Tuesday 15 January 2019 07:29 PM IST : By സ്വന്തം ലേഖകൻ

‘വല്യച്ഛനിൽ നിന്ന് രക്ഷപ്പെടാൻ അവൾ ദുർഗന്ധത്തിൽ കുളിച്ചു’; ഉള്ളുലയ്ക്കുന്ന ഏഴ് അനുഭവങ്ങൾ; വൈറൽ കുറിപ്പ്

abuse

നിയമപരിരക്ഷയും ബോധവത്കരണങ്ങളും ക്യാമ്പയിനുകളും ആവോളമുണ്ട്. എങ്കിലും സ്ത്രീകൾക്കു മേലുള്ള ചൂഷണത്തിന്റേയും ലൈംഗിക പീഡനത്തിന്റേയും കഥകൾ കൂടുന്നതല്ലാതെ കുറയുന്നില്ല. പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ പോലും പീഡനത്തിനിരയാക്കുന്ന നരാധമൻമാരെ തളയ്ക്കാൻ ഇക്കണ്ട ബോധവത്കരണങ്ങൾക്കോ ക്യാമ്പയിനുകളോ, എന്തിനേറെ നിയമ പരിരക്ഷ പോലും പര്യാപ്തമാകുന്നില്ലെന്നതാണ് സത്യം.

ഈ സാഹചര്യത്തിൽ കുട്ടികൾക്ക് സെക്സ് എന്താണെന്നത് സംബന്ധിച്ച് കൃത്യമായി അവബോധം നൽകേണ്ടതിന്റെ പ്രാധാന്യം തുറന്നു പറയുകയാണ് ഡോക്ടർ വീണ ജെഎസ്. സെക്സ് എങ്ങനെ ചെയ്യാം എന്ന് കുട്ടികളോട് പറയൽ കൂടെയാണ് സെക്സ് വിദ്യാഭ്യാസം എന്ന് മുതിർന്നവർ മനസിലാക്കിയേ തീരൂവെന്ന് ഡോക്ടർ പറയുന്നു. സേഫ് സെക്സ് എന്നത് അത്രമേൽ പ്രാധാന്യം അർഹിക്കുന്നതാണെന്നും ഡോക്ടർ ഓർമ്മിപ്പിക്കുന്നുണ്ട്. സെക്സ് വിദ്യാഭ്യാസം എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമായിട്ട് ഓരോ മെഡിക്കൽ കോളേജുകളിലെയും പ്രസവ/അബോർഷൻറൂമുകളിൽ എത്തുന്ന പോക്‌സോ കേസുകളുടെ എണ്ണം മാത്രം മതി. ലൈംഗിക ചൂഷണങ്ങൾക്കെതിരായ പ്രതിരോധം ഉയരേണ്ടത് ശരീര/വൈദ്യ/നിയമഅവബോധം സൃഷ്ടിക്കുന്നതിലൂടെ മാത്രമെന്നും ഡോക്ടർ ഫെയ്സ്ബുക്കിൽ കുറിക്കുന്നു.

അഴുക്കു പുരണ്ട ടാപ്പിന് കെച്ചപ്പ്, വാഷ് ബേസിൻ ക്ലീനാകാൻ വിനാഗിരി; ബാത്ത്റൂം വൃത്തിയാക്കാൻ സിമ്പിൾ ട്രിക്കുകൾ; വിഡിയോ

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ദുബായിയിൽ കേക്ക് മുറിച്ച് പ്രവാസിയുടെ ആഘോഷം; ചർച്ചച്ചൂടിൽ വിഡിയോ

വയർ കുറയ്ക്കും സുംബാ ഡാൻസ്; നാല് സിമ്പിൾ സ്റ്റെപ്പുകളുമായി ആര്യ ബാലകൃഷ്ണൻ; വിഡിയോ

പ്രാർത്ഥനകള്‍ വിഫലമാക്കി അലക്സ് യാത്രയായി; ഇരട്ടകളിൽ വേദനയും പേറി ഇനി അലോഷി തനിച്ച്

ഡോക്ടർ വീണ ജെ എസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

നേരിട്ടറിയുന്ന ഏഴ് പെണ്ണുങ്ങളെ കുറിച്ചാണ് പറയാൻ ഉള്ളത്. പേരുകൾ സാങ്കല്പികമല്ലാതെ വയ്യല്ലോ. ആൺകുട്ടികൾ ആണ് പെൺകുട്ടികളേക്കാൾ കൂടുതലായി ആക്രമിക്കപ്പെടുന്നത് എന്ന് മറക്കാതെയുമിരിക്കുക.

(പോക്‌സോ ആയതെല്ലാം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതാണ്.) ഈ പോസ്റ്റിനു താഴെ നമുക്ക് ചർച്ച ഒഴിവാക്കാം. എച്മുവിന്റെ എഴുത്തുണ്ടാക്കിയ മുറിവ് അത്രയ്‌ക്കാണ്‌..

1 സൂര്യ.

ഇന്ന് പതിനേഴു വയസ്സ്. പഠിത്തത്തിൽ പിന്നോട്ട് നിന്നതിനാലും അല്പം കുസൃതിയായതിനാലും മിക്ക മാതാപിതാക്കളെയും പോലെ അവളെയും കൗൺസിലിങ്ന് കൊണ്ടുപോയി. ഒരു സൈക്കോളജിസ്റ്റ്. രഹസ്യങ്ങൾ അറിയാൻ കുട്ടിയോട് തനിച്ച് സംസാരിക്കണമെന്ന് പറഞ്ഞ അയാൾ വിവിധദിവസങ്ങളിൽ മാതാപിതാക്കളെ പുറത്തിരുത്തുകയും ഒരുപാട് തവണ കുട്ടിയെ കൗൺസിലിംഗ് റൂമിൽ തന്റെ ആഗ്രഹങ്ങൾക്ക് അവളുടെ ശരീരം ഉപയോഗിക്കുകയും ചെയ്തു. കുറച്ച് നാളുകൾക്കുള്ളിൽ അവളുടെ മുഖത്തെ പ്രസരിപ്പുപോലും നഷ്ടപ്പെട്ടെന്ന് മാത്രമല്ല, അനവധിത്തവണ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.

പതിനെട്ടു വയസ്സിൽ താഴെയായാലും മുകളിലായാലും ഒരു പെൺകുട്ടിയെ ഒറ്റക്ക് ശരീരപരിശോധന നടത്താൻ ഒരു ആൺചികിത്സകനെയും നിയമം അനുവദിക്കുന്നില്ലെന്ന് ആദ്യം അറിയുക. പരിശോധനസമയം രോഗിക്ക് comfortable ആയ ഒരു സ്ത്രീ കൂടെ ഉണ്ടാവണം എന്നതാണ് നിയമം. ഏത് തരം ചികിത്സ ആണെങ്കിലും കുട്ടിയെ ഒറ്റക്ക് വേണമെന്ന് പറയുന്ന ഡോക്ടർമാരെയും കൗൺസിലർമാരെയും സംശയത്തോടെ മാത്രം കാണുക, ചോദ്യം ചെയ്യുക. കുട്ടികളോട് നമ്മുടെ ആശയവിനിമയം വർധിപ്പിക്കുക എന്നത് മാത്രമാണ് പോംവഴി. മാനസികരോഗങ്ങളുടെ ചികിൽസക്കും കൗൺസിലിംഗ്നും ആദ്യം മനഃശാസ്ത്രഡോക്ടറുടെ അടുത്ത് പോകുക. മരുന്ന് ആവശ്യമില്ലെന്ന് പറയാൻ ഡോക്ടർക്ക് മാത്രമേ കഴിയു.

2. അഗ്നി.

സ്കൂളിൽ അഗ്‌നിക്കൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു. ആളില്ലാത്ത ഏതോ നേരം അവർ തമ്മിൽ ഒറ്റക്കൊരു ക്ലാസ്സിൽ ഇരിന്നത് കണ്ട അധ്യാപിക അത് പ്രശ്നമാക്കുകയും വീട്ടുകാരെ വിളിപ്പിക്കുകയും ചെയ്തു. അധ്യാപകർ മുഴുവൻ ഇക്കാര്യം അറിഞ്ഞു. അല്പമാസങ്ങൾക്കുള്ളിൽ ആ വിദ്യാലയത്തിലെ തന്നെ ഒന്നിലധികം ആൺഅധ്യാപകർ ആ പെൺകുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു. മാനസികമായി തകർന്ന അഗ്നി പഠനം നിർത്തി വീട്ടിലിരിക്കാൻ തുടങ്ങി. കാര്യങ്ങൾ അറിഞ്ഞ ബന്ധുക്കൾ കൂടുതൽ ശത്രുക്കളായി. അച്ഛനില്ലാത്ത ചില വീടുകളിൽ അമ്മ പീഡിപ്പിക്കപ്പെടുന്നതിലും ക്രൂരമായി "സ്വഭാവദൂഷ്യം" ആരോപിക്കപ്പെട്ട അവൾ ക്രൂരതക്കിരയായി.

ഒരുകാരണവശാലും കുട്ടിയുടെ പ്രണയകാര്യങ്ങൾ പൊതുചർച്ചയാക്കാതിരിക്കുക. സ്കൂളുകളിലെ women cell മാത്രം ഇക്കാര്യം ചർച്ച ചെയ്യുക. പ്രധാനഅധ്യാപകസ്ഥാനത്തു ആൺ ആണെങ്കിൽ അയാൾ പോലും അറിയാതെ കാര്യങ്ങൾ നീക്കുക. പെൺകുട്ടികളുടെ ഇത്തരം കാര്യങ്ങൾ രഹസ്യമായി ഡീൽ ചെയ്യാനറിയാത്ത, ഇങ്ങനെയുള്ള റിസ്കുകളിലേക്ക് അവരെ തള്ളിവിടുന്ന സ്ത്രീകളായ അധ്യാപകർ ചാവുന്നതാണ് നല്ലത്. നല്ല ആൺഅധ്യാപകരെ മറക്കുന്നില്ല. പക്ഷെ ഈ ഗതികേടിന്റെ നാട്ടിൽ നിങ്ങളെ മാറ്റിനിർത്തേണ്ടി വരുന്നതിൽ ക്ഷമ ചോദിക്കുന്നു.

3. താര

ഏറ്റവും മിടുക്കിയായിരുന്നു ഏഴാം ക്ലാസ്‌കാരി. കടക്കയത്തിൽ വീണുപോയ അച്ഛൻ സ്വന്തം ഭാര്യയെയും കുഞ്ഞിനേയും വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച ശേഷം തൂങ്ങിമരിച്ചു. മകൾ മാത്രം "രക്ഷപ്പെടുന്നു" !!!" വല്യച്ഛന്റെ വീട്ടിൽ വളരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ താരയുടെ അടുത്തിരിക്കാൻ ആവില്ലെന്ന് ക്ലാസ്സിലെ കുട്ടികൾ അധ്യാപകരോട് പരാതി പറയാൻ തുടങ്ങി. അച്ഛനും അമ്മയും വേർപെട്ട ശേഷം കുറച്ചു നാളുകൾക്കുള്ളിൽ അവൾ കുളിക്കാതായി. അടുത്തുപോകാൻ പോലുമാവാത്തവിധം ശരീരദുർഗന്ധം വരാൻ തുടങ്ങി. അധ്യാപകരിൽ ഒരാൾ കുട്ടിയോട് സ്നേഹപൂർവ്വം പെരുമാറുകയും കാര്യങ്ങൾ അറിയാൻ ശ്രമിക്കുകയും ചെയ്തു. രാത്രി വല്യച്ഛൻ അവളുടെ അടുത്തുവന്ന് കിടക്കും. പലതും ചെയ്യും. വേദനകൊണ്ട് മൂത്രവും മലവും പോലും പോകാൻ ബുദ്ധിമുട്ടി. വല്യച്ഛൻ അവളുടെ ദേഹം കടിക്കുന്ന നേരങ്ങളിൽ അവളുടെ ശരീരത്തിന് നല്ല മണമാണെന്ന് പറയും. മണം ചീത്തയായാൽ രക്ഷപ്പെടുമെന്ന് അവൾ കരുതി. വല്യച്ഛനെ പോലീസ് കൊണ്ടുപോയി. അവൾ ശിശുഭവനിൽ എത്തി. പതുക്കെ മനസിലെ വ്രണങ്ങൾ മാറി. പഠനം തുടരാൻ ഭാഗ്യമുണ്ടായി.

ജോലി കെട്ടിപ്പിടുത്തം, മണിക്കൂറിൽ 6000 രൂപ പ്രതിഫലം ! കോമഡിയല്ല, ചികിത്സയാണ്


ആണിന്റെ വിരിഞ്ഞ മാറിടം പെണ്ണിനെ കൊതിപ്പിക്കില്ല; അത് ‘അവളുടെ’ മാത്രം കരുത്ത്; വൈറൽ കുറിപ്പ്

കഴുത അത്ര നിസ്സാരക്കാരനല്ല; ശരീരസൗന്ദര്യം കൂട്ടാൻ കഴുതപ്പാല്‍ സോപ്പ്, 100 ഗ്രാമിന് 499 രൂപ!

ഇന്ദുലേഖയുടെ പ്രണയഗീതമായ് ആനന്ദ്; ചിത്രങ്ങൾ കാണാം

4. കൃതി.

നല്ല ഒരു പങ്കാളിയുമായി ജീവിതം മുന്നോട്ടു പോകുന്നു. വിവാഹം കഴിഞ്ഞു കുറച്ച് മാസങ്ങളായിട്ടും ലൈംഗികബന്ധം പൂർണതയിൽ എത്തിക്കാൻ പറ്റുന്നില്ല. പങ്കാളിയെ Oral സെക്‌സ് ചെയ്തു തൃപ്തിപ്പെടുത്തി. അവൾക്ക്‌ Clitoral ഓർഗാസം മതി എന്ന രീതിയിൽ കാര്യങ്ങൾ തുടർന്നു. അവർക്ക് രണ്ടുപേർക്കും അതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഒരു കുഞ്ഞു വേണമെന്ന് തോന്നിയതോടെ ഇക്കാര്യത്തിൽ ഡോക്ടറെ കാണണം എന്ന തോന്നൽ വന്നു. യോനി പരിശോധിക്കാൻ സമയം ഉള്ളിലേക്ക് വിരലുകൾ ഇടാൻ ശ്രമിച്ച ഡോക്ടറെ തള്ളിമാറ്റി അവൾ എഴുന്നേറ്റു. വേദന കാരണമോ ഭയം കാരണമോ ആണ്. "നീയൊക്കെ പിന്നെ എങ്ങനെ അമ്മയാവും" എന്ന് വളരെ നീചമായി ആ ഡോക്ടർ ചോദിക്കുകയും ചെയ്തു. വൈകാതെ അവർ ഒരു മനഃശാസ്ത്രഡോക്ടറുടെ അടുത്ത് പോയി. വീടിനുള്ളിൽ ലൈംഗികചൂഷണത്തിന് ഇരയായ കുട്ടിയായിരുന്നു അവൾ. അതിൽനിന്നൊക്കെ രക്ഷപ്പെട്ട് നല്ലൊരു ജീവിതത്തിലേക്ക് കടന്നു. എന്നാൽ യോനിയിലേക്ക് ലിംഗപ്രവേശനം നടത്താൻ ശ്രമിക്കുന്ന വേളകളിൽ മാത്രമല്ല പ്രൈവറ്റ് പാർട്ട്‌ വൃത്തിയായി കഴുകുന്ന സമയത്ത്പോലും പഴയ കാര്യങ്ങൾ ഓർമ്മവരികയും മാനസികമായ വിഷമം vaginismus എന്ന അവസ്ഥയിൽ എത്തിക്കുകയും ചെയ്തു.

വിവിധ സൈസിലുള്ള സർജിക്കൽ ഡയലേറ്ററുകൾ ഉപയോഗിച്ചും വിരലുകൾ ഉപയോഗിച്ചും പങ്കാളിയുടെ സഹായത്തോടെ മറികടക്കാവുന്ന അവസ്ഥയാണ് ഇതും.നല്ലൊരു ഡോക്ടറുടെ കൗൺസിലിംഗ് നിങ്ങളെ സഹായിക്കും. അവൾ ഇന്ന് നന്നായിരിക്കുന്നു.
പ്രസവസമയങ്ങളിലെ ഭീകരമായ വേദനക്കിടയിൽ ഇടവിട്ടിടവിട്ട് നടക്കുന്ന യോനിപരിശോധന പിന്നീട് ലൈംഗികബന്ധം ഉണ്ടാകുമ്പോൾ ഓർമ്മവരികയും vaginismus ഉണ്ടായവരെയും അറിയാം. രോഗി റിലാക്സ് ചെയ്ത ശേഷം മാത്രം സമയമെടുത്തു യോനിപരിശോധന നടത്താൻ doctors ശ്രമിക്കണം.

5. ഷഹാന.

പതിനഞ്ചാം വയസ്സിൽ ഗർഭിണി. കഴിഞ്ഞ വർഷം ആദ്യം ഗർഭഛിദ്രം നടത്താൻ കേരളത്തിലെ മെഡിക്കൽ കോളേജുകളിലൊന്നിൽ എത്തി. അവിവാഹിതയായ അമ്മയായാലും വിവാഹിതയായ അമ്മയായാലും വേദനസംഹാരിയില്ലാതെ അബോർഷൻ ചെയ്താൽ ഭാവിയിൽ "തെറ്റ്" ചെയ്യില്ലെന്ന് അതിശക്തമായി വിശ്വസിക്കുന്ന ഒരുപറ്റം ക്രൂരരായ ചികിത്സാലോകത്തു കാലുകൾ അകത്തി അവൾ കിടന്നു. കാലുകൾ ശക്തിയിൽ അകത്തിപിടിച്ചു DNC ചെയ്തു എന്ന് പറയുന്നതാവും കൂടുതൽ ശരി. വേദനയാവുന്നു എന്ന് പറഞ്ഞ് പിടയുമ്പോഴെല്ലാം വാക്കുകൾ കത്തിയേക്കാൾ മൂർച്ചയുള്ളതായി. ദയവുള്ള ഏതോ ഒരു ശബ്ദം മാത്രം "ഇപ്പൊ കഴിയും" എന്ന് പറഞ്ഞു.

രോഗിയുടെ താൽപര്യപ്രകാരമുള്ള വേദനസംഹാരി അബോർഷൻ സമയത്ത് നൽകേണ്ടതാണ്. സർക്കാർ ആശുപത്രിയിൽ വേദനസംഹാരി നൽകാൻ ഉള്ള സജ്ജീകരണം ഇല്ലാ, തിരക്ക് കൂടുതൽ ആണ് എന്നിങ്ങനെയുള്ള ആയിരം കാരണങ്ങൾ നിരത്തരുത്. ഗൈനക് സംബന്ധമായ എല്ലാ ശസ്ത്രക്രിയാരീതികളിലും, അവയെത്ര ചെറുതാണെങ്കിലും വേദനയില്ലാതെ ചെയ്യാൻ ഡോക്ടർമാർ ബോധപൂർവം ഇടപെടേണ്ടതാണ്. വേദന അനുഭവിച്ചാൽ "തെറ്റ്" ആവർത്തിക്കില്ല എന്ന "നൈതികത" ആരോഗ്യരംഗത്തും മാനുഷികരംഗത്തും ഇല്ലെന്ന് മനസിലാക്കുക.

6. സാക്ഷി

അതിക്രൂരമായ റേപ്പിനിരയായവൾ. പലകാരണങ്ങളാൽ ഗർഭഛിദ്രം സാധ്യമാകാതെ പ്രസവം നടത്തേണ്ടിവന്ന പതിമൂന്നുകാരി. ക്രൂരത ചെയ്തവനെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന് വരെ ചോദിച്ച പോലീസ്‌കാർ നമ്മടെ കേരളത്തിൽ തന്നെയുണ്ട്. പ്രസവം അടുത്തതോടെ അവൾ ആവർത്തിച്ചുപറഞ്ഞ ഒരു കാര്യമേയുള്ളു. തനിക്കാ കുഞ്ഞിനെ വേണ്ട. കാണുക പോലും വേണ്ട.

എന്നാൽ അവളെ പരിചരിച്ചവർ കുഞ്ഞിനെ മുലയൂട്ടിട്ടില്ലെങ്കിൽ അവൾക്കു ഭാവിയിൽ സ്തനാർബുദം വരുമെന്ന് പറഞ്ഞു ഭയപ്പെടുത്താൻ തുടങ്ങി. അർബുദത്തെക്കാൾ വലിയ മുറിവുമായാണ് അവൾ ജീവിക്കുന്നതെന്ന് മനസിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. പുതിയ ജീവിതത്തിലേക്ക് അവളും നടക്കുന്നു. ഇന്ന് അവൾ ഒരു അമ്മയാവാൻ കാത്തിരിക്കുകയാണ്. കുഞ്ഞു പിറക്കുമ്പോൾ മറ്റേ കുഞ്ഞിനെ ഓർമ വരുമോ എന്നവൾ ഭയക്കുന്നു. ആ കുഞ്ഞിന്റെ ഓർമ്മകൾ അവളെ കടിച്ചുകീറിയ ഓർമകളെ തിരികെയെത്തിക്കുമോ എന്നും അവൾ ഭയക്കുന്നു. സുരക്ഷിതമായ ഗർഭഛിദ്രം സുരക്ഷിതമായ ജീവിതം പോലെ ഭരണഘടന ഉറപ്പുനൽകുന്നു എന്ന് ഓരോ സ്ത്രീശരീരവും വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ അറിയേണ്ടതാണ്. മാനസികആരോഗ്യം എന്നത് ശരീരമായും അതിന്റെ മുറിവുകളുമായും അത്രയേറെ ബന്ധിക്കപ്പെട്ടിട്ടുണ്ട്.

7. നിർമല

കുഞ്ഞുന്നാളിൽ സ്വന്തം അച്ഛൻ തന്റെ ശരീരം ലാളിച്ചത് സ്‌നേഹം കൊണ്ടാണെന്നു വിശ്വസിച്ചവൾ. കൗമാരം വരെയും അച്ഛനെ സ്നേഹിച്ചവൾ. അച്ഛന്റെ ആഗ്രഹം സന്തോഷത്തോടെ നടത്തിക്കൊടുത്തവൾ. അച്ഛൻ ഉറ്റസ്നേഹിതൻ ആണെന്ന് വിശ്വസിച്ചവൾ. വലുതായപ്പോൾ പല ഘട്ടങ്ങളിലൂടെ അച്ഛൻ തന്നെ വയലേറ്റ് ചെയ്യുകയായിരുന്നു എന്ന് മനസിലാക്കി എന്നേക്കുമായി ഷോക്കിലേക്ക് പോയവൾ.

സെക്സ് വിദ്യാഭ്യാസം തുറന്നുപറഞ്ഞ ഒരു ക്ലാസ്സിനുശേഷം ഒരു നല്ല അധ്യാപകൻ എന്നോട് ചോദിച്ചിട്ടുണ്ട്. ഇതൊക്കെ കേട്ടാൽ അവർക്കത് പരീക്ഷിച്ചു നോക്കാൻ തോന്നില്ലേ എന്ന്. എനിക്കുള്ള ഉത്തരം ഇതാണ്.
ഹ്യൂമൺ പാപ്പിലോമാ വൈറസിനെ ആരോഗ്യത്തിന്റെ സദാചാരമതിലായി നമുക്കുപയോഗിക്കാം. കോണ്ടം ഉപയോഗിച്ചാലും അത് പരക്കുമെന്ന് പറയാം. ലൈംഗികബന്ധം എത്ര വൈകിയ പ്രായത്തിൽ നടക്കുമോ അത്രയും നല്ലതെന്നു പറയാം.

സെക്സ് എങ്ങനെ ചെയ്യാം എന്ന് കുട്ടികളോട് പറയൽ കൂടെയാണ് സെക്സ് വിദ്യാഭ്യാസം എന്ന് മുതിർന്നവർ മനസിലാക്കിയേ തീരൂ. സേഫ് സെക്സ് എന്നത് അത്രമേൽ പ്രാധാന്യം അർഹിക്കുന്നതാണ്. സെക്സിനെപ്പറ്റി അറിഞ്ഞാലും ഇല്ലെങ്കിലും കുട്ടികൾ അത് പരീക്ഷിക്കാനും അറിയാനും ഇടയുണ്ട് എന്ന് ചിന്തിക്കാനുള്ള വിവേകം നമ്മൾ കാണിക്കണം. Body autonomyയെക്കുറിച്ചു ധാരണയുള്ള കുട്ടിയും അതില്ലാത്ത കുട്ടിയും അത്യധികം വ്യത്യസ്തമായാണ് തങ്ങളുടെ ലൈംഗികജീവിതവും ശരീരരാഷ്ട്രീയവും കൊണ്ടുപോകുക എന്നത് നമ്മൾ ദയവുചെയ്ത് മനസിലാക്കുക. Body autonomy ഉള്ളവരുടെ സുരക്ഷിതത്വമെന്ന പ്രതിരോധം അതില്ലാത്തവരുടേതിനെ അപേക്ഷിച്ച് അതിശക്തമാണെന്നു മനസിലാക്കുക.

പാപ്പിലോമാ വൈറസിനെക്കാളും എയ്ഡ്‌സ് വൈറസ്സിനെക്കാളും ഭീകരമാണ് കൗമാരപ്രായത്തിൽ നടക്കുന്ന ഗർഭവും പ്രസവവും ഗർഭച്ഛിദ്രവുമെല്ലാം കുഞ്ഞുമനസ്സുകളോട് ചെയ്യുന്നത് എന്ന് നമ്മൾ മനസിലാക്കണം. ഗർഭനിരോധനം അത്രയ്ക്ക് പ്രാധാന്യമുള്ളതാണ്. ശരീരത്തെ അറിഞ്ഞാൽ മാത്രമേ പ്രതിരോധം തീർക്കാൻ ആവൂ. എവിടെ തൊട്ടു കളിക്കുന്നത് ശരീരത്തെ വയലേറ്റ് ചെയ്യും എന്ന് കുട്ടികൾ അറിയണം. കുട്ടികളെ സംരക്ഷിക്കണം.

സെക്സ് വിദ്യാഭ്യാസം എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമായിട്ട് ഓരോ മെഡിക്കൽ കോളേജുകളിലെയും പ്രസവ/അബോർഷൻറൂമുകളിൽ എത്തുന്ന പോക്‌സോ കേസുകളുടെ എണ്ണം മാത്രം മതി നമുക്ക്. Echmuവിന്റെ എഴുത്ത് അത്രമേൽ നമ്മളെ ബാധിച്ചുവെങ്കിൽ മേല്പറഞ്ഞ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുവന്നവർ എങ്ങനെ ജീവിതം തുടരുന്നു എന്ന് ആലോചിക്കണം. അതിനെതിരെ പ്രതിരോധം ഉയരേണ്ടത് ശരീര/വൈദ്യ/നിയമഅവബോധം സൃഷ്ടിക്കുന്നതിലൂടെ മാത്രമെന്ന് അറിയുക. വിദ്യാഭ്യാസരീതി മാറണം. സദാചാരചിന്തകൾ മാറണം.