Friday 17 June 2022 12:44 PM IST

100 രൂപയ്ക്ക് പെട്രോളടിച്ചാൽ രണ്ടു ദിവസത്തേക്കില്ല, അടുപ്പിൽവീണ ബോംബ് പോലെ ഗ്യാസ് വില: എന്നു തീരും ഈ ദുരിതം?

Tency Jacob

Sub Editor

price-hike-june-story ഹസീന, സജ്ന, ഗീത, പ്രണവ്യ, സെഫുവന (ഇടത്ത്) വിഷ്ണാ ദേവി, സ്മിത, വന്ദനാ പത്മകുമാർ, ജിഷ ആൻ ഏബ്രഹാം

100 രൂപയ്ക്ക് പെട്രോളടിച്ചാൽ രണ്ടു ദിവസത്തേക്കില്ല, അടുപ്പിൽവീണ ബോംബ് പോലെ ഗ്യാസ് വില: എന്നു തീരും ഈ ദുരിതം?

കേട്ടോ, പിഎഫിന്റെ പലിശ കുറച്ചു. പലിശയിനത്തിൽ കിട്ടുന്ന തുകയ്ക്ക് ഇനി നികുതിയും കൊടുക്കണം. എന്നാൽ ബാങ്ക് ലോണിന്റെ പലിശ നിർദയം കൂട്ടി. ഓരോ ദിവസവും പത്രം തുറക്കാൻ പേടിയാണ് ജനങ്ങൾക്ക്.

വിലക്കയറ്റം പിടിച്ചുനിർത്താനുള്ള കേന്ദ്രത്തിന്റെ പുതിയ നയങ്ങൾ നേരിയ പ്രതീക്ഷ നൽകുന്നെങ്കിലും സാമ്പത്തികഞെരുക്കത്തിൽ വലയുകയാണ് മലയാളി ഇപ്പോഴും. പാചക വാതകത്തിന്റെ വില ആയിരം കടന്നു. പെട്രോ ൾ വിലയെക്കുറിച്ച് പറയുമ്പോൾ പലർക്കും നിർവികാരതയാണ്. അൽപമൊന്നു കുറഞ്ഞെങ്കിലും 100നു മുകളിൽനിന്ന് താഴേയ്ക്കു പോന്നാലല്ലേ അൽപമെങ്കിലും ആശ്വാസമാകൂ. പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന് പറയുംപോലെ ഒറ്റക്കുതിപ്പിന് ലീറ്ററിന് 150 എത്തുമോ എന്ന ഭയവുമുണ്ട് ജനങ്ങൾക്ക്. പ്രത്യേകിച്ച് സ്വർണം തൂക്കുന്ന ത്രാസിലെന്ന പോലെ കിറുകൃത്യം മാത്രം വരുമാനമുള്ള ശമ്പളക്കാർക്ക്.

ജീവിതനിലവാരം ഒരു പരിധിയലധികം താഴ്ത്താൻ ക ഴിയില്ല. ശമ്പളം ഒരു രൂപ കൂടുന്നുമില്ല. കോവിഡിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും പേരിൽ ശമ്പളത്തിലുണ്ടാകുന്ന നഷ്ടക്കണക്കുകൾ വേറെ.

പൊതുവായ ചോദ്യം

ഈ ദയനീയാവസ്ഥയെ കുറിച്ച് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്ത്രീകളുടെ പ്രതികരണങ്ങളിലെല്ലാം പൊതുവായൊരു ചോദ്യമുണ്ടായിരുന്നു. ‘ഈ പോക്ക് പോയാൽ എങ്ങനെ മുന്നോട്ട് ജീവിക്കും നമ്മൾ’ എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം കൊണ്ട് എങ്ങനെ ജീവിതം കഴിച്ചുകൂട്ടാനാണ് ? പിഎഫിൽ പോകുന്നതും അതിലേക്ക് കൂടുതലായി അടക്കുന്നതുമായ തുകയാണ് ആകെയുള്ള സമ്പാദ്യം. അപ്പോഴാണ് പിഎഫിന്റെ ക ഴുത്തിൽ സർക്കാർ പിടിമുറുക്കിയത്. ഉയർന്ന പലിശ നിരക്കും നിർമാണസാമഗ്രികളുടെ കുത്തനെയുള്ള വിലക്കയറ്റവും കൊണ്ട് സ്വന്തം വീട് എന്ന മോഹം പലർക്കും ‘പേടി സ്വപ്ന’മായി മാറി.

ലോക്ഡൗണിൽ നിന്ന് മെല്ലെ തല ഉയർത്തുമ്പോഴാണ് തീ വിതറുന്ന നയങ്ങൾ ഒന്നൊന്നായി സാധാരണക്കാരന്റെ തലയിൽ വീഴുന്നത്. ഇതിനോടുള്ള കേരളത്തിലെ പെൺമനസ്സിന്റെ പ്രതികരണങ്ങളിലൂടെ.

കണക്കിലെ കാര്യങ്ങൾ

‘‘ഞങ്ങൾ മാത്‌സ് ടീച്ചേഴ്സ് വിലക്കയറ്റത്തെ Multi variable calculus ആയാണ് കാണുന്നത്.’’ കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ അധ്യാപിക ഡി. വിഷ്ണാ ദേവി പറഞ്ഞു തുടങ്ങി. ‘‘ഉദാഹരണം പറഞ്ഞാൽ 20 രൂപയ്ക്ക് കിട്ടിയിരുന്ന ബിസ്കറ്റ് പാക്കറ്റ് ഇപ്പോൾ 30 രൂപയ്ക്കാണല്ലോ കിട്ടുന്നത്. ഈ വിലവർധനവിനു പല കാരണങ്ങളുണ്ട്. അതു ഉണ്ടാക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വർധന, അവ കൊണ്ടുവരുന്നതിനുള്ള ഗതാഗത ചെലവ് ഇങ്ങനെ ഓരോന്നും ഓരോ വേരിയബിളാണ്. ഇതെല്ലാം കണക്കാക്കി വേണം നമ്മൾ വിലക്കയറ്റത്തെ മനസ്സിലാക്കാൻ.’’

‘‘പ്രളയവും കോവിഡും കേരളജനതയെ തളർത്തി. പലരുടെയും വീടും കൃഷിയുമെല്ലാം പോയി. കോവിഡിന്റെ ഞെരുക്കത്തിൽ ബിസിനസ് തകർന്നവർ അതിലേറെ. ആ സാമ്പത്തിക ഞെരുക്കത്തിൽ നിന്നു കരകയറുന്നതിനു മുൻപേ തന്നെ അവശ്യസാധനങ്ങളായ പഴം, പച്ചക്കറി, പലചരക്ക് എന്നിവയുടെ വിലക്കയറ്റം കുടുംബബജറ്റിന്റെ താളം തെറ്റിച്ചു.

ഉദാഹരണമായി പറഞ്ഞാൽ ഒരു കിലോ തക്കാളിക്ക് 100 മുതൽ 120 രൂപവരെ നമ്മൾ കൊടുക്കേണ്ടി വന്നില്ലേ. ആ രീതിയിലാണ് ഓരോ സാധനത്തിന്റെയും വില വർധന. ആർഭാടങ്ങൾ ഒഴിവാക്കാം. പക്ഷേ, ഭക്ഷണം ഒഴിവാക്കാ ൻ കഴിയുമോ...?’’ വിഷ്ണാദേവിയുടെ സഹപ്രവർത്തക, കെ.എസ്. സ്മിത രോഷത്തോടെ ചോദിക്കുന്നു.

‘‘ ഭക്ഷണസാധനത്തിന് വില കുറഞ്ഞു എന്ന് കേൾക്കാൻ സമീപ കാലത്ത് കഴിയുമോ എന്ന് സംശയമാണ്. വേനൽക്കാലത്ത് ഒരു നാരങ്ങാവെള്ളം കുടിച്ചാൽ ആശ്വാസമാണ്. പക്ഷേ, ഈ കഴിഞ്ഞ വേനലിനേക്കാൾ ചുട്ടുപൊള്ളുന്ന വില അല്ലായിരുന്നോ ചെറുനാരങ്ങയ്ക്ക്.

വിലക്കയറ്റം പിടിച്ചു നിർത്തുമെന്ന് പ്രസ്താവനകൾ ഇടയ്ക്കിടെ കേട്ടു. പക്ഷേ,അതുകൊണ്ട് കാര്യമുണ്ടോ? ശക്തമായ നടപടികൾ ഉണ്ടാകേണ്ടേ. പിടിച്ചു നിൽക്കാൻ പാടുപെടുകയാണ് സാധാരണക്കാർ.

പല വിവാദങ്ങളും ചർച്ച ചെയ്ത് മണിക്കൂറുകൾ തള്ളുന്നവർ പോലും നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പെടാപാട് പെടുന്ന സാധാരണക്കാരുടെ പ്രശ്നം സംസാരിക്കാൻ സമയം കണ്ടെത്തുന്നില്ല.

hike-2 രേവതി മുരളി, പൂജാ ദേവ്, കാർത്തിക സന്തോഷ് (ഇടത്ത്) സുധ ലക്ഷ്മി, സുഷമ, ശ്രീജ, സുനിത

ശരിക്കും ഈ വിവാദങ്ങൾ പലതും ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ മറയ്ക്കാനുള്ള അടവാണോ എന്നു പോലും സംശയം തോന്നും ചിലപ്പോൾ.’’ സെന്റ് ഗിറ്റ്സ് കോളജിലെ ഗണിതാധ്യാപിക വന്ദനാ പത്മകുമാറിന്റെ അ ഭിപ്രായത്തോട് സഹഅധ്യാപിക ജിഷ ആൻ ഏബ്രഹാമും യോജിപ്പ് പ്രകടിപ്പിച്ചു.

പിഎഫ് സമ്പാദ്യത്തിലും ഇടിത്തീ

‘‘വിലക്കയറ്റം എല്ലാവരെയും ബാധിച്ചതു പോലെ ഞങ്ങ ൾ സർക്കാർ ജീവനക്കാരെയും ബാധിച്ചിട്ടുണ്ട്.’’ പറയുന്നത് തിരുവനന്തപുരം ചിറയിൻകീഴ് വില്ലേജ് ഓഫിസർ എസ്.പി. സൗമ്യ. ‘‘ഡിഎ കുടിശ്ശിക ഏകദേശം എട്ടു ശതമാനത്തോളം കിട്ടാനുണ്ട്. ലീവ് സറണ്ടർ ഇല്ല. പിഎഫിന്റെ പലിശ കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് ഏകദേശം ഒരു ശതമാനത്തോളം കുറഞ്ഞു. സാധാരണക്കാരായ സർക്കാർ ജീവനക്കാർക്ക് പ്രധാന സമ്പാദ്യ മാർഗമാണിത്.

പിഎഫിന്റെ പലിശയിൽ കുറവും പലിശയിനത്തിൽ കിട്ടുന്ന തുകയ്ക്ക് ഇൻകംടാക്സ് അടയ്ക്കണമെന്ന നിയമവും വന്നു.’’ സൗമ്യയുടെ അഭിപ്രായത്തോട് യോജിച്ചു കൊണ്ട് ആറ്റിങ്ങൽ താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥ എ. നിസ .

‘‘സർക്കാർ ജീവനക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വത്തിൽ പിഎഫ് സമ്പാദ്യത്തിന് പ്രധാന സ്ഥാനമുണ്ട്. പലരും മക്കളുടെ പ്രധാന ആവശ്യങ്ങൾക്ക് വേണ്ടി മാറ്റി വ യ്ക്കുന്നതാണ് അത്. മിക്കവർക്കും വേറെ സമ്പാദ്യങ്ങളുണ്ടാകില്ല. കിട്ടുന്ന ശമ്പളം മുഴുവൻ ചെലവിനത്തിൽ പോകുമ്പോഴും ആശ്വാസം പിഎഫ് ഉണ്ടല്ലോ എന്നായിരുന്നു. അതിലാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്.’’ ഒപ്പമുള്ള സുമിക്കും സുമയ്യയ്ക്കും ഇതേ അഭിപ്രായം തന്നെയാണ്. ആ റ്റിങ്ങൽ റവന്യൂ ജീവനക്കാരാണ് രണ്ടുപേരും.

അടുക്കളയിൽ വീണ ബോംബ്

പാചകവാതക വിലക്കയറ്റം ഓരോ വീട്ടിലെയും അടുക്കളയിൽ വീണ ബോംബ് ആണ്. ‘ഗ്യാസിനു വില കൂടിയെങ്കിലെന്താ, വിറക് ഉപയോഗിച്ചു പാചകം ചെയ്തൂടെ’ എന്ന് വളരെ എളുപ്പത്തിൽ പരിഹാരം പറഞ്ഞവരുണ്ട്. വിറകിനു ക്ഷാമം നേരിട്ടതും വിറകിന്റെ വില വർധനയും അവരെന്താ അറിഞ്ഞില്ലെന്നുണ്ടോ? വിറകുപയോഗിച്ചു പാചകം ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണല്ലോ ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിലേക്ക് കടക്കാൻ കാരണം. വീണ്ടും പിന്നോട്ട് നടക്കാൻ ആഹ്വാനം ചെയ്യുന്നത് വിലക്കയറ്റത്തിൽ വലയുന്ന പൊതുജനത്തെ അവഹേളിക്കലല്ലേ!

‘‘സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ അടിത്തറയിളക്കുന്ന തരത്തിലല്ലേ പാചകവാതക വില വർധന.1000 രൂപയ്ക്കു മുകളിൽ കൊടുത്താലാണ് ഗ്യാസ് സിലിണ്ടർ കിട്ടുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ മൂന്നു തവണയായി 100 രൂപയാണ് കൂട്ടിയത്. വിറകടുപ്പിലേക്കു മടങ്ങാൻ പലരും പറയുന്നുണ്ട്. ഫ്ലാറ്റുകളിൽ താമസിക്കുന്ന ഞങ്ങളെപ്പോലുള്ളവർ എന്തു ചെയ്യും?

‍ഒന്നുകിൽ ഗ്യാസിന്റെ വില 800 രൂപ വരെയെങ്കിലും കുറയ്ക്കുക. അല്ലെങ്കിൽ, സബ്സിഡി ഫലപ്രദമായി നടപ്പാക്കുക. അതല്ലേ ഹീറോയിസം.’’ എറണാകുളം കാക്കനാട്ടെ വീട്ടമ്മ സിജി മാത്യു പരിഹാരവും പറഞ്ഞു.

‘‘രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോൾ ഇവിടെ കൂട്ടാതെ വയ്യല്ലോ എന്നായിരുന്നു മുൻപ് പറഞ്ഞ ന്യായം. എന്നാൽ ക്രൂഡ് ഓയിൽ വില താഴ്ന്ന നിലയിൽ എത്തിയപ്പോഴും യാതൊരു ഇളവും ജനത്തിന് കിട്ടിയില്ല. ജിഎസ്ടി വന്നാൽ എല്ലാ പ്രശ്നവും മാറും എന്നായിരുന്നു കുറേക്കാലം പറഞ്ഞുകൊണ്ടിരുന്നത്.

പക്ഷേ, ഇന്ധനങ്ങളെ ജിഎസിടി പട്ടികയിൽ ഉൾപ്പെ ടുത്താൻ ഇതുവരെ സർക്കാരുകൾ തയാറല്ല. ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കാനല്ല, സുഗമമമാക്കാനാണ് സർക്കാരുകൾ ശ്രമിക്കേണ്ടത്. ഇക്കാര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണം.’’ സിജിയുടെ അയൽക്കാരി ലിജി ജോർജിന്റെ അഭ്യർഥനയ്ക്ക് സുഹൃത്ത് ദീപ അനീഷിന്റെ പിന്തുണ.

‘‘തിരഞ്ഞെടുത്തു വിട്ട ജനങ്ങൾ ഭക്ഷണം കഴിച്ചു ജീവിക്കുമെന്ന് ഉറപ്പിക്കാനുള്ള ഉത്തരാവാദിത്തം സർക്കാരിനില്ലേ. റേഷൻ കൃത്യമായി കിട്ടുന്നത് കൊണ്ട് ഇപ്പോൾ നാട്ടിൽ പട്ടിണിയില്ലെന്ന് പൊതുവേ പറയാറുണ്ട്. പക്ഷേ, 10 രൂപയ്ക്ക് കിട്ടുന്ന അരി നേരെ കഴിക്കാൻ പറ്റില്ലല്ലോ. അത് ചോറാക്കാൻ ആയിരത്തിനു മേലെ വിലയുള്ള പാചകവാതകം വേണം.

അടിസ്ഥാന കാര്യങ്ങളുടെ വിലവർധനയെങ്കിലും തടയാൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ നാടിന്റെ പോക്ക് മോശം അവസ്ഥയിലേക്കാണെന്നതാണ് സത്യം.

വരുമാനം നഷ്ടപ്പെടുകയോ, കുറവ് സംഭവിക്കുകയോ ചെയ്ത് നട്ടം തിരിയുന്ന ജനങ്ങളെ പിന്തുണയ്ക്കേണ്ട സ ർക്കാർ കണ്ണടച്ചു നിൽക്കുന്നത് പരിതാപകരം എന്നേ പറയാനുള്ളൂ. ജനങ്ങൾക്ക് ഒരു പ്രയോജനവും ലഭിക്കാത്ത പോക്കറ്റ് വീർപ്പിക്കാൻ മാത്രം ലക്ഷ്യമിട്ട് വരുന്ന പദ്ധതികളുടെയും നിയമങ്ങളുടെയും ബില്ലുകൾ എളുപ്പത്തിൽ പാസ്സാകുകയും ചെയ്യും.’’ കൊക്കൂൺ മെറ്റേണിറ്റി ഇൻ ബിയോണ്ടിന്റെ മാനേജിങ് പാർട്നറായ ജിനു ജേക്കബ് നയങ്ങളോടുള്ള നീരസം മറയ്ക്കുന്നില്ല.

വീടു പണിയുന്നവരുടെ കഷ്ടകാലം

രണ്ടുകൊല്ലം മുൻപത്തെ വിലയുടെ ഇരട്ടിയായി ഇപ്പോൾ കമ്പിയുടെ വില. സിമന്റ്, സ്റ്റീൽ, സാനിറ്ററി വസ്തുക്കൾ, ടൈൽ, മണൽ എല്ലാറ്റിനും വില കൂടി. നിലവിൽ ഒരു സ്ക്വയർഫീറ്റിനു വരുന്ന ചെലവിനേക്കാൾ ശരാശരി 15 മുതൽ 20 ശതമാനം വരെ വർധന വിലക്കയറ്റം മൂലം ഉണ്ടായി. സ്റ്റീൽ പണികൾക്കും, തറ മുതൽ തേപ്പ് വരെയുള്ള സിവി ൽ വർക്കുകൾക്കും ചെലവിൽ ഗണ്യമായ വർധന ഉണ്ടായി. ഇപ്പോൾ വീടു പണി നടത്തുന്നവർ 20 ശതമാനമെങ്കിലും തുക അധികം കരുതേണ്ട അവസ്ഥയാണ്.’’

‘‘ബാങ്ക് ലോണുകൾക്കും പലിശ കൂട്ടിയില്ലേ. വിലക്കയറ്റവും പണപ്പെരുപ്പവും തടയാൻ പലിശനിരക്ക് കൂട്ടുക എന്ന പരമ്പരാഗത സാമ്പത്തിക നയമാണ് റിസർവ് ബാങ്ക് എടുത്തിരിക്കുന്നത്.’’ എറണാകുളത്തെ സംരംഭകയായ പൂജ ദേവ് പറയുന്നു.

‘‘വിലക്കയറ്റം വന്നിട്ടുണ്ട്, ബാങ്കിലെ പലിശയും കൂടിയിട്ടുണ്ട്. അതിനെല്ലാം എന്തു പരിഹാരം കാണുമെന്ന് ആലോചിച്ച് വീടു പണിയുന്നവർ എത്ര ആധിപിടിക്കുന്നുണ്ടാകും.’’ പൂജയുടെ സുഹൃത്തുക്കളും ഐടി പ്രഫഷനൽസുമായ പാർവതിയും കാർത്തികയും ചോദിക്കുന്നു.

കാറിലെ യാത്ര ടെൻഷനാണ്

തലശ്ശേരി കോടതി വളപ്പിൽ ഓഫിസ് കാര്യത്തിന് ഒരുമിച്ചു കൂടിയതാണ് അഭിഭാഷക സുഹൃത്തുക്കളായ പി.എം. ഹസീന, എൻ.കെ. സജ്ന, യു. ഗീത, പ്രണവ്യ പ്രകാശ്, എ.പി. സെഫുവന എന്നിവർ. വിലക്കയറ്റ ദുരിതത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഉടൻ വന്നു അഡ്വ. ഗീതയുടെ മറുപടി.

‘‘ടൂവീലറിൽ നൂറു രൂപയ്ക്ക് പെട്രോൾ അടിച്ചാൽ രണ്ടു ദിവസത്തേക്കില്ല. കാറ് പുറത്തേക്കെടുക്കാൻ കഴിയാതായിട്ട് നാളുകളായി. ശമ്പളത്തിന്റെ ചെറുതല്ലാത്ത ഭാഗം യാത്രയ്ക്കു വേണ്ടി നീക്കിവയ്ക്കണമെന്ന നിലയാണ്.അതിനനുസരിച്ച് വരുമാനത്തിൽ കാര്യമായ വർധനവില്ല താ നും.’’ ഒപ്പമുണ്ടായിരുന്ന തലശ്ശേരി കോടതിയിലെ അഭിഭാഷക അഡ്വ. ഹസീനയ്ക്കും അതേ അഭിപ്രായം തന്നെ.

‘‘ഞാൻ ഒാഫിസിലേക്ക് വരാൻ കാറെടുക്കാറില്ല. അല്ലാതെ തന്നെ ശമ്പളം പകുതി പോലും വീട്ടിൽ എത്തിക്കാൻ കഴിയാത്ത നിലയാണ്. അതിന്റെ കൂടെ ദിവസവും കാർ യാത്ര കൂടിയായാലോ?’’ മാഹി കോടതിയിലെ അഭിഭാഷകയും മാഹി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയിലെ അഡീഷനൽ ഡ്യൂട്ടി കൗൺസിലും കൂടിയായ അഡ്വ. ഹസീന ചോദിക്കുന്നു.

‘‘കുറഞ്ഞ ഇഎംെഎയിൽ കാർ പുതിയതായി വാങ്ങാ ൻ പറ്റും. പക്ഷേ, ഇന്ധനം ഇഎംഐയിൽ കിട്ടില്ലല്ലോ’’ മാഹി കോടതിയിലെ അഡ്വ.സജ്നയുടെ കമന്റ്.

‘‘എനിക്കു പരിചയമുള്ള ഒരു ഓട്ടോ ചേട്ടൻ കണ്ടപ്പോ ൾ സങ്കടം പറഞ്ഞു. ഡീസൽ വില എഴുപതിൽ താഴെയായിരുന്നപ്പോൾ മിനിമം ചാർജ് 25 രൂപയായിരുന്നു. ഡീസലിന് 100 രൂപയിൽ കൂടുതലായപ്പോൾ മിനിമം ചാർജ് 30നു മുകളിലാക്കിയെങ്കിലും പ്രത്യേകിച്ചു ലാഭമൊന്നും അവർക്ക് കിട്ടുന്നില്ല. കൊറോണ പേടിച്ച് സ്വകാര്യ വാഹനങ്ങളിൽ പോകുന്ന ആളുകളുടെ എണ്ണം കൂടിയതു കൊണ്ട് കാര്യമായ ഓട്ടവുമില്ല. ചാർജ് കൂട്ടിയെന്നു കേൾക്കുമ്പോൾ പലരും നെറ്റി ചുളിക്കും. പക്ഷേ, ഒാട്ടോ, ടാക്സി ഡ്രൈവർമാരുടെ ജീവിതത്തിൽ ഈ വർധനയും കാര്യമായ ഗുണം ഉണ്ടാക്കിയിട്ടില്ല.’’ തലശ്ശേരി കോടതിയിലെ അഡ്വ. എ. പി. സെഫുവന പറയുന്നു. കൂടെയുണ്ടായിരുന്ന പ്രണവ്യ പ്രകാശിനും കൃത്യമായ സാമൂഹിക നിരീക്ഷണം ഉണ്ട്.

‘‘ന്യൂക്ലിയർ ഫാമിലി ആയതുകൊണ്ട് ജോലിയില്ലാത്ത സ്ത്രീകൾക്കു പോലും വീട്ടിലിരിക്കാൻ പറ്റില്ല. മക്കളുടെ ആവശ്യത്തിനും വീട്ടാവശ്യത്തിനുമെല്ലാം വീടിനു പുറത്തിറങ്ങണം. ഇന്ധന വില കുറയാതെ സാധാരണക്കാരുടെ ജീവിതം ഒരടി മുന്നോട്ട് നീങ്ങില്ലെന്ന അവസ്ഥയാണ്.’’

‘വിലക്കയറ്റത്തിനെതിരെയേ ഞങ്ങൾക്കു പറയാനുള്ളൂ’ എന്നു മുഖവുരയോടെയാണ് സെയിൽസ് ജീവനക്കാരിയും കാസർകോട് സ്വദേശിയുമായ സുനിതയും സുഹൃത്തുക്കൾ ശ്രീജയും സുഷമയും സുധാ ലക്ഷ്മിയും അഭിപ്രായം പറ‍ഞ്ഞത്.

‘‘അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവർക്ക് ഈ വിലക്കയറ്റം എന്തു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പച്ചക്കറിയുടെ വില കാരണം അടുക്കാൻ പറ്റാറില്ല. ആഴ്ചയിലൊരിക്കലാണ് ചിക്കനും മീനും വാങ്ങുന്നത്. അതിനും ഇപ്പോൾ ഭയങ്കര വിലയല്ലേ.’’ കുടുംബശ്രീ ഷോപ്പ് നടത്തുന്ന സുഷമയുടെ പരാതി.

‘എന്നാണ് ഇതിനൊരു അറുതി വരിക?’ ചോദ്യം എറിഞ്ഞ് കൊണ്ട് സുനിത തിരക്കിട്ടിറങ്ങി. വീട്ടിലേക്കുള്ള ബസ് പിടിക്കാൻ.

ടെൻസി ജെയ്ക്കബ്ബ്