Monday 24 February 2020 05:53 PM IST

നട്ടുച്ചയ്ക്കും എസിയെ വെല്ലുന്ന തണുപ്പ്, നാല് ലക്ഷം രൂപയ്ക്ക് പ്രകൃതിയോടിണങ്ങി ഒരു വീട്

Binsha Muhammed

nanavu

ഉച്ചിക്കു മേലെ വെയിൽ കത്തിയാളുകയാണ്. പുറത്തിറങ്ങിയാൽ പൊള്ളുന്ന അവസ്ഥ. കൊടും ചൂടിൽ വെന്തുരുകുമ്പോൾ കോൺക്രീറ്റ് നിവാസികളുടെ പ്രാക്ക് മുഴുവൻ ചെല്ലുന്നതാകട്ടെ ‘പാവം സൂര്യനും.’ നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ ഫാൻ കറക്കാമെന്ന് വച്ചാലോ?, ഇതു തന്നെ കഥ...‘ശോ...ഇതെന്തൊരു ചൂടാണ്.’ കോൺക്രീറ്റ് കെട്ടിങ്ങളുടെ അകത്തളങ്ങളിലെ ഈ അശരീരി ഇനി എത്ര നാളത്തേക്കുണ്ടാകുമെന്ന് ചോദിച്ചാൽ കാലാവസ്ഥ വകുപ്പിനു പോലും മറുപടിയില്ല.

ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ‘ചൂടുള്ള’ വിശേഷം പങ്കുവയ്ക്കുമ്പോൾ ഇതൊന്നും ഏശാതെ നിൽക്കുന്നൊരു കൂടുണ്ട്. പ്രകൃതിയുടെ നനവും തണുപ്പും പടർന്നു കയറിയ ആ വീട്ടിൽ നട്ടുച്ചയ്ക്കും എസിയെ വെല്ലുന്ന കുളിരാണ്. ചൂടിനു മേൽ പ്രകൃതി തണുപ്പിന്റെ കമ്പളം വിരിച്ച ആ കാഴ്ച കാണണമെങ്കിൽ കണ്ണൂർ ചക്കരക്കല്ലിലെ അഞ്ചരക്കണ്ടിയിലേക്കൊന്നു പോണം. അവിടെ 40 ഡിഗ്രി ചൂടിനെ പ്രകൃതിയുടെ പടച്ചട്ട കൊണ്ടു നേരിടുന്ന രണ്ട് ദമ്പതിമാരെ കാണാം. 35 സെന്റിലെ മൺവീട്ടിൽ അന്തിയുറങ്ങി... വേണ്ടതെല്ലാം കൃഷി ചെയ്ത് ഉണ്ടാക്കി... സങ്കൽപ്പത്തിലെ സ്വർഗം ഭൂമിയിൽ വിതാനിച്ച രണ്ടു പേർ, ഹരിയും ആശയും. നഗരമധ്യത്തിലെ സുഖലോലുപത തേടി കാടിറങ്ങുന്ന മനുഷ്യൻമാരുടെ കാലത്ത് തങ്ങൾക്കുള്ളതെല്ലാം ഈ കാട്ടിലുണ്ടെന്ന് അഭിമാനത്തോടെ പറയുന്നു ഇവർ. മരുന്നും, മന്ത്രവും, ഭക്ഷണവും തുടങ്ങി ഒരു ജീവിതം മുഴുവൻ ഈ കാട്ടിലങ്ങനെ പരന്നു കിടക്കുന്നു. കൊടും ചൂടിൽ കഷ്ടപ്പെടുന്ന കോൺക്രീറ്റ് നിവാസികളുടെ കാലത്ത് പ്രകൃതിയൊരുക്കിയ എസി വീട്ടിലിരുന്ന് അവർ പറയുകയാണ്. പച്ചപ്പിനു നടുവിൽ മൺവീടൊരുങ്ങിയ കഥ... ‘വനിത ഓൺലൈനു’ വേണ്ടി.

പ്രകൃതിയുടെ നനവും തണുപ്പും

പക്ഷികളെ കണ്ടിട്ടില്ലേ... പ്രകൃതിയോടിണങ്ങിയാണ് അവർ കൂടൊരുക്കുന്നത്. ചുട്ടുപൊള്ളുന്ന ചൂടും മാമരം കോച്ചുന്ന തണുപ്പും കുത്തിയൊലിച്ചു വരുന്ന പ്രളയവും അവരെ ബാധിക്കാറുണ്ടോ.  പ്രകൃതിയോടിണങ്ങിയാണ് അവരുടെ ആവാസം. മനുഷ്യനും അങ്ങനെയായിരുന്നു. നാളുകൾക്ക് മുമ്പ്... പക്ഷേ ലോകം എത്ര പുരോഗമിച്ചാലും ഞങ്ങൾക്ക് മാറാൻ കഴിയില്ല. പ്രകൃതിയാണ് ഞങ്ങളുടെ ജീവിതം. ആ ജീവിതത്തിന്റെ നേർസാക്ഷ്യമാണ് ഞങ്ങളുടെ ‘നനവെന്ന’  മൺവീട് അഥവാ ശ്വസിക്കുന്ന വീട്...– ഹരി പറഞ്ഞു തുടങ്ങുകയാണ്.

രണ്ടായിരത്തി പത്തോടു കൂടിയാണ് മനസിനും പ്രകൃതിക്കും ഇണങ്ങിയ ഈ വീട് സാക്ഷാത്കരിക്കുന്നത്. വെറും 4 ലക്ഷം രൂപ ചെലവിലാണ് ഈ വീടൊരുങ്ങിയതെന്ന് പറഞ്ഞാൽ റിയൽ എസ്റ്റേറ്ററ്റുകാർ ചിലപ്പോൾ ഉൾക്കൊണ്ടു എന്ന് വരില്ല. കൃത്യമായി പറഞ്ഞാൽ 3 ലക്ഷം രൂപയ്ക്ക് വീട് പണി പൂർത്തിയായി. കിണറിനു വേണ്ടി ഒരു ലക്ഷം. വീട് നിർമാണത്തിനാവശ്യമായ വസ്തുക്കൾക്ക് കേവലം ഒരു ലക്ഷം മാത്രമേ ആയിട്ടുള്ളൂ. ലേബർ ചാർജിലേക്കാണ് ബാക്കി ചെലവ് പോയത്. നിർമാണത്തിലെ താരം ഈ കാണുന്നതു പോലെ മണ്ണ് തന്നെയാണ്. മണ്ണു കുഴച്ച് ഉണക്കി മെനഞ്ഞെടുത്താണ് നിർമാണം.

nanavu-3

തണുപ്പിന്റെ താവളം

കൊടും ചൂട്...അസഹനീയമായ ചൂട്... എന്നീ പരാതികളൊന്നും ഇവിടുള്ളവർ പറയില്ല. ഏത് നട്ടുച്ചയ്ക്കും തണുത്ത കാലാവസ്ഥ അതാണ് ഈ മൺവീടിനെ വ്യത്യസ്തമാക്കുന്നത്. വന്യ മൃഗങ്ങളുമായി ഒത്തിണങ്ങിയാണ് എന്റേയും ഹരിയേട്ടന്റേയും ഇവിടുത്തെ ജീവിതം. പാമ്പ്, ഉടുമ്പ് തുടങ്ങി മൃഗങ്ങൾക്കെല്ലാം ഞങ്ങളുടെ വീടിനു ചുറ്റും സ്വൈര്യ ജീവിതം ഉറപ്പ്. അവർ പുറത്തിറങ്ങുന്ന സമയത്ത് ഞങ്ങളോ, ഞങ്ങള്‍ പുറത്തിറങ്ങുന്ന സമയത്ത് അവരോ ശല്യപ്പെടുത്താതെ സ്വസ്ഥമായി പോകുന്നു. രാത്രി കാലം പൂർണമായും അവർക്കായി വിട്ടു കൊടുത്തിരിക്കുന്നു. ഊർജം എത്രമാത്രം കുറച്ച് ഉപയോഗിക്കാം എന്നതാണ് ഞങ്ങളുടെ ജൈവിക വീടിന്റെ രീതി. പാചകത്തിനായി ബയോഗ്യാസ് ഉപയോഗിക്കുന്നു. കറന്റ് കണക്ഷൻ ഉണ്ടെങ്കിലും മാസം നാല് യൂണിറ്റിൽ കൂടുതൽ ഞങ്ങൾ ഉപയോഗിക്കാറില്ല. ഒരു തുള്ളി വെള്ളം പോലും ഇവിടുന്ന് പുറത്ത് പോകാറില്ല. പരമാവധി സംഭരിച്ചു വയ്ക്കാൻ ശ്രമിക്കാറുണ്ട്.– ആശ പറയുന്നു.

വേണ്ടതെല്ലാം ഈ സ്വർഗം തരും

കാടെന്ന് വിശേഷിപ്പിക്കുമ്പോൾ ഇത് വന ഭൂമിയാണെന്ന് തെറ്റിദ്ധരിക്കരുത്. സ്വന്തമായുള്ള 34 സെന്റ് ഭൂമിയിൽ സ്വർഗ തുല്യമായൊരു വീടും, കാടിന് സമാനമായൊരു അന്തരീക്ഷവും ഞങ്ങൾ നിലനിർത്തുന്നു എന്ന് മാത്രം. 45 സെന്റ് വയൽ ഭൂമി വേറെയുണ്ട്. അവിടുന്നാണ് ഞങ്ങൾക്ക് ഉണ്ണാനും ഉടുക്കാനും ഉള്ളതെല്ലാം കിട്ടുന്നത്. പച്ചക്കറി, കിഴങ്ങ്, വാഴ അങ്ങനെ കൃഷികൾ വേറെയും. ഈ മൺവീട്ടിൽ...ഈ കാടിനു നടുക്ക് താമസിക്കുമ്പോൾ പലരും പറയുന്ന മറ്റൊരു ആശങ്ക അവശ്യ സൗകര്യങ്ങൾക്ക് എവിടെ പോകും എന്നാണ്. ആത്മവിശ്വാസത്തോടെ പറയട്ടേ...എല്ലാത്തിനുമുള്ള പ്രതിവിധി പ്രകൃ‍തിയിലുണ്ട്. ഒരു അസുഖത്തിന്റെ പേരിലും ഇതു വരെ ആശുപത്രി കയറിയിറങ്ങേണ്ടി വന്നിട്ടില്ല. മനുഷ്യനെ മൊത്തമായും ചില്ലറയായും വിലയ്ക്കെടുക്കുന്ന ‘വിപണിയും’ ഞങ്ങളെ സ്വാധീനിക്കുന്നില്ല. പറഞ്ഞല്ലോ...എല്ലാം ഇവിടെയുണ്ട്.

nanavu-1

ജീവിതം കരയ്ക്കടുപ്പിക്കാൻ എല്ലാം വിറ്റുപെറുക്കി നഗരത്തിലേക്ക് കുടിയേറാനുള്ള മനോഭാവം ഞങ്ങൾക്ക് തീരേ ഇല്ലായിരുന്നു എന്നു വേണം പറയാൻ. അതു കൊണ്ടാണ് അവകാശമായി കിട്ടിയ ഭൂമി ഒരു റിയൽ എസ്റ്റേറ്റുകാരനും കാഴ്ചവയ്ക്കാതെ ഞങ്ങളിവിടെ ജീവിച്ചു പോരുന്നത്. ഞങ്ങളുടെ ബന്ധുക്കളുടെ ഭൂമിയും ഞങ്ങൾ താമസിക്കുന്നതിന് തൊട്ടടുത്തായി ഉണ്ട്. അവിടം ആരും നോക്കാനില്ലാതെ കാടുപിടിച്ചു കിടപ്പാണ്. ഞങ്ങളുടെ ഭൂമിക്ക് കാവലായി ഇവിടെ ഞങ്ങളുണ്ട്. നനവിന്റെ കാവൽക്കാരായി...ഞാനും ഇവളും മാത്രം. അതു മതി– ഹരി പറഞ്ഞു നിർത്തി.

nanavu-3