Friday 07 December 2018 12:28 PM IST : By സ്വന്തം ലേഖകൻ

എമറാത്തിയല്ല, ചെക്കൻ തനി മലയാളി; ഇസിൻ ഹാഷ് എമിറേറ്റ്സിന്റെ മുഖമായി മാറിയതിങ്ങനെ

izin-hash

‘ഇസിൻ ഹാഷ്.’ ലോകത്തിന്റെ കണ്ണ് ഇപ്പോൾ ഈ കുട്ടിക്കുറുമ്പനിൽ ഉടക്കി നിൽക്കുകയാണ്. അമ്മമാർക്കാകട്ടെ ഈ മിടുക്കനെ കൊഞ്ചിച്ച് കൊതിതീർന്നിട്ടുമില്ല. യുഎഇയുടെ ദേശീയ ദിന പരസ്യത്തിലും, ടൂറിസം പരസ്യത്തിലും എല്ലാം നിറഞ്ഞു നിൽക്കുന്ന ഈ കൊച്ചു സുന്ദരൻ ആരാണെന്ന അന്വേഷണത്തിലായിരുന്നു സോഷ്യൽമീഡിയ നാളിതു വരേയും. ചുരുങ്ങിയ നാളുകൊണ്ട് എമിറേറ്റ്സിന്റെ മുഖമായി മാറിയ ചുള്ളൻ ചെക്കൻ ഒന്നാന്തരമൊരു അറബി പയ്യനാണെന്നായിരുന്നു പലരുടേയും ധാരണ. അതുമല്ലെങ്കിൽ ദുബായിയിലെ എണ്ണം പറഞ്ഞ മോഡലുകളിലൊരാൾ. എന്നാൽ ആളെ അന്വേഷിച്ചു ചെന്നപ്പോൾ മലയാളികളുൾപ്പെടെയുള്ളവരുടെ അമ്പരപ്പ് അത്ഭുതത്തിന് വഴിമാറുകയായിരുന്നു.

ഈ സുന്ദരൻ ചെക്കൻ എമറാത്തിയല്ല, പിന്നെയോ, ഇസിന്‍ ഹാഷ് പച്ച മലയാളിയാണ്. ഏഴ് വയസുകാരൻ ഇസിൻ എമിറേറ്റ്സ് വംശജനാണെന്ന് തെറ്റിദ്ധരിച്ചതിലും അത്ഭുതമില്ല. വെളുത്ത കന്തൂറയും ഗുട്രയുമണിഞ്ഞ് പരമ്പരാഗത വേഷത്തില്‍ നില്‍ക്കുമ്പോള്‍ ആരും പറയില്ല അതൊരു അറബി കുട്ടി അല്ല എന്ന്. അങ്ങനെയാണ് ഭൂരിപക്ഷം യുഎഇക്കാരും ഇപ്പോഴും കരുതുന്നതും. ആരെയും കൊതിപ്പിക്കുന്ന ചിരിയുമായി പരസ്യങ്ങളില്‍ നിറഞ്ഞ ഇസിന്‍ ഹാഷിന് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. എല്ലാം അറബ് വേഷത്തില്‍ എമിറാത്തി കുട്ടിയാകാന്‍ തന്നെയുള്ള ക്ഷണങ്ങളാണ്.

യു.എ.ഇ യുടെ 47 ാമത് വാര്‍ഷികത്തിന്റെ ഭാഗമായി ഇറക്കിയ വീഡിയോയും പത്രപരസ്യവുമാണ് ഇസിന്‍ ഹാഷിന്റെ പരസ്യപ്പെരുമ വേറെ ലെവലിലേക്കെത്തിച്ചത്. പരസ്യത്തിൽ അറബ് വേഷത്തിൽ എത്തിയ ഇസിൻ ലോകമാധ്യമങ്ങളുടെ മനം കവർന്നു. ഇതിനകം തന്നെ നിരവധി ഗവൺമെന്റുകളുടേതും അല്ലാത്തതുമായി നിരവധി പരസ്യങ്ങളിലാണ് അറബി വേഷത്തില്‍ ഇസിന്‍ ഹാഷ് എത്തിയത്. യു.എഇ യിലെ വിവിധ എമിറേറ്റുകളുടെ മാത്രമല്ല സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ പരസ്യത്തിലും ഇസിന്‍ ഹാഷ് അറബിക്കുട്ടിയായി പ്രത്യക്ഷപ്പെട്ടു.  ഇപ്പോള്‍ നിരവധി പ്രഫഷണല്‍ പരസ്യ ഏജന്‍സികളുമായി കരാറുള്ള മോഡലായി ഇസിന്‍ ഹാഷ് മാറിക്കഴിഞ്ഞു.

izin-1

ഈ കൊച്ചുപ്രായത്തില്‍ ഇസിനെ വിലപിടിപ്പുള്ള താരമാക്കി മാറ്റിയതില്‍ നിര്‍ണായക റോള്‍ പരസ്യങ്ങള്‍ക്ക് തന്നെയാണ്. അതും ചെറിയ ബ്രാന്‍ഡ് പരസ്യങ്ങളല്ല. ലോകത്തെ വന്‍കിട ബ്രാന്‍ഡുകളുടെ ഇഷ്ടക്കാരന്‍ മോഡലാണ് ഈ കൊച്ചു പയ്യന്‍. വാര്‍ണര്‍ ബ്രദേഴ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, സന്റെര്‍ പോയന്റ്, ജഗ്വാര്‍ ‘വേള്‍ഡ്, നിസാന്‍ പട്രോള്‍, ടോട്ടല്‍, പീഡിയ ഷുവര്‍, റെഡ് ടാഗ്, ഹോം സന്റെര്‍ ഇങ്ങനെ നീളുന്നു ഐസിന്‍ അഭിനയിച്ച പരസ്യബ്രാന്‍ഡുകളുടെ പേരുകള്‍.

ഇസിന് മൂന്ന് വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഹാഷ് ജവാദെടുത്ത ചില ചിത്രങ്ങളിലും വീഡിയോകളിലും നിന്നുമാണ് ഇക്കണ്ട പരസ്യപ്പെരുമയുടെ എല്ലാം തുടക്കം. സുഹൃത്തുക്കള്‍ക്കിടയില്‍ വിഡിയോകള്‍ പങ്കുവച്ചപ്പോള്‍ ഇവരില്‍ ഫോട്ടോഗ്രാഫര്‍മാരായ ചിലരാണ് ഇസിന്‍ ഹാഷിന്റെ അഭിനയിക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ വഴി വിവിധ പരസ്യ ഏജന്‍സികളുമായി ബന്ധപ്പെട്ടു. വൈകാതെ ഇസിന്‍ ഹാഷ് അറബി വേഷമണിഞ്ഞ് കയറി ചെന്നത് എമിറേറ്റുകാരുടെ ഹൃദയത്തിലേക്കാണ്. ഇന്ന് ഇസിന്‍ ജാഷ് അറബി വംശജനല്ലെന്ന് പറഞ്ഞാല്‍ തന്നെ പലരും വിശ്വസിക്കില്ല.

അജ്മാനിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഇസിന്‍ ഹാഷ്. ഇന്‍സ്റ്റാഗ്രാമിലും, ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ഇപ്പോള്‍ നിരവധി ഫോളേവേഴ്സുമായി താരപദവിയിലാണ് ഇസിന്‍ ഹാഷ് ഇപ്പോള്‍.