Friday 25 November 2022 02:56 PM IST : By സ്വന്തം ലേഖകൻ

കണ്ടമാത്രയിൽ കണ്ണുനിറഞ്ഞൊഴുകി... ഉമ്മ നൽകി ജയസൂര്യ: നൗഫലിന്റെ സ്വപ്നം പൂവണിഞ്ഞ സമാഗമം

jayasurya-14

നടൻ ജയസൂര്യയെ തൊട്ടടുത്തു കണ്ടപ്പോൾ നൗഫലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വർഷങ്ങളോളം മനസ്സിലിട്ടു താലോലിച്ച അവന്റെ സ്വപ്നം പൂവണിയുകയായിരുന്നു. വീൽചെയറിലിരുന്ന ആരാധകന്റെ മൂർധാവിൽ പ്രിയ നടൻ ഉമ്മ നൽകിയപ്പോൾ തേവര സേക്രഡ് ഹാർട്ട് (എസ്എച്ച്) കോളജിൽ കരഘോഷം മുഴങ്ങി. സെറിബ്രൽ പാൾസി ബാധിച്ച് അരയ്ക്കു താഴേക്കു തളർന്നു പോയതോടെ വീൽചെയറിൽ തളച്ചിടപ്പെട്ട ജീവിതമാണ് നൗഫലിന്റേത്. പഠനവും ജീവിതവും പ്രതിസന്ധിയിലായ യുവാവിന് ഇന്നലെ പുനർജന്മത്തിന്റെ ദിനമായിരുന്നു.

ജയസൂര്യയെ നേരിട്ടു കാണണമെന്ന നൗഫലിന്റെ തീവ്രമായ ആഗ്രഹം സഫലമായതു തേവര എസ്എച്ച് കോളജ് കൊമേഴ്സ് വകുപ്പിന്റെ ഇന്റർ കൊളീജിയറ്റ് ഫെസ്റ്റ് ‘താണ്ഡവ് 2022’ന്റെ വേദിയിൽ. അടുത്ത അധ്യയന വർഷം ഇഷ്ടമുള്ള കോഴ്സിൽ പ്രവേശനം നൽകാമെന്ന വാഗ്ദാനം കോളജ് അധികൃതർ മുന്നോട്ടു വച്ചതോടെ പഠന പ്രതിസന്ധിക്കും പരിഹാരമായി. തൽക്കാലം, ഡേറ്റ എൻട്രി ജോലി ചെയ്തു വരുമാനം കണ്ടെത്താൻ കോളജിലെ ജേണലിസം വകുപ്പിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നു വാങ്ങിയ ലാപ്ടോപ് കൂടി സമ്മാനിച്ചാണു നൗഫലിനെ കോളജ് അധികൃതർ യാത്രയാക്കിയത്.

കോളജിലെ മൂന്നാംവർഷ സോഷ്യോളജി വിദ്യാർഥിയും മുൻപു നൗഫലിന്റെ സഹപാഠിയുമായിരുന്ന ത്രേസ്യ നിമിൽ തന്റെ യുട്യൂബ് ചാനലിലിട്ട വിഡിയോയാണു നൗഫലിന് ഇഷ്ട നടനെ കാണാനുള്ള അവസരം ഒരുക്കിയത്. വിഡിയോ കണ്ട കോളജിലെ അധ്യാപകരിൽ ഒരാൾ നടനെ ബന്ധപ്പെടുകയായിരുന്നു. പള്ളുരുത്തി തങ്ങൾപ്പടി സ്വദേശികളായ നാസറിന്റെയും നജ്മയുടെയും മകനാണു നൗഫൽ. എസ്എച്ച് കോളജ് മാനേജർ ഫാ.പൗലോസ് കിടങ്ങൻ, ബർസാർ സെബാസ്റ്റ്യൻ ജോൺ, വൈസ് പ്രിൻസിപ്പൽ ടോമി പാലാട്ടി, സനു വർഗീസ് എന്നിവർ പ്രസംഗിച്ചു.

More