Saturday 01 October 2022 02:22 PM IST : By സ്വന്തം ലേഖകൻ

വീടിന്റെ തറപൊളിച്ചപ്പോൾ യുവാവിന്റെ മൃതദേഹം: ബിജെപി പ്രവർത്തകന്റേത് ദൃശ്യം മോ‍ഡൽ കൊലപാതകം: ഞെട്ടൽ

drisyam-model-murder

ആലപ്പുഴ ആര്യാടു നിന്ന് കഴിഞ്ഞ മാസം 26നു കാണാതായ യുവാവിനെ കൊലപ്പെടുത്തി വീടിനു പിന്നിലെ ചാർത്തിൽ കുഴിച്ചിട്ടതായി കണ്ടെത്തി. ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേ തയ്യിൽ പുരുഷന്റെ മകൻ ബിന്ദു കുമാറിന്റെ (43) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ചങ്ങനാശേരി എസി കോളനിയിൽ ബിന്ദു കുമാറിന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബിന്ദുകുമാറിന്റെ ബൈക്ക് ഇന്നലെ പുതുപ്പള്ളിയിൽനിന്നു കണ്ടെത്തിയിരുന്നു. ബിജെപി പ്രവർത്തകനായ ബിന്ദുകുമാർ അവിവാഹിതനാണ്. ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിലേക്ക് എത്തി നിൽക്കുന്നത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ (43 വയസ്സ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ മാൻ മിസ്സിംഗിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. തിരുവല്ലയിൽ വച്ച് മൊബൈൽ പരിധിക്കു പുറത്തായി.തുടർന്ന് നടത്തിയ പരിശോധനയിൽ ചങ്ങനാശേരി എസി കോളനിക്കു സമീപമാണ് മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത്. ഇതോടെയാണ് മുത്തുകുമാറിന്റെ വീടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയത്. ഇവിടെ വീടിനു പിന്നിൽ ചാർത്തിനോടു ചേർന്നുള്ള തറയിൽ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. വീടിന്റെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തറ പൊളിച്ച് പരിശോധന നടത്തിയത്.

ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്തെത്തിയിരുന്നു. മണ്ണിനടിയിലെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്താൻ കോർപ്സ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നടക്കുകയാണ്. തറ തുറന്നുള്ള പരിശോധന തുടങ്ങി. വീടിനു പിന്നിലെ ഷെഡിലെ തറയാണ് തുരക്കുന്നത്. ഇവിടെ കഴിഞ്ഞദിവസം തറ പൊളിച്ചു നിർമ്മാണം നടത്തിയതായി പോലീസ് വ്യക്തമാക്കി.