Wednesday 09 October 2019 12:40 PM IST : By സ്വന്തം ലേഖകൻ

ജോളിയെ ആഘോഷിക്കുന്നവർ അവരുടെ മകന്റെ മനസ് വിങ്ങുന്നുണ്ടാകുമെന്ന് കൂടി ഓർക്കണം; കുറിപ്പ്

jolly

കൊടുമ്പിരി കൊള്ളുകയാണ് കൂടത്തായിയിലെ കൂട്ടക്കൊലപാതകം. കൊടുംക്രൂരത നടപ്പിലാക്കിയ മുഖ്യ പ്രതി ജോളി അറസ്റ്റിലായതോടെ സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചകള്‍ സജീവമാണ്. ക്രൈബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ആറ് പേരെയും താനാണ് കൊലപ്പെടുത്തിയതെന്ന് ജോളി കുറ്റസമ്മതം നടത്തിയതോടെ കൂടത്തായി കൂട്ടക്കുരുതിയും അത് നടപ്പിലാക്കിയ ജോളിയും കേരളക്കരയുടെ മുഴുവൻ ശാപവാക്കുകളും പേറുകയാണ്.

ജോളിയുടെ കൊടുംക്രൂരത സോഷ്യൽ മീഡിയ ‘ആഘോഷമാക്കുമ്പോൾ’ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്ടർ സിജെ ജോൺ. കൂടത്തായിയിലെ കുറ്റാരോപിതയുടെ കഥകകളിൽ കേരളത്തിന്റെ മനസ്സു രോഷം കൊള്ളുമ്പോൾ അവരുടെ കൗമാരപ്രായക്കാരനായ മകന്റെ മനസ്സു് വിങ്ങുന്നുണ്ടാകുമെന്ന്‌ കൂടി ഓർക്കണമെന്ന് ഡോക്ടർ ജോൺ കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

കൂടത്തായിയിലെ കുറ്റാരോപിതയുടെ കഥകൾ കൊണ്ട് കേരളത്തിന്റെ മനസ്സു രോഷം കൊള്ളുമ്പോൾ അവരുടെ കൗമാരപ്രായക്കാരനായ മകന്റെ മനസ്സു് വിങ്ങുന്നുണ്ടാകുമെന്ന്‌ കൂടി ഓർക്കണം. അമ്മയോ അത് ഓർത്തില്ല .നമ്മളെങ്കിലും ഓർക്കാം.അവനോടൊപ്പം ആ സ്ത്രീയുടെ ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ കൗമാരപ്രായക്കാരനായ മകനുമുണ്ടെന്ന് കേൾക്കുന്നു.മറ്റൊരു വിധത്തിൽ ഇവരൊക്കെ ഈ സംഭവത്തിലെ ഇരകളാണ്.എല്ലാ കുറ്റവാളികളും ഇതൊക്കെ മനസ്സിൽ കുറിച്ച് വച്ചിരുന്നെങ്കിൽ.