Tuesday 01 November 2022 12:32 PM IST : By സ്വന്തം ലേഖകൻ

കേസിൽ ട്വിസ്റ്റ്... വിഷം കലക്കാൻ ഗ്രീഷ്മയുടെ അമ്മയുടെ സഹായം, തെളിവ് നശിപ്പിക്കാൻ അമ്മാവൻ: അറസ്റ്റ് രേഖപ്പെടുത്തി

greeshma-mother

കാമുകനെ കളനാശിനി കഷായത്തിൽ ചേർത്ത് നൽകി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും കൊലപാതകത്തിലും തെളിവു നശിപ്പിച്ചതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ കേസിൽ പ്രതിചേർത്തിരുന്നു. പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവൻ നിർമൽ കുമാറിനും പങ്കുണ്ടെന്നു വ്യക്തമായതിനെത്തുടർന്നാണ് ഇവരെയും കസ്റ്റഡിയിലെടുത്തു. ഇവരെ പ്രതി ചേർത്ത് ഇന്നു കോടതിയിൽ ഹാജരാക്കും. പാറശാല മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിന്റെ (23) കൊലപാതകക്കേസിൽ ഇതോടെ പ്രതികളുടെ എണ്ണം മൂന്നായി.

കേസിൽ കേരള അതിർത്തിയിൽ കാരക്കോണത്ത‍ിനു സമീപം രാമവർമൻചിറ സ്വദേശി ഗ്രീഷ്മയുടെ (23) അറസ്റ്റ് ഇന്നലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ നിന്ന് അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആശുപത്രിയിലെത്തി ഗ്രീഷ്മയുടെ മൊഴിയെടുത്തു. പിന്നാലെ, വൈകിട്ട് 3.20 ന് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. റിമാൻഡ് റിപ്പോർട്ട് ഇന്നു നെയ്യാറ്റിൻകര മജിസ്ട്രേട്ടിനു നൽകും. തുടർന്നു തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

അതേസമയം ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും ഇന്ന് തെളിവെടുപ്പിന് എത്തിക്കുമെന്നാണ് സൂചന. ഷാരോണിന് വിഷം നല്‍കിയെന്ന് ഗ്രീഷ്മ സമ്മതിച്ച കഷായത്തിന്റെ കുപ്പി തൊട്ടടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയത്. ഇത് കണ്ടെടുക്കുന്നതിനു വേണ്ടിയാണ് തെളിവെടുപ്പ്. ഷാരോണിനു കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

അമ്മയുൾപ്പെടെ ആർക്കും വിഷം നൽകിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മാവൻ നിർമൽകുമാറും സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നു വ്യക്തമായത്.

ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോൺ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപ് ഇരുവരും പുറത്തുപോയിരുന്നു. ഇതോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്കു പോയിരുന്നില്ലെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് കൊലയ്ക്കു പിന്നിലെ ആസൂത്രിത സ്വഭാവം പൊലീസ് ഉറപ്പിച്ചത്.

ഷാരോണിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണു ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. അതിനു ശേഷം ഇന്നലെ പുലർച്ചെ ഒന്നരയോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. രാവിലെ എട്ടരയോടെ വനിതകൾക്കുള്ള വിശ്രമമുറിയിലെ ശുചിമുറിയിൽ പോയപ്പോഴാണു ഗ്രീഷ്മ അവിടെ വച്ചിരുന്ന ലോഷൻ കുടിച്ചത്. റൂറൽ എസ്പി ഓഫിസിലേക്കു കൊണ്ടുപോകാൻ ജീപ്പിൽ കയറ്റുന്നതിനിടെ ഛർദിച്ചതോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു.