Saturday 08 August 2020 10:19 AM IST : By സ്വന്തം ലേഖകൻ

'ഡോക്ടറേ... വേണേല്‍ ഞങ്ങളിവിടെ നില്‍ക്കാംട്ടോ, വീട്ടിലുള്ളവര്‍ക്ക് കോവിഡ് വരാതിരിക്കാന്‍ ഞങ്ങളെന്താണ് വേണ്ടത്?'; കുറിപ്പ്

karipur

മഴയെന്നോ മഹാമാരിയെന്നോ നോക്കി നില്‍ക്കാതെ മനുഷ്യ ജീവന്റെ രക്ഷയ്ക്കായി ഓടിയെത്തിയ മലപ്പുറം സ്വദേശികളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ. കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം മരണമായി പെയ്തിറങ്ങിയ നിമിഷത്തില്‍ ദുരന്തമുഖത്തേക്ക് ഓടിയെത്തി പ്രദേശവാസികള്‍. ഒരുപക്ഷേ അവരുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിക്കുമായിരുന്നു. നിസ്വാര്‍ത്ഥമായ അവരുടെ പ്രവര്‍ത്തിയെ ഹൃദയത്തിലേറ്റുവാങ്ങി ഡോ. ഷിംന അസീസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഒപ്പം കോവിഡ് ഭീതി മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ഷിംന വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; 

കരിപ്പൂര്‍ അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവര്‍ത്തകരായ ആ നാട്ടുകാര്‍ ചോദിച്ചത് 'ഡോക്ടറെ, ഇനി ഞങ്ങളിവിടെ നില്‍ക്കണേല്‍ നില്‍ക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവര്‍ക്ക് കോവിഡ് വരാതിരിക്കാന്‍ ഞങ്ങളെന്താണ് വേണ്ടത്?' എന്ന് മാത്രമാണ്.

രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ കോവിഡ് കാലവും ശാരീരിക അകലവുമൊന്നും അവര്‍ ഓര്‍ത്തിരുന്നില്ല. അതൊന്നും നോക്കാനുമാവില്ല. അതിനൊന്നും പറ്റുന്നൊരു ആഘാതത്തിനല്ല അവര്‍ സാക്ഷ്യം വഹിച്ചതും.

പ്രിയപ്പെട്ട രക്ഷാപ്രവര്‍ത്തകരോട് ഒന്നേ പറയാനുള്ളൂ. ഇന്നലെ വിമാനത്തില്‍ നിന്നും കൈയില്‍ കിട്ടിയ ജീവന്‍ വാരിയെടുത്ത് ഞങ്ങള്‍ക്കരികില്‍ എത്തിയവരില്‍ നിങ്ങളില്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ദയവ് ചെയ്ത് 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം. വീട്ടിലെ പ്രതിരോധശേഷി കുറവുള്ളവരുമായി യാതൊരു തരത്തിലും ഇടപെടരുത്. കോരിച്ചൊരിയുന്ന മഴയും തണുപ്പും കണക്കാക്കാതെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നിങ്ങള്‍ക്ക് വരാന്‍ സാധ്യതയുള്ള വൈറല്‍ ഫീവര്‍ ജലദോഷപ്പനിയാണോ കോവിഡാണോ എന്ന് സ്വയം തീരുമാനിച്ച് ലഘൂകരിക്കരുതെന്നും താഴ്മയായി അപേക്ഷിക്കുകയാണ്. ഉറപ്പായും ഞങ്ങള്‍ക്കരികിലെത്തി ചികിത്സ തേടണം.

കൊണ്ടോട്ടി എന്ന കണ്ടെയിന്‍മെന്റ് സോണിലുള്ള, കടുത്ത കോവിഡ് ഭീഷണിയുള്ള , ഒരു പക്ഷേ കോവിഡ് രോഗികള്‍ ആയിരുന്നിരിക്കാന്‍ സാധ്യതയുള്ള, വിദേശത്ത് നിന്ന് വന്ന മനുഷ്യരെ ചേര്‍ത്ത് പിടിച്ച് സ്വന്തം വാഹനങ്ങളില്‍ വരെ ആശുപത്രിയില്‍ എത്തിച്ച നിങ്ങള്‍ക്ക് രോഗം വരാനുള്ള സാധ്യത അത്രയേറെയാണ്. ഇനിയൊരു വലിയ കോവിഡ് ദുരന്തം കൂടി വേണ്ട നമുക്ക്. മറ്റിടങ്ങളില്‍ നിന്നും വന്നെത്തിയ രക്ഷാപ്രവര്‍ത്തകരും ഇതേ കാര്യം പൂര്‍ണമായും ശ്രദ്ധിക്കുമല്ലോ.

ഇന്നലെ ആക്‌സിഡന്റ് പരിസരത്ത് പ്രവര്‍ത്തിച്ചവരോട് രണ്ടാഴ്ച ക്വാറന്റീനില്‍ പ്രവേശിക്കാന്‍ സ്‌നേഹപൂര്‍വ്വം അപേക്ഷിക്കുകയാണ്. എന്നിട്ടും കോവിഡ് വന്നാലോ എന്നാ? ഞങ്ങളുടെ അഭിമാനമായ രക്ഷാപ്രവര്‍ത്തകരെ ഉറപ്പായും ഞങ്ങള്‍ ആവും വിധമെല്ലാം നോക്കും.

നിസ്സംശയം നിങ്ങളോക്കെ തന്നെയാണ് ഈ ഭൂമിയില്‍ ആയുരാരോഗ്യസൗഖ്യങ്ങളോടെ ഏറെക്കാലം തുടരേണ്ടവര്‍.

ഹൃദയം തൊട്ട നന്ദി നിങ്ങളോരോരുത്തര്‍ക്കും.