Thursday 22 September 2022 09:52 AM IST : By സ്വന്തം ലേഖകൻ

അച്ഛൻ കൊണ്ടുവന്ന മിഠായിയും പേനയും ആ ചേതനയറ്റ ശരീരത്തോട് ചേർത്തുവച്ചു, വാവിട്ടു നിലവിളിച്ച് പ്രിയപ്പെട്ടവർ

abhirami

വീടിനു മുന്നിൽ കേരള ബാങ്ക് സ്ഥാപിച്ച ജപ്തി ബോർഡിനരികിലൂടെ അഭിരാമിയുടെ ചേതനയറ്റ ശരീരം ശൂരനാട് തെക്ക് അജി ഭവനത്തിൽ എത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടിയതു നൂറു മുഖങ്ങളാണ്. നാടിന്റെ നൊമ്പരമായി അഭിരാമി വിടവാങ്ങുമ്പോൾ, വിദേശത്തു നിന്ന് ഏക മകൾക്കായി കൊണ്ടുവന്ന മിഠായിയും പേനയും അവളുടെ ചേതനയറ്റ ശരീരത്തോടു ചേർത്തുവച്ച് അച്ഛൻ അജികുമാറും അമ്മ ശാലിനിയും വാവിട്ടു നിലവിളിച്ചതു നൊമ്പരക്കാഴ്ചയായി. ബാങ്ക് ജപ്തി നോട്ടീസ് സ്ഥാപിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ അഭിരാമി (20) യുടെ മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. 

പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹം വിലാപയാത്രയായാണ് പതാരം ജംക്‌ഷനിലെത്തിച്ചത്. കേരള ബാങ്ക് പതാരം ശാഖയുടെ മുന്നിൽ മൃതദേഹം പൊതുദർശനത്തിനായി വച്ച നാട്ടുകാർ ബാങ്ക് അധികൃതർക്കെതിരെ പൊട്ടിത്തെറിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. 3 വർഷം മുൻപെടുത്ത ലോൺ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ചൊവ്വാഴ്ചയാണ് അജികുമാറിന്റെ വീട്ടിൽ ബാങ്ക് അധികൃതർ ജപ്തി ബോർഡ് പതിച്ചത്. ഈ സമയം ഇവർ‍ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലെത്തിയതിനു ശേഷം അജികുമാറും ശാലിനിയും ബോർഡ് നീക്കണമെന്നാവശ്യപ്പെട്ട് ബാങ്കിലേക്കു പോയ സമയത്താണ് അഭിരാമി ജീവനൊടുക്കുന്നത്. 

ബോർഡ് വച്ചത് മകൾക്ക് മാനസികമായി വളരെ വിഷമം ഉണ്ടാക്കിയിരുന്നെന്ന് അജികുമാർ പറഞ്ഞു. ബോർഡ് വയ്ക്കരുതെന്നു പലതവണ അഭ്യർഥിച്ചിട്ടും നിരസിച്ച ബാങ്ക് അധികൃതരാണ് അഭിരാമിയുടെ മരണത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ശാസ്താകോട്ട ഡിവൈഎസ്പി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ബാങ്കിനു വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ജപ്തിയുടെ പേരിൽ മരണങ്ങൾ സംഭവിക്കാൻ പാടില്ലെന്ന നിലപാടാണു സർക്കാരിനുള്ളതെന്നും  മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.  സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.കേന്ദ്രത്തിന്റെ സർഫാസി നിയമപ്രകാരമാണു ജപ്തി നടപടികൾ. ഈ നിയമത്തെ സംസ്ഥാന സർക്കാർ അനുകൂലിക്കുന്നില്ല.  ബാങ്ക് അധികൃതർ വീടിനു മുന്നിൽ ജപ്തി ബോർഡ് സ്ഥാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നു മന്ത്രി ഒഴിഞ്ഞുമാറി.

വിശദമായ അന്വേഷണം വേണം:ഗോപി കോട്ടമുറിക്കൽ

കൊച്ചി ∙ ജപ്തി നടപടിക്കു തുടക്കമായി ബോർഡ് വീട്ടിൽ സ്ഥാപിച്ചതിൽ മനംനൊന്തു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിന്റെ ഭാഗത്തു വീഴ്ചയുണ്ടോ എന്നു പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ. ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യം ജപ്തി നടപടിയുമായി ബന്ധപ്പെട്ടു തന്നെയാണോ എന്ന് അന്വേഷിക്കണം. പ്രാഥമിക പരിശോധനയിൽ ബാങ്കിന്റെ ഭാഗത്തു വീഴ്ച കണ്ടെത്തിയിട്ടില്ല. വായ്പ കുടിശിക വരുത്തിയാൽ സ്വീകരിക്കേണ്ട നിയമപരമായ നടപടികൾ മാത്രമേ ബാങ്ക് സ്വീകരിച്ചിട്ടുള്ളു. ജപ്തി നടപടിയല്ല ബാങ്ക് സ്വീകരിച്ചത്. കുടുംബത്തോട് അനുഭാവപൂർണമായ സമീപനമായിരിക്കും ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാവുക. പിഴവുണ്ടായെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

More