Saturday 19 October 2019 05:39 PM IST

‘കല്യാണം കഴിക്കാത്ത അച്ഛൻ ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ച് മറുപടി പറയുന്നത് എങ്ങനെയാണ്?’; ചിരിയച്ഛന്റെ സുവിശേഷം ഇങ്ങനെ

Asha Thomas

Senior Sub Editor, Manorama Arogyam

fr ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, ഫോട്ടോ: റിജോ ജോസഫ്

‘കല്യാണം കഴിക്കാത്ത അച്ഛൻ ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ച് മറുപടി പറയുന്നത് എങ്ങനെയാണ്?’; ചിരിയച്ഛന്റെ സുവിശേഷം ഇങ്ങനെ

ഒരാൾ മൊബൈലിൽ നോക്കി നോക്കി പോയതാണ്. ചെന്നുകയറിയത് വേറൊരു വീട്ടിൽ. അവിടെ സീരിയൽ കണ്ടിരുന്ന സ്ത്രീ എണീറ്റ് ചെന്ന് ചായ അനത്തി കൊണ്ടുചെന്നു, അപ്പോഴാണു കാണുന്നത് അത് തന്റെ ഭർത്താവല്ല എന്ന്...പുതിയ കാലത്തെ കുടുംബബന്ധങ്ങളെക്കുറിച്ച് ജോസഫ് പുത്തൻപുരയ്ക്കലച്ചൻ പറഞ്ഞതു കേട്ടവർ ആർത്തുചിരിച്ചു, പിന്നെ ആ തമാശയ്ക്കു പിന്നിലെ പൊരുളോർത്ത് ഊറിച്ചിരിച്ചു.

കേരളത്തിലെ ധ്യാനക്ലാസ്സുകളെ ചിരിയുടെ പെരുന്നാളാക്കി മാറ്റുകയാണ് വൈറലച്ചനെന്നും ചിരി അച്ചനെന്നും കാപ്പിപ്പൊടി അച്ചനെന്നുമൊക്കെ വിളിപ്പേരുള്ള ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. വലിയ കാര്യങ്ങൾ ചിരി മധുരത്തിൽ പുരട്ടി അച്ചൻ അവതരിപ്പിക്കുമ്പോൾ മുഷിവില്ലാതെ ആളുകൾ കേട്ടിരിക്കും. ചിരിച്ചും രസിച്ചും വീട്ടിലെത്തുമ്പോൾ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന ഒരു വാക്ക്, ഒരു ചിന്ത അവരുടെ ഉള്ളിൽ ജ്വലിച്ചെരിയുന്നുണ്ടാകും. ക്രൈസ്തവർ മാത്രമല്ല ജാതിമത ഭേദമന്യേ എല്ലാവരും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ധ്യാനഗുരു; കപ്പുച്ചിൻ സന്യാസ സമൂഹത്തിന്റെ കേരളഘടകത്തിലെ സെന്റ് േജാസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ, ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ ജീവിതവഴിയിലും ചിരിയും ചിന്തയും ഒത്തുചേരുന്നു.

പ്രസംഗിച്ചും ചിരിപ്പിച്ചും

‘‘കുട്ടിക്കാലം മുതലേ എനിക്ക് ഫലിതം ഇഷ്ടമാണ്. പഴയ ഫലിതരാജാക്കന്മാരായ അടൂർഭാസിയുടെയും ബഹദൂറിന്റെയുമൊക്കെ സിനിമകൾ കാണുന്നത് വലിയ ഇഷ്ടമായിരുന്നു. കഥാപ്രസംഗമായിരുന്നു മറ്റൊരു ഇഷ്ടസംഭവം. അതിന്റെ അവതരണശൈലിയൊക്കെ സ്വാധീനിച്ചിട്ടുണ്ട്. ഫലിതത്തിന് പല ഗുണങ്ങളുണ്ട്. സ്ട്രെയിൻ ഇല്ലാതെ നമുക്കെന്തു കാര്യവും പറയാം. എത്ര മസിലുപിടിച്ചിരിക്കുന്നവരേയും അലിയിക്കാനുള്ള ശക്തിയുണ്ട് സന്ദർഭമനുസരിച്ചു തൊടുക്കുന്ന ഫലിതത്തിന്. എന്തു കാര്യവും സരസമായി പറഞ്ഞാൽ കേൾക്കുന്നവർക്ക് മുഷിച്ചിലുണ്ടാകില്ല. ചിരിച്ചാസ്വദിച്ച കാര്യം ജീവിതകാലത്ത് മറക്കുകയുമില്ല. ചിരിക്കൂട്ടിനു പിന്നിൽ വലിയ രഹസ്യങ്ങളൊന്നുമില്ല. വായിച്ച കാർട്ടൂണുകളും ഫലിതബിന്ദുക്കളുമൊക്കെ മനസ്സിലിട്ടൊന്നു പൊലിപ്പിക്കും. സന്ദർഭമനുസരിച്ച് അത് പ്രയോഗിക്കും. നല്ല പ്രസംഗങ്ങളൊക്കെ കേൾക്കും. കെ.എം.മാണി, അബ്ദുൽ സമദ് സാമദാനി, പിസി ജോർജ് –ഇവരുടെയാക്കെ പ്രസംഗശൈലി ശ്രദ്ധിക്കാറുണ്ട്.’’

ഗ്രൂപ്പ് പിളർന്നു, വൈദികൻ പിറന്നു

ധ്യാനപ്രസംഗകനാകും മുൻപ് കത്തിക്കയറുന്ന രാഷ്ട്രീയ പ്രസംഗകനായിരുന്നു അച്ചൻ. കട്ടപ്പനയ്ക്കടുത്തുള്ള നരിയം പാറ കോളജിലാണ് പ്രീഡിഗ്രി പഠിച്ചത്. അന്ന് ഇടുക്കിയിൽ കേരള കോൺഗ്രസ് ശക്തമാണ്. തീപ്പൊരി പ്രസംഗമാണ് അച്ചനെ പാർട്ടിയിലേക്കു കൂട്ടിയത്. ചെറുപ്പത്തിലേ തന്നെ പ്രസംഗം ഹരമായിരുന്നു. മിഷൻലീഗിൽ തുടങ്ങി രാഷ്ട്രീയപ്രവർത്തനത്തിലൂടെ മൂർച്ചകൂട്ടിയ പ്രസംഗകലയുടെ ശോഭയാർന്ന നാളുകളായിരുന്നു പിന്നത്തേത്. പാർട്ടിക്കുവേണ്ടി കേരളം മുഴുവൻ നടന്നു പ്രസംഗിച്ചു. ‘‘ഏതു വലിയ ഗ്രൂപ്പിനെയും അഭിമുഖീകരിക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും കിട്ടിയത് രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നാണ്. മൂന്നു വർഷത്തോളം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കേരള കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ കോളജിലെ ആത്മമിത്രങ്ങൾ രണ്ടു ചേരികളിലായി, ശത്രുതയായി. അതിൽ മനംനൊന്ത് രാഷ്ട്രീയം നിർത്തി, വടക്കേ ഇന്ത്യയിലേക്ക് വണ്ടി കയറി. ഗുജറാത്തിൽ കസിൻസ് അച്ചന്മാർക്കൊപ്പം കുറെനാൾ. അവരുടെ പ്രവർത്തനം കണ്ടപ്പോൾ മനസ്സിലെ പഴയൊരു മോഹത്തിന് ജീവൻ വച്ചു. അച്ചനാകണമെന്ന മോഹം. പത്തു കഴിഞ്ഞപ്പോൾ ഇക്കാര്യം വീട്ടിൽ പറഞ്ഞതാണ്. രണ്ട് ആൺമക്കളേയുള്ളൂ. പോകണ്ട എന്നു വീട്ടുകാർ കട്ടായം പറഞ്ഞു. മുടങ്ങിപ്പോയ ആ പഴയ മോഹത്തിനാണ് ഇപ്പോൾ ചിറകുവച്ചിരിക്കുന്നത്. ഇത്തവണ വീട്ടുകാർ തടസ്സം പറഞ്ഞില്ല. അങ്ങനെ 1993ൽ കപ്പുച്ചിൻ സന്യാസസമൂഹത്തിൽ ചേർന്നു.

fr-1

രാഷ്ട്രീയം വിട്ടെങ്കിലും പ്രസംഗം മനസ്സിൽ കിടന്നു. അതുകൊണ്ടാണ് ധ്യാനപ്രസംഗം പ്രധാനമേഖലയായ കപ്പുച്ചിൻ സഭ തിരഞ്ഞെടുത്തത്. 95ൽ തിരുവനന്തപുരത്ത് ലോ കോളജിൽ നിയമപഠനം. 2010ൽ ഇന്ത്യൻ ഒാർത്തഡോക്സ് മേഴ്സി ഫെലോഷിപ്പ് എന്ന സംഘടനയുടെ കുടുംബസംഗമത്തിൽ 5000 പേരുള്ള ഒരു ഗ്രൂപ്പിനോട് വചനം പ്രസംഗിച്ചു. അതിന്റെ വിഡിയോ അവർ യു ട്യൂബിലിട്ടു. അത് വൈറലായതോടെയാണ് പുത്തൻപുരയ്ക്കലച്ചൻ ചിരി അച്ചനും വൈറൽ അച്ചനുമൊക്കെ ആയത്. ഇപ്പോൾ യുട്യൂബിലെ താരമാണ് അച്ചൻ. ആരാധകർ ചേർന്ന് ഒരു യു ട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.

‘‘എനിക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം കിട്ടുന്നത് യൂത്തിൽ നിന്നാണ്. എവിടെവച്ച് കണ്ടാലും അവർ ഒാടിവരും, സംസാരിക്കും സെൽഫി എടുക്കും. നെഗറ്റീവ് കമന്റുകളും വരാറുണ്ട്. അതൊന്നും കാര്യമാക്കാറില്ല. എങ്കിലും സോഷ്യൽ മീഡിയ സജീവമായ കാലമായതുകൊണ്ട് വാക്കുകളിൽ അൽപം കൂടി സൂക്‌ഷ്മത വേണമെന്നു തോന്നാറുണ്ട്. ആ ഒരു ജാഗ്രതയുമുണ്ട്. ’’

യാത്രയിലെ എഴുത്ത്

‘ഗഹനമായ കാര്യങ്ങൾ തമാശരൂപേണ പറഞ്ഞാൽ പറയുന്നതിന്റെ ഈട് പോകില്ലേ എന്നൊക്കെ ചിലര് ചോദിക്കും. പക്ഷേ, ഈ നർമമാണ് ജാതിമതഭേദമന്യേ എല്ലാവരുടെയും അംഗീകാരവും സ്നേഹവും നേടിത്തരുന്നത്. വിവിധ ക്രിസ്തീയ സഭകൾക്കായി പ്രസംഗിക്കാറുണ്ട്. എസ്എൻഡിപി യോഗ സമ്മേളനങ്ങളിലും മുസ്‌ലിം മാനേജ്മെന്റ് സ്കൂളുകളിലും പ്രസംഗത്തിന് വിളിക്കാറുണ്ട്.’’

അമേരിക്കയിലും യൂറോപ്പിലും ഗൾഫിലുമായി 57 രാജ്യങ്ങളിൽ ധ്യാനം നടത്തിയിട്ടുണ്ട് അച്ചൻ. ഏറ്റവും അവസാനം പോയത് ബ്രൂണെയിലാണ്. കൂടാതെ സഭാപരമായ ചുമതലകളും ധാരാളം. പക്ഷേ, തിരക്കൊന്നും അച്ചനെ ഏശുന്ന മട്ടില്ല.

‘‘ വായനയ്ക്കും എഴുത്തിനും സമയം കണ്ടെത്തുന്നത് യാത്രകളിലാണ്. കൊച്ചിയിൽ നിന്നു ഒാക്‌ലൻഡിലേക്കുള്ള 12 മണിക്കൂർ യാത്രയിൽ ഒരു പുസ്തകം എഴുതി തീർത്തു. സ്വതേവ ടെൻഷൻ ഇല്ലാത്ത പ്രകൃതമാണ് എന്റേത്. ഒാരോ ദിവസത്തെയും ഷെഡ്യൂൾ മനസ്സിൽ ഉണ്ട്. അപ്രതീക്ഷിത സംഭവങ്ങൾ വന്നാലേ അതിലെന്തെങ്കിലും പിഴവുവരൂ. പ്രശ്നങ്ങളിലൊന്നും അങ്ങനെ കുലുങ്ങില്ല. എല്ലാം തമ്പുരാൻ നോക്കിക്കോളും, ‘ഇന്നല്ലെങ്കിൽ നാളെ ഇതങ്ങ് മാറും’ എന്നേ ചിന്തിക്കൂ. ’’

കുടുംബങ്ങളുടെ പ്രവാചകൻ

വഴക്കും ബഹളവുമുള്ള കുടുംബമാണ് നരകം. ഭാര്യ ഭർത്താവിനെ നോക്കി പറയും. കണ്ണിൽ േചാരയില്ലാത്ത കാലൻ... േപാകുന്ന േപാക്ക് കണ്ടില്ലേ?. ഭർത്താവ് ഭാര്യയെ നോക്കി പറയും. വൃത്തിയില്ലാത്ത മുതുപിശാച്... പെരയ്ക്കകം കിടക്കുന്ന കിടപ്പ് കണ്ടില്ലേ?

എന്നാൽ, കല്യാണം കഴിഞ്ഞ് ആദ്യനാളുകളിൽ ഇങ്ങനെയേ അല്ല. ഒന്നാം വർഷം ഭാര്യ പറഞ്ഞോണ്ട് കിടക്കും ഭർത്താവ് കേട്ടോണ്ട് കിടക്കും. രണ്ടാം വർഷം ഭർത്താവ് പറഞ്ഞോണ്ടു കിടക്കും ഭാര്യ കേട്ടോണ്ടു കിടക്കും. മൂന്നാമത്തെ വർഷം രണ്ടുപേരും പറഞ്ഞോണ്ടു കിടക്കും, നാട്ടുകാര് കേട്ടോണ്ട് ഇരിക്കും.

കല്യാണം കഴിക്കാത്ത അച്ചൻ എത്ര കൃത്യമായാണ് കുടുംബന്ധങ്ങളിലെ പൾസ് അറിയുന്നതെന്നു അതിശയിക്കുന്നവരുണ്ട്.

‘‘ദാമ്പത്യപ്രശ്നങ്ങളെക്കുറിച്ച് പറയാൻ കല്യാണം കഴിക്കണമെന്നില്ല. ചുറ്റും കണ്ണോടിച്ചാൽ മതി. ജാതിമതഭേദമന്യേ ആയിരക്കണക്കിന് ആളുകൾ ദാമ്പത്യപ്രശ്നങ്ങളുമായി കാണാൻ വരാറുണ്ട്. അത് കേട്ടുകേട്ട് കുടുംബജീവിതത്തിന്റെ ഉള്ളു കള്ളികളേക്കുറിച്ച് ഒരു ധാരണ കിട്ടും. സ്ത്രീ പുരുഷ മനഃശാസ്ത്രവും കുടുംബജീവിതവും സംബന്ധിച്ച് പുസ്തകങ്ങൾ വായിക്കും. പറയുന്നത് കെട്ടുകഥകളല്ലാത്തതുകൊണ്ട് കേൾക്കുന്നവർക്ക് ഇതെന്റെ അനുഭവമാണല്ലൊ എന്നു തോന്നും..

പ്രസംഗം ഒരുവന്റെ മനസ്സിനെ സ്പർശിച്ചാലേ ജീവിതത്തെ സ്വാധീനിക്കൂ. മനുഷ്യന്റെ മനസ്സിനെ ഇളക്കി കരയിച്ച് തുലാമഴ പോലെ പെയ്യുന്ന കൺവെൻഷനുകളുണ്ട്. പക്ഷേ, ഇടവപ്പാതി പോലെ, വലിയ ഒാളവും ഒച്ചയുമില്ലാതെ പെയ്തിറങ്ങുന്ന ധ്യാനിപ്പിക്കലിനോടാണ് താൽപര്യം. അത് നീണ്ടകാലം ആളുകളുടെ മനസ്സിൽ നിൽക്കും.

മറ്റുള്ളവരുടെ മനസ്സിൽ പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിക്കുന്ന അച്ചനും പൊട്ടിച്ചിരിക്കാറുണ്ട്, തമാശപ്പടങ്ങൾ കണ്ട്. സുഹൃത്തുക്കൾക്കൊപ്പം തിയറ്ററിൽ പോയാണ് കാണുക. സാധാരണക്കാരുെട ജീവിതം പറയുന്ന സിനിമകളോടാണ് കൂടുതൽ താൽപര്യം. ‘ഞാൻ പ്രകാശൻ’, ‘കുമ്പളങ്ങി നൈറ്റ്സ്’ ഇവയൊക്കെ ഇഷ്ടപ്പെട്ട സിനിമകളാണ്. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയുടെ രണ്ടാംപകുതിയിലെ കഥാതന്തു വികസിപ്പിക്കുന്ന ചർച്ചയിൽ പങ്കാളിയായിരുന്നു.

ചിരി നൽകുന്ന ആരോഗ്യം

അച്ചനായി കഴിഞ്ഞ് ആദ്യകാലത്തൊക്കെ റവറന്റ് ഫാദർ ആണ്, പിന്നീടത് ‘വയറൽ’ ഫാദർ ആകും എന്ന് അച്ചൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും നടക്കുന്നതു കൊണ്ടാകണം വയസ്സ് 57 കഴിഞ്ഞെങ്കിലും കുടവയറും ദുർമേദസ്സും അനുബന്ധ രോഗങ്ങളുമൊന്നുമില്ല ജോസഫച്ചന്. പനി പോലുള്ള ചെറിയ അസുഖങ്ങളല്ലാതെ രോഗംവന്ന് ആശുപത്രിയിൽ കിടന്നിട്ടില്ല. കോട്ടയത്തെ പ്രൊവിൻഷ്യൽ ഹൗസിൽ ഉള്ളപ്പോൾ രാവിലെ അര മണിക്കൂർ നടക്കാൻ പോകും. പതിവെന്നൊന്നും പറയാൻ പറ്റില്ല. ഭക്ഷണത്തിലും നിഷ്ഠയൊന്നുമില്ല. യാത്രകളിൽ ചിലപ്പോൾ തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കും.ഈയടുത്ത് റോയ് കാരയ്ക്കാട്ട് കപ്പുച്ചിൻ സംവിധാനം ചെയ്യുന്ന ‘കാറ്റിനരികെ’ എന്ന സിനിമയിൽ അഭിനയിച്ചു. പള്ളിയിലച്ചന്റെ വേഷമാണ്. അശോകനാണ് നായകൻ.

ഫോട്ടോയ്ക്കായി അച്ചൻ നിന്നപ്പോഴാണ് ചെരിപ്പിടാത്ത കാൽ കാണുന്നത്. ‘‘പണ്ട് ഹൈറേഞ്ചിൽ ചെരിപ്പ് ഒരു ആഡംബരമായിരുന്നു. കോളജിലൊക്കെ പോയത് ചെരിപ്പിടാതെയാണ്. അതങ്ങ് ശീലമായി. ചെരിപ്പിട്ടാലും ഊരിയിട്ടാൽ തിരികെയിടാൻ മറക്കും. ഇപ്പോൾ പൊതുചടങ്ങുകളിൽ മാത്രമാണ് ചെരിപ്പിടുക’’.

പെറ്റമ്മമാർ കുട്ടികളെ കൊല്ലാക്കൊല ചെയ്യുന്നവാർത്തകൾ, പെരുകുന്ന വിവാഹമോചനങ്ങൾ. കേരളത്തിലെ സാമൂഹികാരോഗ്യം കുറയുന്നതായി തോന്നുന്നുണ്ടോ?

പെറ്റമ്മമാർ കുട്ടികളെ ഉപദ്രവിക്കുന്നതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. മാതൃത്വം കളങ്കപ്പെടുന്നെന്നൊക്കെ സാമാന്യവത്കരിക്കേണ്ടതില്ല. പരസ്പര ബഹുമാനമില്ലായ്മയാണ് ഇപ്പോൾ പല കുടുംബങ്ങളിലെയും പ്രധാന പ്രശ്നം. ഇന്ന് സ്ത്രീ സ്വന്തമായി സമ്പാദിക്കുന്നുണ്ട്. പുരുഷൻ പക്ഷേ, അവളെ അടിമയായി കാണുന്നു. തിരിച്ചും സംഭവിക്കാം. പരസ്പരമുള്ള പങ്കുവയ്ക്കൽ കുറയുന്നതാണ് മറ്റൊരു പ്രശ്നം. ഭർത്താവ് മൊബൈലിലും, ഭാര്യ സീരിയലിലും കുട്ടികൾ അവർക്കു തോന്നുംപോലെയും എന്നാണ് സ്ഥിതി. സംസാരമില്ലാത്ത കുടുംബം അനാഥശാലയാണ്. മാർബിൾ കമ്പനികളുടെ പരസ്യത്തിലെ പോലെ എപ്പോഴും മസിൽ പിടിച്ചിരുന്നാൽ ജീവിതം എന്തു ബോറാണ്....