Friday 16 September 2022 04:59 PM IST : By സ്വന്തം ലേഖകൻ

‘അന്ന് സമ്മാനം വാങ്ങിയ കുട്ടിയെ കണ്ട് ജഡ്ജ് പ്രശ്നമുണ്ടാക്കി’: പെൺകുട്ടികളുടെ കഥകളി സംഘം പിറന്ന കഥ

women-spike

കേരളത്തിൽ 1970 കളിലാണ് സ്കൂൾ യൂത്ത്ഫെസ്റ്റിവൽ മത്സരങ്ങൾ തുടങ്ങുന്നത്. അ ന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ചായിരുന്നു കഥകളി മത്സരം. തിരുവനന്തപുരത്ത് യുവജനോത്സവത്തിൽ കഥകളിയ്ക്ക് സമ്മാനം വാങ്ങിയ കുട്ടിയെ കണ്ടു ഒരു ജഡ്ജ് പ്രശ്നമുണ്ടാക്കി. ‘ഏയ്, ഞാൻ ഈ പെൺകുട്ടിക്കല്ല സമ്മാനം കൊടുത്തത്. ഭീമന്റെ വേഷം കെട്ടിയ ആൺകുട്ടിക്കാണ്.’

ഭീമന്റെ വേഷം കെട്ടിയത് രാധിക വർമ എന്ന പെൺകുട്ടിയായിരുന്നു. കൂടെയുണ്ടായിരുന്നത് ശൈലജ വർമ. കലാമണ്ഡലം കൃഷ്ണൻ നായരുടെ ശിഷ്യയായിരുന്നു രാധിക. അദ്ദേഹമാണ് പെൺകുട്ടികളുടെ കഥകളി സംഘടിപ്പിക്കാൻ മുൻകയ്യെടുത്തത്.‘തൃപ്പൂണിത്തുറ വനിതാ കഥകളി സംഘം’ പിറന്ന 1975 വർഷത്തിനു വേറൊരു പ്രത്യേകതയുണ്ട്. അന്താരാഷ്ട്ര വനിതാ വർഷം കൂടിയായിരുന്നു അത്.

‘‘അന്ന് വളരെ കഷ്ടപ്പാടായിരുന്നു. ചുട്ടികുത്താൻ അണിയറയ്ക്ക് പ്രത്യേക ഇടമൊന്നും ഉണ്ടാകില്ല. അതുപോലെ ബാത്റൂം സൗകര്യങ്ങളും.’’ പറയുന്നത് തുടക്കം മുതൽ സംഘത്തിലുള്ള ഗീത വർമയാണ്. രാധിക വർമയാണ് ഇന്നും സംഘത്തെ നയിക്കുന്നത്.

‘‘ഇപ്പോൾ അമ്പതോളം പേരുണ്ട്. ജോലി സംബന്ധമായും വിവാഹശേഷവും മാറി നിൽക്കുന്നവരും തിരിച്ചുവരുന്നവരുമുണ്ട്. ആദ്യ കാലത്ത് മൂന്നു നാലു മണിക്കൂർ സമയത്തെ കളിയാണ് ചെയ്തിരുന്നത്. അതിനുള്ള ആളുകളേ ഉണ്ടാകാറുള്ളൂ. രാത്രി മുഴുവൻ നീളുന്ന കഥകളിയ്ക്ക് മിനിമം 15 പേരെങ്കിലും വേണം. എൺപതുകളിൽ എത്തിയപ്പോഴേയ്ക്കും അത്രയും സ്ത്രീകൾ സംഘത്തിലുണ്ടായി. പിന്നെ രാത്രി നീളുന്ന കളികൾ ഏറ്റെടുത്തു തുടങ്ങി.

നളചരിതം നാലു ദിവസമാണ്. അതു ഞ ങ്ങൾ െചയ്യുന്നുണ്ട്. ആൺവേഷം കെട്ടുന്നതും കഥകളി സംഗീതവും ചെണ്ടയുമെല്ലാം സ്ത്രീകൾ തന്നെയാണ്. കഥകളിയും കൊണ്ട് ഞങ്ങൾ ഇന്ത്യ മുഴുവൻ കറങ്ങി. ഇപ്പോൾ രണ്ടായിരത്തോളം അരങ്ങുകളായി.’’

പുരസ്കാരവും

‘‘കേരളത്തിലെ പലയിടങ്ങളിൽ നിന്നുള്ള കുട്ടികൾ സംഘത്തിലുണ്ട്. പ്രോഗ്രാം ഉള്ളപ്പോൾ എല്ലാവരും തൃപ്പൂണിത്തുറയിലെത്തും. വാഹനം സംഘടിപ്പിച്ച് പോകും. ഞങ്ങളുടെ മാനേജരായിരുന്ന സതി വർമയുടെ അനുസ്മരണ ദിവസം എല്ലാവരും ഒത്തുകൂടാൻ ശ്രമിക്കാറുണ്ട്.’’

2017 ൽ ഇന്ത്യൻ പ്രസിഡന്റിൽ നിന്നു നാരീശക്തി പുരസ്കാരവും പെൺകഥകളി സംഘം കരസ്ഥമാക്കി.

‘‘വിദേശ നാടക പ്രവർത്തകരായ രണ്ടു വ നിതകൾ പ്രബന്ധം തയാറാക്കാനായി മൂന്നു കൊല്ലം കൂടെയുണ്ടായിരുന്നു. അവർ ചില കഥകളി അധ്യാപകരോട് പെൺകുട്ടികൾ കഥകളി ചെയ്യുന്നതിനെക്കുറിച്ചു അഭിപ്രായം ചോദിച്ചു. ‘ഭാരത സ്ത്രീകൾക്ക് അമിത ഭാവാഭിനയം വേണ്ട. ഈ കല അവർക്കു പറ്റില്ല.’ എന്നായിരുന്നു മറുപടി.

പക്ഷേ, ദുര്യോധന, രാവണ വേഷം കെട്ടുന്ന ഞങ്ങളുണ്ടോ അതിലൊക്കെ തളരുന്നു.’’