Friday 03 June 2022 11:53 AM IST

ഫോൺവിളി, അശ്ലീല കമന്റ്, ഫൊട്ടോ ദുരുപയോഗം! ഒരു നിമിഷം പോലും മടിക്കരുത്, പരാതി ഇങ്ങനെ നൽകണം

Shyama

Sub Editor

cyber-crime-ladies

നടന്നതു നടന്നു. ഇനി അത് ബാക്കിയുള്ളവരെ കൂടി അറിയിക്കേണ്ട’ എന്ന് ചിന്തിച്ചിരുന്ന ദ്രവിച്ച കാലത്തു നിന്ന് നമ്മൾ ഒരുപാടു ദൂരം മുന്നോട്ടു വന്നിരിക്കുന്നു. ‘എനിക്ക് സംഭവിച്ചത് മറ്റൊരാൾക്കും വരരുത്’ എന്ന് ആഗ്രഹിക്കുന്ന, ‘ഞാനല്ല അതിക്രമം ചെയ്തവരാണ് ഭയക്കേണ്ടതെന്നും തല താഴ്ത്തേണ്ടതെന്നും’ മാറി ചിന്തിക്കുന്ന കാലമാണിത്. നമുക്കോ മറ്റുള്ളവർക്കോ എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങളുണ്ടായാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ അ റിഞ്ഞുവയ്ക്കാം.

സ്ത്രീകൾക്കെതിരെ എന്തു തരം അതിക്രമങ്ങൾ നടന്നാലും ആദ്യം വിളിക്കേണ്ട നമ്പറുകൾ ഏതൊക്കെയാണ്?

112 എന്ന ടോൾ ഫ്രീ നമ്പർ ആദ്യം ഓർക്കാം. ഇന്ത്യയിലുടനീളം ഉപയോഗിക്കാവുന്ന എമർജൻസി നമ്പറാണ് ഇത്. വ്യക്തിയുടെ ആവശ്യമനുസരിച്ച് പൊലീസ് സഹായമോ വൈദ്യസഹായമോ നിയമസഹായമോ ലഭിക്കും.

പൊലീസിന്റെ ‘നിർഭയം’ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യാം. പ്രശ്നസാഹചര്യത്തിൽ ആപ്പ് വഴി അത് ഉപയോഗിക്കുന്ന ആളുടെ സ്ഥലവിവരങ്ങള്‍ ഉടനെ പൊലീസിന് ലഭിക്കും. സഹായം എളുപ്പത്തിൽ ലഭ്യമാകും. ഫോണിൽ ഡൗൺലോഡ‍് ചെയ്തിട്ടാൽ ഇന്റർനെറ്റ് ഇല്ലെങ്കിൽ പോലും ഈ ആപ്പ് പ്രവർത്തിക്കും. 1090 എന്ന ക്രൈം സ്റ്റോപ്പർ നമ്പറും 181 എന്ന മിത്ര ഹെൽപ് ലൈൻ നമ്പറും ഫോണിൽ സേവ് ചെയ്യാം.

നേരിട്ടു പരാതി നൽകാൻ എന്തു ചെയ്യണം?

ശാരീരികോപദ്രവം, ഗാർഹിക പീഡനം, ലൈംഗികാതിക്രമം, സൈബർ ക്രൈം തുടങ്ങി എന്തു തരം അതിക്രമവും നിങ്ങൾക്ക് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാം. പരാതി എഴുതാൻ അറിയാത്തവർക്ക് മൊഴിയായി നൽകാം. ഒത്തുതീർപ്പും താക്കീതും അല്ലാതെ കേസ് ആക്കേണ്ട വിഷയങ്ങൾ കഴിവതും പരാതിയായി എഴുതിത്തന്നെ സ്റ്റേഷനിൽ നൽകുക.

അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെടുമ്പോൾ എന്തൊക്കെ വിവരങ്ങളാണ് ചേർക്കേണ്ടത്?

അതിക്രമം എപ്പോൾ നടന്നു, എവിടെ വച്ച് നടന്നു, സമയം, പരിചയമുള്ള ആളിൽ നിന്നാണ് അതിക്രമം നടന്നതെങ്കിൽ ആ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ (ഫോൺ നമ്പർ, വിലാസം, ജോലിസ്ഥലം, പ്രൊഫൈൽ ഐഡി മുതലായവ), പരിചയമില്ലാത്തയാളാണെങ്കിൽ ആളെ തിരിച്ചറിയാൻ സഹായിക്കുന്ന കാര്യങ്ങൾ (വണ്ടി നമ്പർ, ശാരീരിക അടയാളങ്ങൾ, മെസേജൊ വിളിയോ വന്ന പ്രൊഫൈൽ ഐഡി/ഫോൺ നമ്പർ തുടങ്ങിയ കാര്യങ്ങൾ) പറയുക.

പരാതിപ്പെടുന്നയാളുടെ വിലാസം, ഫോൺ നമ്പർ, മെയിൽ ഐഡി (ഉണ്ടെങ്കിൽ) എന്നിവ കൃത്യമായി ചേർക്കാൻ ഒാർക്കുക. ശാരീരികാതിക്രമങ്ങൾ നടന്നിട്ട് ചികിത്സ തേടിയിരുന്നെങ്കിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ വിവരങ്ങളുടെയും കോപ്പി കൂടി പരാതിയിൽ ഉൾപ്പെടുത്തുക. ശാരീരിക അതിക്രമങ്ങൾ നടന്ന ഉടനെയാണ് പരാതിപ്പെടുന്നതെങ്കിൽ അധികൃതരുടെ ഭാഗത്തു നിന്ന് വൈദ്യസഹായവും നിയമസഹായവും ലഭിക്കും.

ഗാർഹിക പീഡനം, മാരിറ്റൽ റേപ് (വിവാഹ ജീവിതത്തിലെ ലൈംഗിക പീഡനം) ഉൾപ്പെടെയുള്ള കാര്യങ്ങൾ ന ടന്നാൽ ആശുപത്രിയിൽ പോയി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ എവിഡൻസ് എടുക്കാൻ പരമാവധി ശ്രമിക്കുക. അതില്ലെങ്കിലും പരാതി നൽകാൻ മടിക്കരുത്.

മറ്റുള്ളവർക്കെതിരെയുള്ള അതിക്രമങ്ങൾ പേര് വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യാൻ സാധിക്കുമോ ?

അയൽപക്കത്തോ പൊതുവിടങ്ങളിലോ ഉള്ള അതിക്രമങ്ങൾ വ്യക്തിവിവരങ്ങൾ പുറത്ത് വരും എന്ന ഭയമില്ലാതെ അതത് നമ്പറുകളില്‍ വിളിച്ചോ നേരിട്ടോ ഒക്കെ പരാതിപ്പെടാം. അതിക്രമം നടക്കുന്ന/നടന്ന കൃത്യമായ സ്ഥല വിവരം (അടയാളങ്ങൾ ഉൾപ്പെടെ) പറയാൻ ശ്രദ്ധിക്കുക.

പക പോക്കാനോ മറ്റുള്ളവരെ അപായപ്പെടുത്താനോ ഒന്നും ഈ സൗകര്യം ദുരുപയോഗം ചെയ്യരുത്. അങ്ങനെ ചെയ്താൽ അതിന്റെ ഭവിഷ്യത്തുകൾ നേരിടേണ്ടി വരും.

സൈബർ കുറ്റകൃത്യം എവിടെ റിപ്പോർട്ട് ചെയ്യണം ?

ഒരിക്കലും തെളിവുകൾ മായുന്നില്ല എന്നതാണ് സൈബർ ക്രൈമിന്റെ പ്രത്യേകത. സൈബർ ക്രൈം ഉണ്ടായാൽ ∙പൊലീസിന്റെ വെബ്സൈറ്റിൽ കാണുന്ന മെയിൽ ഐ ഡികൾ വഴി പരാതി നൽകാം.

∙ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നേരിട്ടു പോയി പ രാതി നൽകാം.

∙ സൈബർ അതിക്രമങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ അതത് ജില്ലകളിലുണ്ട്. അവിടെ പരാതി നൽകാം. ഇത് കൂടാതെ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സൈബർ ക്രൈം പോർട്ടൽ ഉണ്ട്. അതിലൂടെയും പരാതിപ്പെടാം.

എന്തൊക്കെയാണ് സൈബർ ക്രൈം പരാതിക്കൊപ്പം നൽകേണ്ട വിവരങ്ങൾ?

പരാതിയുടെ സ്വഭാവമനുസരിച്ച് നൽകേണ്ട വിവരങ്ങൾ വ്യത്യസ്തമായിരിക്കും. ഫെയ്സ്ബുക്കിലൂടെയോ മറ്റോ ആണ് കുറ്റകൃത്യം നടന്നതെങ്കിൽ യുആർഎൽ ഉൾപ്പെടെയുള്ള സ്ക്രീൻഷോട്ട്/പ്രിന്റ് സ്ക്രീൻ, കണ്ടെന്റ് വന്നിരിക്കുന്നത് എവിടെയാണ് (ഉദാഹരണത്തിന് നിങ്ങളുടെ ചിത്രം ദുരുപയോഗം ചെയ്തിട്ട പേജ്, നിങ്ങൾക്കെതിരെ മോശം കമന്റ് നൽകിയ പോസ്റ്റ് തുടങ്ങിയവ) അതിന്റെ സ്ക്രീൻഷോട്ട്, ശബ്ദ ഫയലുകൾ സേവ് ചെയ്ത് ഒപ്പം ചേർക്കുക. ഇവയൊക്കെ പരാതിക്ക് ബലം നൽകും.

പണം ആവശ്യപ്പെട്ട് ഫോൺവിളിയിലൂടെയോ മെസേജിലൂടെയോ ഒക്കെ നടത്തുന്ന തട്ടിപ്പുകളിൽ ആദ്യം വേണ്ടത് പണമിടപാടിന്റെ പ്രസ്താവനയാണ് (സ്റ്റേറ്റ്മെന്റ്). ബാങ്ക് വഴി പണം എങ്ങോട്ടാണ് പോയിരിക്കുന്നതെന്ന് കണ്ടെത്താൻ ഇത് ഉപകാരപ്പെടും. ആപ്പുകൾ വഴിയാണ് പണം അയച്ചതെങ്കിൽ അതും പരാതിയിൽ പറയുക. പരിചയമുള്ളവരോ അല്ലാത്തവരോ പറഞ്ഞാൽ പോലും അറിയാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക. ചെയ്താൽ തന്നെ നിങ്ങൾക്ക് യാതൊരു മുൻപരിചയവുമില്ലാത്ത ആളുകൾ ചോദിച്ചാല്‍ ഫോണിൽ വരുന്ന ഒടിപിയും മറ്റും അവരുമായി പങ്കുവയ്ക്കാതിരിക്കുക.

നിങ്ങളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുക, നിങ്ങളുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടുമ്പോഴും വ്യാജ പ്രൊഫൈലിന്റെ യുആർഎൽ കാണുന്ന തരത്തിലുള്ള സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കുക. ഫോണില്‍ ആപ്പ് വഴി നോക്കുമ്പോള്‍ യുആർഎൽ കാണണമെന്നില്ല. കഴിവതും ലാപ്ടോപ്പിലോ കംപ്യൂട്ടറിലോ അതേ പേജ് തുറന്ന് സ്ക്രീൻഷോട്ട് എടുക്കുക.

പരിചയമുള്ള ആളുകളോ അല്ലാത്തവരോ ഫോണിലൂടെ അസഭ്യം പറയുക, അശ്ലീല ചിത്രങ്ങൾ അയയ്ക്കുക തുടങ്ങിയവ ചെയ്താൽ അവരുടെ നമ്പറും അറിയുന്ന മറ്റ് വിവരങ്ങളും (വിലാസം, ജോലിസ്ഥലം) വച്ച് വേണം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ.

+ ചിഹ്നത്തിൽ തുടങ്ങി കുറച്ച് അക്കം മാത്രമുള്ള നമ്പറുകൾ ട്രെയ്സ് ചെയ്യാൻ ബുദ്ധിമുട്ടാണ്. അത്തരം നമ്പറുകളിൽ നിന്ന് മോശമായി സംസാരിച്ചാൽ കഴിവതും ബ്ലോക് ചെയ്തിടുക. പല നമ്പറുകളിൽ നിന്നു മാറി മാറി വിളിച്ച് ശല്യം തുടരുന്നെങ്കിൽ മടിക്കാതെ പരാതിപ്പെടുക.

മുന്‍പ് പങ്കുവച്ച ചിത്രങ്ങളോ ദൃശ്യങ്ങളോ സംഭാഷണ ശകലങ്ങളോ പിന്നീട് പരസ്പര സമ്മതമില്ലാതെ ദുരുപയോഗം ചെയ്താൽ പരാതിപ്പെടാമോ?

പണ്ട് താൻ കൂടി ഉൾപ്പെട്ട് ചെയ്ത കാര്യങ്ങൾ മറ്റൊരാൾ ദുരുപയോഗം ചെയ്താൽ (പണ്ടയച്ച ചിത്രങ്ങൾ, വിഡിയോസ് തുടങ്ങി എന്തും) അത് തന്റെ കൂടി തെറ്റല്ലേ എന്നോർത്ത് സമൂഹത്തിന്റെ ചോദ്യങ്ങൾ ഭയന്ന് മറച്ചു വയ്ക്കുന്ന ധാരാളം സ്ത്രീകളും ട്രാൻസ് വ്യക്തികളുമുണ്ട്. ഓർക്കുക, നമ്മുടെ സമ്മതമില്ലാതെ സൗഹൃദാന്തരീക്ഷമുള്ളപ്പോഴോ അതില്ലാത്തപ്പോഴോ വ്യക്തിവിവരങ്ങളോ സ്വകാര്യ വിവരങ്ങളോ ദുരുപയോഗം ചെയ്യുന്നത് ശിക്ഷാർഹമാണ്.

നമുക്ക് അനുഭവിക്കേണ്ടി വന്ന മാനസിക/ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് മിണ്ടാതിരുന്നാൽ ഒരുപക്ഷേ, മറ്റൊരാൾ കൂടി ഭാവിയിൽ ഇതിനിരയായേക്കാം. മാത്രമല്ല, പണ്ട് സമ്മതത്തോടെ ചെയ്ത കാര്യം പിന്നീട് സമ്മതമില്ലാതെ പുറത്ത് വിടുന്നത്/ദുരുപയോഗം ചെയ്യുന്നത് അത് പുറത്ത് വിട്ടയാളുടെ ക്രിമിനൽ സ്വഭാവത്തെയാണ് കാണിക്കുന്നത്. മറ്റൊരാൾ ചെയ്ത തെറ്റ് മിണ്ടാതെ സഹിക്കുകയോ അപമാനഭാരമേൽക്കുകയോ അതിന്റെ പേരിൽ ജീവിതം അവസാനിപ്പിക്കുകയോ അല്ല വേണ്ടത്. പരാതിപ്പെടുക.

പരസ്പരസമ്മതമില്ലാതെ ദൃശ്യങ്ങൾ പുറത്തുവിട്ടാൽ അവ പുറത്തു വന്ന ഐഡി/പേജ്/യുട്യൂബ് ലിങ്ക് എന്നിവയുണ്ടെങ്കിൽ അത് കൂടി പരാതിക്കൊപ്പം വയ്ക്കുക.

ശ്യാമ

വിവരങ്ങൾക്ക് കടപ്പാട്: വനിതാ സെൽ, കൊച്ചി.

സൈബർ സെൽ, എറണാകുളം

മിത്ര ഹെൽപ് ലൈൻ, കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ.