Saturday 07 December 2019 10:33 AM IST : By സ്വന്തം ലേഖകൻ

ഒന്ന് സോറി പറഞ്ഞ് നോക്കൂ, അടുക്കളവാതിൽക്കൽ പൂന്തിങ്കൾ വിരിയുന്നതു കാണാം; ദാമ്പത്യത്തിലെ മാന്ത്രികവാക്ക്

fr-p

കൊച്ചുകൊച്ചു കാര്യങ്ങളാണ് ജീവിതത്തിലെ പ്രകാശം കെടുത്തുന്നത്. അത് തിരിച്ചറിഞ്ഞ് മുന്നോട്ടുപോയാൽ ഏതു ബന്ധവും സുന്ദരമാക്കാം–പ്രശസ്ത ധ്യാനഗുരുവും ഫാമിലി കൗൺസലറും ആയ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ പംക്തി തുടരുന്നു ചെറിയ ചിരിവലിയ കാര്യം തുടരുന്നു.

ഒരിക്കൽ ഒരാൾ ചോദിച്ചു. ‘‘അച്ചോ, കുടുംബജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ വല്ല മന്ത്രവിദ്യയുമുണ്ടോ? അച്ചൻ ഒരുപാട് കുടുംബപ്രശ്നങ്ങളിൽ ഇടപെടുന്നയാളല്ലേ?’’

ഞാൻ പറഞ്ഞു, ‘‘മന്ത്രവിദ്യ അറിയില്ല ചേട്ടാ, പക്ഷേ, ഒരു മാന്ത്രികവാക്ക് ഉണ്ട്. അത് ഇടയ്ക്കിടെ ഉപയോഗിച്ചാൽ ദാമ്പത്യജീവിതം നൂറുദിവസം തികച്ച

സൂപ്പർഹിറ്റ് പടം പോലെയാകും...’’

ആ മാന്ത്രികവാക്കാണ് ഐ ആം സോറി...

എന്നോടു ക്ഷമിക്കൂ...

ഐ ലവ് യു എന്നു പറയാൻ എളുപ്പമാണ്. പ്രവർത്തിച്ചുകാണിക്കാൻ പ്രയാസവും. പക്ഷേ, സോറി പറയാൻ പോലും നമുക്കു വലിയ പ്രയാസമാണ്. ക്ഷമിക്കാനും ക്ഷമ ചോദിക്കാനും പഠിച്ചാലേ നമുക്ക് ഒരാളെ യഥാർഥമായി സ്നേഹിക്കാൻ പറ്റൂ. കാരണം സ്നേഹം ദീർഘക്ഷമയുള്ളതാണ്.

ഈഗോ അഥവാ ഞാൻഭാവം– വരുമ്പോഴാണ് ‘സോറി’ പോകുന്നത്. ഈഗോ പിടികൂടിയാൽ പിന്നെ താഴാൻ വലിയ ബുദ്ധിമുട്ടാണ്. ക്ഷമ പറയാനോ?.. അവളുടെ അടുത്തോ... ഞാനോ? എന്നു പറയുന്ന ഭർത്താക്കന്മാരുണ്ട്. ‘വേണമെങ്കിൽ അതിയാൻ ഇങ്ങോട്ടു വരട്ടെ’ എന്നു കരുതുന്ന ഭാര്യമാരുണ്ട്.

ഞാനൽപം താഴ്ന്നേക്കാം എന്നു വിചാരിച്ചാലോ? ഒരുപാട് കാര്യങ്ങൾ

നേടാൻ പറ്റും. യഥാർഥത്തിൽ വലിയ മനസ്സുള്ളവരാണ് ആദ്യം ക്ഷമ പറയുക. സ്ത്രീകളെ സംബന്ധിച്ച് ഭർത്താവ് എത്ര ദേഷ്യപ്പെട്ടാലും സോറി പറഞ്ഞാൽ അവൾ പിണക്കം മറക്കും. ഭാര്യ സോറി പറഞ്ഞാൽ ഭർത്താവിന്റെ മനസ്സിൽ തിരതല്ലുന്ന കാലുഷ്യം അലിഞ്ഞുപോകും.

‘നിങ്ങളുടെ പിണക്കം സൂര്യനസ്തമിക്കുന്നതു വരെ നീണ്ടുപോകാതിരിക്കട്ടെ’ എന്നാണ് ബൈബിളും പറയുന്നത്.

രാവിലെ തുള്ളിക്കുതിച്ച് പോകുന്ന ഭർത്താവ് വൈകിട്ട് അടുക്കളയിലേക്ക് വന്ന് പാത്രങ്ങളൊക്കെ തുറന്നു നോക്കി...‘എന്നതാടീ ഇന്നു കൂട്ടാൻ വച്ചത്?’ എന്നു സ്നേഹത്തോടെ ചോദിക്കുമ്പോഴേ ഭാര്യയ്ക്ക് മനസ്സിലാകും, ഇണങ്ങാനുള്ള വരവാണെന്ന്. ‘രാവിലെ എന്റെ മൂഡ് ശരിയല്ലാരുന്നു, നീ അത് ക്ഷമിച്ചേക്കു കേട്ടോ...’ എന്നു കൂടി പറഞ്ഞുനോക്കൂ...അടുക്കളവാതിൽക്കൽ പൂന്തിങ്കൾ വിരിയുന്നതു കാണാം. പറയേണ്ടപോലെ പറയണം

എന്നാൽ, കാര്യങ്ങളൊക്കെ തകിടം മറിയും. സോറി പറയേണ്ടതുപോലെയല്ല പറയുന്നതെങ്കിൽ...

ചില ഭർത്താക്കന്മാരുണ്ട്, വൈകിട്ട് വന്നിട്ട് ചോദിക്കും:

, ‘എന്താ നിന്റെ മുഖം വീർത്തുകെട്ടിയിരിക്കുന്നേ? രാവിലെ ഇച്ചിരി സ്വരം പൊങ്ങിയതിനാണോ? ആണുങ്ങളാകുമ്പോ അങ്ങനെയൊക്കെയാ’

അതും ഒരുതരത്തിൽ ക്ഷമാപണമാണ്. പക്ഷേ, കുടുംബത്തിൽ വിലപ്പോവില്ല. സോറി പറയുന്നത് കേൾക്കുമ്പോൾ ഭാര്യയ്ക്കു തോന്നണം, എന്നോടു വഴക്കിട്ടതിൽ ചേട്ടന് നല്ല മനസ്താപമുണ്ട്’ എന്ന്. ഭർത്താവിനു തോന്നണം, ‘എന്നോട് അങ്ങനെ പറഞ്ഞതിൽ അവൾക്ക് നല്ല വിഷമമുണ്ട്’ എന്ന്. ആ ചിന്ത മനസ്സിൽ പതിപ്പിക്കുന്ന വിധത്തിൽ വേണം സോറി പറയാൻ.

ബാഹ്യമായ ചേഷ്ടകളിൽ ഒത്തിരി കാര്യങ്ങളുണ്ട്. സോറി പറയുമ്പോൾ മുഖഭാവത്തിലും ശരീരഭാഷയിലും അത് പ്രതിഫലിക്കണം.

കുട്ടികളോടും സോറി പറയാം

ദാമ്പത്യത്തിൽ മാത്രമല്ല ഏതൊരു ബന്ധത്തിലും മുറിവുണക്കാൻ അനുയോജ്യമായ മാന്ത്രിക ഔഷധമാണ് സോറി. കുട്ടികളോടും ചിലപ്പോൾ സോറി പറയേണ്ടിവരും. അച്ഛനമ്മമാർ കുട്ടികളോട് സോറി പറയുന്നതിൽ ഒരു ശരികേടുമില്ല. മക്കളെ ദൈവം തങ്ങളെ കാവലിന് ഏൽപിച്ചതാണ്. വളരെ ചിട്ടയോടെ വളർത്തണം. എന്നൊക്കെ കരുതുന്നതുകൊണ്ടാണ് പല മാതാപിതാക്കളും സോറി പറയാൻ മടിക്കുന്നത്.

പക്ഷേ, അമിതമായ ശാസനയും അധികമായ കോപവും ഒക്കെ കുട്ടികളിൽ മാനസികമായ ഒരുപാട് മുറിവുകൾ സൃഷ്ടിക്കാം. ഈ മുറിവുകളിൽ തേൻപുരട്ടുന്നതുപോലെയാകും സോറി പറയുമ്പോൾ. അച്ഛനും അമ്മയ്ക്കും തന്നെ വഴക്കു പറയേണ്ടിവന്നതിൽ നല്ല സങ്കടമുണ്ട് എന്നു കുട്ടിക്കു മനസ്സിലാകും.

സോറി എന്നു പറയണമെന്നില്ല. എന്റെയൊക്കെ ചെറുപ്പത്തിൽ നിലവിട്ട് ശാസിക്കുകയോ തല്ലുകയോ ചെയ്യുന്ന ദിവസം രാത്രി കിടക്കുമ്പോൾ അപ്പനോ അമ്മയോ അടുത്തുവരും. തിണർത്തുകിടക്കുന്ന അടിയുടെ പാടിൽ ഒന്നു തടവും. വഴക്കുപറഞ്ഞതിൽ പിണങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ നെറ്റിയിലും കവിളിലും തലോടും. അതോടെ പകലത്തെ ശിക്ഷയുടെ എല്ലാ കയ്പും മനസ്സിൽ നിന്ന് അലിഞ്ഞുപോകും.

‘‘ പോട്ടെ, സാരമില്ല മക്കളുടെ നന്മയ്ക്കല്ലെ വഴക്കു പറഞ്ഞെ’’ എന്നു പറഞ്ഞു ചേർത്തുപിടിക്കുന്ന അമ്മയെയും അപ്പനെയും കുട്ടി കൂടുതൽ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യും.

ഇനി മുതൽ ബന്ധങ്ങളിൽ ഇടർച്ച വരുമ്പോൾ, ദാമ്പത്യത്തിൽ പിണക്കത്തിന്റെ കാറ്റു വീശുമ്പോൾ ഹൃദയം തുറന്ന് ഒരു സോറി പറഞ്ഞുനോക്കൂ, തീർച്ചയായും അദ്ഭുതം സംഭവിക്കും.

Tags:
  • Relationship