Saturday 19 November 2022 12:30 PM IST : By സ്വന്തം ലേഖകൻ

കാത്തിരിക്കാൻ വയ്യ... ഒടുവിൽ ഒറ്റയ്ക്കിറങ്ങി: പരസഹായമില്ലാതെ വീട് പണി പൂർത്തിയാക്കി മനോജ്: അഭിമാന നേട്ടം

manoj-home

വീട് നിർമിക്കാൻ അനന്തമായി കാത്തിരുന്നിട്ടു കാര്യമില്ലെന്ന തിരിച്ചറിവാണ് പാലങ്ങാട്ട് മനോജ് എന്ന നാൽപ്പത്തിയഞ്ചുകാരനെ ഒറ്റയ്ക്കു തുനിഞ്ഞിറങ്ങാൻ പ്രേരിപ്പിച്ചത്. പരസഹായമില്ലാതെ നിർമിച്ചു തുടങ്ങിയ വീട് പൂർത്തീകരണത്തോടടുക്കുമ്പോൾ മനോജിനെ അഭിനന്ദിക്കാൻ വീട്ടുകാർ മാത്രമല്ല, നാട്ടുകാരും നിറമനസ്സോടെ എത്തുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മുളപ്ര-പാറോത്തുംനീർ റോഡരികിലെ കൊച്ചു ഷെഡിലാണ് ഏറെക്കാലമായി മനോജ് താമസിക്കുന്നത്. ഈ ഷെഡും ശുചിമുറിയും കിണറുമെല്ലാം മനോജ് സ്വയം നിർമിച്ചതാണ്.

വീട് നിർമാണത്തിനു സഹായം തേടി മുട്ടാത്ത വാതിലുകളില്ല. ഇനിയും കാത്തിരിക്കുന്നതിൽ അർഥമില്ലെന്ന് മനസ്സിലായതോടെയാണ് മനോജ് പരസഹായമില്ലാതെ വീട് നിർമിക്കാൻ തീരുമാനിച്ചത്. തെങ്ങുക്കയറ്റമാണ് മനോജിന്റെ പ്രധാന ജോലിയെങ്കിലും കെട്ടിട നിർമാണം ഉൾപ്പെടെയുള്ള മറ്റു ജോലികൾക്കും പോകാറുണ്ട്. കെട്ടിടനിർമാണ ജോലി ചെയ്യുമ്പോൾ ലഭിച്ച അറിവാണു സ്വന്തമായി വീട് നിർമിക്കാൻ മനോജിനു ധൈര്യം പകർന്നത്.

മൂന്നു മുറികൾ, അടുക്കള, ഹാൾ ഉൾപ്പെടെയുള്ള വീടിന്റെ പ്ലാൻ തയാറാക്കി. തറ കെട്ടിക്കഴിഞ്ഞപ്പോഴേക്കും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. തുടർന്ന് മൂന്നു മാസത്തിലേറെ പ്രവൃത്തി നിലച്ചു. പിന്നീട് ഘട്ടം ഘട്ടമായി വീടിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റ് വരെ പൂർത്തിയാക്കി. ഇതിൽ കോൺക്രീറ്റ് ജോലിക്കും വയറിങ് പ്രവൃത്തിക്കും മാത്രമാണു പുറത്തുനിന്നുള്ള തൊഴിലാളികളുടെ സഹായം തേടിയത്.  വാനം, തറകെട്ടൽ, കല്ല് ചുമക്കൽ, ചുമർ നിർമാണം, ചാന്ത് കൂട്ടൽ, വെള്ളം ഒഴിക്കൽ തുടങ്ങിയ പണികളെല്ലാം സ്വയം ചെയ്തു.

ഇനി തേപ്പ് പണിയും ടൈൽ പതിക്കുന്ന ജോലിയുമാണു ബാക്കിയുള്ളത്. മാസത്തിൽ 20 ദിവസം മനോജ് ജോലിക്കു പുറത്തു പോകും. ശേഷിക്കുന്ന ദിവസങ്ങളിലാണു സ്വന്തം വീട് പണി. നിർമാണ സാമഗ്രികൾ മാത്രമാണു പണം കൊടുത്തു വാങ്ങുന്നത്. വീടിന്റെ രണ്ടാം നിലയിൽ രണ്ടു മുറികൾ കൂടി നിർമിച്ച് തേപ്പ് ഉൾപ്പെടെ പൂർത്തിയാക്കി പാലു കാച്ചാനുള്ള ഒരുക്കത്തിലാണ് മനോജും കുടുംബവും. ഭാര്യ അമ്പിളിയും പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ദേവദത്തൻ, ദേവസൂര്യ എന്നിവരും അടങ്ങുന്നതാണു മനോജിന്റെ കുടുംബം.