Wednesday 23 March 2022 11:41 AM IST

‘ആളുകളെ മനസിക്കാൻ പെണ്ണുങ്ങള്‍ക്ക് പെട്ടെന്ന് കഴിയും’: തുള്ളിനീലം കൊണ്ട് വിപ്ലവം: ജ്യോതി ലാബ്സിന്റെ സ്വന്തം ജ്യോതി

Tency Jacob

Sub Editor

jyothy-ramachandran-story

ജീവിതത്തിൽ സംഭവിച്ച ഉജ്വലമായൊരു മുഹൂർത്തത്തെ കുറിച്ചു ഓര്‍ത്തെടുത്താണ് ജ്യോതി സംഭാഷണം തുടങ്ങിയത്.‘‘ജ്യോതി ലാബ്സിന്റെ എംഡിയായി അച്ഛൻ എന്നെ പ്രഖ്യാപിക്കുന്ന ചടങ്ങാണ്. ഡയറക്ടേഴ്സും ഉറ്റവരുമെല്ലാം ചുറ്റിലുണ്ട്. എനിക്ക് ലോകത്തു ഏറ്റവും പ്രിയപ്പെട്ട ആളാണ് അച്ഛൻ.

അച്ഛൻ ആ കസേരയിൽ നിന്നിറങ്ങുന്നു എന്ന സങ്കടവും, കമ്പനിയുടെ ഉത്തരവാദിത്തം എന്നെ ഏൽപിക്കുന്നു എന്ന അഭിമാനവും സന്തോഷവും എല്ലാം കൂടി വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ. അച്ഛൻ ഒരു വെള്ളിത്തളിക എനിക്കു നീട്ടി. ദൈവങ്ങളുടെ രൂപവും പൂവും അമ്പലത്തിലെ പ്രസാദവും എന്നെ നിയമിക്കുന്നതിന്റെ മംഗളപത്രവും ഒപ്പം ഒരു ഫോട്ടോയുമുണ്ടായിരുന്നു അതിൽ. അച്ഛനാഗ്രഹിക്കുന്നതു പോലെ ചെയ്യാൻ പറ്റണം എന്ന പ്രാർഥനയോടെയാണ് ഞാൻ ആ തളിക കൈനീട്ടി വാങ്ങിയത്.

ആകാംക്ഷയോടെ ആ ഫോട്ടോ എടുത്തു നോക്കി.കമ്പനിയിലെ അയ്യായിരത്തിലേറെ ജോലിക്കാർ ഉൾപ്പെടുന്ന ചിത്രമായിരുന്നു അത്. ‘ഇവരെയെല്ലാം ഞാ ൻ നിന്നെ ഏൽപിക്കുകയാണ്’ എന്നു അച്ഛൻ പറയാതെ പറഞ്ഞുവയ്ക്കുകയായിരുന്നു. പറയാൻ വാക്കുകളില്ലാതെ ഞാൻ അച്ഛനെ കെട്ടിപിടിച്ചു.’’ ആ നിമിഷത്തിന്റെ ആഴം ജ്യോതിയുടെ വാക്കുകളിൽ തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു.

‘‘അന്നത്തെ ആ പ്രാർഥന ഇപ്പോഴുമുണ്ട്. അതിന്റെ മുകളിലാണ് ഞാൻ ജ്യോതി ലാബ്സ് കൊണ്ടു നടക്കുന്നത്. ‘ദൈവം കൂടെയുണ്ട്, പേടിക്കേണ്ട’ എ ന്ന് ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കാറുണ്ട്.

‘ഉജാല’ പിറന്ന കഥ പറ‍യാനിഷ്ടമാണോ അച്ഛന്?

അച്ഛനല്ല, അമ്മ ശാന്തകുമാരിയാണ് കുട്ടിക്കാലത്ത് എനിക്കും സഹോദരി ദീപ്തിക്കും കഥ പറഞ്ഞുതന്നിരുന്നത്. അച്ഛൻ എം. പി. രാമചന്ദ്രൻ മുംബൈയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന കെമിക്കൽ കമ്പനി എന്തൊക്കെയോ കാരണങ്ങളാൽ പൂട്ടി. ജീവിതത്തിൽ വീണ്ടും അനിശ്ചിതത്വം വരാതിരിക്കാനായി സ്വന്തം സംരംഭമാണ് നല്ലത് എന്നു അച്ഛൻ ഉറപ്പിച്ചു.

വെള്ള വസ്ത്രങ്ങളാണ് അച്ഛൻ സ്ഥിരമായി ഉപയോഗിച്ചിരുന്നത്. അന്നൊക്കെ നീലത്തിന്റെ കട്ട വെള്ളത്തിൽ അലിയിച്ച് അതില്‍ മുക്കിയാണ് വസ്ത്രങ്ങൾക്ക് വെൺമ വരുത്തുക. ചെറുതരികൾ വെള്ളത്തിൽ അലിയാതെ കിടന്നു വസ്ത്രത്തിൽ അടയാളങ്ങൾ ഉണ്ടാക്കുന്നതായിരുന്നു അതിന്റെ പോരായ്മ. അങ്ങനെയാണ് അച്ഛൻ തുള്ളി നീലം എന്ന ആശയത്തിലേക്കെത്തുന്നത്. വെള്ളത്തിൽ പെട്ടെന്നു ലയിച്ചു വെളള വസ്ത്രങ്ങൾക്കു തൂവെൺമ പരത്തുന്ന ഉജാല തുള്ളിനീലം. അതുണ്ടാക്കുന്ന കമ്പനി തുടങ്ങാൻ അച്ഛൻ തീരുമാനിക്കുകയായിരുന്നു. 1983 ൽ തൃശൂരായിരുന്നു ജ്യോതി ലാബ്സിന്റെ ഫാക്ടറി തുടങ്ങിയത്. ഇന്ന് ഇന്ത്യയിലെങ്ങും വേരുകളായി.

കുട്ടിക്കാലം മുതലേ ബിസിനസിനോടു താൽപര്യമുണ്ടോ?

അച്ഛന്റെ കൂടെ ഉണ്ടാകുക എന്നതായിരുന്നു കൂടുതൽ ഇഷ്ടം. കുട്ടിക്കാലത്ത് ദീപാവലി പോലെയുള്ള ആഘോഷങ്ങൾക്കൊക്കെയാണ് അച്ഛനൊപ്പം ഓഫിസിൽ പോകുമായിരുന്നത്. നാട്ടിൽ അവധിക്കു പോകുമ്പോൾ ഫാക്ടറിയും മറ്റും സന്ദർശിക്കും. അത്രയായിരുന്നു കമ്പനിയുമായുള്ള ബന്ധം. കോളജ് കാലഘട്ടത്തിലാണ് കൂടുതലായി ബിസിനസ് കാര്യങ്ങൾ ശ്രദ്ധിക്കാനും തുടങ്ങിയത്.

രണ്ടു വർഷത്തിനിടയിൽ കമ്പനിയുടെ വളർച്ച എങ്ങനെ ?

കോവി‍ഡ് തന്നെയായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. ഡയറക്ടർ ബോർഡ് മുൻകൂട്ടി തീരുമാനിച്ചതനുസരിച്ചു 2020 ഏപ്രിൽ ഒന്നിനാണ് ഞാൻ ജ്യോതി ലാബ്സിന്റെ എംഡിയാകുന്നത്. അപ്പോഴേക്കും രാജ്യമാകെ ലോക്‌ഡൗണായി. വീടിനു പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല. എല്ലാവരെയും ഫോണിൽ വിളിച്ച് അന്നത്തെ ദിവസം കടന്നു പോയി. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.

ലോക്ഡൗൺ കാലമായിരുന്നതുകൊണ്ട് ആ സമയത്തെ വെല്ലുവിളികളെയും കൂടി ബന്ധിപ്പിച്ചേ വളർച്ച പറയാൻ സാധിക്കൂ. ഇരട്ട അക്ക വളർച്ച (ഡബിൾ ഡിജിറ്റ് ഗ്രോത്) ആണ് നേടിയത്. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് പോലുള്ള കമ്പനികളിൽ ഞങ്ങളുടേതാണ് കുറച്ചു വേഗത്തിൽ വളർന്നത്. കോവിഡിന്റെ സമയത്ത് ഫാക്ടറി അടച്ചിടേണ്ടി വന്നു. പക്ഷേ, സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് വിഭാഗം ഭാഗികമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിനാൽ ഉൽപന്നങ്ങൾ യഥാസമയം എല്ലായിടത്തും എത്തിക്കാൻ സാധിച്ചു.

ബിസിനസ് അല്ലാതെ വേറെ എന്തൊക്കെയാണ് ഇഷ്ടങ്ങൾ?

സിനിമ കാണാൻ ഇഷ്ടമാണ്. പെയിന്റിങ് ചെയ്യാറുണ്ട്. അ തൊക്കെ ഇപ്പോൾ മുടങ്ങിക്കിടക്കുകയാണ്. അതുപോലെ ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഇഷ്ടമാണ്.

സഹോദരിയുടെ മക്കളുണ്ട്, അയാനയും അനിഘയും. ഞങ്ങളെല്ലാം ഒരേ കെട്ടിടത്തിൽ ആണ് താമസിക്കുന്നത്. ഒഴിവുസമയം അവരുടെ കൂടെയിരിക്കാൻ ഇഷ്ടമാണ്. ജ്യോതി ലാബ്സിന്റെ ഫിനാൻസ് ഡിവിഷൻ സഹോദരി ദീപ്തിയാണ് കൈകാര്യം ചെയ്യുന്നത്. അവൾ കുറച്ചു വൈകിയാണ് ഡയറക്ടർ ബോർഡിലേക്കു വരുന്നത്.

ഡയറക്ടർ ബോർഡിലെ സ്ത്രീ പ്രാതിനിധ്യം 50 ശതമാനമാണല്ലോ. ഇന്ത്യയിൽ തന്നെ അത്തരമൊരു നീക്കം ആദ്യമാണല്ലേ?

ഞാനും ദീപ്തിയും ഡയറക്ടർ ബോർഡിലുണ്ട്. ഭൂമിക ബ ത്രയാണ് മൂന്നാമത്തെ ആൾ. കമ്പനികൾ സാധാരണ വേറൊരു സ്ത്രീയെ കൂടി ബോർഡിലേക്കു കൊണ്ടുവരാൻ ശ്രമിക്കില്ല. ജ്യോതി ലാബ്സ് എന്നും സ്ത്രീകൾക്ക് മുൻഗണന കൊടുക്കുന്നു. കുടുംബത്തിൽ നിന്നല്ലാതെ വേറെ ഒരാ ൾ കൂടി വേണമെന്നതു ഞങ്ങളുടെ തീരുമാനമായിരുന്നു.

jyothy-1

സ്ത്രീയുടെ കരുത്ത് എന്താണെന്നാണ് ചിന്തിക്കുന്നത്?

ആളുകളെ മനസ്സിലാക്കാൻ സ്ത്രീകൾക്ക് പെട്ടെന്നു കഴി യും എന്നാണ് അനുഭവം. പുരുഷന്മാർ ഒരു വ്യക്തിയെ വിലയിരുത്തുന്നത് അവരുടെ യോഗ്യതയും മറ്റും നോക്കിയിട്ടായിരിക്കും. പ്രശ്നങ്ങളുണ്ടാകുമ്പോൾ സ്ത്രീകൾ നയത്തിൽ കാര്യങ്ങൾ പറഞ്ഞു തീർപ്പാക്കും.

യാത്രകൾ ജ്യോതിയെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ടോ?

ഞാൻ അച്ഛന്റെയൊപ്പം ധാരാളം യാത്ര ചെയ്യാറുണ്ട്. അ ച്ഛൻ ഓരോരുത്തരോടും പെരുമാറുന്ന രീതി നിരീക്ഷിക്കാൻ ഇഷ്ടമാണ്. യാത്രകളിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റും. കാഴ്ചപ്പാടിനെ കുറച്ചുകൂടി തുറന്നതാക്കും. എംബിഎ പഠനമെല്ലാം ഇന്ത്യയിൽ തന്നെയായിരുന്നു. മൂന്നുവർഷത്തെ കോഴ്സിനാണ് അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പോകുന്നത്. അവിടെ പല രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉണ്ടായിരുന്നു. വിദേശത്തെ അധ്യാപകരും തുറന്ന മനസ്ഥിതിക്കാരാണ്. എല്ലാ കാര്യങ്ങളും വളരെ ഗൗരവത്തോടെയും ചിട്ടയോടെയും ദീർഘവീക്ഷണത്തോടെയുമാണ് ചെയ്യുന്നത്.

അച്ഛൻ നൽകിയ ബിസിനസ് പാഠങ്ങൾ?

‘കണ്ണ് എല്ലായിടത്തും എത്തണം’ എന്നു എപ്പോഴും ഓർമപ്പെടുത്തും. എല്ലാ കാര്യങ്ങളും നമുക്കറിയണമെന്നില്ല. നമ്മുടെ കയ്യിൽ അതിനു കഴിവുള്ള ആളുകളുണ്ടാകും. അവർക്ക് ചെയ്യാൻ അവസരം കൊടുക്കുക. തൊഴിലാളികളാണ് സ്ഥാപനം ഉണ്ടാക്കുന്നതും ഉയർത്തിക്കൊണ്ടു വരുന്നതും. കമ്പനിയുെട തുടക്കകാലത്തേ ഉള്ള സപ്ലയർമാർ ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. കാണുമ്പോഴെല്ലാം അവർ അച്ഛനെക്കുറിച്ചു പറയും. വിജയിക്കുമോ പരാജയപ്പെടുമോ എന്നു തീർച്ചയില്ലാത്ത കാലത്തും ആളുകൾ കൂടെ നിൽക്കണമെങ്കിൽ ഒരു മനുഷ്യന്റെ കയ്യിൽ എന്തെങ്കിലും ഗുണങ്ങൾ ഉണ്ടാകുമല്ലോ. ഇടപെടൽ അത്ര നല്ലതായിരുന്നിരിക്കണം. ബിസിനസ് ബന്ധങ്ങൾ കാലങ്ങളോളം മുന്നോട്ടു കൊണ്ടുപോകുക എളുപ്പമല്ല.

കഠിനധ്വാനിയാണ് അച്ഛൻ. തുടക്കകാലത്ത് കമ്പനിയിലേക്ക് ട്രക്ക് വരുമ്പോൾ സാധനങ്ങൾ കയറ്റാനും ഇ റക്കാനും അച്ഛനും കൂടും. അങ്ങനെയുള്ള ദിവസങ്ങളിൽ വളരെ വൈകിയാണ് വരിക. അച്ഛൻ വന്നെത്തുന്നതും നോക്കി വീടിന്റെ പടിക്കൽ ഞാൻ കാത്തു നിൽക്കും. അച്ഛൻ വീട്ടിലെത്തും വരെ എനിക്കു സമാധാനം കിട്ടില്ല. മഴയൊക്കെ ഉണ്ടെങ്കിൽ പേടി കൂടും. അച്ഛന് എപ്പോഴും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വഴക്കു പറഞ്ഞു ഞാൻ കേട്ടിട്ടില്ല.

എംഡി ആയപ്പോൾ അമ്മ നൽകിയ വിജയമന്ത്രം എന്താണ്?

കുട്ടികൾ നഴ്സറിയിൽ ആദ്യമായി പോകുമ്പോൾ അമ്മമാർക്ക് ഉണ്ടാകുന്ന പേടിയില്ലേ, ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സമയത്ത് അത്തരമൊരു പേടി അമ്മയ്ക്കും ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ആലോചിച്ചു ശ്രദ്ധയോടെ ചെയ്യണം എന്നു അമ്മ ഓർമപ്പെടുത്താറുണ്ട്. കമ്പനി കെട്ടിപ്പൊക്കാൻ അച്ഛൻ അനുഭവിച്ച കഷ്ടപ്പാടുകൾ അമ്മയും കണ്ടിട്ടുണ്ടല്ലോ. അതിന്റെ ഒരുഭാഗം അനുഭവിച്ചിട്ടുമുണ്ടാകണം. അതുകൊണ്ട് അമ്മയ്ക്കും കമ്പനിയുടെ വളർച്ച വിലപ്പെട്ടതാണ്.

ആകാശവാണിയിൽ കേൾക്കുന്ന പരസ്യ ജിങ്കിളുകളിലൂടെയായിരുന്നു ഉജാല പ്രശസ്തമായത്. പുതിയ മാർക്കറ്റിങ് എങ്ങനെയാണ് ?

ഞാൻ ജ്യോതി ലാബ്സിൽ വന്നിട്ട് 15 വർഷമായി. 2017 മുതൽ ചീഫ് മാർക്കറ്റിങ് ഓഫിസർ ആയിരുന്നു. ഇന്ത്യയിൽ നമ്മുടെ ഉൽപന്നം എല്ലാ മുക്കിലും മൂലയിലും എത്തണമെങ്കിൽ ടെലിവിഷനും പത്രമാധ്യമങ്ങളും തന്നെയാണ് പ്രധാന വഴി. നാലഞ്ചു കൊല്ലം കൂടി കഴിയുമ്പോൾ ടിവി കുറഞ്ഞു ഡിജിറ്റലാകും കൂടുതൽ. യുവതലമുറയ്ക്ക് സോഷ്യ ൽ മീഡിയയാണ് താൽപര്യം. ഞങ്ങൾ ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിവച്ചിട്ടുണ്ട്.

ബിസിനസ് രംഗത്ത് ജ്യോതിയെ പ്രചോദിപ്പിച്ചത് ആരാണ്?

തമിഴ്നാട്ടിലെ ചെറിയ ഗ്രാമത്തിൽ നിന്നു പെപ്സികോ എ ന്ന ആഗോള കമ്പനിയുടെ തലപ്പത്തെത്തിയ ഇന്ദ്ര നൂയി എ ന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ മൈക്രോ സോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സത്യ നാദല്ലെ, ഗൂഗിളിന്റെ സുന്ദർ പിച്ചെ എന്നിങ്ങനെയുള്ളവരെ കുറിച്ചു കേൾക്കുമ്പോൾ തന്നെ അഭിമാനം തോന്നും. നമ്മൾ ഇന്ത്യക്കാർക്ക് എല്ലാം പറ്റും.

jyothy-labs-

കുടുംബത്തെ കുറിച്ചു പറയാമോ?

ഭർത്താവ് അനന്ത് റാവു ജ്യോതി ലാബറട്ടറീസിന്റെ തന്നെ ഓപ്പറേഷൻസ് വിഭാഗം ഹെഡ് ആണ്. അദ്ദേഹം നല്ല പിന്തുണ നൽകുന്നുണ്ട്. ഞാൻ അൽപം ഡൗൺ ആയാൽ അദ്ദേഹം സംസാരിച്ച് എന്നെ ഊർജസ്വലയാക്കും. അതൊരു വലിയ സമാധാനമാണ്. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ െചയ്തു തരികയും ചെയ്യും.

കുട്ടിക്കാലമാണ് എനിക്ക് ഏറ്റവും ഇഷ്ടം. അച്ഛന്റെയും അമ്മയുടെയും ചെല്ലക്കുട്ടിയായി വളർന്ന കാലം. ഏപ്രിലിൽ പരീക്ഷ കഴിയുമ്പോഴാണ് ‍നാട്ടിൽ പോക്ക്. ഒന്നര മാസം നാട്ടിലുണ്ടാകും. അച്ഛന്റെ വീട് ഗുരുവായൂരും അമ്മയുടെ വീട് ചാവക്കാടുമാണ്. രണ്ടു വീട്ടിൽ നിന്നും നല്ല സ്നേഹം കിട്ടിയിട്ടുണ്ട്. ചക്കയും മാങ്ങയും കഴിക്കലും മണ്ണിൽ കളിക്കലും ഒക്കെയായി രസമായിരുന്നു. അന്ന് ആ സ്നേഹ നിമിഷങ്ങൾക്ക് അത്ര മൂല്യമുള്ളതായി തോന്നിയിരുന്നില്ല. ഇന്ന് ആലോചിക്കുമ്പോഴാണ് കഴിഞ്ഞുപോയത് എന്തായിരുന്നു എന്നു തിരിച്ചറിയുന്നത്.

ടെൻസി ജെയ്ക്കബ്