെ ആരെങ്കിലും ആയിരുന്നെങ്കില്‍ എന്ത് നമ്മള്‍ ചെയ്യുമായിരുന്നോ അത് മാത്രമാണ് ആ കുട്ടികള്‍ ചെയ്തത്. അതില്‍ ഒരു ഹീറോയിസവും അവര്‍ ആ നേരത്ത് കണ്ടിട്ട് കൂടിയുണ്ടാവില്ല. എത്ര പെട്ടെന്നാണ്‌ മനുഷ്യത്വത്തിന്‌ മനസ്സാ വാചാ അറിയാത്ത വിശകലനങ്ങളുണ്ടാകുന്നത്‌!! എങ്ങനെയാ ഇങ്ങനത്തെ മനുഷ്യരെ വിമര്‍ശിക്കാന്‍ തോന്നുന്നത്?

തീര്‍ത്തും മനുഷ്യര്‍ ഗതികെട്ട് കിടക്കുന്ന നേരത്ത് എല്ലാ തരത്തിലും ശരി ചെയ്‌തവർക്കെതിരെ കൂടി സൂചനയുള്ള ചവറ് വര്‍ത്താനം പറയാന്‍ തോന്നുന്നത്?

അശ്വിന്‍, രേഖാ...കുറെ കുറെ ഇഷ്ടം..ബഹുമാനം.

നിങ്ങളൊക്കെയാണ്‌ ഈ നാടിനെ ഇങ്ങനെ നിലനിർത്തുന്നത്‌.

Dr. Shimna Azeez