Wednesday 16 March 2022 03:24 PM IST

‘ഈ കൊച്ചിന് പറ്റിയ പണിയല്ലിത്’: കടൽചൊരുക്കില്‍ ബോധംകെട്ടുവീണു ഹരിത: ഇന്ന് കപ്പൽ ക്യാപ്റ്റൻ

Tency Jacob

Sub Editor

haritha-sea-

ആലപ്പുഴ എരമല്ലൂരിൽ എന്റെ വീടിന്റെ പത്തു കിലോമീറ്ററിനപ്പുറം കടലാണ്. തിരയിലിറങ്ങി കളിക്കാൻ അച്ഛന്റെ കയ്യും പിടിച്ച് എത്രയോ വട്ടം കടൽത്തീരത്തേക്ക് പോയിട്ടുണ്ട്. ആദ്യദിനം കപ്പലിൽ കയറുമ്പോൾ ആ ആത്മവിശ്വാസം കൂടെയുണ്ടായിരുന്നു. പക്ഷേ, ന മ്മൾ കാണുന്ന കടലും അനുഭവിക്കുന്ന കടലും തമ്മിൽ ഒരുപാട് അന്തരമുണ്ട്.

ആദ്യ ദിനം ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ കടൽചൊരുക്കു പിടിച്ച് ഞാൻ തളർന്നു. അന്നു 28 തവണ ഛർദ്ദിച്ചു. 35 മീറ്റർ നീളമുള്ള ചെറിയ കപ്പലല്ലേ, പെട്ടെന്ന് ആടിയുലയും. കടൽച്ചൊരുക്കു കൂടുതലായി തോന്നും.’’ മത്സ്യബന്ധന കപ്പലിൽ ക്യാപ്റ്റനായ രാജ്യത്തെ ഏക വനിത ഹരിത കെ.കെ. കടലിനെ മെരുക്കിയ കഥ പറഞ്ഞു തുടങ്ങി.

‘‘പിറ്റേന്നും കടൽചൊരുക്കു തന്നെ. അവശയായി ബോധം കെട്ടു വീണു. കൂടി നിൽക്കുന്ന സഹപ്രവർത്തകരിൽ ആരോ പറയുന്നതു കേട്ടാണ് ഉണർന്നത്. ‘ഈ കൊച്ചിനൊന്നും പറ്റിയ പണിയല്ല ഇത്. ഇതു മിക്കവാറും നിർത്തി പോകും.’ അതെന്റെ ആത്മാഭിമാനത്തിലാണ് തറച്ചത്. ‘അങ്ങനെയൊന്നും ത ളരുന്നവളല്ലടോ ഈ ഹരിത കെ.കെ.’ ഞാൻ മനസ്സിൽ പറഞ്ഞു. പതിയെ കടൽ വന്യത അവസാനിപ്പിച്ചു തുടങ്ങി. കടൽച്ചൊരുക്കു ബാധിക്കാതായി. ഒടുവിൽ ഞാനും കടലും കൂട്ടുകാരായി.’’ ഹരിത കടലിലേക്ക് കണ്ണെറിഞ്ഞു.

അന്നു സന്തോഷിച്ച് തുള്ളിച്ചാടി

‘‘ഞാൻ സിഫ്നെറ്റിൽ ബിഎഫ്എസ്ഇ നോട്ടിക്കൽ സയൻസിനു ചേർന്ന സമയത്താണ് ഇന്ത്യയിൽ ആദ്യ ലേഡി ക്യാപ്റ്റനായി രാധിക മേനോൻ ചുമതലയേൽക്കുന്നത്. ആരാധനയോടെയാണ് അവരെക്കുറിച്ചു വരുന്ന ഒാരോ വാർത്തയും വായിച്ചിരുന്നത്. ഒരു ദിവസം ഞങ്ങളുടെ കപ്പലിനൊപ്പം നീന്തുന്ന ഡോൾഫിനോട് കളി പറഞ്ഞു ഡെക്കിൽ ഇരിക്കുമ്പോഴാണ് കൊച്ചിയിലെ ഓഫിസി ൽ നിന്നു കോൾ ഉണ്ടെന്നു പറയുന്നത്. അതു രാധിക മാഡമായിരുന്നു. എന്നെ അഭിനന്ദിക്കാൻ വിളിച്ചതാണ്. അന്നു തുള്ളിച്ചാടിയായിരുന്നു കപ്പലി ൽ കൂടിയുള്ള നടപ്പ്.

ഇപ്പോൾ ആറു വർഷമായി, പരിശീലനത്തിന്റെയും ജോലിയുടെയും ഭാഗമായി കപ്പലിൽ യാത്ര ചെയ്യാൻ തുടങ്ങിയിട്ട്. വിശ്രമമില്ലാത്ത ജോലിയും ധാരാളം വെല്ലുവിളികളും ഉള്ളതു കൊണ്ടായിരിക്കും, ഇത് ആണുങ്ങളുടെ സാമ്രാജ്യമാണെന്നാണ് പൊതുവെ പറയുന്നത്.

മോശം കാലാവസ്ഥ, രാത്രിയിൽ നങ്കൂരമിട്ട കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത്, കപ്പലിലുള്ള ഒരാൾക്ക് മെഡിക്കൽ എമർജൻസി വരുന്നത് ഇങ്ങനെ ഓരോ നിമിഷവും നേരിടേണ്ടത് ഗൗരവ വിഷയങ്ങളാണ്. കപ്പലിൽ 20 മുതൽ 25 വരെ ജോലിക്കാരുണ്ടാകും. ഒരാൾക്ക് ഡ്യൂട്ടി കൊടുക്കുമ്പോ ൾ പോലും ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കണം. ശാരീരിക, മാനസിക നില, അയാൾ അന്നേ ദിവസം എത്ര സമയം ഉറങ്ങി, എത്ര സമയം ജോലി ചെയ്തു എന്നിങ്ങനെ പല കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കപ്പലിൽ എന്തു സംഭവിച്ചാലും അതു ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ്. രാത്രിയൊന്നും ശരിയായി ഉറക്കം കിട്ടില്ല. ഇടക്കിടയ്ക്ക് എണീറ്റു ചെന്നു നോക്കും. ‘കുഴപ്പമൊന്നുമില്ലല്ലോ’ എന്നു ജാഗരൂകയാകും.

ആലപ്പുഴ ജില്ലയിൽ എരമല്ലൂരിലെ കൈതക്കുഴി വീട്ടിൽ കുഞ്ഞപ്പന്റെയും സുധർമയുടെയും മകളാണ് ഹരിത. ഏട്ടൻ അരുണും ഭാര്യ ഷാനുവും മകൾ ഹരിലയയ‌ും ചേരുന്നതാണ് ഹരിതയുടെ വീട്. ‘‘പുരുഷൻ അടക്കി വാണിരുന്ന മേഖലകളിൽ സ്ത്രീകൾ എത്തിച്ചേർന്ന കഥകൾ വായിച്ചാണ് വ്യത്യസ്തയാകണം എന്ന തീരുമാനത്തിലെത്തുന്നത്.’’ ഹരിത പറയുന്നു.

haritha-fam ചേട്ടൻ അരുൺ, ഭാര്യ ഷാനു, ചേട്ടന്റെ മകൾ ഹരിപ്രിയ, ഹരിത, അമ്മ സുധർമ, അച്ഛൻ കുഞ്ഞപ്പൻ

സ്വസ്ഥം ശാന്തം കടൽ

‘‘ മർച്ചന്റ് നേവിയിൽ പരിശീലനം നടത്തുന്ന സമയത്ത് ഞാൻ മരിയാന ട്രഞ്ച് മറികടന്നു. കടലാഴത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് പസ ഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ച്. വെള്ളത്തിനടിയിലേക്ക് പതിനൊന്നര കിലോമീറ്റർ താഴ്ച. അതിനു മുകളിൽ കപ്പലിൽ ഉള്ള ആ യാത്ര. ഇപ്പോഴോർക്കുമ്പോഴും ആനന്ദം നൽകുന്ന ഓർമ.

ഡിഗ്രി ഫസ്റ്റ് ഇയർ ക്ലാസെടുക്കുന്നതിനിടയിൽ അധ്യാപകൻ അരുൺ സീരിയസായി ഒരു കാര്യം പറഞ്ഞു. ‘പെൺകുട്ടികൾ ഡിഗ്രി കഴിഞ്ഞു പിജി ചെയ്യും. പിന്നെ, ഈ വഴിക്ക് കാണില്ല.’ ഞാൻ അതിനെ എതിർത്തു. സർ വിശദീകരിക്കാൻ നോക്കിയെങ്കിലും ഞാൻ തൃപ്തയായില്ല. അന്നു പാഠഭാഗത്തു നിന്നുള്ള ചോദ്യം ചോദിച്ച് എന്റെ ഊഴമെത്തിയപ്പോൾ ‘ക്യാപ്റ്റൻ ഹരിത വിൽ ആൻസർ’ എന്നു സർ കളിയായി പറഞ്ഞു. ഉത്തരം പറയുന്നതിനു തൊട്ടു മുൻപുള്ള നിമിഷം ഞാൻ തീരുമാനിച്ചു.‘ഞാനൊരു ക്യാപ്റ്റനാകും.’ അരുൺ സർ കട്ട പിന്തുണയാണ് നൽകുന്നത്.

ഇന്ത്യൻ നേവിയിൽ ചേരാനായിരുന്നു ആഗ്രഹം. പൊക്കം കുറവായതുകൊണ്ടു നടക്കാതെ പോ യി. പഠനത്തിനും പരിശീലനത്തിനും ശേഷം കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മറൈൻ ഫിഷറീസ് കപ്പലുകളിൽ നിയമിക്കപ്പെടാനുള്ള സ്കിപ്പറിന്റെ പരീക്ഷ എഴുതി വിജയിച്ചു. ഫിഷറീസ് ഡിപ്പാർട്മെന്റിലെ ക്യാപ്റ്റനെ സ്കിപ്പർ എന്നാണ് പറയുന്നത്.

ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ മത്സ്യ നിരീക്ഷണ കപ്പലിൽ സ്കിപ്പറായാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. മീനുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരാണ് കപ്പലിലെ യാത്രക്കാർ. ലക്ഷദ്വീപ് വരെയൊക്കെ യാത്ര ചെയ്യും.

കടലിൽ കഴിയുമ്പോൾ നിറയെ സമാധാനമാണ്. ശല്യപ്പെടുത്തുന്ന ഫോൺവിളികളില്ല, ചിന്തകളുടെ അലട്ടലുകളില്ല. കടലിൽ നിന്നു ശുദ്ധവായു ശ്വസിച്ച് കരയിലേക്ക് വരുമ്പോള്‍ കരയിൽ പിടിച്ചിട്ട മീൻ പോലെ ഒരു പിടച്ചിലാണ്.