Wednesday 13 February 2019 04:34 PM IST : By സ്വന്തം ലേഖകൻ

പൊടിപ്പാൽ കലക്കി കൊടുക്കേണ്ട; ജോലിക്കു പോകുന്ന അമ്മമാർക്ക് മുലയൂട്ടാനുണ്ട് മാർഗങ്ങൾ

soumya

‘ജോലിക്കു പോകുന്ന അമ്മമാർ എങ്ങനെ മുലയൂട്ടും.’ പ്രൊഫഷണലുകളായ അമ്മമാർ അന്നും ഇന്നും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണിത്. ജോലിയും കുഞ്ഞുങ്ങളുടെ പരിപാലനവും ഒരേ പോലെ പ്രാധാന്യമർഹിക്കുന്ന സാഹചര്യങ്ങളിൽ പലരും നിസഹായരാകുകയാണ് പതിവ്. പലർക്കും ആറുമാസം ലീവ് കിട്ടാറില്ല എന്നുള്ളതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം മൂലകാരണം. അമ്മമാരുടെ ഇത്തരം ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുകയാണ് ഡോക്ടർ സൗമ്യ സരിൻ. ‘നവജാത ശിശുപരിചരണം അമ്മമാർ അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ തന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് സൗമ്യ ഇതു സംബന്ധിച്ച് വിശദീകരിക്കുന്നത്.

ജോലിക്കു പോകുന്ന അമ്മമാർ എങ്ങനെ മുലയൂട്ടും

വളരെ പ്രസക്തമായ ചോദ്യമാണ്! ഇന്ന് ഒരു വിധം എല്ലാ അമ്മമാരും ജോലിക്കാരാണ്. പലർക്കും 6 മാസം ലീവ് കിട്ടാറില്ല. അപ്പോൾ 6 മാസം മുലപ്പാൽ മാത്രം എങ്ങിനെ കൊടുക്കാൻ പറ്റും? പൊടിപ്പാൽ കൊടുക്കേണ്ടി വരില്ലേ? ഇതാണ് എല്ലാവരുടെയും ചോദ്യം. ആര് പറഞ്ഞു മുലപ്പാൽ മാത്രം കൊടുക്കാൻ പറ്റില്ലെന്ന്? പറ്റും. നിങ്ങൾ ജോലിക്കു പോകുന്നതിനു മുന്നേ പാല് പിഴിഞ്ഞ് വെച്ച് പൊയ്ക്കോളൂ. വെറും സാധാരണ താപനിലയിൽ മുലപ്പാൽ 6-8 മണിക്കൂർ വരെ ഒരു കുഴപ്പവും കൂടാതെ ഇരിക്കും. ഇനി ഫ്രിഡ്ജിൽ ആണെങ്കിൽ (ഫ്രീസറിനു പുറത്തു) 24 മണിക്കൂർ വരെ ഇരിക്കും. ഫ്രീസറിൽ 3 മാസം വരെ ഇരിക്കും. മുലപ്പാൽ ബാങ്കുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അവിടെയൊക്കെ ഇങ്ങനെയാണ് മുലപ്പാൽ ശേഖരിച്ചു വെക്കുന്നത്. അപ്പോൾ ജോലിക്കു പോകുന്ന അമ്മമാർ ആ കാരണം കൊണ്ട് കുട്ടിക്ക് വേറെ എന്തെങ്കിലും കൊടുക്കേണ്ടതുണ്ടോ? ഇല്ല! ഇനി മുലപ്പാൽ പിഴിയാൻ ബുദ്ധിമുട്ടാണെങ്കിൽ ബ്രേസ്റ്റ് പമ്പ് ഉപയോഗിച്ചും മുലപ്പാൽ ശേഖരിക്കാം. ഒരു കാര്യം ശ്രദ്ധിക്കുക, ഫ്രിഡ്ജിൽ വെച്ച പാൽ കുഞ്ഞിന് കൊടുക്കുന്നതിനു മുമ്പ് സാധാരണ താപനിലയിലേക്കു എത്തിക്കേണ്ടതുണ്ട്. അതിനു ഒരിക്കലും ചൂടാക്കരുത്. ചൂടുവെള്ളം നിറച്ച ഒരു പാത്രത്തിലേക്ക് മറ്റൊരു ചെറിയ പാത്രത്തിൽ പാൽ നിറച്ചു ഇറക്കി വെച്ചാൽ മതി.

കൂടുതൽ വായനക്ക്