Wednesday 13 January 2021 11:37 AM IST : By സ്വന്തം ലേഖകൻ

‘മരിച്ച രോഗിയുടെ അടുത്ത് പാർട്ടീഷൻ വയ്ക്കാൻ പറഞ്ഞു മറ്റുള്ളവർ ആ കാഴ്ച കണ്ട് വിഷമിക്കേണ്ട’; ഡോക്ടറുടെ കുറിപ്പ്

sunil-pk പ്രതീകാത്മക ചിത്രം

കോവിഡ് വാർഡിൽ ജീവനു വേണ്ടി മല്ലിടുന്ന വയോധികരെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സുനിൽ പികെ. കോവിഡ് രോഗികളുടെ എണ്ണവും മരണത്തിന്റെ കണക്കുമെല്ലാം നമ്മെ സ്പർശിക്കാതെ കടന്നു പോകുമ്പോഴാണ് ഡോക്ടറുടെ കുറിപ്പ്.

" നാഡി മിടിപ്പ് കിട്ടുന്നുണ്ടോ ? "

അപ്പുറത്തെ ബെഡ്ഡിലെ വല്യുമ്മച്ചിയാണ്.

ഞാൻ ഇല്ലെന്ന് തലയനക്കി.

"പിന്നെന്തിനാണ് ഇ.സി.ജി എടുക്കുന്നത്?"

മരണം ഉറപ്പാക്കാനാണ് എന്ന് പതിയെ പറഞ്ഞു. നാഡി പിടിച്ചും ശ്വസന ഗതി നിരീക്ഷിച്ചും കൃഷ്ണമണി നോക്കിയുമല്ലാതെ മരണം എങ്ങനെ തിരിച്ചറിയാനാണ്. പി.പി. ഇ ഇട്ട് സ്തെതസ്കോപ്പ് ചെവിയിൽ വെക്കാൻ വയ്യല്ലോ.ഹൃദയമിടിപ്പും ഓക്സിജന്റെ അളവും കാണിക്കുന്ന മോണിറ്ററുകൾ നിശ്ചലമായാലും ഒന്നുകൂടെ ഉറപ്പിക്കാൻ ഇസിജി യിലെ നേർരേഖ കൂടെ വേണം.നിലച്ചുപോയ ഹൃദയത്തിന്റെ ഒറ്റ വര.

പെട്ടെന്ന് സിസ്റ്ററോട് മരിച്ച രോഗിയുടെ കിടക്കയുടെ വശങ്ങളിൽ പാർട്ടീഷൻ കൊണ്ടു വെയ്ക്കാൻ പറഞ്ഞു. മറ്റുള്ളവർ ഇനിയീ കാഴ്ച കണ്ട് വിഷമിക്കേണ്ട.

പ്രായമേറെയായതാണ്.എക്സ്റേയിൽ കോവിഡ് ന്യൂമോണിയ അധികരിച്ചതായി കണ്ടതുമാണ്.

എന്നാലും അഡ്മിറ്റ് ചെയ്തതിന്റെ തുടർന്നുള്ള ദിവസങ്ങളിൽ അവരുടെ ശ്വാസം മുട്ട് കുറയുമ്പോൾ .... നൽകേണ്ടി വരുന്ന ഓക്സിജൻ പതിയെ കുറച്ചു കൊണ്ടുവരാൻ കഴിയുമ്പോൾ ....,വീട്ടിൽ നിന്നുള്ള വീഡിയോ കോളിനിടെ "അമ്മൂമയുടെ ചക്കരയെന്ത്യേ" എന്ന പേരക്കുട്ടിയോടുള്ള പുന്നാരം കാണുമ്പോൾ ... , അമ്മൂമ വേഗം വരാമെന്ന ആശ്വാസ വാക്കു കേൾക്കുമ്പോൾ ....

എല്ലാം അറിയാതെ മനസ്സിൽ പ്രതീക്ഷകൾ ഉണരുന്നു.

പക്ഷേ പൊടുന്നനെ അവർ ഇല്ലാതാകുമ്പോൾ ആ പ്രതീക്ഷകൾ അസ്ഥാനത്താണ് എന്ന തോന്നൽ മനസ്സിലുണ്ടായിരുന്നിട്ടു കൂടിയും അറിയാതെ പതറിപ്പോകുന്നു.

കോവിഡ് രോഗികളുടെ എണ്ണവും മരണത്തിന്റെ കണക്കുമെല്ലാം നമ്മെ സ്പർശിക്കാതെ കടന്നുപോവുകയാണ്.

നാം പതുക്കെ പഴയതു പോലെ പുറത്തേക്കിറങ്ങുകയാണ്. പ്രായമായവർക്ക് റിവേഴ്സ് ക്വാറന്റീൻ വേണമെന്ന് നമുക്കറിയാത്തതൊന്നുമല്ല. പക്ഷേ കോവിഡ് കവർന്നെടുത്തവരിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത വയോധികരും ഏറെയാണ്. അവർക്ക് ആ രോഗം എങ്ങനെ കിട്ടിയെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ?

ഒന്ന് ശ്വാസം നീട്ടി വിടാറായാൽ , സംസാരിക്കാറായാൽ പ്രായമായവർ ആദ്യം പറഞ്ഞു തുടങ്ങുന്നത് വീട്ടിലേക്ക് മടങ്ങുന്നതിനെ പറ്റിയാണ്. ജീവിതസായാഹ്നവും അസ്തമയവും പ്രിയപ്പെട്ടവരോടു കൂടെയായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്!

PK