Friday 27 May 2022 03:56 PM IST : By സ്വന്തം ലേഖകൻ

ബൈപ്പാസിന് വീടൊഴിഞ്ഞു കൊടുത്തു, ആകെ കിട്ടിയത് രണ്ടേകാൽ ലക്ഷം... രാധാമണി വഴിയാധാരം

ernakulam-radhamani.jpg.image.845.440

‘വീട് ഒഴിയുന്നതിന് ആകെ കിട്ടിയതു രണ്ടേകാൽ ലക്ഷം രൂപ. ഈ പണം കൊണ്ട് ഞാൻ എവിടെ സ്ഥലം വാങ്ങി വീടു വയ്ക്കും’ നിർദിഷ്ട ടൗൺ ബൈപാസിനായി വീട് ഒഴിയുന്ന എടപ്പാട്ടുമുക്കിൽ രാധാമണി ഐസക് (60) കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ നിന്നു ചോദിക്കുന്നു. അംഗപരിമിതയും വിധവയുമായ രാധാമണി എഎം റോഡിൽ പുളിനാട്ട് ലൈനിൽ കനാൽ ബണ്ട് റോഡരികിലാണ് 16 വർഷമായി താമസം. ഏക മകളെ വിവാഹം കഴിച്ച് അയച്ചതിനാൽ ഒറ്റയ്ക്കാണു വീട്ടിൽ. വിധവ പെൻഷനും സമീപ വീടുകളിൽ ഇടയ്ക്കു വീട്ടുവേലയ്ക്കു പോകുമ്പോൾ കിട്ടുന്നതുമാണു വരുമാനം.

3 സെന്റും വീടും മാത്രമാണ് ഉള്ളത്. കനാൽ പുറമ്പോക്കായതിനാൽ വളരെ കുറഞ്ഞ നഷ്ടപരിഹാരമാണു ലഭിച്ചതെന്നു രാധാമണി പറഞ്ഞു. രണ്ടാഴ്ച മുൻപാണു നഷ്ടപരിഹാരമായി രണ്ടേകാൽ ലക്ഷം രൂപ ലഭിച്ചത്. ഈ തുക കൊണ്ട് വീടോ സ്ഥലമോ വാങ്ങാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, കലക്ടർ, എംഎൽ‌എ എന്നിവർക്കു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.സർക്കാരിന്റെ ഏതെങ്കിലും ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും അനുവദിക്കണമെന്നാണ് രാധാമണിയുടെ ആവശ്യം. പദ്ധതിക്കായി ഒഴിയുന്നതിനു തടസ്സമില്ല. എന്നാൽ അനുയോജ്യമായ പുനരധിവാസം  സർക്കാർ ഒരുക്കണമെന്നു രാധാമണി അഭ്യർഥിക്കുന്നു.

More