Thursday 08 April 2021 11:32 AM IST : By സ്വന്തം ലേഖകൻ

‘രോഗികൾ കിടക്കുന്നിടത്ത്‌ പോയി ആരും ഡാൻസ്‌ ചെയ്യില്ല, അവരോട് അസൂയയാണെങ്കിൽ അങ്ങ് സമ്മതിച്ചേക്ക്’

janaki-naveen

ചടുലമായ ചുവടുകളുമായി സോഷ്യൽ മീഡിയയിൽ കളംനിറയുകയാണ് തൃശൂർ മെഡിക്കൽ കോളേജ്‌ വിദ്യാർത്‌ഥികളായ ജാനകിയും നവീനും. 'റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...' എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തുള്ള ഇവരുടെ നൃത്തം ഞൊടിയിട കൊണ്ടാണ് ഏവരുടേയും ഹൃദയങ്ങളിലേക്ക് കുടിയേറിയത്. സമൂഹമാധ്യമങ്ങളിൽ പലരുടേയും ഇഷ്ടം പിടിച്ചു പറ്റുന്നതിനൊപ്പം ഒറ്റതിരിഞ്ഞ ചില സൈബർ ആക്രമണങ്ങളും ഇവരുടെ നേരെയെത്തി. ഡോക്ടർമാർക്ക് പറഞ്ഞിട്ടുള്ളതാണോ പാട്ടും നൃത്തവും എന്ന മട്ടിലായിരുന്നു പലരുടേയും വിമർശനങ്ങൾ. യുക്തിരഹിതമായ ഇത്തരം വിമർശനങ്ങൾ മുൻനിർ‌ത്തി ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ഷിംന അസീസ്. ഡോക്ടർമാരോ മെഡിക്കൽ സ്‌റ്റുഡന്റ്‌സോ ആടാനോ പാടാനോ പാടില്ലേയെന്ന് ഡോ. ഷിംന ചോദിക്കുന്നു. എല്ലാ മനുഷ്യർക്കുമുള്ള ചിരിയും കളിയും സന്തോഷവുമൊക്കെ അവകാശമുള്ള കൂട്ടരാണ്‌ തങ്ങളെന്നും ഷിംന പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ജാനകിയും നവീനും തൃശൂർ മെഡിക്കൽ കോളേജ്‌ വിദ്യാർത്‌ഥികളാണ്‌. നല്ല അസ്സലായി ഡാൻസ്‌ ചെയ്യും. അവർ ആസ്വദിച്ച്‌ ചെയ്‌തൊരു ഡാൻസിന്റെ വീഡിയോ ക്ലിപ്പിങ്ങ്‌ വൈറലായി. സ്‌ക്രബ്‌സ്‌ ധരിച്ച്‌ ആശുപത്രിയിലെ ഒരൊഴിഞ്ഞ വരാന്തയിൽ നിന്നാണ്‌ ആ വീഡിയോ ഷൂട്ട്‌ ചെയ്‌തിരിക്കുന്നത്‌.

അവരെ സംബന്ധിച്ചിടത്തോളം ആ കെട്ടിടം അവർ പഠിക്കുന്ന സ്‌ഥാപനം കൂടിയാണ്‌. അതിന്‌ ചികിത്സയുമായി നേരിട്ട്‌ ബന്ധമില്ലാത്ത ഒരുപാട് ഏരിയയുണ്ടെന്നത്‌ എനിക്കും നേരിട്ടറിയാം. രോഗികൾ കിടക്കുന്നിടത്ത്‌ പോയി ആരും റാ റാ റാസ്‌പുടിൻ പാടി ഡാൻസ്‌ ചെയ്യില്ല. ഞങ്ങൾ പഠിക്കുന്ന (ഏറ്റവും ചുരുങ്ങിയത്‌ അഞ്ചര വർഷം) കാലത്തെ ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ആ ചുമരുകൾക്ക്‌ സ്വന്തമാണ്‌.

ഇനി ഡോക്ടർമാരോ മെഡിക്കൽ സ്‌റ്റുഡന്റ്‌സോ ആടാനോ പാടാനോ പാടില്ലേ? എല്ലാ മനുഷ്യർക്കുമുള്ള ചിരിയും കളിയും സന്തോഷവുമൊക്കെ അവകാശമുള്ള കൂട്ടരാണ്‌ ഞങ്ങളും. എല്ലാ കാലത്തും പഠിച്ച മെഡിക്കൽ കോളേജിലെയും പഠിപ്പിച്ച കോളേജിലെയും സന്ദർശിച്ചിട്ടുള്ള സകല കോളേജുകളിലെയും കുട്ടികളുടെ കലാഭിരുചികൾ പ്രോത്‌സാഹിപ്പിച്ചിട്ടേയുള്ളൂ. ഇനിയുമത്‌ ചെയ്യും. ഡോക്ടർ ആണെന്ന്‌ വെച്ച്‌ ഗൗരവവും എയർപിടിത്തവും വേണമെന്നാണെങ്കിൽ ഞങ്ങൾക്കതിന്‌ സൗകര്യമില്ല. അങ്ങനെ വേണ്ടവർ അങ്ങനെ കഴിഞ്ഞോട്ടെ, ഇങ്ങനെയും ചിലരുണ്ടാകും.

അവർ വൈറലായതിന്റെ അസ്വസ്‌ഥതയും അസൂയയുമാണെങ്കിൽ അതങ്ങ്‌ സമ്മതിച്ചേക്കണം. അത്രക്ക്‌ ഭംഗിയോടെ അനായാസമായി വെച്ച ചുവടുകൾ കണ്ടാൽ അംഗീകരിക്കണമെങ്കിലും ഒരു മിനിമം ക്വാളിറ്റി വേണമെന്നത്‌ മനസ്സിലാക്കുന്നു.

ഇനി ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചതാണ്‌ വിഷയമെങ്കിൽ തലയിലേക്ക്‌ കയറിയിരിക്കുന്ന ആ അവയവത്തിന്റെ സ്‌ഥാനം അവിടെയല്ല, കുറച്ച്‌ താഴെയാണെന്ന്‌ ഓർക്കുമല്ലോ.

ഒരൈറ്റം കൂടിയുണ്ട്‌. നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്‌ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട്‌... മെഡിക്കൽ കോളജിൽ കൂടിയേ വർഗീയ വിഷം കലങ്ങാനുള്ളൂ...ഒന്നിച്ച്‌ ഡാൻസ്‌ കളിക്കുന്നോരൊക്കെ തമ്മിൽ പ്രേമമാണെന്ന തിയറി എവിടുന്നാണ്‌? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്‌? വിട്ട്‌ പിടിക്ക്‌. കവലയിൽ ഇരുന്ന്‌ സ്ലട്ട്‌ ഷെയിം ചെയ്യുന്ന പണിയില്ലാത്തവരുടെ സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട്‌ വേണ്ട.

അവരിനിയും ആടും പാടും. നവീനും ജാനകിയും മാത്രമല്ല, ഇനിയുമൊരുപാട്‌ മക്കൾ അവരുടെ സന്തോഷം കാണിക്കും. പറ്റില്ലെങ്കിൽ കാണേണ്ടാന്നേ...

മതം തിന്ന്‌ ജീവിക്കുന്ന കഴുകൻ കൂട്ടങ്ങൾ... നാണമില്ലേടോ !!

Dr. Shimna Azeez