Tuesday 21 January 2020 02:01 PM IST

‘ഫോൺ തുറന്നപ്പോൾ തന്നെ അവൾ എഴുതിയിട്ട സന്ദേശം കണ്ടു; എന്റെ പട്ടു അതു ചെയ്യില്ല!’; ഇരട്ടസഹോദരി അയിഷ ലത്തീഫ്

Tency Jacob

Sub Editor

fathima6657gg
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘ഫാത്തിമയ്ക്കെങ്ങനെ ഞങ്ങളെ വിട്ടു പോകാൻ പറ്റും? പുസ്തകങ്ങളും വീടുമായിരുന്നു അവളുടെ ലോകം. മരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപു പോലും ഉമ്മയെ വിളിച്ചിരുന്നു. മൂന്നാം സെമസ്റ്ററിലേക്കാവശ്യമായ ‘വേൾഡ് സിവിലൈസേഷൻ’ എന്ന ബുക്ക് ആമസോണിൽ നിന്ന് ഓർഡർ ചെയ്തത് അന്നാണ് കിട്ടിയത്. അറിവും ലക്ഷ്യവും അത്രമേൽ ജീവശ്വാസമായ ഒരാൾ എങ്ങനെ മണിക്കൂറുകൾ കൊണ്ട് തീരുമാനമെടുത്ത് മരണത്തിലേക്കു നടന്നു പോകും. ജനിച്ചപ്പോൾ മുതൽ ഞങ്ങൾ ഒരുമിച്ചാണ്. അവളെന്തു ചിന്തിക്കുന്നുവെന്നു പോലും എനിക്കൂഹിക്കാം. അവൾ ആത്മഹത്യ ചെയ്യില്ല, അല്ലെങ്കിൽ തക്കതായ കാരണമുണ്ട്.’

പറയുന്നത് ഫാത്തിമയുടെ ഇരട്ടസഹോദരി അയിഷയാണ്. കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റിയിലെ കീലോംതറയിൽ വീട്ടിൽ ചെല്ലുമ്പോൾ ദിവസങ്ങൾ കഴിഞ്ഞിട്ടും മരണത്തിനു വേണ്ടിയിട്ട പന്തൽ അഴിച്ചിരുന്നില്ല. വീട് വെളിച്ചം നഷ്ടപ്പെട്ട് ഇരുട്ടിലാണ്. അയിഷ ആ ദിവസം ഓർത്തെടുത്തു, നവംബർ എട്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം.

‘‘തിരുവനന്തപുരം ലോ കോളജിലെ ഹോസ്റ്റലിൽ നിന്നു ഞാനെത്തുമ്പോൾ ഉമ്മ സാജിത, ഫാത്തിമയെ ഫോണിൽ വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്,പക്ഷേ, കിട്ടിയില്ല. എന്നത്തേയും പോലെ അന്നു വൈകിട്ട് അഞ്ചര വരെയും അവർ പരസ്പരം വിളിച്ചു സംസാരിച്ചിട്ടുണ്ട്. രാത്രി പത്തരയ്ക്ക് വിളിച്ചപ്പോഴും എടുക്കാതെ വന്നപ്പോൾ ഉറങ്ങാൻ പോയിരിക്കും  എന്നു ചിന്തിച്ചു. പരീക്ഷയായാൽ പോലും രാത്രി പത്തുമണിക്ക് ഉറങ്ങാൻ പോകുന്ന ആളാണ് ഫാത്തിമ.

വരാത്ത വിളിയുടെ പൊരുൾ

കാലത്ത് പതിവായി ഉമ്മയെ വിളിച്ചെഴുന്നേൽപിക്കുന്നത് ഫാത്തിമയുടെ കോളാണ്. പിറ്റേന്ന് രാവിലെ അങ്ങോട്ടു വിളിച്ചു നോക്കിയപ്പോൾ മൊബൈൽ ഓഫാണ്. ഹോസ്റ്റലിൽ റൂംമേറ്റായ ഭാരതിയെ വിളിച്ചെങ്കിലും അവർ തലേന്നു വീട്ടിലേക്കു പോയിരുന്നു. തൊട്ടടുത്ത മുറിയിലുള്ള കൂട്ടുകാരി അലീനയെ വിളിച്ചപ്പോൾ ‘നോക്കിയിട്ട് തിരിച്ചു വിളിക്കാം’ എന്നായിരുന്നു മറുപടി. കുറേനേരം  കഴിഞ്ഞിട്ടും തിരിച്ചു വിളിക്കുകയോ ഞങ്ങളുടെ കോൾ എടുക്കുകയോ ചെയ്തില്ല.

പതിനൊന്നേകാലോടെ ഹോസ്റ്റൽ വാർഡന്റെ കോൾ ഉമ്മയുടെ ഫോണിലേക്കു വന്നു. ഉമ്മ ആകെ അങ്കലാപ്പിലാണെന്നു തോന്നിയതുകൊണ്ട് ഞാനാണ് എടുത്തത്. ‘ഫാത്തിമ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടിട്ടുണ്ട്’ ആദ്യമാദ്യം എനിക്കതിന്റെ പൊരുൾ മനസ്സിലായതേയില്ല. പിന്നെ, മനസ്സിലായി വന്നപ്പോഴേക്കും...

ഞങ്ങളെപ്പോഴാണ് ചെല്ലുന്നതെന്നും എത്ര പേരാണ് ചെല്ലുന്നതെന്നും ചോദിച്ച് പിന്നീടും വാർഡന്റെ കോൾ വന്നു. അവർക്ക് താമസത്തിന്റെയും ഭക്ഷണത്തിന്റെയും സൗകര്യമൊരുക്കാനാണെന്നു പറഞ്ഞു. ഉമ്മ കരഞ്ഞു തളർന്നിരിക്കുന്നു. ഗൾഫിലുള്ള വാപ്പയോട് ഉമ്മായ്ക്ക് നെഞ്ചുവേദനയായി അഡ്മിറ്റാണ്, ഉടനെ വരണം എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. വാപ്പ എന്നെ വിളിച്ചപ്പോൾ തിരക്കുകയും ചെയ്തു ‘ഫാത്തിമയെ അറിയിച്ചോ’. ‘ഉവ്വ്, പട്ടു ഓക്കെയാണ്.’ ഫാത്തിമ ഞങ്ങൾ ഉറ്റവർക്ക് ‘പട്ടു’ ആയിരുന്നു.

കൊല്ലം മേയർ വി. രാജേന്ദ്രബാബു അങ്കിൾ വാപ്പയുടെ ഉറ്റ സുഹൃത്താണ്. പൂജയുടെ അവധിക്ക് ഫാത്തിമ വന്നു പോയപ്പോഴും എയർപോർട്ടിലെത്തിച്ചത് അങ്കിളാണ്. അങ്കിളും ഞാനും വാപ്പയുടെ അനിയനും രണ്ടു ബന്ധുക്കളും കൂടിയാണ് ചെന്നൈയിലേക്കു പോയത്. വൈകുന്നേരം അവിടെയെത്തി ഐഐടിയിലെ ഒരാൾ വന്ന് ഗസ്റ്റ് ഹൗസിലേക്കു കൂട്ടിക്കൊണ്ടു പോയി. രണ്ടു വാർഡൻമാർ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ‘ഫാത്തിമ നല്ല ചിട്ടയുള്ള കുട്ടിയായിരുന്നു’ എന്നെല്ലാം അവർ നല്ല വാക്കുകൾ പറഞ്ഞു. ‘ഫാത്തിമ ദ് ഹിന്ദു ദിനപത്രം സ്വന്തമായി വരുത്തുന്നുണ്ടായിരുന്നു. ക്ലാസില്ലാത്തപ്പോൾ കുട്ടികൾ ഉച്ചയാകുമ്പോഴാണ് എഴുന്നേറ്റു വരുന്നത്. ‘പക്ഷേ, ഫാത്തിമ അങ്ങനെയല്ല, കാലത്തെഴുന്നേറ്റ് പത്രമെടുത്ത് റൂമിലേക്കു പോകും’ എന്നെല്ലാം പറഞ്ഞു.

ഞങ്ങൾക്ക് ഫാത്തിമയെയും അവളുടെ റൂമും കാണണമെന്നു പറഞ്ഞപ്പോൾ ‘ഇന്നു പറ്റില്ലെന്നു’ പറഞ്ഞൊഴിഞ്ഞു. ഞാൻ തനിച്ചാണല്ലോ എന്നു പറഞ്ഞ് ഫാത്തിമയുടെ ക്ലാസ്സിലെ മൂന്നു കുട്ടികളെ എന്റെയടുത്തേക്ക് കൂട്ടു വിട്ടു. ആ കുട്ടികളാണ് ‘തലേദിവസം വൈകി മെസ്സിലിരുന്ന് ഫാത്തിമ കരയുന്നതും മൂക്കുത്തിയിട്ട ഒരു പെൺകുട്ടി വന്ന് സമാധാനിപ്പിക്കുന്നതും കണ്ടിരുന്നു എന്ന് മെസ്സിലെ അക്ക പറഞ്ഞെ’ന്ന് എന്നോടു പറയുന്നത്. പിറ്റേന്ന്, ഞാൻ ചെന്നപ്പോൾ അക്ക എന്നെ കാണാൻ കൂട്ടാക്കിയില്ല. പിന്നീട് ഒരുപാടു നിർബന്ധിച്ച് മൂക്കുത്തിയിട്ട പെൺകുട്ടി ആരായിരുന്നു എന്നു ചോദിച്ചപ്പോൾ അങ്ങനെയൊന്ന് ഞാൻ പറഞ്ഞിട്ടില്ല എന്നായി.

കൂട്ടുകാർക്കെല്ലാം ഫാത്തിമയെക്കുറിച്ച് നല്ല അഭിപ്രായമേയുള്ളൂ.‘ പ്രത്യേകിച്ച് സങ്കടമുള്ളതായി തോന്നിയിട്ടില്ല, ലോജിക് എന്ന വിഷയത്തിൽ നടത്തിയ ടെസ്റ്റ് പേപ്പറിന്റെ മാർക്ക് കൊടുത്തിരുന്നു. അതിൽ മാർക്ക് കുറഞ്ഞതു കൊണ്ടാകും ആത്മഹത്യ ചെയ്തത്’ എന്നാണ് അവരുടെ അഭിപ്രായം. ഫാത്തിമയുടെ ഉത്തരക്കടലാസിൽ അവസാന പേജിലെ മാർക്ക് കൂട്ടാൻ വിട്ടു പോയിരുന്നു. അതു ചോദിച്ച് ഫാത്തിമ സുദർശൻ പത്മനാഭൻ സാറിന് മെയിൽ അയച്ചിരുന്നു. ‘ഓക്കെ’ എന്നു പറഞ്ഞ് സാർ മെസേജും ഇട്ടിരുന്നു എന്നറിഞ്ഞു.

മരണം കണ്ടെത്തിയ നിമിഷം

fat1

ഉമ്മ വിളിച്ച് അന്വേഷിച്ചതിനു ശേഷം അലീനയും നേഹ എന്ന കുട്ടിയും കൂടിയാണ് ഫാത്തിമയുടെ മുറിയിലേക്ക് നോക്കാൻ പോയത്. പലതവണ മുട്ടിയിട്ടും തുറക്കാതായപ്പോൾ വെന്റിലേഷനിലൂടെ നോക്കി. ഫാനിൽ നിന്ന് ഒരു കയർ തൂങ്ങുന്നതു കണ്ട് നേഹ പേടിച്ചു മറ്റുള്ളവരെ വിളിക്കാനോടി. ബഹളം കേട്ടെത്തിയ വേറൊരു കുട്ടിയും അലീനയും കൂടി തള്ളിയപ്പോൾ വാതിൽ കുറ്റിയിട്ടിട്ടുണ്ടായിരുന്നില്ല. കയറിൽ തൂങ്ങിയിട്ടുണ്ടെങ്കിലും മുട്ടു കുത്തിയ നിലയിലായിരുന്നു ഫാത്തിമ. ജീവനുണ്ടെങ്കിലോയെന്നു കരുതി കയർ  മുറിച്ചു. തൂങ്ങി മരിക്കുന്നവരുടെ ഒരു ലക്ഷണവും ഫാത്തിമ കാണിച്ചിട്ടില്ല.

കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടി മരണമടഞ്ഞതിന്റെ ആഘാതമോ സങ്കടമോ ഒന്നും ഇതു പറയുമ്പോൾ അവരിലാരിലും കണ്ടില്ല. നല്ല സന്തോഷത്തോടെയാണ് സംസാരിക്കുന്നതു പോലും. അതെന്റെ ഉള്ളുലച്ചു. അവളില്ലാതെ എനിക്കൊരു ലോകമില്ലായിരുന്നു. എന്റെ ജീവനായിരുന്നു പട്ടു...  

പിറ്റേന്ന് രാവിലെ എട്ടു മണിയായപ്പോൾ ഞങ്ങളെ കോട്ടൂർപുരം പൊലീസ് സ്േറ്റഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. പൊലീസിന്റെ പെരുമാറ്റം വല്ലാതെ സങ്കടമുണ്ടാക്കുന്നതായിരുന്നു. മാർക്ക് കുറഞ്ഞതിന്റെയും വീട്ടിൽ നിന്നു മാറി നിന്നതിന്റെയും വിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്ന് അവർ തീർപ്പു കൽപിച്ച മട്ട്. തൂങ്ങാനുള്ള കയർ എവിടെനിന്നു കിട്ടി എന്നു ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് കളി മട്ടിലാണ് ഉത്തരം പറയുന്നത്.

കെട്ടുകൾ ഇടാൻ അവൾക്ക് പണ്ടേ വശമില്ല. വലുതായപ്പോൾ അതുകൊണ്ടു തന്നെ ലേസുള്ള ഷൂസോ ഉടുപ്പുകളോ അവൾ ഉപയോഗിക്കാറില്ല. റൂംമേറ്റിനോട് പൊലീസ് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അവളുടെ രണ്ടുടുപ്പുകളുടെ കയ്യിൽ കെട്ടുണ്ട്. റൂംമേറ്റിനെക്കൊണ്ടാണ് അത് കെട്ടിച്ചിരുന്നതെന്നറിഞ്ഞു. അവരാണ് ഹോസ്റ്റൽ റൂമിൽ ഫാത്തിമയ്ക്കുള്ള അയ കെട്ടികൊടുത്തതും. അങ്ങനെയുള്ള ഫാത്തിമ കയറെടുത്ത് കുരുക്കിട്ടു എന്നു പറഞ്ഞാൽ തന്നെ ദുരൂഹതയുണ്ട്. ഫാത്തിമ മരിച്ചു കിടക്കുന്ന ഫോട്ടോയിൽ കയറിനുള്ളിൽ ഒരു ഹെയർബാൻഡ് കൊളുത്തിയിട്ടുണ്ട്. അതു ഞാൻ ഫാത്തിമയ്ക്ക് വാങ്ങി കൊടുത്ത ഹെയർബാൻഡായിരുന്നു. കുരുക്ക് മുറുകുമ്പോഴുള്ള വെപ്രാളത്തിനിടയിൽ വന്നു വീണാതായിരിക്കുമെന്നാണ് പൊലീസ് പറഞ്ഞതെങ്കിലും അത് അങ്ങനെയല്ലെന്ന് കാണുന്നവർക്ക് മനസ്സിലാകും. ഫാത്തിമ എന്തോ അതിൽ ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നിരിക്കണം.   

അവൾ പറയാൻ ശ്രമിച്ചിട്ടുണ്ട്

എന്തു സംഭവിച്ചാലും കത്തെഴുതുന്ന ആളായിരുന്നു ഫാത്തിമ. ഉപ്പയും ഉമ്മയും വഴക്കു പറഞ്ഞാൽ തിരികെ പറയാനുള്ളത് കത്തായി എഴുതി അവർക്കു കൊടുക്കും. ഫാത്തിമയ്ക്ക് പറയാനുള്ളത് പറഞ്ഞുകൊണ്ട് അങ്ങനെയൊരു കത്ത് എഴുതിയിട്ടുണ്ട്. അത് കോളജ് അധികൃതർക്കോ പൊലീസിനോ കിട്ടിയിട്ടുണ്ട്. ആരാണത് ഒളിപ്പിച്ചതെന്ന് ഞങ്ങൾക്കറിയില്ല.

‘ഞങ്ങൾക്ക് ഫാത്തിമയുടെ ബോഡി കാണണം’ എന്നു പറഞ്ഞപ്പോൾ ‘ലേഡി എസ്ഐ വന്ന ശേഷമേ പറ്റുള്ളൂ’ എന്നു പറഞ്ഞു. അവർ വരാനായി കുറേനേരം കാത്തിരുന്നു. ആ സമയത്താണ് ഫാത്തിമയുടെ ഫോൺ അലക്ഷ്യമായി ഒരു മേശയിൽ കിടക്കുന്നതു കണ്ടത്. ഞാൻ നിർബന്ധിച്ചു ചോദിച്ചപ്പോൾ പൊലീസുകാർ അതു നോക്കാനനുവദിച്ചു.

ഫോൺ പൊട്ടി ഓഫായ നിലയിലായിരുന്നു. ചാർജ് ചെയ്ത് ഓണാക്കിയപ്പോൾ ലോക്ക് ഉണ്ടായിരുന്നില്ല. തുറക്കുമ്പോൾ തന്നെ വാൾ പേപ്പറിലെ സന്ദേശമാണ് കാണുന്നത്. ‘‘Sudarshan Padmanabhan is the cause of my death’’ നോട്ട്സ് എടുത്തു നോക്കിയപ്പോൾ മൂന്നു അധ്യാപകരുടെ പേരും ഏഴു വിദ്യാർഥികളുടെ പേരുമടങ്ങുന്ന വിശദമായ കുറിപ്പുണ്ട്. ഞാൻ വേഗം അതെല്ലാം സ്ക്രീൻഷോട്ടെടുത്ത് എന്റെ ഫോണിലേക്കയച്ചു. മെസേജ് കണ്ടാൽ അത് നശിപ്പിക്കുമെന്ന് ആ പൊലീസ് ഇൻസ്പെക്ടറുടെ ഇടപെടലിൽ നിന്ന് ഉറപ്പായിരുന്നു.  ഞാൻ ലോക്കിട്ടാണ് ഫോൺ തിരികെ കൊടുത്തത്. പിന്നീട് ദിവസങ്ങൾക്കു ശേഷം ഞങ്ങളിത് മീഡിയയോട് പറഞ്ഞപ്പോഴാണ് ‘ഫോണിന്റെ പാസ് വേർഡ് അറിയാമോ’ എന്നു ചോദിച്ച് അവർ വിളിക്കുന്നത്.  

പിന്നീട് റോയൽപ്പേട്ട ഹോസ്പിറ്റലിൽ പോയപ്പോഴും ഒരു മൃതദേഹത്തിനു ലഭിക്കേണ്ട യാതൊരു ആദരവോടും കൂടിയല്ല കിടത്തിയിരിക്കുന്നത്. ‍ഞാൻ അകത്തു കയറി ഒരു മണിക്കൂറോളം ഫാത്തിമയുടെ ദേഹം പരിശോധിച്ചു. കഴുത്തിൽ കയർ കുരുങ്ങിയതിന്റെ ചെറിയ പാടല്ലാതെ മരണവെപ്രാളത്തിന്റേതായി വേറൊരു അടയാളവും ഉണ്ടായിരുന്നില്ല. ഞങ്ങൾ വന്നതു മുതൽ ഫാത്തിമയുടെ മൃതദേഹവുമായി തിരികെ വരുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ഐഐടി ഏർപ്പാടാക്കിയ ഏജന്‍സിയായിരുന്നു. മദ്രാസ് ഐഐടിയിലെ അധികാരികളൊന്നും ഞങ്ങളെ കണ്ടിരുന്നില്ല.

ഫാത്തിമയുടെ മുറി സീൽ ചെയ്തിട്ടുണ്ടെന്നാണ് ഇൻ സ്പെക്ടർ പറഞ്ഞിരുന്നത്. വനിതാ എസ് ഐയോടൊപ്പം ഹോസ്റ്റൽ റൂമിൽ ചെന്നപ്പോൾ റൂംമേറ്റിന്റെ എല്ലാ സാധനങ്ങളും മാറ്റിയിട്ടുണ്ട്. ഫാത്തിമയുടെ പുസ്തകങ്ങളെല്ലാം ചിതറി കിടക്കുന്നു. ഫാത്തിമ ഒരിക്കലും അങ്ങനെ ചെയ്യില്ല. പുസ്തകങ്ങൾ അവൾക്ക് ജീവനായിരുന്നു.

അവിടമെല്ലാം പരിശോധിച്ചത് അവർക്ക് ഇഷ്ടപ്പെടാതെ ഞങ്ങളെ ചോദ്യം ചെയ്തു. അതേ മൂർച്ചയോടെ തന്നെ തിരിച്ചു പറയേണ്ടി വന്നു. ഞങ്ങൾ ടാബും ലാപ്ടോപ്പും മാത്രമെടുത്ത് പുറത്തേക്കിങ്ങുമ്പോൾ ‘ബാക്കിയൊന്നും കൊണ്ടുപോകുന്നില്ലേ’ എന്നായി. ‘ഇല്ല, ഞങ്ങളിനിയും വരും’ എന്നു പറഞ്ഞിറങ്ങി.

_REE2747

മനസ്സിൽ ഒരേ ലക്ഷ്യം

അവസാനം വിളിക്കുമ്പോഴും ചെറിയൊരു സന്തോഷക്കുറവ് ഉണ്ടെന്നല്ലാതെ മരണത്തിലേക്കു പോകാൻ മാത്രം ദുഃഖിതയല്ലായിരുന്നു എന്ന് എനിക്കുറപ്പുണ്ട്. ഞങ്ങളെ വിട്ടിട്ട് പോണം എന്നവൾ ചിന്തിച്ചിട്ടുണ്ടെങ്കിൽ അതിനു തക്കതായ എന്തോ സംഭവിച്ചിട്ടുണ്ട്. മാർക്കു കുറവിന്റെയോ ഹോം സിക്‌നെസിന്റെയോ പേരു പറഞ്ഞ് അതിനെ ലഘൂകരിക്കാൻ ശ്രമിച്ചാൽ സമ്മതിച്ചു തരില്ല.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴേ ഫാത്തിമയുടെയുള്ളിൽ സിവിൽ സർവീസ് ലക്ഷ്യമുണ്ട്. ബനാറസ് ഹിന്ദു സർവകലാശാലയിലും ലേഡി ശ്രീറാമിലുമൊക്കെ പോയി പഠിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. ഉമ്മയും വാപ്പയും അതിനു സമ്മതിക്കാത്തതു കൊണ്ടാണ് ചെന്നൈയിലേക്കു പോയത്.

അവൾ തന്നെയാണ് അവിടെ ഹ്യുമാനിറ്റീസ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ എം എ ഇന്റഗ്രേറ്റഡ് കോഴ്സുണ്ടെന്നു കണ്ടെത്തിയത്. അഖിലേന്ത്യ എൻട്രൻസിന് ഒന്നാം റാങ്ക് കിട്ടണമെങ്കിൽ എത്ര പരിശ്രമിച്ചിട്ടുണ്ടാകും. ഓക്സ്ഫോർഡ് ഡിക്‌ഷനറി  മനപ്പാഠമാക്കിയിരുന്നതുകൊണ്ട് ‘സഞ്ചരിക്കുന്ന ഡിക്‌ഷനറി’ എന്നാണ് കൂട്ടുകാർ വിളിച്ചിരുന്നത്. ഞങ്ങൾ ജനിച്ചത് നബിദിനത്തിലാണ്. അന്നത്തെ ദിവസം ഞങ്ങൾ ആഘോഷിക്കാറുണ്ട്. ആദ്യമായാണ് നബിദിനത്തിൽ ഞങ്ങൾ രണ്ടിടത്താകുന്നത്. അന്നാണ് അവൾ പോയതും.’’

‘പേരുപോലും ഇവിടെ പ്രശ്നമാണ് വാപ്പച്ചീ’

‘‘വിവാഹം കഴിഞ്ഞ് ആറു വർഷം കാത്തിരുന്നു കിട്ടിയ മകളാണ്. അവളുടെ മരണത്തിന്റെ അർഥം കണ്ടെത്താനാണ് ഞാൻ ഓടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടു. ഐഐടിയിൽ നടക്കുന്ന ക്രൂരമായ മരണങ്ങളെ കുറിച്ച് ലോകസഭയിലെ 39 എംപിമാർ ഒപ്പിട്ട നിവേദനം സമർപ്പിച്ചു. ഇനി ഞാൻ ആരെയാണ് കാണേണ്ടത്?’’ഫാത്തിമയുടെ വാപ്പ ലത്തീഫ് കരച്ചിലിലേക്കു വീണു.

അന്നേ അവൾ പറഞ്ഞിരുന്നു...

‘‘ഒരിക്കൽ ലീവിനു വന്ന സമയത്ത് ഞാനവളെ കാണാൻ പോയിരുന്നു. അവളുടെ ഉമ്മ ചപ്പാത്തിയും ചിക്കൻ കറിയും ഉണ്ടാക്കി തന്നു വിട്ടത് കൊടുത്തപ്പോൾ സന്തോഷമായി. അവിടുത്തെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഓരോ രീതികൾ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ‘നമ്മുടെ പേരു പോലും ഇവിടെ പ്രശ്നമാണ് വാപ്പിച്ചീ’ എന്നവൾ പറയുന്നത്. അവളുടെ ആഗ്രഹങ്ങൾക്ക് പേര് തടസ്സമാകുന്നെങ്കിൽ ഗസറ്റിൽ കൊടുത്ത് മാറ്റാമെന്നു ഞാൻ പറഞ്ഞു. ‘വേണ്ട, വാപ്പിച്ചിയുടെ ഉമ്മ ഇട്ട പേരല്ലേ’ എന്നവൾ വിലക്കി. അന്നുമുതൽ ഉള്ളിലൊരു ഭയം തോന്നിയിരുന്നു.

ആദ്യമാസം തന്നെ അവിടുത്തെ ക്വിസ് പ്രോഗ്രാമിൽ സീനിയേഴ്സിനോടു മത്സരിച്ച് മൂന്നാം സമ്മാനം കിട്ടിയ ഏക വിദ്യാർഥി അവളാണ്. പഠിപ്പിച്ചു കഴിഞ്ഞ പാഠഭാഗത്തു നിന്ന് കുട്ടികൾ എന്തെങ്കിലും സംശയം പ്രഫസർമാരോട് ചോദിക്കുമ്പോൾ ‘ഫാത്തിമയോട് ചോദിക്കൂ’ എന്നാണ് പറഞ്ഞിരുന്നതെന്ന് ചെന്നൈ ഡിജിപി ഈശ്വരമൂർത്തി സാർ പറഞ്ഞു. ‘ഈ പ്രായത്തിൽ അവൾ വായിക്കുന്ന പുസ്തകങ്ങൾ എനിക്കറിയുക പോലുമില്ല. ഒരു പ്രതിഭയെ രാജ്യത്തിനു നഷ്ടമായി’ എന്നാണ് അവളുടെ റൂം പരിശോധിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞത്.

അവളുടെ ക്ലാസിലെ കുട്ടികൾ എല്ലാവരും കഴിവുള്ളവരായിരിക്കാം. എങ്കിലും ഫാത്തിമയുടെ മുകളിലെത്താൻ അവർക്കു കഴിഞ്ഞിരുന്നില്ല. അസൂയയുടെ പ്രശ്നം കൂടി ഇതിലുണ്ട്. കുട്ടികൾ അത്തരത്തിൽ വിഷമിപ്പിക്കുന്നു എന്ന് മകൾ എന്നോട് പറഞ്ഞിട്ടുണ്ട്.

ദൈവത്തിന്റെ കയ്യൊപ്പു പോലെയാണ് ഫോണിലെ  സന്ദേശം അയിഷയുടെ കയ്യിൽ കിട്ടിയത്. ഞങ്ങൾ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യയിൽ നിന്ന് ദുരൂഹമരണത്തിലേക്ക് മോളുടെ കേസ് മാറ്റിയത്. എന്റെ കുട്ടിക്കു സംഭവിച്ചതു പോലെ ഇനിയൊരു കുട്ടിക്കും സംഭവിക്കാതിരിക്കാൻ ഏതറ്റം വരെയും ഞാൻ പോകും. ഇന്ത്യയിലെ പ്രതിഭകളായ കുട്ടികൾ പഠിക്കേണ്ട ക്യാംപസ് ആണ്. രാജ്യത്തിന്റെ കാവൽക്കാരായി മാറേണ്ടവരാണ്. അവിടെ ഇനിയിതാവർത്തിക്കാൻ പാടില്ല.

കേന്ദ്രം സിബിഐക്ക് കേസ് കൈമാറിയിട്ടുണ്ട്. ചെന്നൈയിൽ സങ്കീർണമായ വിഷയമായി ഇത് ഇപ്പോഴും നി ൽക്കുന്നുണ്ട്. പ്രതിഷേധത്തെ തുടർന്ന് രണ്ടു മാസത്തേക്ക് ഐഐടി ക്യാംപസ് അടച്ചിരിക്കുകയാണ്. ഹേമന്ദ് കാരഹ്, മിലിന്ദ് ബ്രഹ്മേ, സുദർശൻ പത്മനാഭൻ എന്നീ മൂന്നു അധ്യാപകരുടെയും ഏഴു സഹപാഠികളുടെയും പേര് അവൾ എഴുതി വച്ചിട്ടുണ്ട്. കുറച്ചു നാൾ മുൻപ് ഹേമന്ദ് കാരഹ് എ ന്ന അധ്യാപകൻ അവളെ അഞ്ചു പ്രാവശ്യം വിളിച്ചിട്ടുണ്ട്. രണ്ടു കോൾ മാത്രം അവൾ അറ്റൻഡ് ചെയ്തിട്ടുണ്ട്.  

fathimmdss

എന്തോ സംഭവിച്ചിട്ടുണ്ട്. അത് ഏതുതരം ചൂഷണമെന്നു കണ്ടെത്തേണ്ടതുണ്ട്. അന്ന് എട്ടുമണിക്കു ശേഷം അ വൾ ഒരു ഡിവൈസും ഉപയോഗിച്ചിട്ടില്ല. 7.49 നാണ് സന്ദേശം സ്ക്രീൻഷോട്ടാക്കി ഇടുന്നത്. ഐഐടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ക്യാംപസിലെ ഒരു മരണത്തിന് അവർക്ക് മറുപടി പറയേണ്ടി വരുന്നത്.’’

Tags:
  • Spotlight
  • Vanitha Exclusive