Thursday 12 May 2022 04:47 PM IST

‘മതിലുചാടി പൂരം കാണാൻ പ്ലാനിട്ടു, നിവൃത്തിയില്ലാതായപ്പോൾ ചുമലിൽ കയറി’: ആ വൈറൽ പൂര പ്രേമി ഇതാ

Binsha Muhammed

krishna-priya-pooram

തൃശൂർപൂരം അതൊരു വികാരമാണ് ഗഡീ... കുത്തിയൊലിച്ചെത്തുന്ന മഴയായാലെന്ത്. കടലു കണക്കെ പുരുഷാരം വന്നാലെന്ത്. ഇരമ്പിയാർത്തുന്ന ആ ജനസാഗരത്തിൽ ഒരു തുള്ളിയാകാന്‍ കഴിഞ്ഞെങ്കിലെന്ന് ഓരോ മലയാളിയും കൊതിക്കും. വടക്കുംനാഥനെ തൊഴുത്, ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കണ്ട്, പ്രൗഢിയോടെ നിരന്ന കരിവീരൻമാരെ കൺനിറയെ കണ്ട് രണ്ടു നാൾ പൂരം ആവേശമാക്കി മലയാളി.

പൂരത്തിന്റെ മായിക കാഴ്ചകൾ ഓർമകളുടെ ഫോൾഡറിൽ സൂക്ഷിക്കുമ്പോഴും ഒരു ദൃശ്യം മാത്രം പൂരത്തിന്റെ ഹാങ് ഓവർ വിട്ടുമാറാതെ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. സുഹൃത്തിന്റെ ചുമലിലേറി തൃശൂർ പൂരം കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഒരു പെൺകുട്ടിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയെ ത്രസിപ്പിക്കുന്നത്. സമൂഹം കൽപ്പിച്ച ആൺപെൺ വേർതിരിവുകൾ നിഷ്ക്കളങ്ക സൗഹൃദം കൊണ്ട് തോൽപ്പിക്കുന്ന ഹൃദയം തൊടുന്ന കാഴ്ച. കണ്ണെത്താത്ത പൂരക്കാഴ്ചകൾ കാണാൻ കൂട്ടുകാരന്റെ ചുമലിനു മുകളിലേക്ക് കയറിയ ആ പെങ്കൊച്ച് ആരെന്ന അന്വേഷണം ചെന്നെത്തി നിൽക്കുന്നത് തൃശൂർ മണ്ണുത്തിയിലാണ്. പൊലീസുകാർ ബാരിക്കേഡു കെട്ടി തടഞ്ഞിട്ടും കെട്ടടങ്ങാത്ത ആ പൂരാവേശത്തിന്റെ കഥ പറയാനാണ് കൃഷ്ണപ്രിയയെന്ന വൈറൽതാരമെത്തുന്നത്. ഒപ്പം കൂട്ടുകാരിയുടെ ആഗ്രഹമറിഞ്ഞ് അവളെ തോളിലേറ്റിയ ചെറുപ്പക്കാരൻ സുദീപ് എം സിദ്ധാർത്ഥിനേയും വനിത തിരശീലയ്ക്കു വെളിയിലേക്കെത്തിക്കുന്നു. അവർ പറയുന്നു പൂരാവേശം തോളിലേറിയ അപൂർവ സൗഹൃദത്തിന്റെ കഥ....

പൂരം അത് ഞങ്ങള് തൃശൂർക്കാരുടെയാ. അത് അഭിമാനത്തോടെ പറയുകയും ചെയ്യും. നാടിന്റെ നാനാ ദിക്കിലുള്ളവർ ഞങ്ങടെ നാട്ടിൽ പൂരം കാണാൻ എത്താറുണ്ട് എന്ന് തലയയുർത്തി നിന്നു പറയുമ്പോഴും ഒരു പരിഭവം ബാക്കിയുണ്ടായിരുന്നു. ശ്ശെടാ... തൃശൂർക്കാരി ആയിരുന്നിട്ടും പൂരം നേരാം വണ്ണം അടുത്തു നിന്നു കണ്ടില്ലല്ലോ എന്ന പരാതി. ഒരു കടം പോലെ മനസിൽ കിടന്ന ആഗ്രഹം ടം ഇക്കുറി വീട്ടിയിട്ടേ മറ്റെന്തുമുള്ളൂ എന്ന തീരുമാനമായിരുന്നു മനസു നിറയെ. ചങ്കിൽക്കൊണ്ട ആ ആഗ്രഹത്തിന്റെ ബാക്കിയാണ് നിങ്ങൾ കണ്ടത്.– കൃഷ്ണ പ്രിയയാണ് പറഞ്ഞു തുടങ്ങിയത്.

കണ്‍നിറയെ പൂരം

ഞാനും കൂട്ടുകാരി രേഷ്മയും പിന്നെ സുദീപും കൂടിയാണ് പൂര നഗരിയിലെത്തിയത്. സുദീപ് ഒരു കാർ കമ്പനിയിൽ ജോലി ചെയ്യുന്നു.  ഒരു മൊമന്റും മിസ് ആകരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു. അതും ഓരോ ചടങ്ങുകളും അടുത്ത് നിന്ന് കാണുക എന്ന് വാശിയുമുണ്ടായി. ഇലഞ്ഞിത്തറ മേളം കണ്ടു കഴിഞ്ഞ് തെക്കോട്ടിറക്കം കാണാൻ വളരെ നേരത്തെ തന്നെ ഞങ്ങൾ മൂവരും തെക്കേ ഗോപുര നടയിൽ സ്ഥാനമുറപ്പിച്ചു. തിരക്കു കൂടും മുന്നേ അവിടെ എത്തുക എന്നൊരു പ്ലാനും നേരത്തെയുണ്ടായിരുന്നു. ഏകദേശം രണ്ടു മണിക്കൂറോളം അവിടെ തന്നെ സ്ഥാനമുറപ്പിച്ചു. തിരക്കു കൂടി വന്നപ്പോഴേക്കും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലാസുകാരൻ ലേഡീസൊക്കെ ഉള്ളതല്ലേ തിരക്കു കുറഞ്ഞ ആ വെടിപ്പുരയുടെ ഭാഗത്തേക്ക് മാറാൻ പറഞ്ഞു. പുള്ളിക്കാരൻ പറഞ്ഞതു വിശ്വസിച്ച് ഞങ്ങൾ അങ്ങോട്ടു പോയി. എവിടെ നിന്നായാലും അടുത്ത് നിന്ന് വ്യക്തമായി ചടങ്ങുകൾ കാണുക എന്നു മാത്രമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷേ വെടിപ്പുരയുടെ അടുത്തേക്ക് പോയപ്പോൾ കഥമാറി. ഇവിടെ നിൽക്കാന്‍ പാടില്ല. ഡെയ്ഞ്ചർ ആണെന്ന് പറഞ്ഞ് മറ്റൊരു പൊലീസുകാരൻ ഞങ്ങളെ അവിടെ നിന്നും മാറ്റി. വീണ്ടും മുമ്പു നിന്ന തെക്കേ ഗോപുര നടയുടെ അടുത്തേക്ക് വരേണ്ടി വന്നു.

krishna-priya-1

‘ഇനി ഞാൻ പറയാം’– വൈറൽ കഥയുടെ രസച്ചരട് കൃഷ്ണ പ്രിയ സുദീപിന് കൈമാറി.

തിരികെ വന്നപ്പോൾ അവിടെ നിറയെ ജനസമുദ്രം. പൊലീസുകാരൻ ഞങ്ങളെ ആദ്യം വന്നു നിന്ന സ്ഥലത്തു നിന്ന് മാറ്റിയില്ലായിരുന്നെങ്കിൽ അവിടെ തന്നെ നിന്ന് നല്ല രീതിയിൽ കുടമാറ്റം കാണാമായിരുന്നു. അതോർത്തപ്പോൾ ദേഷ്യവും വിഷമവുമൊക്കെ വന്നു. നേരത്തെ ഇടം കണ്ടു വച്ചു... രണ്ടു മണിക്കൂർ മുന്നേ തെക്കേ ഗോപുര നടയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. എന്നിട്ടും നോക്കണേ ഞങ്ങളുടെ അവസ്ഥ. കൃഷ്ണ പ്രിയ ഒരു ഓൺലൈന്‍ മീഡിയയുടെ പിആർ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. മാധ്യമപ്രവർത്തക എന്ന നിലയിൽ അകത്തേക്കോ അടുത്തേക്കോ പോകാൻ ശ്രമിച്ചിട്ട് അതും നടന്നില്ല. കൃഷ്ണയ്ക്കാണെങ്കിൽ പൊക്കവും അൽപം കുറവാണ്. ഏന്തിവലിഞ്ഞും എത്തിയും നോക്കാൻ ശ്രമിച്ചിട്ടും ഒന്നും കാണാൻ വയ്യ. അറ്റ കൈക്ക് അവിടെ നിന്നവരെയൊക്കെ തള്ളിമാറ്റി മുന്നോട്ടു പോകാൻ നോക്കി. അതും നടന്നില്ല. ഒടുവിൽ മതിൽ ചാടിയാലോ എന്നു വരെ ചിന്തിച്ചു.– സുദീപ് പറയുന്നു.

മുന്നിൽ മറ്റൊരു വഴിയും കാണാതിരുന്നതുകൊണ്ട് തിരക്കിനടിയിലൂടെ തന്നെ വീണ്ടും കുടമാറ്റത്തിനടുത്തേക്ക് എത്താൻ നോക്കി. തിരക്കിനിടയിൽ പെട്ടതോടെ പലരും ദേഹത്ത് കയറി പിടിച്ചു. ചില സാമൂഹ്യ വിരുദ്ധൻമാർ പിച്ചാനും തോണ്ടാനുമൊക്കെ വന്നു. സൂചി കുത്താൻ പോലും ഇടമില്ലാത്തത്ര തിരക്ക്. ഇനി എത്ര തിക്കിത്തിരക്കിയാലും കുടമാറ്റവും മേളവും പൂരവുമൊന്നും കാണാൻ വയ്യാത്ത അവസ്ഥ. മറുവശത്ത് ഈ സാമൂഹ്യ വിരുദ്ധരുടെ ശല്യം. എന്റെ വിഷമം കണ്ടാണ് സുദീപ് ചോദിച്ചത്. ‘ചുമലിൽ കയറുന്നോ... പൂരം കാണാമെന്ന്.’ ഞാൻ കണ്ണുംപൂട്ടി ഓകെ പറഞ്ഞു. അന്നേരം മറ്റുള്ളവർക്കു എന്തു തോന്നുമെന്നോ ആളുകൾ എന്തു വിചാരിക്കുമെന്നോ എന്നൊന്നും ചിന്തിച്ചതേയില്ല. സുദീപ് എന്നെ ചുമലിലേറ്റി, ആയിരങ്ങൾ നിറഞ്ഞു നിന്ന ആ മൈതാനിയിൽ നിന്ന് കൺനിറയെ പൂരം കണ്ടു.

പിന്നെ വീട്ടിൽ അറിയാതെയാണ് തൃശൂർ പൂരം കാണാൻ എത്തിയത്. അമ്മയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. അമ്മ നല്ല പിന്തുണയാണ് നൽകിയത്. ആരോടും പറയാതെ പൂരം കാണാൻ പോയിട്ട് നീ എന്താ കാണിച്ച് വച്ചത് എന്നായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം പല വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് നിലവിലെ വിമർശനങ്ങൾ എനിക്ക് പുതുമയല്ല. നമ്മളെ നമ്മളറിഞ്ഞാൽ പോരേ.

വിഡിയോ വൈറലായതോടെ ഒരുപാടു പേർ നല്ലതു പറഞ്ഞുമെത്തി. ഇങ്ങനെയൊരു ചങ്ങാതിയെക്കിട്ടിയത് ഭാഗ്യമെന്നാണ് ചിലർ പറഞ്ഞത്. അതൊക്കെ കാണുമ്പോൾ മനസിനൊരു സന്തോഷമുണ്ട്. വിഡിയോയുടെ കീഴെ വന്ന സദാചാര കമന്റുകളും കണ്ടിരുന്നു ‘അഴിഞ്ഞാട്ടക്കാരി’ എന്ന് വിളിക്കുന്ന സദാചാര ചേട്ടൻമാരോട് പറയാനുള്ളത് ഒറ്റ കാര്യമാണ്. ഇതെന്റെ ജീവിതമല്ലേ... അതു നോക്കാൻ എനിക്കറിയാം. – കൃഷ്ണ പ്രിയ പറഞ്ഞു നിർത്തി.