Tuesday 19 April 2022 02:53 PM IST

എവിടെയോ കുടുങ്ങിക്കിടക്കുകയാണ്, അവസരം കിട്ടിയാല്‍ ഓടിവരും എന്റെ കൊച്ച്': കാത്തിരിപ്പിന്റെ നാല് വര്‍ഷങ്ങള്‍: ജസ്‌നയുടെ അച്ഛന്‍ പറയുന്നു

Tency Jacob

Sub Editor

jesna-ar1

ജെസ്നയെ കാണാതായിട്ടു നാലു വർഷം തികയുന്നു. ഈ കാലത്തിനിടയിൽ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ജെസ്നയുടെ അച്ഛൻ ജെയിംസ് ജോസഫ്.

ഒരു വ്യക്തിക്ക് അപകടം സംഭവിച്ച ശേഷം ജീവൻ രക്ഷിച്ചെടുക്കാനാകുന്ന വിലപ്പെട്ട മിനിറ്റുകളെക്കുറിച്ചു നമ്മൾ പറയാറില്ലേ. ‘അഞ്ചു മിനിറ്റു മുന്‍പു ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു’,‘ഒരു മണിക്കൂറോളം അവഗണിക്കപ്പെട്ടു കിടന്നതു കൊണ്ടാണ് ആ ജീവൻ പൊലിഞ്ഞു പോയത്’ ഈ യാഥാർഥ്യങ്ങൾ കേൾക്കുന്നവരുടെയും വായിക്കുന്നവരുടെയും കാതു പൊള്ളിക്കും. അതുപോലെ പൊലീസ് കേസിലുമുണ്ട് വിലപ്പെട്ട മണിക്കൂറുകൾ. അതു നഷ്ടപ്പെടുത്തിയാൽ പിന്നീട് ആ സമയത്തെ തിരിച്ചു പിടിക്കാൻ കഴിയുകയില്ല.  എന്റെ മകളെ കാണാതായ കാര്യത്തിലും അതാണ് സംഭവിച്ചത്.’’- ജെസ്നയുടെ പപ്പ ജെയിംസ് ജോസഫ് പറഞ്ഞു തുടങ്ങി.

എരുമേലി മുക്കൂട്ടുത്തറ കുന്നത്തു വീട്ടിൽ ജെസ്നയെ കാണാതായിട്ടു മാർച്ച് 22നു മൂന്നു വർഷം കഴിഞ്ഞു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൽ മൂന്നാം വർഷ ബി കോം വിദ്യാർഥിയായിരുന്നു. പതിനഞ്ചു കിലോമീറ്റർ അകലെ മുണ്ടക്കയത്തുള്ള ആന്റിയുടെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ജെസ്നയെ കാണാതാകുന്നത്. മൂന്നു വർഷത്തിനിപ്പുറവും ജെസ്നയ്ക്കു എന്തു സംഭവിച്ചുവെന്നത് ദുരൂഹമായി തന്നെ തുടരുന്നു. ലോക്കൽ പൊലീസിൽ നിന്നു ക്രൈം ബ്രാഞ്ചും ഇപ്പോൾ സിബിഐ യും കേസ് ഏറ്റെടുത്തു അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

ആ വൈകുന്നേരം

‘‘കൊച്ചിനെ കാണാനില്ലെന്നു മനസ്സിലാകുന്നത് വൈകുന്നേരത്തോടെയാണ്. കാലത്തു ഞങ്ങളൊരുമിച്ചു പാചകം ചെയ്തു ഭക്ഷണം കഴിച്ച ശേഷം ഞാൻ ഓഫിസിലേക്കു പോന്നു. മകൻ വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ജെസ്ന അവിടെയില്ല. അയൽ വീട്ടിലുള്ളവരാണ് ജെസ്ന രാവിലെ ഒൻപ തു മണിയോടു കൂടി ഓട്ടോയിൽ കയറി പോകുന്നതു കണ്ടുവെന്നു പറയുന്നത്. അന്നു രാത്രി മുഴുവൻ ബന്ധു വീടുകളിലും പോകാൻ സാധ്യതയുള്ള ഇടങ്ങളിലൊക്കെ അന്വേഷിച്ചു. അന്നു തന്നെ പൊലീസ് സ്േറ്റഷനിൽ അറിയിച്ചു.‘ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയതാകും. രണ്ടു ദിവസം കഴിയുമ്പോൾ ഇങ്ങു വന്നോളും. അല്ലെങ്കിൽ ഏതെങ്കിലും ധ്യാന കേന്ദ്രത്തിൽ പോയതാകും.’ എന്നിങ്ങനെ ലാഘവത്തോടെയുള്ള മറുപടിയായിരുന്നു അവിടെനിന്നു കിട്ടിയത്. അതിനു പകരം ഊർജിതമായി അന്വേഷണം ആരംഭിച്ചിരുന്നെങ്കിൽ അവൾ യാത്ര ചെയ്ത ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു എന്തെങ്കിലും സൂചന ലഭിക്കുമായിരുന്നു. ദിവസങ്ങൾ കഴിഞ്ഞു പൊലീസ് ചിത്രങ്ങൾ ശേഖരിക്കാൻ ചെന്നപ്പോഴേയ്ക്കും അതെല്ലാം മാഞ്ഞു പോയിരുന്നു.

ജെസ്നയെ കാണാതാകുന്നതിനു എട്ടു മാസം മുൻപാണ് അവളുടെ മമ്മി ന്യൂമോണിയ ബാധിച്ചു മരിക്കുന്നത്. അതിനു ശേഷം അമ്മയുടെയും അച്ഛന്റെയും കരുതൽ ഞാൻ മൂന്നു മക്കൾക്കും നൽകിയിരുന്നു. പൊലീസ് കരുതുന്ന തരത്തിലുള്ള ബന്ധം ജെസ്നയ്ക്കു ആരുമായും ഇല്ലെന്നു ഞാനും അവളുടെ സഹോദരങ്ങളും ആവർത്തിച്ചു പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. കൊച്ച് ഉപയോഗിച്ചിരുന്ന ഫോൺ കണ്ടെത്തി കോൾ ലിസ്റ്റുകൾ പരിശോധിച്ചു ചോദ്യം ചെയ്തു വരുമ്പോഴാണ് സ്ഥലത്തെ രാഷ്ട്രീയ നേതാവ് അടക്കമുള്ള ചിലർ എന്നെയും മകനെയും കുറിച്ചു അനാവശ്യം പറഞ്ഞുണ്ടാക്കുന്നത്. ഞങ്ങൾ അവളെ നശിപ്പിച്ചു, കൊന്നു കുഴിച്ചു മൂടി, ഒളിപ്പിച്ചു വച്ചിരിക്കുന്നു... പൊലീസ് ആ ഊഹാപോഹങ്ങൾക്കു പിന്നാലെ പോയി. അന്നു മുതൽ ഞാനും എന്റെ മക്കളും പറയുന്നതാണ്. ഏതു തരത്തിലുള്ള അന്വേഷണങ്ങൾക്കും ഞങ്ങൾ തയാറാണ്. അതൊന്നും കേൾക്കാൻ ആരും ശ്രമിക്കുന്നില്ല. ഇപ്പോഴും ഞങ്ങൾക്കെതിരെ ആരോപണമുയരാറുണ്ട്. ഞാനൊരിക്കലും പതറിയിട്ടില്ല. ആരോപണങ്ങൾക്കൊന്നും മറുപടി പറയാൻ പോയിട്ടുമില്ല. ഞാനിവിടെ തന്നെ ജനിച്ചു ജീവിച്ച ആളാണ്. ഇവിടെയുള്ളവർക്കു എന്നെ അറിയാം. വീട്ടുകാരറിയാതെ ഒന്നും സംഭവിക്കില്ലെന്നു ചിന്തിക്കുന്നവരാണ് സമൂഹം. പക്ഷേ, എല്ലായിടത്തും അതു ശരിയാകണമെന്നില്ല.മകളെ കാണാതായതിനൊപ്പം ഇരട്ടി വേദന പോലെയാണ് ഈ ആരോപണങ്ങൾ.

ഊഹങ്ങളൊന്നും യാഥാർഥ്യമായില്ല

പത്തനംത്തിട്ട എസ് പി, കെ.ജി സൈമൺ റിട്ടയർ ചെയ്യുന്നതിനു മുൻപു മാധ്യമങ്ങളോടു പറഞ്ഞു.‘ജെസ്ന എവിടെയുണ്ടെന്നു വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. ഇപ്പോൾ വെളിപ്പെടുത്താൻ പറ്റില്ല.’’

പക്ഷേ, ഞങ്ങളോടാരും അതിനെ കുറിച്ചു സംസാരിച്ചിട്ടില്ല. പൊലീസെന്താണ് ഉദ്ദേശിക്കുന്നതെന്നു നമുക്കും അറിയില്ല. ജെസ്നയെ തീവ്രവാദ സംഘം കടത്തിക്കൊണ്ടു പോയിരിക്കുകയാണെന്നൊക്കെ മാധ്യമങ്ങളിൽ വാർത്തകൾ കണ്ടിരുന്നു. പിന്നെ, അതിനെക്കുറിച്ചു ഒന്നും പറഞ്ഞു കേട്ടില്ല.

സൈമൺ സാറുമായി നല്ല ബന്ധത്തിലാണ്. ‘നിങ്ങൾ ഒരു ആരോപണങ്ങൾക്കും ചെവി കൊടുക്കേണ്ട. അവരവരുടെ കാര്യങ്ങളുമായി മുന്നോട്ടു പോകുക.’’ എന്നായിരുന്നു ഞങ്ങൾക്കു കിട്ടിയ നിർദേശം. മകൻ ജെയ്സ് പഠന സംബന്ധമായി കാനഡയ്ക്കു പോയപ്പോൾ മൂത്ത മകൾ ജെഫിയോടു പ്രത്യേകം പറഞ്ഞേല്പിച്ചു.‘പപ്പയെ തനിച്ചാക്കരുത്.’ അതുകൊണ്ടു മകളും മരുമകൻ ലിയോയും എല്ലാ ദിവസവും വൈകുന്നേരം ഇവിടേക്ക് വരും.

ജെസ്നയെ കണ്ടു, ബോഡി കിട്ടി എന്നിങ്ങനെ ഓരോ ആളുകൾ വിളിച്ചു പറയുന്നതനുസരിച്ചു കേരളത്തിനകത്തും പുറത്തും ഞങ്ങളോടിയതിനു കണക്കില്ല. ആദ്യ മാസങ്ങളിലൊക്കെ രണ്ടും മൂന്നും വണ്ടികൾ ഓരോയിടത്തേക്കായി നിറുത്താതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയങ്ങളിലെ ചങ്കിടിപ്പ്! ഓർക്കാനേ വയ്യ.

ജെസ്നയെ ബെംഗളൂരുവിൽ കണ്ടു എന്നു പറഞ്ഞു ഒരിക്കൽ വാർത്ത വന്നു. പക്ഷേ, അവിടെയെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അങ്ങനെയൊരാളില്ല. ഒരിക്കൽ കുടുംബവീടിനടുത്തുള്ള പള്ളിയിൽ പോയപ്പോൾ ജെസ്നയുടേതു പോലയുള്ള ഒരു കുട്ടി എനിക്കു മുന്നിൽ വന്നിരുന്നു. ഞാനാകെ സ്തംഭിച്ചു പോയി.ആ കുട്ടി പള്ളിയിൽ നിന്നിറങ്ങി പോകുന്നതു വരെ മണിക്കൂറുകളോളം ഞാൻ കാത്തു നിന്നു. ജെസ്ന ഉപയോഗിച്ചിരുന്ന പോലെയുള്ള കണ്ണട, പല്ലിൽ കമ്പിയിട്ടിരിക്കുന്നത്, മുടി കെട്ടുന്ന രീതി ഇതെല്ലാമായിരിക്കും പലർക്കും സാമ്യം തോന്നുന്നത്.

പ്രധാനമന്ത്രിയെ കണ്ടു നിവേദനം കൊടുത്തപ്പോഴാണ് കേസ് സിബിഐയെ ഏൽപ്പിക്കുന്നത്. കേസ് പഠിക്കുന്നതിനിടയ്ക്ക് ആവശ്യമുള്ളപ്പോൾ വിളിക്കാറുണ്ട്. സിബിഐ ഏറ്റെടുത്ത ഭൂരിഭാഗം കേസുകളും തെളിയിച്ചിട്ടുള്ളതല്ലേ. എന്തെങ്കിലും സൂചന കിട്ടും എന്നു തന്നെയാണ് വിശ്വസിക്കുന്നത്.

ആരോ കൊച്ചിനെ തട്ടിക്കൊണ്ടു പോയതായിരിക്കും എന്നാണ് എന്റെ മനസ്സിൽ. വിളിക്കാനോ വരാനോ കഴിയാത്ത ഒരിടത്തു കുടുങ്ങി കിടക്കുകയാണ്. ആദ്യം കിട്ടുന്ന അവസരത്തിൽ എന്റെ കൊച്ച് ഓടി വരും. എനിക്കുറപ്പുണ്ട്.

jesna-father

ഒരിക്കലും കരുതിയില്ല

ഭാര്യയുടെ മരണം, മകളുടെ തിരോധാനം. കുടുംബത്തെ അത്രയും ശ്രദ്ധിക്കുന്ന ഒരാളായിട്ടു കൂടി ഇങ്ങനെയെല്ലാം സംഭവിച്ചതോർക്കുമ്പോൾ വിഷമം വരും. ഭാര്യ ഫ്രാൻസി ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സഹിക്കാൻ കഴിയുമായിരുന്നില്ല. അവർ ഈ വേദനയിൽ നിന്നു രക്ഷപ്പെട്ടല്ലോ.

മൂത്തമകളെ മുക്കൂട്ടുതറയിലേക്കാണ് വിവാഹം ചെയ്തയച്ചിരിക്കുന്നത്. ആ വീട്ടിലും ചെന്നു പലരും പറഞ്ഞു. ‘വിവാദമുള്ള വീട്ടിൽ നിന്നാണോ നിങ്ങൾ മകനു പെണ്ണന്വേഷിക്കുന്നത്.’ അപ്പോൾ  മരുമകന്റെ അമ്മ പറഞ്ഞു.‘ഞങ്ങൾക്ക് അവരെ വർഷങ്ങളായി അറിയാം. എന്റെ മ കൻ ആ കുടുംബത്തിൽ നിന്നു തന്നെ കല്യാണം കഴിക്കും.’

ജെസ്നയെ കാണാതായ സമയത്തു എന്റെ കൺസ്ട്രക്‌ഷൻ കമ്പനി വഴി പണിതു കൊണ്ടിരുന്ന വീടിന്നടിയിൽ കൊച്ചിന്റെ ബോഡി കുഴിച്ചിട്ടുണ്ട് എന്നൊരൂഹം പരന്നു. ‘ദൃശ്യം’ സിനിമ കണ്ട ആരുടെയോ വികൃതി. അവിടെ മണ്ണു മാന്തി ഇളക്കി മറിച്ചു. ജെസ്നയെ വീട്ടിൽ നിന്നു ബസ് സ്േറ്റാപ്പിലേക്കു കൊണ്ടുവിട്ട ഓട്ടോ ഡ്രൈവറെ നിരന്തരമായി ചോദ്യം ചെയ്തിട്ടുണ്ട്. അയാൾ സത്യത്തിൽ ഉറച്ചു നിന്നു. ഞങ്ങൾ കൊന്നിട്ടില്ലെന്നതിനു അയാളുടെ മൊഴി തെളിവല്ലേ. അതുപോലെ ബസിലിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ. എന്നിട്ടും എന്തേ ഇങ്ങനെ ചിന്തിക്കുന്നുവെന്നു എനിക്കറിയില്ല. ഞങ്ങളറിയാത്ത ഒരു ഫോൺ ജെസ്ന ഉപയോഗിച്ചിരുന്നു എന്നൊക്കെ ശ്രൂതിയുണ്ടായിരുന്നു. അതെല്ലാം തെറ്റാണെന്നു തെളിഞ്ഞു. അതുപോലെ പാസ്പോർട്ട് എടുത്തിരുന്നു എന്നതും.

മകൻ സിവിൽ എൻജിനീയറിങ്ങിനു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. കേസിന്റെ പിന്നാലെ നടന്നു അവന്റെ ഒരു വർഷം നഷ്ടപ്പെട്ടു. ചാനലുകളിൽ ചർച്ചയ്ക്കു വന്നിരുന്നവർ എന്തെല്ലാമാണ് അവനെ കുറിച്ചു വിളിച്ചു പറഞ്ഞത്. അപ്പോഴും അവൻ അനിയത്തിയെ കണ്ടുപിടിക്കാനോടുകയായിരുന്നു. വിഷാദത്തിലേക്കു അവൻ വീണു പോകുന്നത് എനിക്കു ചിന്തിക്കാൻ വയ്യ. ഒരു മാറ്റമാകട്ടെ എന്നു കരുതിയാണ് കാനഡയ്ക്കു പഠിക്കാനയച്ചത്. മുൻവിധികളില്ലാതെ സത്യം മനസ്സിലാക്കിയതിനു ശേഷമേ പ്രതികരിക്കാനും കുറ്റം ആരോപിക്കാനും പാടുള്ളൂ. അതു സമൂഹം പഠിക്കുക തന്നെ വേണം.

jesna

ടീച്ചറാകണമെന്നായിരുന്നു ജെസ്നയുടെ ആഗ്രഹം. അവൾ പോകുന്നതിന്റെ തലേന്നാണ് മൂന്നാമത്തെ സെമസ്റ്ററിന്റെ റിസൽറ്റ് വന്നത്. 96 ശതമാനം  മാർക്കുണ്ടായിരുന്നു. അവൾക്ക് സമ്മാനമായി മാല വാങ്ങി കൊടുക്കാമെന്നു പറഞ്ഞതാണ്. വീട്ടിലേക്കുള്ള മടങ്ങി വരവ് വൈകുന്നുവെങ്കിലും കൊച്ച് സ്വപ്നത്തിൽ ഇടയ്ക്കിടെ എന്റെയരികിലെത്താറുണ്ട്.

മകൾ നഷ്ടപ്പെട്ടു എന്നൊരു ചിന്ത എനിക്കില്ല. ‘വരും’ എന്നു തന്നെയാണ് മനസ്സു മന്ത്രിക്കുന്നത്. എനിക്കെന്തെങ്കിലും സംഭവിക്കുന്നതിനു മുൻപു എന്താണ് നടന്നതെന്നറിയണം. ആ പ്രാർഥന മാത്രം...