Thursday 10 January 2019 05:25 PM IST : By സ്വന്തം ലേഖകൻ

‘ജീവൻ പോകുമെന്നറിഞ്ഞിട്ടും ഓടിയെത്തിയവർ’; നിപ്പക്കാലത്ത് തുണയായവരെ സംരക്ഷിക്കണം; ഡോക്ടറുടെ കുറിപ്പ്

nipah

കേരളക്കരയുടെ അതിജീവനത്തിന്റെ ആഴം അളന്നുകുറിച്ച വർഷമായിരുന്നു 2018. പ്രളയവും നിപ്പയും പേമാരി പോലെ പെയ്തിറങ്ങിയ വർഷം. കേരളക്കര ഭീതിയോടെ മാത്രം നോക്കിക്കണ്ട നിപ്പ പനിയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പ് ആരോഗ്യരംഗത്തെ കേരളത്തിന്റെ മുന്നേറ്റത്തിൽ മാർ‍ഗദീപമാണെന്ന് പറയാതെ വയ്യ. നിസ്വാർത്ഥരായ ഒരുപിടി ഡോക്ടർമാരും ജീവൻ പോലും കൊടുത്ത നിരവധി നഴ്സുമാരും എന്തിനും തയ്യാറായ മെഡിക്കൽ സ്റ്റാഫുകളും സധൈര്യം പോരാടി നിപ്പയെന്ന മഹാമാരിയെ മലയാള മണ്ണിൽ നിന്നും തുരത്തി.

ഇക്കൂട്ടത്തിൽ ഡോക്ടർമാരോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച നഴ്സിംഗ് അസിസ്റ്റന്റുകളുടേയും ക്ലീനിംഗ് തൊഴിലാളികളുടേയും പ്രവൃത്തിയെ നിസ്തുലമെന്ന് വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല. തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്ന അവർ ധൈര്യം ലവലേശം പോലും കൈവിടാതെ നിപ്പ പിടിപ്പെട്ട രോഗികളെ പരിചരിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു.

എന്നാൽ ഇന്ന് അവരുടെ അവസ്ഥ മറ്റൊന്നാണ്. നമ്മളെല്ലാം ആ ഹീറോകളായി മനസിൽ പ്രതിഷ്ഠിച്ച അവർ ആരാലും വേണ്ടാതെ കോഴിക്കോട് മെഡിക്കൽ കോളേജിന്‌ മുന്നിലെ സമരപ്പന്തലിൽ ഇരിക്കുകയാണ്. തങ്ങളെ തിരിച്ചെടുക്കണം, തങ്ങൾക്ക് ജീവിക്കണം, തങ്ങൾക്ക് ഇനിയും ജോലി ചെയ്യണം എന്ന് പറഞ്ഞുകൊണ്ട്. ഡോക്ടർ ഷിംന അസീസാണ് സാധാരണക്കാരായ ഈ തൊഴിലാളികളുടെ ജോലിക്കും നിലനിൽപ്പിനുമായുള്ള ഈ പോരാട്ടത്തെ സോഷ്യൽ മീഡിയക്കു മുന്നിൽ വച്ചിരിക്കുന്നത്. അത്യാഹിതത്തിൽ കൂടെ നിന്നവരെ എന്തിന്റെ പേരിലായാലും സംരക്ഷിക്കേണ്ടതുണ്ടെന്ന് ഷിംന പറയുന്നു. അവർക്ക് അവരർഹിക്കുന്ന സ്‌ഥാനം കൊടുക്കണമെന്നും ഷിംന ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

കൈവിടരുത്, ഒരു ‘കൈ’ തന്നെ വേണം കരപറ്റാൻ; കണ്ണീർക്കയത്തിൽ നിന്നും ജിൽസൺ കേഴുന്നു; അറിയണം ഈ വേദന

ചർമ്മം കണ്ടാൽ ‘പ്രായം’ തോന്നും! 26 വയസ്സിലും 62 ന്റെ ചുളിവുകൾ, രോഗത്തെയും തോൽപ്പിച്ചു ഈ മോഡലിന്റെ ആത്മവിശ്വാസം

ചോരപുരണ്ട ഡ്രസുമായി ടോയ്‍ലെറ്റിൽ കാത്തു നിൽപ്പാണവർ; അമ്മമാരറിയാൻ,‘ഷീ പാഡിന്റെ’ അവസ്ഥയിതാണ്

ഭക്ഷണത്തിനിടെ സുഹൃത്തുക്കളുടെ ‘റാഗിങ്’ അതിരുവിട്ടു; തീൻമേശയടക്കം വലിച്ചെറിഞ്ഞ് വരൻ!

ഒരാഴ്ചയ്ക്കുള്ളിൽ മുടി കൊഴിച്ചിലിന് ഫുൾസ്റ്റോപ്പ്; ഇതാ ഏറ്റവും മികച്ച ആറ് പ്രതിവിധികൾ!

ഡോക്ടർ ഷിംനയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ഡ്യൂട്ടിക്കിടെ ഒരു വൈകുന്നേരമാണ് നാട്ടിൽ ഇതുവരെ കേൾക്കാത്ത എന്തോ ഒരു പനി പടർന്ന് പിടിക്കുന്നു, കോഴിക്കോട് അതേക്കുറിച്ചുള്ള ഒരു അടിയന്തര ചർച്ച നടക്കുന്നുണ്ട് എന്നു കേട്ടത്. ഇതുകേട്ട് അന്തിച്ച് പുതിയ വല്ല ഫേക്ക്‌ മെസേജുമാണെന്ന്‌ കരുതി വാട്സ്ആപ്പിലും ഫേസ്ബുക്ക് മെസഞ്ചറിലും ഗ്രൂപ്പുകളിലും എല്ലാം കയറി പരതി. പലയിടത്തുനിന്നും ഒരു നോട്ടീസ് കിട്ടി,ഒരു രോഗം പടരുന്നുണ്ട്, നിപ്പ രോഗം ആയിരിക്കാനാണ്‌ സാധ്യത എന്ന്‌ മാത്രമറിഞ്ഞു. ഒന്നും മനസ്സിലാകാതെ ഇതെന്ത് രോഗമെന്നറിയാൻ ഗൂഗിളിലേക്ക്‌ ഊളിയിട്ടു, ഫലം കണ്ട്‌ ഞെട്ടി.

പതുക്കെ പരിശോധനകളുടെ ഫലം വന്നു, നിപ്പ സ്ഥിരീകരിച്ചു. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത രോഗത്തെക്കുറിച്ച് ഒരുപാട് ആലോചനകളും ചർച്ചകളും കൊഴു കൊഴുത്തു. കോഴിക്കോട് നഗരം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി. യുദ്ധകാലാടിസ്ഥാനത്തിൽ ജനങ്ങളും മാധ്യമങ്ങളും അതേറ്റെടുത്തു. കൂടെ എഴുതിക്കൊണ്ടിരുന്ന, പറഞ്ഞുകൊണ്ടിരുന്ന ഞങ്ങളും. ജോലിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നിപ്പ വന്ന്‌ മരിച്ചവരുള്ള പ്രദേശങ്ങൾ സന്ദർശിച്ചപ്പോഴാണ് സംഗതിയുടെ യഥാർത്‌ഥ ഭീകരത കാണാനായത്. മരണവാഹകരായ എന്തോ ഒന്ന്‌ ചിറക്‌ വിടർത്തി തലക്ക്‌ മീതെയെന്നോണം നിൽക്കുന്നുവെന്ന മട്ടിൽ കുറേ പേർ... മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ എന്ന്‌ ഞങ്ങളെ പരിചയപ്പെടുത്തുമ്പോൾ പലരും വല്ലാതെ ഉറ്റുനോക്കുന്നത്‌ കണ്ടു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്‌ഥിതി ഇതിലും ഭീകരമായിരുന്നു. ആളുകൾ ആ സ്‌ഥാപനത്തെ വല്ലാതെ ഭയന്നിരുന്നു. ആരും അങ്ങോട്ട് പോകാറില്ല, രോഗമുണ്ടെങ്കിലും പോകില്ല എന്ന അവസ്‌ഥ. എന്നിട്ടും അവിടെ രോഗികളെ പരിശോധിച്ചും അവർക്ക് മരുന്ന് എഴുതിയും അവർക്ക് വേണ്ടത് ചെയ്തുകൊടുത്തു ബഹിരാകാശ സഞ്ചാരികളെ അനുസ്മരിപ്പിക്കുന്ന വസ്ത്രം ധരിച്ച് ഡോക്ടർമാരും അവരോട്‌ തോൾ ചേർന്ന്‌ നഴ്സുമാരും നഴ്സിംഗ് അസിസ്റ്റൻറുകളും ക്ലീനിംഗ് തൊഴിലാളികളും ജോലി ചെയ്‌തു.

നിപ്പ രോഗമുള്ളവരുടെ ശരീരത്തിൽ നിന്നും ഉണ്ടാകുന്ന സ്രവങ്ങൾ കടുത്ത രീതിയിൽ രോഗം പടർത്തും എന്നറിഞ്ഞിട്ടും അവർ എല്ലാം അവഗണിച്ച്‌ അവരെ പരിചരിച്ചു. അവരുടെ ശരീരത്തിൽ നിന്നും വന്നതെല്ലാം നശിപ്പിക്കാനും അവർ മരണപെട്ടപ്പോൾ അവരുടെ മൃതദേഹം പിടിക്കാനും ഇവരല്ലാതെ ആരുമുണ്ടായിരുന്നില്ല. മറ്റെല്ലാവരും സ്വന്തം ജീവൻ രക്ഷിക്കാൻ പാഞ്ഞൊളിച്ചപ്പോൾ, താൽക്കാലിക നിയമനാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഈ ജീവനക്കാർ കേരളം നേരിട്ട ഏറ്റവും വലിയ ഭീതികളിൽ ഒന്നിനെ ധീരതയോടെ, ആത്മവിശ്വാസത്തോടെ തങ്ങളുടെ കടമയായി ഏറ്റെടുത്തു.

അവരെ പിരിച്ചുവിട്ടിരിക്കുന്നു. താൽക്കാലിക ജോലിക്കാരെ പിരിച്ചു വിടുന്നത്‌ ഇത്‌ ആദ്യമായിട്ടല്ലെന്നത്‌ നേര്‌. പക്ഷേ, ഡോക്‌ടർമാർ തനിച്ച്‌ കൂട്ടിയാൽ കൂടാത്തൊരിടത്ത്‌ 'എന്തും വരട്ടെ' എന്ന മനുഷ്യത്വത്തിന്റെ ചോര മണക്കുന്ന ധൈര്യവുമായി നില കൊണ്ടവരാണ്‌ അവർ. അവരെ കൈയ്യൊഴിയുന്നതിൽ ഒരു ശരികേടുണ്ട്‌. നിസ്സംശയം അവർ കൂടുതൽ ആദരവ്‌ അർഹിക്കുന്നുണ്ട്‌.

ആ കാലത്ത്‌ നമ്മളൊക്കെ വലിയ ആഘോഷമായി നെഞ്ചിലേറ്റിയ ഒരു ചിത്രമുണ്ടായിരുന്നു. പെരുമഴയത്ത് നിപ്പ രോഗികൾ ഉപയോഗിച്ച വസ്‌തുക്കൾ നശിപ്പിക്കാനായി അതെല്ലാം സ്‌ട്രെച്ചറിൽ കൂട്ടിയിട്ട്‌ കടന്നുപോകുന്ന രണ്ടു പേരുടെ ചിത്രം. ആ ചിത്രം ജീവിതത്തിനും മരണത്തിനുമിടക്കുള്ള ഏതോ തലത്തിൽ ഊർദ്ധശ്വാസം വലിക്കുന്ന മനുഷ്യരുടെ ഒരു നിമിഷം മരവിപ്പിച്ച്‌ പതിച്ചെടുത്തതായിരുന്നു.

അതിൽ മനുഷ്യത്വം ഉണ്ടായിരുന്നു, കടമകളും കടപ്പാടുകളും ഉണ്ടായിരുന്നു. നമ്മളെല്ലാം ആ ഹീറോകളെ കാണാൻ ആഗ്രഹിച്ചു. ഇന്ന് അവർ ആരാലും വേണ്ടാതെ കോഴിക്കോട് മെഡിക്കൽ കോളേജിന്‌ മുന്നിലെ സമരപ്പന്തലിൽ ഇരിപ്പുണ്ട്. തങ്ങളെ തിരിച്ചെടുക്കണം, തങ്ങൾക്ക് ജീവിക്കണം, തങ്ങൾക്ക് ഇനിയും ജോലി ചെയ്യണം എന്ന് പറഞ്ഞുകൊണ്ട്...

ആപത്തിൽ കൂടെ നിന്നവരെ പറഞ്ഞയക്കുന്നത് നന്ദികേടാണ്. ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത വിധത്തിൽ വന്നൊരു അത്യാഹിതത്തിൽ കൂടെ നിന്നവരെ എന്തിന്റെ പേരിലായാലും സംരക്ഷിക്കേണ്ടതുണ്ട്. അവർക്ക് അവരർഹിക്കുന്ന സ്‌ഥാനം കൊടുക്കണം. കറിവേപ്പിലയുടെ സ്‌ഥാനമല്ല അവരുടേത്‌. സമരം ചെയ്യാനായി അവർ ഒരു പന്തലിൽ ഇറങ്ങിയിരുന്നു എന്നത്‌ പോലും നമുക്ക്‌ അപമാനമാണ്‌.

അവരോടൊപ്പമാണ്‌... ആയിരിക്കുകയും ചെയ്യും.

Dr.Shimna Azeez