Saturday 16 July 2022 09:48 AM IST

‘കുക്കർ പൊട്ടിത്തെറിച്ചു... നീരാവിയും തിളച്ച കറിയും മുഖത്തേക്കൊഴുകി’: കാഴ്ചമങ്ങി, എന്നിട്ടും ഇന്ദു തളർന്നില്ല

Tency Jacob

Sub Editor

indu-story-crisis

പച്ചക്കറികൾ ഒലിവ് ഓയിലിൽ വഴറ്റുന്നതിന്റെ സുഗന്ധം നിറഞ്ഞ അടുക്കള. പാചകം കലയാക്കിയ ഒരാളുടെ വീടാണിതെന്ന് അറിയാൻ ആ ഹൃദ്യഗന്ധത്തിന്റെ ആമുഖം മതി. ആലുവ കടുങ്ങല്ലൂരിലുള്ള സാരഥി വിലാസിൽ ഇന്ദു തന്റെ മാസ്റ്റർപീസ് മിന്റ് ബിരിയാണി ഉണ്ടാക്കുന്ന തിരക്കിലാണ്.

പലവിധ വർണങ്ങളിൽ മൊരിയുന്ന പച്ചക്കറികൾ. അതിലേക്ക് മല്ലിയിലയും പുതിനയിലയും ചേർന്നൊരു രഹസ്യക്കൂട്ട് ചേർന്നതോടെ അടുക്കള ഉഷാറായി. തൊട്ടടുത്തുള്ള പാത്രത്തിൽ ഉപ്പും കുരുമുളകും പുരട്ടിയ ചിക്കൻ എണ്ണയിൽ വെന്തു മൃദുവാകുന്നു. ഒപ്പം കൂടാൻ അടുത്ത് ഒരുങ്ങിയിരുപ്പുണ്ട് നെയ്മണമുള്ള വെളുത്ത ചോറ്.

ഇന്ദു ദമ്മിടാൻ തുടങ്ങി. പച്ചക്കറിക്കൂട്ടിനൊപ്പം നിരയായി അണിചേരുന്ന മസാലയിൽ കുറുകിയ ചിക്കനും ചോറും. അതിനു മീതെ അൽപം സ്നേഹം തൂവി ഇന്ദു പാത്രം അടച്ചു. പിന്നെ, ചൂടാറാതെ ജീവിതം പറയാനിരുന്നു.

കറങ്ങിത്തിരിഞ്ഞു രുചിയിലെത്തി

എന്റെ സ്വന്തം നാടായ തിരുവനന്തപുരത്ത് ഞങ്ങൾക്ക് ഒരു ഹോട്ടലുണ്ടായിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം അമ്മയ്ക്ക് തനിച്ചു നോക്കി നടത്താൻ ബുദ്ധിമുട്ടായതുകൊണ്ട് അതു വിറ്റു. അമ്മ സന്ധ്യ ‘അമ്മാസ് കാറ്ററിങ്’ എന്നൊരു യൂണിറ്റ് തിരുവനന്തപുരം ഉള്ളൂരിൽ ഇപ്പോഴും നടത്തുന്നുണ്ട്. ഞാന്‍ ഈ രംഗത്ത് എത്തിപ്പെടുമെന്നു കരുതിയതേയല്ല. ബാച്ചിലർ ഓഫ് ടൂറിസവും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റുമാണ് പഠിച്ചത്. തിരുവനന്തപുരം താജ് റസിഡൻസിയിൽ മൂന്നുവർഷം ഫ്രണ്ട് ഓഫിസ് ഡിപ്പാർട്‌മെന്റിൽ ജോലി ചെയ്തു. കുറച്ചു കാലം ഐടി പ്രഫഷണലായി. പിന്നെ, എയർഹോസ്റ്റസ് ആയി. ബിസിനസുകാരനായ ശ്രീരാം ശരത്തുമായുള്ള വിവാഹശേഷമാണ് ജോലി വിട്ട് എറണാകുളത്തേക്ക് താമസം മാറുന്നത്.

ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടിയാണ് മകൾ ഏക. അവളിപ്പോൾ നാലാം ക്ലാസിലാണ്. ഏകയെ ഭക്ഷണം ഇഷ്ടപ്പെടുത്താൻ ഉണ്ടാക്കിയെടുത്ത റെസിപ്പിയാണ് മിന്റ് ബിരിയാണി. ഏകദേശം നാലു മണിക്കൂർ വേണം പാകപ്പെടുത്താൻ. ഒരിക്കൽ സുഹൃത്തുക്കൾക്ക് വിളമ്പിയപ്പോൾ അവരാണ് ചോദിക്കുന്നത് ‘നിനക്കിത് ബിസിനസാക്കി കൂടേ’ എന്ന്.

എനിക്കും തോന്നി, ഒരു കൈ നോക്കിയാലോ. കാറ്ററിങ് ബിസിനസിലേക്ക് കടക്കാൻ ശ്രീരാമും പിന്തുണച്ചു. അങ്ങനെയാണ്, 2020 ൽ ‘റെസിപ്പീസ് ബൈ ഇന്ദു’ എന്ന പേരിൽ ഫൂഡ് ബിസിനസ് തുടങ്ങുന്നത്.

കൂട്ടുകാരിൽ നിന്ന് കേട്ടറിഞ്ഞ് വന്നവയാണ് ആദ്യകാല ഒാർഡറുകൾ. പിന്നെ, വിതരണം വിപുലമായി. എറണാകുളം, കാക്കനാട്, തൃപ്പൂണിത്തറ, ആലുവ എ ന്നിവിടങ്ങളിൽ നിന്നെല്ലാം ഓർഡർ വന്നു തുടങ്ങി.

ഒരുദിവസം 150 ബിരിയാണിയുടെ ഓർഡർ കിട്ടി. ആദ്യമായാണ് അത്രയും വലിയ ഓർഡർ. കയ്യിലുള്ളത് പത്തു ലീറ്ററിന്റെ കുക്കറാണ്. അന്ന് പനമ്പിള്ളി നഗറിലെ ഒരു ഫ്ലാറ്റിലാണ് താമസം.

വിശാലമായി പാചകം ചെയ്യാനുള്ള സൗകര്യങ്ങളൊന്നുമില്ല. വേഗം ഞാൻ അമ്മയെ വിളിച്ചു. ‘ചെയ്തു നോക്കൂ’ എന്നു ആത്മവിശ്വാസം തന്ന അമ്മ കുറച്ചു സമയം കഴിഞ്ഞു തിരികേ വിളിച്ചു ആധി പിടിച്ചു.‘നീ എങ്ങനെ ചെയ്യാനാണ്?’ അപ്പോഴേക്കും ഓർഡർ തന്നവരെ വിളിച്ച് ഞാൻ സമ്മതം പറഞ്ഞിരുന്നു.

വലിയ പാത്രങ്ങൾ വാടകയ്ക്ക് എടുത്താലും അ തു സാധാരണ ഗ്യാസ് സ്റ്റൗവ്വിൽ പാചകം ചെയ്യാൻ പറ്റില്ല. ഒടുവിൽ എന്റെ കുക്കറിൽ തന്നെ പാകപ്പെടുത്താം എന്നു തീരുമാനമായി. ഏകദേശം പത്തു തവണയായിട്ടാണ് ബിരിയാണിക്കൂട്ട് തയാറാക്കിയത്. എ ല്ലാവർക്കും ഇഷ്ടമായെന്നറിഞ്ഞപ്പോൾ സന്തോഷമായി. ‘ഇനി ഞാൻ ഈ തട്ടകം വിട്ടു പോവൂല്ല’ എന്ന് അന്നു തീരുമാനമെടുത്തു.

ദിവസവും വാട്സാപ്പിൽ പിറ്റേന്ന് ഉച്ചയ്ക്കുള്ള മെനു എഴുതിയിടും. മണിക്കൂറുകൾക്കുള്ളിൽ ഓർഡർ എല്ലാം കിട്ടുകയും ചെയ്യും. ആഴ്ചയവസാനമുള്ള ബിരിയാണിക്കും നല്ല പ്രതികരണമാണ്.

കാഴ്ച മങ്ങിപ്പോയ ആ പകൽ

കഴിഞ്ഞ ക്രിസ്മസ് കാലം. നോമ്പു വീടാനുള്ള ബ്രേക്ഫാസ്റ്റ് മുതൽ വൈകുന്നേരത്തെ ഡിന്നർ വരെയുള്ള ഓർഡറുകളുണ്ട്. പുലർച്ചെ തന്നെ എഴുന്നേറ്റു. 30 പേർക്കുള്ള അപ്പവും സ്റ്റ്യൂവും തയാറാക്കാനുണ്ട്. സഹായിക്കാൻ ഒരു ചേച്ചിയുണ്ടെങ്കിലും തിരക്കുകൾക്ക് ഒരു കുറവുമില്ല. കുക്കറിൽ ബീഫ് വേവാൻ വച്ചിട്ടുണ്ട്. കുറച്ചു നേരമായിട്ടും വിസിൽ കേൾക്കാത്തത് എന്താണെന്നു കരുതി നോക്കുമ്പോൾ കുക്കർ ശരിക്ക് അടഞ്ഞിട്ടില്ല. ഗാസ്ക്കറ്റ് കുറച്ച് പുറത്തേക്ക് നിൽക്കുന്നു. അതൊന്നു ശരിയാക്കാൻ ചെന്ന സമയത്താണ് അത് സംഭവിച്ചത്. വലിയ ശബ്ദത്തോടെ കുക്കർ പൊട്ടിത്തെറിച്ചു.

എന്താണ് സംഭവിച്ചതെന്നു മനസ്സിലാകുന്നതിനു മുൻപ് തന്നെ കനത്ത നീരാവിയും തിളച്ച കറിയും എല്ലാം കൂടി എന്റെ മുഖത്തേക്കൊഴുകി. മുഖമാകെ ഉരുകി ഒഴുകുന്നതു പോലെ. ഞാൻ വേദന കൊണ്ടു പിടഞ്ഞു. എന്റെ കരച്ചിൽ കേട്ടു ശ്രീരാം എത്തുമ്പോഴേക്കും മുഖമാകെ വീർത്തു കാഴ്ചയെല്ലാം മങ്ങിപ്പോയിരുന്നു. വേഗം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. പക്ഷേ, അവിടെ ചികിത്സിക്കാനായില്ല.

വേറൊരു ആശുപത്രിയിൽ പോയി. അവിടെ പരിശോധിക്കാൻ വന്ന ഡോക്ടർക്ക് എന്നെ അറിയാമായിരുന്നു.അവരുടെ ഒപ്പം ഞാനൊരു പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അവരെന്റെ മുഖം കണ്ടു തിരിച്ചറിഞ്ഞില്ല. ശ്രീരാം കാര്യങ്ങൾ പറഞ്ഞതിന്റെ കൂട്ടത്തിൽ ഇന്ദു എന്ന പേരു കേട്ടപ്പോഴാണ് അവർക്ക് എന്നെ മനസ്സിലായത്.

പെട്ടെന്ന് തന്നെ ചികിത്സ തുടങ്ങിയെങ്കിലും കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടുമെന്ന കാര്യത്തിൽ അവർ ഉറപ്പൊന്നും പറഞ്ഞില്ല. രണ്ടു കണ്ണിലെയും സ്തരം പൊള്ളി പോയിരുന്നു. അതാണ് കാഴ്ചയ്ക്ക് പ്രശ്നമായത്. ചികിത്സ തുടങ്ങി കുറച്ചു ദിവസമായിട്ടും എനിക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. വേദനയാണെങ്കിൽ സഹിക്കാവുന്നതിലധികം. ശ്രീരാം എന്റെയൊപ്പം നിന്നു. ഞങ്ങൾ തളർന്നു പോയിരുന്നു. എങ്കിലും കാഴ്ച തിരികെ കിട്ടുമെന്നൊരു വിശ്വാസം എന്റെയുള്ളിൽ വിസിൽ പോലെ മുഴങ്ങി.

കണ്ണിനു സർജറി ആവശ്യമാണെന്നു ഡോക്ടർമാർ പറഞ്ഞു. തലേന്നു രാത്രി കണ്ണിന്റെ ഒരു ടെസ്റ്റ് കൂടി ഉണ്ട്. പരിശോധിച്ചപ്പോൾ ചെറിയ പുരോഗതി കണ്ണിനു ഉണ്ടായിട്ടുണ്ട്. ഡോക്ടർമാർ അദ്ഭുതപ്പെട്ടു.‘നമുക്ക് കുറച്ചു കൂടി കാത്തിരിക്കാം. എന്നിട്ട് സർജറി ചെയ്യാം.’ എന്നായിരുന്നു തീരുമാനം. വീണ്ടും ഒരാഴ്ച കഴിഞ്ഞു നോക്കുമ്പോൾ ഇരുപതു ശതമാനത്തോളം മാറ്റം വന്നിരിക്കുന്നു. അങ്ങനെ സർജറി വേണ്ടെന്നു വച്ചു. പ്രായക്കുറവിന്റെ ആനുകൂല്യമാകാം തുണയായതെന്ന് ഡോക്ടർമാർ പറഞ്ഞു. മുഖമാകെ കുമിള വച്ചു വീർത്തിരുന്നു. അതും പതിയെ പതിയെ മാറി തുടങ്ങി.

ഒരു മാസത്തിനു ശേഷം വീട്ടിലെത്തിയപ്പോഴും കാഴ്ച തിരികെ ലഭിച്ചിരുന്നില്ല. ഫ്ലാറ്റിലേക്ക് പോകാതെ ശ്രീരാമിന്റെ കുടുംബ വീട്ടിലേക്കാണ് വന്നത്. മകൾ വിചാരിച്ചിരുന്നത് ഞാൻ കോവിഡ് വന്നു ഹോസ്പിറ്റലിൽ ആണെന്നാണ്. വീട്ടിലെത്തിയ എന്നെ കണ്ടപ്പോൾ അവൾ പേടിച്ചു പോയി.

എന്റെ മുഖം എനിക്ക് കണ്ണാടിയിൽ പോലും കാണാൻ സാധിച്ചിരുന്നില്ല. ആ സമയത്താണ് ശ്രീരാമിന്റെ അമ്മ കൗസല്യ കാണാൻ വരുന്നത്. ‘ഇത്രയല്ലേ ഉള്ളൂ, മുഖത്തൊന്നും ഒരു കുഴപ്പവുമില്ല.’ അമ്മ കണ്ടപ്പോഴേ സമാധാനിപ്പിച്ചു. ‘ശരിക്കും മുഖത്തിനൊന്നും പറ്റിയിട്ടില്ലേ.’ എനിക്ക് സംശയമായി. ‘ഏയ്... കുഴപ്പമൊന്നുമില്ല.’ അമ്മയുടെ വാക്കുകൾ എനിക്ക് നല്ല ആത്മവിശ്വാസം നൽകി.

വാസനയിൽ അളക്കും രുചി

മൂന്നുമാസത്തിനു ശേഷം ഇരുട്ടിലേക്ക് മെല്ലെ വെളിച്ചം ക ടന്നു വന്നു തുടങ്ങി. ഹ്രസ്വദൃഷ്ടി പ്രശ്നങ്ങൾ ഉള്ളവരുടെ അത്രയും കാഴ്ചയിലേക്ക് മെല്ലെ ഞാനെത്തി. പക്ഷേ, അടുക്കളയിൽ കയറാൻ വയ്യ. അൽപം ആവിയോ ചൂടോ കൊണ്ടാൽ കണ്ണ് വേദനിക്കും. ഇനിയും ബിസിനസ് തുടരാതിരുന്നാൽ കസ്റ്റമേഴ്സ് മുഴുവൻ പോയ്പോകും. അ ങ്ങനെ എല്ലാം ഒന്നിൽ നിന്നു തുടങ്ങി. സഹായത്തിനായി സുഗന്ധൻ, വൈശാഖ്, ബിന്ദു, ജയ, അമ്മിണി എന്നിവരെ ഒപ്പം കൂട്ടി. കാഴ്ച അൽപം പിന്നാക്കം പോയപ്പോൾ മൂക്ക് ആ ജോലി ഏറ്റെടുത്തു.

രുചിയുടെ ഗന്ധമാപിനിയായി മൂക്ക് മാറി. ഇപ്പോഴും അ ടുപ്പിന് തൊട്ടടുത്ത് പോകാൻ വയ്യ. അൽപം മാറി നിന്ന് നിർദേശങ്ങൾ കൊടുക്കും. കണ്ണളവിനേക്കാളും കയ്യളവിനേക്കാളും ഒരു പടി മേലെയാണ് ഗന്ധം കൊണ്ടുള്ള രുചിയളവ്.

ഒരിക്കൽ പോലും കസ്റ്റമേഴ്സ് ഞാനല്ല പാചകം ചെയ്തതെന്നു തിരിച്ചറിഞ്ഞില്ല, സ്വാദിനു വ്യത്യാസമുണ്ടെന്നു പരാതി പറഞ്ഞതുമില്ല. അപകടം സംഭവിച്ചപ്പോൾ ‘ഇ നി ഈ ബിസിനസ്സ് ചെയ്യേണ്ട.’ എന്ന് പലരും ഉപദേശിച്ചിരുന്നു. പക്ഷേ, പിന്മാറാൻ ഞാനൊരുക്കമായിരുന്നില്ല.

ഇപ്പോഴും ഇടയ്ക്ക് കണ്ണാടി നോക്കുമ്പോൾ എനിക്കു തോന്നും. ഇങ്ങനെയായിരുന്നില്ലല്ലോ ഞാൻ. ആ നിമിഷം തന്നെ സ്വയം പറയും. ‘ ഇതാണ് പുതിയ ഞാൻ’.

ടെൻസി ജെയ്ക്കബ്ബ്

ഫോട്ടോ: ബേസിൽ പൗലോ