Monday 11 April 2022 04:54 PM IST : By സ്വന്തം ലേഖകൻ

‘അത്ര എളുപ്പമല്ല ഷെഫ് ജീവിതം, പുരുഷൻമാരുടെ കുത്തകയാണ്’: സ്വന്തം റെസ്റ്ററന്റ് തുടങ്ങി വിജയിച്ചുകാട്ടി കാവ്യ

chef-kavya

ദുബായ് ഹിൽട്ടണിൽ ഷെഫ് ആയി ജോലി ചെയ്യുമ്പോഴാണ് ലോകത്താകമാനം കോവിഡും ലോക്ഡൗണും വരാൻ പോകുന്നെന്നുള്ള മണം മൂക്കിലേക്കടിക്കുന്നത്. നേരെ ചെന്നൈയിലുള്ള വീട്ടിലേക്ക് വിമാനം പിടിച്ചു. കുറച്ചു ദിവസം വീട്ടില്‍ താടിക്ക് കയ്യും കൊടുത്തു ഇരിപ്പായിരുന്നെങ്കിലും ‘എന്തു ചെയ്യണം’ എന്ന ചിന്ത ഉള്ളിൽ വേവുന്നുണ്ടായിരുന്നു. ‘ഇതാണ് സമയം. നിന്റെ സ്വപ്നം സാക്ഷാത്കരിക്കുക.’ ഞാൻ എനിക്കു തന്നെ ഉത്തരം നൽകി. അങ്ങനെയാണ് ‘മെക്സ് ഇറ്റ് അപ്’ എന്ന റസ്റ്ററന്റ് തുടങ്ങുന്നത്.’’ ആറു വർഷത്തോളം ദുബായിൽ ഷെഫ് ആയിരുന്ന കാവ്യ വർഗീസ് തന്റെ എക്കാലത്തേയും സ്വപ്നം പാകപ്പെടുത്തി എടുത്തതിനെക്കുറിച്ചു പറഞ്ഞു തുടങ്ങി.

‘‘പഠനം കഴിഞ്ഞ കാലത്ത് ഫ്രാൻസിൽ കറങ്ങാൻ പോയപ്പോൾ ഉറപ്പിച്ചതായിരുന്നു എന്നെങ്കിലും റസ്റ്ററന്റ് തുടങ്ങുമ്പോൾ ഫ്രഞ്ച് ക്യുസീൻ ചെയ്യണമെന്ന്. പക്ഷേ, ആളുകൾക്ക് ഫ്രഞ്ച് രുചി ഇഷ്ടപ്പെടാൻ കുറച്ചു സമയമെടുക്കും. ചെന്നൈയിൽ അത്തരം ഹോട്ടലുകളുണ്ട്. പിന്നെ, എനിക്ക് ഇഷ്ടമുള്ളത് മെക്സിക്കൻ വിഭവങ്ങളാണ്.

ഫ്യൂഷൻ പാചകം

ഒരു കൗതുകത്തിനു മെക്സിക്കൻ വിഭവങ്ങളിൽ ഇന്ത്യ ൻ രുചിയെ കൂട്ടിക്കെട്ടി. ഇന്ത്യൻ ഫ്‌ളേവേർഡ് ബറീറ്റോസ്, പാനി പൂരി ടാക്കോസ്, ഹാലപ്പിനോ ആൻഡ് ചീസ് സമോസ, കെസീഡിയ ഇതൊക്കെയാണ് എന്റെ സ്പെഷ ൽ മെനു.

ക്ലൗഡ് കിച്ചൻ ആയാണ് തുടക്കം. രാവിലെ വിഭവങ്ങൾ തയാറാക്കും, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും, ഓൺലൈൻ വഴി വിതരണം നടത്തും. അതു ഹിറ്റായി.

ആളുകൾ പതിയെ വീട്ടിൽനിന്നു പുറത്തിറങ്ങി തുടങ്ങിയപ്പോൾ വീടിന്റെ വശത്തുള്ള ഗാർഡനിൽ പത്തുപേർക്ക് ഇരുന്നു കഴിക്കാവുന്ന ചെറിയൊരു ഡൈനിങ് തുടങ്ങി. ആ സംഭവവും മെഗാഹിറ്റായപ്പോൾ മഹാലിംഗപുരത്തു ഒ രു വീടെടുത്തു റസ്റ്ററന്റാക്കി.

നല്ല തൂശനിലയിൽ മെക്സിക്കൻ തനിമയുള്ള ബറീ റ്റോസ് വിളമ്പിയിൽ നന്നാകില്ലേ? പാനി പൂരി ടാക്കോസ്, ചെറിയ ഗ്ലാസുകളിലാണ് സെർവ് ചെയ്യുന്നത്. ‘Every dishes giving unique experience’ എന്നതാണ് എന്റെ ആശയം. ആ ഫ്യൂഷൻ അനുഭവിച്ചറിയാൻ തന്നെ ആളുകൾ വരാൻ തുടങ്ങി.

ഇന്നു മെക്സ് ഇറ്റ് അപ്പിന്റെ മുൻപിൽ ആളുകൾ ക്യൂ നിൽക്കുന്നത് കാണുമ്പോൾ എന്റെ തീരുമാനം തെറ്റായില്ല എന്ന അഭിമാനം തോന്നുന്നു.’’ കാവ്യയുടെ മുഖത്ത് വിജയം തിളങ്ങി.

‘‘കോട്ടയത്താണ് വീടെങ്കിലും ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. അമ്മ ഷിറിനും അമ്മയുടെ അമ്മ ഓമനയും ഉഗ്രൻ പാചകക്കാരാണ്. ഏതെങ്കിലും രണ്ടു ചേരുവകൾ കൊടുത്താൽ അവർ അതുകൊണ്ട് ഒരു ഉഗ്രൻ വിഭവം ഉണ്ടാക്കും. പരീക്ഷിച്ചു വിജയിച്ച റെസിപ്പികൾ മാഗസിനുകളിലേക്ക് അയയ്ക്കുന്ന പതിവുണ്ടായിരുന്നു അമ്മയ്ക്ക്. അമ്മയുടെ ഡ്രം സ്റ്റിക്സും ഏത്തയ്ക്കാ ബജിയുമൊക്കെ കഴിച്ചാൽ പിന്നെ, ആ സ്വാദ് നാവിൽ നിന്നു വിട്ടുപോകില്ല. അടുക്കളയിൽ പാകപ്പെടുന്ന രുചി വാസന പിടിച്ചെടുക്കാനായി പഠിക്കാനിരിക്കുമ്പോഴും മൂക്ക് വിടർത്തിയിരിക്കുന്ന കുട്ടിയായിരുന്നു ഞാൻ.’’ കാവ്യ ചിരിയിലേക്ക് വിടർന്നു.

ലക്ഷ്യം തന്നെ ആനന്ദം

വലുതാകുമ്പോൾ ആരാകണം എന്നു ചോദിച്ചാൽ,‘ഷെ ഫ്’ എന്ന ഒറ്റ ഉത്തരം മാത്രമേ കാവ്യയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നൈയിലെ ലേഡി ആണ്ടാൾ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പാചക മത്സരങ്ങളിൽ പ ങ്കെടുക്കാൻ തുടങ്ങി.

സമ്മാനവുമായി വീട്ടിൽ എത്തുന്നത് പതിവായപ്പോൾ അമ്മ തിരിച്ചറിയുകയായിരുന്നു മകളുടെ പാചകക്കമ്പം. സ്കൂൾ പഠനത്തിനു ശേഷം വയനാട്ടിലെ ഓറിയന്റൽ ഗ്രൂപ്പ് ഓഫ് ഹോട്ടൽ മാനേജ്മെന്റിലാണ് ചേർന്നത്.

ദുബായിൽ ആറു ക്യുസീനുകളിൽ ജോലി ചെയ്തു.വിവിധ രാജ്യങ്ങളിലെ റസ്റ്ററന്റുകളിൽ ഫ്രഞ്ച് വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായിൽ സംഘടിപ്പിച്ച ഫ്രഞ്ച് ഭക്ഷ്യമേളയിൽ തിരഞ്ഞെടുക്കപ്പെട്ട ഷെഫുമാരിൽ ഏക ഇന്ത്യക്കാരി കാവ്യ ആയിരുന്നു.

‘‘അത്ര എളുപ്പമൊന്നുമല്ല ഷെഫ് ജീവിതം. പുരുഷൻമാരുടെ കുത്തകയാണ് റസ്റ്ററന്റുകളിലെ അടുക്കളകൾ.ഞാൻ ജോലി ചെയ്തിരുന്നിടത്ത് രണ്ടു പെൺകുട്ടികളെ ഉണ്ടായിരുന്നുള്ളൂ.

പുതിയ വിഭവങ്ങൾ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം തേടിയാണ് ‘സ്വന്തം റസ്റ്ററന്റ്’ എന്ന ആശയത്തിലുറച്ചത്. ഞാനുണ്ടാക്കിയ വിഭവങ്ങൾ ആളുകൾ രുചിച്ചു നോക്കിയിട്ട് ‘യുണീക്’ എന്നു പറയുന്നതു കേൾക്കുന്നതാണ് ഏറ്റവും ആനന്ദമുള്ള നിമിഷങ്ങൾ. അതായിരുന്നു ലക്ഷ്യവും.’’