Saturday 01 October 2022 12:41 PM IST : By സ്വന്തം ലേഖകൻ

കെഎസ്ആർടിസി പറയുന്നത് പച്ചക്കള്ളം... ജീവനക്കാരുടെ മർദ്ദനമേറ്റ പ്രേമനന് പറയാനുള്ളത്

ksrtc-issue

കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണ് കൺസഷൻ ടിക്കറ്റ് നൽകിയതെന്ന കെഎസ്ആർടിസി മാനേജ്മെന്റ് വാദം പച്ചക്കള്ളം.  കൺസഷൻ പുതുക്കാനെത്തി ജീവനക്കാരുടെ കൈക്കരുത്തിനിരയായ പ്രേമനന്റെ മകൾ രേഷ്മ കോഴ്സ് സർട്ടിഫിക്കറ്റ് നൽകാതെ തന്നെയാണ് കൺസഷൻ ടിക്കറ്റ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ വീട്ടിലെത്തി നൽകിയത്. കഴിഞ്ഞ 20നാണ് രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയത്. എന്നാൽ 9 ന് എന്നാണ് കെഎസ്ആർടിസി പറയുന്നത്.  

പ്രേമനൻ പറയുന്നു...

എനിക്കും മകൾക്കും മർദനമേറ്റ 20ന് വൈകിട്ട് ആശുപത്രിയിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ തങ്ങൾ കൺസഷൻ ടിക്കറ്റ് പുതുക്കി വാങ്ങി നൽകാമെന്ന് പറഞ്ഞു.  ഇവർക്ക് ഒപ്പമുണ്ടായിരുന്ന പൂവച്ചൽ പഞ്ചായത്തിലെ എസ്‌സി പ്രമോട്ടറായ എസ്എഫ്ഐ കുട്ടിയുടെ കയ്യിൽ കൺസഷൻ കാർഡും, 2  ‍ഫോട്ടോയും 700 രൂപയും കൊടുത്തു. പിന്നീട് ഒന്നും അവർ പറഞ്ഞില്ല. 26ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ വീട്ടിലെത്തി. ടോക്കൺ വേണമെന്ന് പറഞ്ഞു.

ടോക്കൺ ഇല്ലെന്നും എസ്എഫ്ഐ കുട്ടികളാണ് കൺസഷൻ ടിക്കറ്റ് വാങ്ങി വാങ്ങിയതെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്റെ കയ്യിൽ ‍നിന്നും ടോക്കൺ നഷ്ടപ്പെട്ടു എന്ന് എഴുതി വാങ്ങി. മകളുടെ കൺസഷൻ ടിക്കറ്റും നൽകി മടങ്ങി. 20നു എന്നെ ആശുപത്രിയിലേക്ക് അയച്ചിട്ട് പരീക്ഷയ്ക്ക് പോയ ശേഷം അവൾ കോളജിൽ പോകുന്നത് 26ന്. അന്നു വൈകിട്ടാണ് കൺസഷൻ ടിക്കറ്റുമായി ഉദ്യോഗസ്ഥരെത്തിയത്.  9ന് ഞാനോ മകളോ കൺസഷൻ പുതുക്കാൻ പോയിരുന്നില്ല– പ്രേമനൻ പറഞ്ഞു

കെഎസ്ആർടിസി പറയുന്നത്..

സെപ്റ്റംബർ 9ന് രേഷ്മ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തി. (ഇത് തെറ്റ്. 20നാണ് എത്തിയത്)19ന് കോഴ്സ് സർട്ടിഫിക്കറ്റിന്റെ കാലാവധി തീർന്നു. പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. 22ന് പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്ന് ടോക്കൺ നൽകി. തുടർന്ന് 26ന് ക്ലസ്റ്റർ ഓഫിസർ കെ.വി.അജി വിദ്യാർഥിനിയുടെ വീട്ടിലെത്തി കൺസഷൻ കൈമാറുകയായിരുന്നു. കോഴ്സ് സർട്ടിഫിക്കറ്റ് നൽകാതെയും വിദ്യാർഥിനിയാണെന്ന് തെളിയിക്കാതെയും കൺസഷൻ വിതരണം ചെയ്തുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണ്.