Wednesday 16 March 2022 12:49 PM IST

‘അച്ഛൻ ആഗ്രഹിച്ചപോലെ ചെയ്യാൻ പറ്റണം എന്നാണ് എന്റെ പ്രാർഥന’: ജ്യോതി ലാബ്സിന്റെ സ്വന്തം ജ്യോതി

Tency Jacob

Sub Editor

jyothy-labs-

ജീവിതത്തിൽ സംഭവിച്ച ഉജ്വലമായൊരു മുഹൂർത്തത്തെ കുറിച്ചു ഓര്‍ത്തെടുത്താണ് ജ്യോതി സംഭാഷണം തുടങ്ങിയത്.‘‘ജ്യോതി ലാബ്സിന്റെ എംഡിയായി അച്ഛൻ എന്നെ പ്രഖ്യാപിക്കുന്ന ചടങ്ങാണ്. ഡയറക്ടേഴ്സും ഉറ്റവരുമെല്ലാം ചുറ്റിലുണ്ട്. എനിക്ക് ലോകത്തു ഏറ്റവും പ്രിയപ്പെട്ട ആളാണ് അച്ഛൻ.

അച്ഛൻ ആ കസേരയിൽ നിന്നിറങ്ങുന്നു എന്ന സങ്കടവും, കമ്പനിയുടെ ഉത്തരവാദിത്തം എന്നെ ഏൽപിക്കുന്നു എന്ന അഭിമാനവും സന്തോഷവും എല്ലാം കൂടി വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ. അച്ഛൻ ഒരു വെള്ളിത്തളിക എനിക്കു നീട്ടി. ദൈവങ്ങളുടെ രൂപവും പൂവും അമ്പലത്തിലെ പ്രസാദവും എന്നെ നിയമിക്കുന്നതിന്റെ മംഗളപത്രവും ഒപ്പം ഒരു ഫോട്ടോയുമുണ്ടായിരുന്നു അതിൽ. അച്ഛനാഗ്രഹിക്കുന്നതു പോലെ ചെയ്യാൻ പറ്റണം എന്ന പ്രാർഥനയോടെയാണ് ഞാൻ ആ തളിക കൈനീട്ടി വാങ്ങിയത്.

ആകാംക്ഷയോടെ ആ ഫോട്ടോ എടുത്തു നോക്കി.കമ്പനിയിലെ അയ്യായിരത്തിലേറെ ജോലിക്കാർ ഉൾപ്പെടുന്ന ചിത്രമായിരുന്നു അത്. ‘ഇവരെയെല്ലാം ഞാൻ നിന്നെ ഏൽപിക്കുകയാണ്’ എന്നു അച്ഛൻ പറയാതെ പറഞ്ഞുവയ്ക്കുകയായിരുന്നു. പറയാൻ വാക്കുകളില്ലാതെ ഞാൻ അച്ഛനെ കെട്ടിപിടിച്ചു.’’ ആ നിമിഷത്തിന്റെ ആഴം ജ്യോതിയുടെ വാക്കുകളിൽ തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു.

‘‘അന്നത്തെ ആ പ്രാർഥന ഇപ്പോഴുമുണ്ട്. അതിന്റെ മുകളിലാണ് ഞാൻ ജ്യോതി ലാബ്സ് കൊണ്ടു നടക്കുന്നത്. ‘ദൈവം കൂടെയുണ്ട്, പേടിക്കേണ്ട’ എ ന്ന് ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കാറുണ്ട്.

‘ഉജാല’ പിറന്ന കഥ പറ‍യാനിഷ്ടമാണോ അച്ഛന്?

അച്ഛനല്ല, അമ്മ ശാന്തകുമാരിയാണ് കുട്ടിക്കാലത്ത് എനിക്കും സഹോദരി ദീപ്തിക്കും കഥ പറഞ്ഞുതന്നിരുന്നത്. അച്ഛൻ എം. പി. രാമചന്ദ്രൻ മുംബൈയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന കെമിക്കൽ കമ്പനി എന്തൊക്കെയോ കാരണങ്ങളാൽ പൂട്ടി. ജീവിതത്തിൽ വീണ്ടും അനിശ്ചിതത്വം വരാതിരിക്കാനായി സ്വന്തം സംരംഭമാണ് നല്ലത് എന്നു അച്ഛൻ ഉറപ്പിച്ചു.

വെള്ള വസ്ത്രങ്ങളാണ് അച്ഛൻ സ്ഥിരമായി ഉപയോഗിച്ചിരുന്നത്. അന്നൊക്കെ നീലത്തിന്റെ കട്ട വെള്ളത്തിൽ അലിയിച്ച് അതില്‍ മുക്കിയാണ് വസ്ത്രങ്ങൾക്ക് വെൺമ വരുത്തുക. ചെറുതരികൾ വെള്ളത്തിൽ അലിയാതെ കിടന്നു വസ്ത്രത്തിൽ അടയാളങ്ങൾ ഉണ്ടാക്കുന്നതായിരുന്നു അതിന്റെ പോരായ്മ. അങ്ങനെയാണ് അച്ഛൻ തുള്ളി നീലം എന്ന ആശയത്തിലേക്കെത്തുന്നത്. വെള്ളത്തിൽ പെട്ടെന്നു ലയിച്ചു വെളള വസ്ത്രങ്ങൾക്കു തൂവെൺമ പരത്തുന്ന ഉജാല തുള്ളിനീലം. അതുണ്ടാക്കുന്ന കമ്പനി തുടങ്ങാൻ അച്ഛൻ തീരുമാനിക്കുകയായിരുന്നു. 1983 ൽ തൃശൂരായിരുന്നു ജ്യോതി ലാബ്സിന്റെ ഫാക്ടറി തുടങ്ങിയത്. ഇന്ന് ഇന്ത്യയിലെങ്ങും വേരുകളായി.

jyothy-1 ജ്യോതി അച്ഛൻ രാമചന്ദ്രനൊപ്പം

കുട്ടിക്കാലം മുതലേ ബിസിനസിനോടു താൽപര്യമുണ്ടോ?

അച്ഛന്റെ കൂടെ ഉണ്ടാകുക എന്നതായിരുന്നു കൂടുതൽ ഇഷ്ടം. കുട്ടിക്കാലത്ത് ദീപാവലി പോലെയുള്ള ആഘോഷങ്ങൾക്കൊക്കെയാണ് അച്ഛനൊപ്പം ഓഫിസിൽ പോകുമായിരുന്നത്. നാട്ടിൽ അവധിക്കു പോകുമ്പോൾ ഫാക്ടറിയും മറ്റും സന്ദർശിക്കും. അത്രയായിരുന്നു കമ്പനിയുമായുള്ള ബന്ധം. കോളജ് കാലഘട്ടത്തിലാണ് കൂടുതലായി ബിസിനസ് കാര്യങ്ങൾ ശ്രദ്ധിക്കാനും തുടങ്ങിയത്.

രണ്ടു വർഷത്തിനിടയിൽ കമ്പനിയുടെ വളർച്ച എങ്ങനെ ?

കോവി‍ഡ് തന്നെയായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. ഡയറക്ടർ ബോർഡ് മുൻകൂട്ടി തീരുമാനിച്ചതനുസരിച്ചു 2020 ഏപ്രിൽ ഒന്നിനാണ് ഞാൻ ജ്യോതി ലാബ്സിന്റെ എംഡിയാകുന്നത്. അപ്പോഴേക്കും രാജ്യമാകെ ലോക്‌ഡൗണായി. വീടിനു പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല. എല്ലാവരെയും ഫോണിൽ വിളിച്ച് അന്നത്തെ ദിവസം കടന്നു പോയി. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.

ലോക്ഡൗൺ കാലമായിരുന്നതുകൊണ്ട് ആ സമയത്തെ വെല്ലുവിളികളെയും കൂടി ബന്ധിപ്പിച്ചേ വളർച്ച പറയാൻ സാധിക്കൂ. ഇരട്ട അക്ക വളർച്ച (ഡബിൾ ഡിജിറ്റ് ഗ്രോത്) ആണ് നേടിയത്. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് പോലുള്ള കമ്പനികളിൽ ഞങ്ങളുടേതാണ് കുറച്ചു വേഗത്തിൽ വളർന്നത്. കോവിഡിന്റെ സമയത്ത് ഫാക്ടറി അടച്ചിടേണ്ടി വന്നു. പക്ഷേ, സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് വിഭാഗം ഭാഗികമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിനാൽ ഉൽപന്നങ്ങൾ യഥാസമയം എല്ലായിടത്തും എത്തിക്കാൻ സാധിച്ചു.

ബിസിനസ് അല്ലാതെ വേറെ എന്തൊക്കെയാണ് ഇഷ്ടങ്ങൾ?

സിനിമ കാണാൻ ഇഷ്ടമാണ്. പെയിന്റിങ് ചെയ്യാറുണ്ട്. അ തൊക്കെ ഇപ്പോൾ മുടങ്ങിക്കിടക്കുകയാണ്. അതുപോലെ ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഇഷ്ടമാണ്.

സഹോദരിയുടെ മക്കളുണ്ട്, അയാനയും അനിഘയും. ഞങ്ങളെല്ലാം ഒരേ കെട്ടിടത്തിൽ ആണ് താമസിക്കുന്നത്. ഒഴിവുസമയം അവരുടെ കൂടെയിരിക്കാൻ ഇഷ്ടമാണ്. ജ്യോതി ലാബ്സിന്റെ ഫിനാൻസ് ഡിവിഷൻ സഹോദരി ദീപ്തിയാണ് കൈകാര്യം ചെയ്യുന്നത്. അവൾ കുറച്ചു വൈകിയാണ് ഡയറക്ടർ ബോർഡിലേക്കു വരുന്നത്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത മാർച്ച് ആദ്യ ലക്കത്തിൽ