Saturday 23 April 2022 03:32 PM IST

‘ഉച്ചയ്ക്കു വച്ച കറി വൈകുന്നേരം തൊടില്ലെന്നുള്ള സ്വഭാവം, നാടു വിടുമ്പോൾ അത് ഉപേക്ഷിക്കുന്നതാണ് കാണുന്നത്’

Tency Jacob

Sub Editor

jaseena-basil-fam

കേരളത്തിൽ നിന്നു പുട്ടുകുടോം അപ്പച്ചെമ്പും മീൻ വയ്ക്കാനുള്ള മൺച്ചട്ടിയും കുടംപുളിയുമൊക്കെയായി വിദേശത്തേക്കു കുടിയേറിയ മലയാളികളാണ് ഇവരെല്ലാം.

ആദ്യമൊക്കെ ‘പെർഫെക്ട് ഓക്കെ’ ആയിരുന്നു കാര്യങ്ങൾ. കാലത്തു പുട്ട്–കടലക്കറി, ഇടിയപ്പം–കുറുമ, ഇഡ്ഡലി–സാമ്പാർ എന്നിങ്ങനെ. ഉച്ചയ്ക്ക് കുത്തരിച്ചോറ്, ഓംലെറ്റ്, ഉപ്പേരി, ഒഴിച്ചുകറി.

നാലു മണിക്ക് ചായ, വട, അട, പഴംപൊരി എന്നിങ്ങനെ. രാത്രി ബീഫ് ഫ്രൈയും ചപ്പാത്തിയും. ഞായറാഴ്ചകളിൽ ബിരിയാണി. ‘മച്ചാനേ, ഇതു മതി അളിയാ!’ എന്നു ആരും പറഞ്ഞു പോകും.

കാലം കുറച്ചങ്ങു പോയിക്കഴിഞ്ഞപ്പോൾ ‘മ ച്ചാനേ, ഇതിങ്ങനെ പോയാൽ പറ്റില്ലല്ലോ. നമുക്കു ജീവിക്കേണ്ടേ’ എന്നു തിരിച്ചു ചോദിക്കേണ്ടി വന്നു ഇവർക്ക്. നാടോടുമ്പോൾ നടുവേയല്ല, അതിലും മുന്നിൽ ഓടിയവരാണ് വിദേശ മലയാളി സ്ത്രീകൾ.

‘അടുക്കള, സ്ത്രീകളുടെ മാത്രം ഇടങ്ങളല്ല, വീട്ടിലുള്ളവർ ഒരുമിച്ചു നിൽക്കേണ്ട ഇടം’ എന്നു ഉറപ്പിച്ചു പറയുന്നു ഈ വനിതകൾ

തുറന്ന അടുക്കള അനുഗ്രഹമാണ്–ജെസീന ബേസിൽ

കൺവെട്ടത്തു നിന്ന് ഒരാൾ പണിയെടുക്കുമ്പോൾ മനുഷ്യത്വമുള്ള ഒരാൾക്ക് ചുമ്മാ നോക്കിയിരിക്കാൻ പറ്റുമോ’ എന്നൊരു ഗ‍ഡാഗഡിയൻ ചോദ്യമെറിഞ്ഞാണ് ഓസ്ട്രേലിയയിൽ അധ്യാപികയായ ജെസീന സംഭാഷണം തുടങ്ങിയത്. ‘‘വീട്ടിൽ ഏറ്റവുമധികം ഗുണം ചെയ്യുന്നത് ഓപ്പൺ കിച്ച ൻ ആണെന്നാണ് എന്റെ വിശ്വാസം. ഞങ്ങളുടെ ലിവിങ് റൂമും ഡൈനിങ് റൂമുമെല്ലാം അടുക്കളയോടു ചേർന്നാണ്.

ഭർത്താവ് ബേസിൽ എൻജിനീയർ ആണ്. ഞങ്ങൾ ര ണ്ടും കൂടി പണികൾ െചയ്യുമ്പോൾ മക്കൾ കാതറിനും ക്രിസും അവിടെയിരുന്നു കളിക്കും. അവർ എവിടെയാണെന്ന് ഇടയ്ക്കിടെ നോക്കി പോകേണ്ട, നമുക്കു അടുക്കളയിലിരുന്നു ടിവി കാണുകയും ചെയ്യാം. അതിഥികൾ വരുമ്പോൾ അവരോടു സംസാരിച്ചു കൊണ്ടു തന്നെ ചായയെടുക്കാം. ചുരുക്കത്തിൽ, വീട്ടമ്മ അടുക്കളയിൽ ഒതുങ്ങിപോകില്ല എന്നർഥം. നാട്ടിലെ പഴയ അടുക്കളകൾ വീടിന്റെ പിന്നിൽ ഒരറ്റത്തോ വീട്ടിൽ നിന്നു മാറിയോ ആയിരുന്നില്ലേ. അങ്ങനെയൊരു അടുക്കള ഇപ്പോൾ ചിന്തിക്കാനേ കഴിയുന്നില്ല.

ഓസ്ട്രേലിയയിൽ വന്നിട്ട് പത്തു വർഷമായി. ആദ്യം ഇവിടത്തെ ഭക്ഷണവുമായി പൊരുത്തപ്പെട്ടു പോകാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി. പാചകം ചെയ്യാനും പഠിച്ചു. നമ്മുടെ വിഭവങ്ങളേക്കാ ൾ കുറഞ്ഞ സമയം മതി പാചകത്തിനും വൃത്തിയാക്കലിനും. ജോലിക്കു പോകുന്ന ദിവസങ്ങളിൽ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന സ്പഗറ്റി ബൊളോണീസ്, ട്യൂണ ബേക്ക് എന്നിങ്ങനെയുള്ളതൊക്കെ ബേക്ക് ചെയ്തെടുക്കും. കുട്ടികൾക്ക് പാസ്തയും, നൂഡിൽസും ഇഷ്ടമായതു കൊണ്ട് അതും പാചകം ചെയ്യും. ആഴ്ചയവസാനം യുട്യൂബ് നോക്കി ഇഷ്ടമുള്ള വിഭവങ്ങൾ പരീക്ഷിക്കും.

jaseena-family

എല്ലാം എളുപ്പപണികളാണ്

വൈകുന്നേരം കിടക്കുന്നതിനു മുൻപ് എല്ലാവരും കൂടി പിറ്റേദിവസത്തേക്കുള്ള ലഞ്ച് പാക്ക് ചെയ്ത് ഫ്രിജിൽ വയ്ക്കും. മക്കളുടെ ലഞ്ച് അവർ തന്നെയാണ് പാത്രത്തിലാക്കുന്നത്. എല്ലാ ജോലികളും പരസ്പരം പങ്കിട്ടാണ് ചെയ്യുന്നത്. അതു തന്നെയല്ലേ ശരി? .

ഇലക്ട്രിക് കുക്കറും മൈക്രോവേവ് അവ്നും ഡിഷ് വാഷറുമില്ലാത്ത അടുക്കള ചിന്തിക്കാനേ വയ്യ. ഇപ്പോഴത്തെ ഫാസ്റ്റ് ലൈഫിൽ അതു വളരെ അത്യാവശ്യമാണ്. എല്ലാ മാസവും ഞങ്ങളിവിടെ ഗെറ്റ് ടുഗെദർ നടത്താറുണ്ട്. അതു കഴിഞ്ഞുള്ള പാത്രം കഴുകൽ നടുവൊടിക്കും. ഡിഷ് വാഷറുണ്ടെങ്കിലും ഉപയോഗിക്കാൻ മടിയായിരുന്നു. കൈകൊണ്ടു കഴുകിയാലേ വൃത്തിയാവൂ എന്നൊരു തോന്നൽ ഉള്ളിൽ കിടന്നു. ഉപയോഗിച്ചു തുടങ്ങിയപ്പോൾ പിന്നെ, അതില്ലാതെ പറ്റില്ലെന്നായി. അടുക്കളയിൽ പണിയെടുക്കുന്ന സമയവും അധ്വാനവും കുറയ്ക്കാൻ അത് വളരെ സഹായിച്ചിട്ടുണ്ട്.

പച്ചക്കറി അരിഞ്ഞ് വായു കടക്കാത്ത പാത്രങ്ങളിലാക്കി വയ്ക്കുന്നതും മീൻ കറിയും കട്‌ലറ്റുമൊക്കെ തയാറാക്കി ഫ്രീസറിൽ വയ്ക്കുന്നതുമൊക്കെ ജോലി എളുപ്പമാക്കും. അടുക്കള ജോലിക്കായി ഒരാളെ നിയമിക്കലൊന്നും സാധിക്കില്ല. കുട്ടികളും ജോലിയും ഒക്കെ ഒരുമിച്ചു കൊണ്ടുപോകുമ്പോൾ അഡ്ജസ്റ്റ് ചെയ്യാതെ തരമില്ല.

എല്ലാവരും ഇങ്ങനെയാണെന്നൊന്നും പറയുന്നില്ല കേട്ടോ. കുക്കിങ് പാഷനാണെങ്കിൽ കൂടുതൽ സമയം അടു ക്കളയിൽ ചെലവഴിക്കുന്നതിൽ എന്താണ് തെറ്റ് ?

ഞങ്ങൾക്കത് പ്രശ്നമല്ല

എല്ലാ ദിവസവും ഒരു നേരമെങ്കിലും എനിക്കും ബേസിലിനും ചോറുണ്ണണമെന്നുള്ളതുകൊണ്ട് തോരനും കറികളുമെല്ലാമുണ്ടാക്കി ഫ്രിജിൽ വയ്ക്കും.ചോറു മാത്രം ഇലക്ട്രിക് കുക്കറിൽ വേവിച്ചെടുക്കും. ആവശ്യമുള്ള കറി ഒരു ബൗളിലെടുത്തു മൈക്രോവേവ് അവ്നിൽ ചൂടാക്കും. ചിലർക്കൊരു പ്രശ്നമുണ്ടല്ലോ, ഉച്ചയ്ക്കു വച്ച കറി വൈകുന്നേരം കഴിക്കില്ലാന്ന്. അതൊക്കെ നാടിന്റെ അതിർത്തിവിടുമ്പോൾ ഉപേക്ഷിക്കുന്നതാണ് കാണുന്നത്.