Saturday 08 August 2020 01:34 PM IST : By സ്വന്തം ലേഖകൻ

വിമാനം ശക്തിയായി കുലുങ്ങി! കുട്ടികള്‍ നിലവിളിച്ചു, ആരൊക്കെയോ പ്രാര്‍ത്ഥിക്കുന്നു; പേടിപ്പിച്ച കരിപ്പൂര്‍ യാത്രാനുഭവം; ഡോക്ടറുടെ കുറിപ്പ്

dr-sulphi

ഭീതിയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ കരിപ്പൂരില്‍ പറന്നിറങ്ങിയ യാത്രാനുഭവം പങ്കിടുകയാണ് ഡോ. സുല്‍ഫി നൂഹ്. മഴ കാഴ്ച മറച്ച സമയത്ത് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനമിറങ്ങുമ്പോള്‍ ഏവരുടേയും മുഖത്ത് ഭയവും ആശങ്കയുമായിരുന്നുവെന്ന് ഡോ. സുല്‍ഫി കുറിക്കുന്നു. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ വിമാനം ശക്തമായി കുലുങ്ങിയപ്പോള്‍ വിമാനത്തിലുണ്ടായിരുന്ന കൊച്ചുകുട്ടികള്‍ നിലവിളിച്ച് കരഞ്ഞു. ആരൊക്കെയോ ഉറക്കെ പ്രാര്‍ത്ഥിക്കുന്നു. ഒടുവില്‍ സേഫായി ലാന്‍ഡ് ചെയ്തു എന്ന അറിയിപ്പ് കിട്ടിയപ്പോഴാണ് ശ്വാസം നേരെ വീണതെന്നും ഡോ. സുല്‍ഫി കുറിക്കുന്നു. കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഒരു കരിപ്പൂർ യാത്ര❗
=================
2018 ആഗസ്റ്റ് .വൈകുന്നേരം കോഴിക്കോട് ഐ എം.എ മീറ്റിംഗ് .
തിരുവനന്തപുരത്തു നിന്നും അവിടെ എത്തണമെങ്കിൽ രണ്ട് ഓപ്ഷൻ മാത്രം.

ശരിക്കും പറഞ്ഞാൽ മൂന്ന് ഓപ്ഷൻ.

തലേദിവസം രാത്രി ട്രെയിനിൽ,
രാവിലെ അവിടെയെത്തി ,വൈകുന്നേരത്തെ മീറ്റിംഗ് കഴിഞ്ഞ് രാത്രി ട്രെയിനിൽ തിരിച്ചുവരിക. രണ്ടു രാത്രികൾ ട്രെയിനിൽ .
ട്രെയിൻ പിടിക്കാൻ വളരെ നേരത്തെ സ്റ്റേഷനിലെക്ക് യാത്രയും ചെയ്യണം. രണ്ടു ദിവസം രോഗികളെ കാണാനും പറ്റില്ല.

ഇത്രയും ദൂരം റോഡ് മാർഗം പോകാൻ മടി.

അടുത്ത ഓപ്ഷൻ ഫ്ലൈറ്റ് .

അതാണ് മിക്കപ്പോഴും സ്വീകരിക്കുന്നത് . നേരത്തെ ബുക് ചെയ്താൽ തല കൊയ്യുന്ന റേറ്റല്ലതാനും.
രാവിലെ 9. 25 എയർ ഇന്ത്യ എക്സ്പ്രസ്.
ഒരു മണിക്കൂറിൽ കോഴിക്കോട് .
ഹോട്ടലിൽ ഊണുകഴിഞ്ഞ് ചെറിയൊരു ഉച്ചമയക്കം. വൈകുന്നേരം മീറ്റിങ് .
രാത്രി 10 .45 കോഴിക്കോട് തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിൽ .
ഒരുമണിക്കൂറിൽ തിരുവനന്തപുരം .
രണ്ടു രാത്രികൾ ലാഭം.

ഇത്തവണയും അത് തന്നെ നല്ലതെന്ന് കരുതി .

ഫ്ലൈറ്റിൽ നിറയെ യാത്രക്കാരുണ്ട്

കയ്യിലിരുന്ന ബെന്യാമിൻ വായനയിൽ രസം പിടിച്ചു വരുന്നതേയുള്ളൂ .അപ്പോഴേക്കും
ലാൻഡിങ് അനൗൺസ്മെൻറ്

പതിവിലും നേരത്തെ.
ഒരു മണിക്കൂർ യാത്ര ,അൻപതു മിനിറ്റിന് ചുറ്റുവട്ടം തീരുന്നു .

കൊള്ളാം.

തിമിർത്തുപെയ്യുന്ന മഴയിൽ കേരളത്തിലെ പല റോഡുകളും മുങ്ങിപ്പോയിയെന്ന് തലേദിവസംതന്നെ വാർത്ത കേട്ടിരുന്നു തിരുവനന്തപുരത്തും തകർപ്പൻ മഴ.

റോഡ് മാർഗ്ഗം യാത്ര സ്വീകരിക്കാത്തതിൽ ഞാൻ എന്നെ സ്വയം അഭിനന്ദിച്ചു.

പുസ്തകം അടച്ചുവെച്ച് സീറ്റ്ബെൽറ്റ് കെട്ടി വെറുതെയിരുന്നു.

അങ്ങ് താഴെ പച്ചപ്പ് ഇടയ്ക്കിടയ്ക്ക് കണ്ടുതുടങ്ങി.
തകർത്തു പിടിച്ച മഴ വെളിയിലുണ്ട്. ഉറപ്പ്.
പെട്ടെന്ന് വിമാനം താഴേക്ക് പതിക്കുന്ന പോലെ.
ഒരു 10 സെക്കൻഡ്.
വീണ്ടും വിമാനം റെഡിയായി .
എയർപോക്കറ്റെന്നു ചുമ്മാ കരുതി.

വീണ്ടും വിമാനം പൊങ്ങുന്നപോലെ തോന്നി.
ഇപ്പോൾ താഴെ ഒന്നും കാണുന്നില്ല ഏറെനേരം ആകാശത്ത്.

അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വിമാനം താഴ്ന്നു .ഇത്തവണയും കുഴിയിലേക്ക് എറിഞ്ഞ പോലുള്ള അവസ്ഥ.

നെഞ്ചൊന്നു കാളി .
എന്തോ സംഭവിക്കാൻ പോകുന്നുവെന്നൊരുതോന്നൽ

എമർജൻസി സീറ്റിലാണ് എൻറെ ഇരിപ്പിടം . യാത്രക്കാർക്ക് മുഖാമുഖം, മുന്നിലിരിക്കുന്ന എയർ ക്രൂ മന്ദഹസിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കണ്ണുകളിൽ ചിരിയില്ല.

ചെറിയ യാത്രകളൊക്കെ ട്രയിനിൽ മതിയെന്ന് നിർബന്ധം പിടിക്കുന്ന ഭാര്യയെ വെറുതെ ഓർത്തുപോയി.

വീണ്ടും വിമാനം പറന്നുയരുന്നതുപോലെയൊരു തോന്നൽ.

എല്ലാം ശാന്തം
അനോൻസ്മെൻറ്കൾ മാത്രം വരുന്നില്ല .
ഞാൻ സഹയാത്രികരെ പാളിനോക്കി.
എല്ലാവരുടെ മുഖത്തും എന്തോ പന്തികേട്. ആരൊക്കെയോ പരസ്പരം എന്തൊക്കെയോ കുശു കുശുക്കുന്നു.

അര മണിക്കൂർ കഴിഞ്ഞു കാണും. വീണ്ടും ലാൻഡിങ് അനൗൺസ്മെൻറ്

ഇത്തവണ വളരെ സ്മൂത്ത് ലാൻഡിംഗ് .

ഒരു ചെറിയ കുലുക്കം പോലുമില്ല. എടുത്തു വെച്ചത് പോലെ.
ഒന്ന് നെടുവീർപ്പിട്ട് പതുക്കെ സീറ്റ് ബെൽറ്റഴിച്ചു.

അപ്പൊ ദാ വരുന്നു അനൗൺസ്മെൻറ്.

വിസിബിലിറ്റി കുറവുമൂലം കരിപ്പൂരിന് പകരം കൊച്ചിയിൽ ഇറങ്ങിയത്രേ

പകച്ചു പോയി. എങ്കിലും ആശ്വാസമാണ് തോന്നിയത്.
കൊച്ചിയെങ്കിൽ കൊച്ചി !

താഴെ എത്തിയല്ലോ!

വിമാനത്തിൻറെ വാതിൽ തുറക്കുന്നില്ല!

അനൗൺസ്മെൻറ് ഒന്നുമില്ല!

ക്യാബിൻ ക്രൂവിന് വലിയ പിടുത്തവുമില്ല.

ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞ് വീണ്ടും അനൗൺസ്മെൻറ്.

കോഴിക്കോട്ടേക്കുള്ള യാത്ര വീണ്ടും
തുടങ്ങുമത്രേ

പടച്ചോനെ!

വിസിബിലിറ്റി ഒട്ടുമില്ലാത്ത എയർപോർട്ടിലേക്ക് വീണ്ടുമൊരു യാത്ര.

ഒന്ന് തെറ്റിയാൽ മൂന്ന് ! ഇത്തവണ ലാൻഡ് ചെയ്യാൻ പറ്റുമായിരിക്കും.

അതോ?

സർവ്വ ദൈവങ്ങളെയും പ്രാർത്ഥിച്ച് എന്തും വരട്ടെയെന്നു കരുതി ഒരുരിപ്പ്.

ഇത്തവണ ബെന്യാമിനെ കൈകൊണ്ട് പോലും തൊട്ടില്ല.

വീണ്ടും കരിപ്പൂരിന് മുകളിൽ

ആദ്യത്തെ രണ്ടുതവണയെ വെല്ലുന്ന കുലുക്കം.
വിമാനം കുത്തനെ താഴോട്ട്.

കൊച്ചുകുട്ടികൾ നിലവിളിച്ച് കരഞ്ഞു.

ആരൊക്കെയോ ഉറക്കെ പ്രാർത്ഥിക്കുന്നു.

ഏതാനും സെക്കൻഡുകൾക്ക് ശേഷം വിമാനം സ്റ്റഡി..

എങ്കിലും എൻറെ മനസ്സ് ശാന്തമായില്ല

എയർ ക്രൂ വീണ്ടും ചിരിക്കാൻ ശ്രമിക്കുന്നു

അവരുടെ കണ്ണിൽ തിളക്കം മുമ്പുണ്ടായിരുന്നത്രപോലുമില്ല

എമർജൻസി വാതിൽ തുറക്കാനുള്ള രീതി ഞാനൊന്നയവിറക്കി .

ലാൻഡ് ചെയ്യുമ്പോൾ

ഒരുപക്ഷേ...

എന്തിനും തയ്യാറായി അനൗൺസ്മെൻറ് കാത്തു ഞാനങ്ങനെ..

ഇവാക്കുവെറ്റ്

ഇവാക്കുവെറ്റ്

ഇവാക്കുവെറ്റ്

ഈ അനൗൺസ്മെൻറ് ഉടൻ വരുമെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

ആൾക്കാരുടെ കൂട്ടപ്രാർത്ഥനയും കുട്ടികളുടെ കരച്ചിലും ചെറുതായൊന്നു തണുത്തു .

ഒന്നും സംഭവിക്കാത്തപോല ,കരിപ്പൂരിലെ റൺവേയിൽ വിമാനം സ്മൂത്തായി ലാൻഡ് ചെയ്തു

മനസ്സിലൊരായിരം ഐസ്ക്രീം കോരിയൊഴിച്ചപോലെ

വിമാനം നില്ക്കുന്നതിനു മുൻപ് തന്നെ ബെൽറ്റൂരി അറിയാതെ ചാടിയെണീറ്റു പോയി.

കിട്ടിയ ജീവനും കൊണ്ട് ഓടാനുള്ള ശ്രമം

ഇന്നലെ ആദ്യം ആ വാർത്തകൾ എത്തിയതുമുതൽ മനസ്സിൽ ഒരു തരിപ്പ്

കരിപ്പൂരിലെ ടേബിൾ ടോപ്പിനെ വീണ്ടും വീണ്ടും പലവട്ടം ആശ്രയിച്ചത് മറ്റൊരു കഥ

ഡോ സുല്ഫി നൂഹു